sections
MORE

ലോകത്ത് ഏറ്റവും സുന്ദരമായി ക്രിസ്മസ് ആഘോഷിക്കുന്നത് ഇവിടെ; കാരണമിതാണ്

santa-claus-village
SHARE

ക്രിസ്മസ് നാളുകളിൽ ആരുമറിയാതെ സമ്മാനങ്ങൾ എത്തിച്ചു നൽകുന്ന, ക്രിസ്മസ് അപ്പൂപ്പൻ എന്നു നമ്മൾ മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന സാന്താക്ലോസിന്റെ നാട് എവിടെയാണെന്നറിയാമോ? ലോകത്ത് ഏറ്റവും സുന്ദരമായി ക്രിസ്മസ് ആഘോഷിക്കുന്ന ആ സുന്ദരഭൂമിയിൽ പോയി ഇത്തവണത്തെ ക്രിസ്മസ് ആഘോഷിക്കാം. ഫിൻ‌ലൻ‌ഡിലെ ക്രിസ്മസ് മാന്ത്രികവും കണ്ണുകൾക്കു വിരുന്നുമാണ് എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും.  ക്രിസ്മസ് വേളയിൽ ഫിൻ‌ലൻ‌ഡ് മുഴുവനും വെളുത്ത മഞ്ഞുകുപ്പായമണിഞ്ഞിരിക്കും. 

ലാപ് ലാന്‍ഡ് എന്ന ‘സാന്താ’ നാട്

ഫിൻ‌ലൻ‌ഡിലെ ലാപ്‌ലാൻഡിലാണ്  സാന്തയുടെ വസതിയെന്നാണു പറയപ്പെടുന്നത്. ഫിൻ‌ലൻഡിന്റെ വടക്കേ അറ്റത്തുള്ള ലാപ്‌ലാൻഡിലേക്കുള്ള ക്രിസ്മസ് കാലത്തെ യാത്ര സ്വപ്നതുല്യമാണ്. ജനസാന്ദ്രത കുറഞ്ഞ ഈ നാട്ടിൽ ക്രിസ്മസ് കാലത്ത് ലോകത്തിന്റെ പല കോണുകളിൽ നിന്നും എത്തുന്ന സഞ്ചാരികൾ നിറയും. ഇവിടെയെത്തിയാൽ  എവിടെ താമസിക്കണം എന്നതിനെക്കുറിച്ചു ബേജാറാകണ്ട.

santa-claus-village-1

ലാപ്‌ലാൻഡിലെ സ്കീ റിസോർട്ടുകൾ അതിനുള്ള ഉത്തരമാണ്. ലോ ബജറ്റിൽ തുടങ്ങി അത്യാഡംബരം തികഞ്ഞവ വരെ അനേകം അവധിക്കാല വസതികൾ ലാപ്‌ലാൻഡില്‍ ഒരുക്കിയിട്ടുണ്ട്. നൂറുകണക്കിനു തടാകങ്ങളുടെ നാടു കൂടിയാണ് ലാപ്‌ലാന്‍ഡ്. അതിൽ ഏറ്റവും വലുത് 1,000 ചതുരശ്ര കിലോമീറ്ററിലധികം വരുന്ന  ഇനാറി തടാകമാണ്. മഞ്ഞു പെയ്യും കാലത്ത് ഇനാറി അടക്കമുള്ള എല്ലാ തടാകങ്ങളും മഞ്ഞുറഞ്ഞു കിടക്കും.

ഹെൽ‌സിങ്കിയിലെ അലങ്കാരങ്ങൾ‌

കണ്ണഞ്ചിപ്പിക്കുന്ന ക്രിസ്മസ് അലങ്കാരങ്ങൾ കാണണമെങ്കിൽ ഹെൽസിങ്കിയിൽത്തന്നെ പോകണം. ഫിൻ‌ലൻഡിന്റെ തെക്കൻ തലസ്ഥാനമായ ഹെൽ‌സിങ്കി ക്രിസ്മസ് ആഘോഷിക്കുന്നത് വളരെ ഉത്സാഹത്തോടും മനോഹരവുമായിട്ടാണ്. ഈ സമയത്ത് ഇവിടെ നിറങ്ങളുടെ, പ്രത്യേകിച്ച് പച്ചയുടെയും ചുവപ്പിന്റെയും സ്ഫോടനം നടന്ന പ്രതീതിയായിരിക്കും. എവിടെയും അലങ്കരിച്ച ക്രിസ്മസ് ട്രീകളും മഞ്ഞു മനുഷ്യരും. വീഥികളെല്ലാം പല നിറത്തിലെ ലൈറ്റുകൾ കൊണ്ട് നിറഞ്ഞിരിക്കും. 

helsinki

അറോറ ബോറാലിസ്

നോർത്തേൺ ലൈറ്റ്സ് എന്നു പൊതുവേ അറിയപ്പെടുന്ന ഇത് ആകാശത്തു വിരിയുന്ന പച്ച, നീല, പിങ്ക് നിറങ്ങളുടെ സ്വഭാവിക പ്രതിഭാസമാണ്. ഇത് വർഷത്തിൽ ഏകദേശം 200 രാത്രികളിൽ അല്ലെങ്കിൽ നല്ല തെളിഞ്ഞ രാത്രികളിൽ ലാപ് ലാൻഡിന്റെ മാനത്തു വിസ്മയം തീർക്കും. സ്നോ‌ഷൂയിങ്, ക്രോസ്-കൺട്രി സ്കീയിങ് അല്ലെങ്കിൽ സ്നോ‌മൊബൈൽ, സ്ലെഡ് ഡോഗ് ടൂറിങ് എന്നിവയാണ് അറോറ സ്പോട്ടിങ്ങിനു പോകാനുള്ള  മാർഗങ്ങൾ. ഫിൻ‌ലൻഡിൽ‌ താമസിക്കുന്ന ആളുകൾ‌ ഈ സൗന്ദര്യത്തിന് സാക്ഷ്യം വഹിക്കാൻ‌ ഭാഗ്യമുള്ളവരാണ്. നിങ്ങളുടെ യാത്രയിലും ഇതു കാണാൻ അവസരമുണ്ടാകും.

സെന്റ് തോമസ് ക്രിസ്മസ് മാർക്കറ്റ്

കാഴ്ചകളും ആഘോഷങ്ങളും മാത്രമല്ല ഒരു യാത്രയുടെ ഏറ്റവും വലിയ ഘടകം ഷോപ്പിങ് ആണെന്നതിൽ സംശയമില്ല. ക്രിസ്മസ് ഷോപ്പിങ്ങിനായി ഫിൻ‌ലൻഡിലെ മികച്ച വിപണികളിൽ ഒന്നാണിത്. ഈ വർണ്ണാഭമായ ചെറിയ മാർക്കറ്റിൽ സാന്താക്ലോസിന്റെയും ക്രിസ്മസ് ട്രീയുടെയും മിനിയേച്ചറുകൾ മുതൽ മറ്റ് അലങ്കാരവസ്തുക്കൾ വരെ ലഭിക്കുന്നു. ക്രിസ്മസ് സമയത്ത് മാർക്കറ്റ് ചെറിയ കടകളാൽ നിറഞ്ഞിരിക്കും. 

ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉത്സവങ്ങളിലൊന്നാണ് ക്രിസ്മസ്. സമ്മാനങ്ങൾ നിറഞ്ഞ ഒരു ബാഗുമായി സാന്ത എത്തുന്നതിനായി കാത്തിരിക്കുന്നത് കുട്ടികൾ മാത്രമല്ല മുതിർന്നവരുമാണ്. ലാപ്‌ലാൻഡിലെ സാന്താക്ലോസിനെ കാണാനായി ലോകമെമ്പാടുമുള്ള ആയിരക്കണക്കിനു കുടുംബങ്ങൾ മക്കളെ ഒരു മാന്ത്രികയാത്രയ്ക്കു കൊണ്ടുപോകാൻ തയാറെടുക്കുമ്പോൾ, നിങ്ങൾ എന്തിന് അമാന്തിക്കണം. പോകാം മക്കളെയും കൂട്ടി ഈ ക്രിസ്മസിന്, മഞ്ഞിന്റെ വണ്ടർലാൻഡിലേക്ക്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA