ADVERTISEMENT

വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ആലോചിക്കുമ്പോള്‍ തന്നെ നൂറു  കാര്യങ്ങളാണ് ആദ്യമേ മുന്നിലേക്ക് വരിക. ചെലവ് എത്രയെന്നു നോക്കണം, അവിടുത്തെ സൗകര്യങ്ങളും ദിവസങ്ങളും നോക്കണം, സീസണ്‍ നോക്കണം... ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യമുണ്ട്, വീസ! 

495911504

പല രാജ്യങ്ങളിലും വീസ കിട്ടുക എന്നത് വലിയ പ്രശ്നമാണ്. കടലാസുപണികള്‍ തീര്‍ന്നു കിട്ടാന്‍ തന്നെ സമയം കുറെയെടുക്കും. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് മുന്‍കൂട്ടി വീസ എടുക്കാതെ തന്നെ കടന്നു ചെല്ലാനാവുന്ന ചില രാജ്യങ്ങള്‍ ഉണ്ട്. അവ ഏതൊക്കെയാണ് എന്നറിഞ്ഞോളൂ.

തായ്‌ലന്‍ഡ്

ബീച്ചാണോ അതോ പര്‍വ്വതങ്ങളാണോ കൂടുതല്‍ ഇഷ്ടം? ബീച്ചിനോട് ഒരല്‍പം ഇഷ്ടം കൂടുതലുണ്ടെങ്കില്‍ നേരെ വിട്ടോളൂ, തായ്‌ലാന്‍ഡിലേക്ക്! നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയങ്ങളിലാണ് തായ്‌ലാന്‍ഡ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. അധികം ബുദ്ധിമുട്ടോ ചെലവോ ഒന്നുമില്ലാതെ പോയി വരാവുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന രാജ്യമാണ് തായ്‌ലാന്‍ഡ്. വീസ ലഭിച്ചാല്‍ 15 ദിവസം ഇവിടെ അടിച്ചു പൊളിക്കാം!

ക്ഷേത്രങ്ങൾ, ബീച്ചുകൾ, ഫ്ലീ മാർക്കറ്റുകൾ, ഷോപ്പിംഗ് തുടങ്ങി ഇവിടെ ചെയ്യാവുന്ന നിരവധി കാര്യങ്ങളുണ്ട്. ഒരു നിമിഷം പോലും ബോറടിക്കേണ്ടി വരില്ല. ബാങ്കോക്ക്, ഫുക്കറ്റ്, പട്ടായ, കോ സാമുയി, ക്രാബി ദ്വീപുകൾ, ചിയാങ് മായ് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാം. 

504985756

പോക്കറ്റിലൊതുങ്ങുന്ന ചെലവില്‍ ഹണിമൂണ്‍ ആഘോഷിക്കാന്‍ യുവമിഥുനങ്ങള്‍ക്ക് ഏറ്റവുമെളുപ്പം പോകാനാവുന്ന രാജ്യം കൂടിയാണ് തായ്‌ലാന്‍ഡ്. ക്രാബിയിലെ ജെയിംസ് ബോണ്ട് ഐലന്റ് സ്പീഡ് ബോട്ട് ടൂര്‍, സീ ലൈഫ് ബാങ്കോക്ക് ഓഷ്യന്‍ വേള്‍ഡ്, പട്ടായ മാര്‍ക്കറ്റിലെ കറക്കം തുടങ്ങി നിരവധി കാര്യങ്ങള്‍ ചെയ്യാം.

ഇന്തോനേഷ്യ 

വര്‍ഷം മുഴുവന്‍ നല്ല കാലാവസ്ഥയുള്ളതിനാല്‍ ഇന്തോനേഷ്യയിലേക്കുള്ള യാത്രക്ക് അങ്ങനെ സീസണ്‍ നോക്കേണ്ട കാര്യമില്ല. മനോഹരമായ ബീച്ചുകളും നെല്ലു വിളയുന്ന പാടങ്ങളും അഗ്നിപര്‍വ്വതങ്ങളും തടാകങ്ങളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ രാജ്യമാണിത്‌. സുമാത്ര, ജാവ, മലുക്-പാപ്പുവ, സുലാവെസി, ബാലി എന്നിങ്ങനെ കാണാന്‍ നിരവധിയുണ്ട് സ്ഥലങ്ങള്‍. ബാലിയാണ് ഇവിടെ ടൂറിസ്റ്റുകള്‍ പ്രധാനമായും പോകുന്ന ഇടം. താന ലോട്ട് ക്ഷേത്രത്തിലെ സൂര്യാസ്തമയക്കാഴ്ച, ലെംബോന്‍ഗന്‍ റീഫ് ക്രൂയിസ്, ആയുംഗ് വൈറ്റ് വാട്ടര്‍ ക്രൂയിസ്, ബാലി ചുറ്റിക്കറങ്ങല്‍, മറൈന്‍ പാര്‍ക്ക് തുടങ്ങി നിരവധി വിനോദങ്ങള്‍ ഉള്ളതിനാല്‍ ഇവിടെ സമയം പോകുന്നത് അറിയുകയേയില്ല. ഇന്ത്യന്‍ സഞ്ചാരികള്‍ ഇവിടെ എത്തിയ ശേഷം മാത്രം വീസ എടുത്താല്‍ മതി. 

680775202

ഭൂട്ടാന്‍ 

ഇന്തോനേഷ്യയെപ്പോലെ തന്നെ വര്‍ഷം മുഴുവന്‍ സഞ്ചാരികള്‍ക്ക് എത്താന്‍ പറ്റുന്ന രാജ്യമാണ് ഭൂട്ടാന്‍. ഹിമാലയത്തിന്‍റെ ചുവട്ടില്‍ സമാധാനവും സന്തോഷവും അലതല്ലുന്ന ഭൂട്ടാനിലെത്തുന്ന ഓരോ ആളെയും ഇവിടെയുള്ള ആളുകള്‍ സ്വാഗതം ചെയ്യുന്നത് നിറഞ്ഞ മനസ്സോടെയാണ്.

മഞ്ഞു മൂടിയ ഹിമാലയ ഭാഗങ്ങളും പച്ചപ്പും ജലാശയങ്ങളും നിറഞ്ഞു ഇവിടത്തെ പ്രകൃതി അങ്ങേയറ്റം അനുഗ്രഹീതമാണ്. തിമ്പു, പാറോ എന്നിവിടങ്ങളില്‍ സഞ്ചാരികളുടെ ഒഴുക്ക് ദിനംപ്രതിയെന്നോണമാണ് വര്‍ദ്ധിക്കുന്നത്. താരതമ്യേന ചെലവും കുറവുള്ള രാജ്യമാണ് ഭൂട്ടാന്‍.

നേപ്പാള്‍

ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള സമയമാണ് നേപ്പാള്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് കയറാനുള്ള ബേസ് ക്യാമ്പ് ഇവിടെയാണ്‌ ആരംഭിക്കുന്നത്.

470635154

ട്രക്കിംഗും മലകയറ്റവുമെല്ലാം ഇഷ്ടപ്പെടുന്നവരുടെ സ്വര്‍ഗ്ഗഭൂമിയാണ്‌ നേപ്പാള്‍. കാഠ്മണ്ഡു, പൊഖാറ തുടങ്ങിയ ഇടങ്ങളിലാണ് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നത്.  സാഹസികര്‍ക്ക് വേണമെങ്കില്‍ 12 ദിവസം നീണ്ടുനില്‍ക്കുന്ന എവറസ്റ്റ് ബേസ്ക്യാമ്പ് ട്രക്കിംഗിന് പോകാം. അന്നപൂര്‍ണ്ണ ബേസ് ക്യാമ്പ് ട്രക്കിംഗും ഇവിടെ ഒരിക്കലും ഒഴിച്ചു കൂടാനാവാത്ത അനുഭവമാണ്.

കംബോഡിയ

പഴയതും പുതിയതുമായ സംസ്കാരങ്ങളുടെ കൗതുകമുണര്‍ത്തുന്ന മിശ്രണമാണ് കംബോഡിയയുടെ പ്രത്യേകത. ലോക പൈതൃകസ്മാരകമായി യുനെസ്കോ പ്രഖ്യാപിച്ച അങ്കോർവാറ്റ് ക്ഷേത്രം ഒരു നോക്കുകാണാനായി മാത്രം നിരവധി പേര്‍ ഇവിടെയെത്തുന്നു. ലോകത്തിലെ തന്നെ ഏറ്റവും സുന്ദരമായ ക്ഷേത്രങ്ങളിലൊന്നാണ് ഇത്.

589972482

കൂടാതെ ബീച്ചുകളും വനപ്രദേശങ്ങളുമെല്ലാമുണ്ട്. രുചികരമായ ഭക്ഷണവും പുരാതന സംസ്കാര സമൃദ്ധി വിളിച്ചോതുന്ന മ്യൂസിയങ്ങളും യാത്രക്കാര്‍ക്ക് നവ്യാനുഭവം നല്‍കും. ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ഒരിക്കല്‍ വീസ ലഭിച്ചാല്‍ 30 ദിവസം വരെ ഇവിടെ തുടരാം.

മക്കാവു

രാത്രി ജീവിതം ഇഷ്ടപ്പെടുന്നവര്‍ക്ക് പോകാന്‍ പറ്റുന്ന സ്ഥലമാണ് മക്കാവു. മക്കാവു, തൈപ്പ്, കൊളോൺ എന്നീ മൂന്നു ദ്വീപുകള്‍ ചേര്‍ന്ന ഈ സ്ഥലം 'ലോകത്തിന്‍റെ ചൂതാട്ട തലസ്ഥാനം' എന്നാണ് അറിയപ്പെടുന്നത്. കുഞ്ഞു രാജ്യമായതിനാല്‍ ഒന്നോ രണ്ടോ ദിവസം മതി മുഴുവനായും കണ്ടു തീര്‍ക്കാന്‍. രാവെന്നോ പകലെന്നോ ഇല്ലാതെ കാസിനോകളില്‍ ലക്ഷങ്ങള്‍ വാരിയെറിയുന്ന ആളുകളെ ഇവിടെ കാണാം.

848703200

ഇവിടെ ചൂതാട്ടം നിയമവിധേയമാണ്. ചൈനയുടെ അധീനതയിലാണെങ്കിലും സ്വയംഭരണാവകാശമുള്ള ഇടമാണ് മക്കാവു. സാമ്പത്തികനിലയില്‍ ലോകത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്നായ മക്കാവുവിനെ 'ചൈനയുടെ ലാസ് വേഗസ്' എന്നും വിളിക്കുന്നു. വര്‍ഷം മുഴുവനും സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലാവസ്ഥയാണ് ഇവിടെ. ഒരിക്കല്‍ വീസ ലഭിച്ചു കഴിഞ്ഞാല്‍ 30 ദിവസം ഇവിടെ തുടരാന്‍ സാധിക്കൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com