sections
MORE

ദിവസം തങ്ങാൻ ഒരു ലക്ഷം! ഇത് കോലിയും അനുഷ്കയും പിറന്നാൾ ആഘോഷിച്ച ഭൂട്ടാന്‍ ഹോട്ടല്‍

bhutan-travel
SHARE

മുപ്പത്തിയൊന്നാം പിറന്നാളിനോടനുബന്ധിച്ച് ക്രിക്കറ്റ് ഇതിഹാസം വിരാട് കോലി ഭാര്യ അനുഷ്കാ ശര്‍മ്മയും കൂടി നടത്തിയ ഭൂട്ടാന്‍ യാത്രയുടെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ട്രെക്കിങ്ങും സഞ്ചാരവുമായി ഭൂട്ടാന്‍ ചുറ്റിയ കോലിയും അനുഷ്കയും താമസിച്ചത് ഭൂട്ടാനിലെ 'സിക്സ് സെന്‍സസ്' എന്ന അതിമനോഹരമായ ഹോട്ടലിലായിരുന്നു. ലക്ഷ്വറിക്കൊപ്പം പ്രകൃതിയെ നോവിക്കാതെ തന്നെ എങ്ങനെ ഏറ്റവും സുഖകരമായ അന്തരീക്ഷം ഒരുക്കാമെന്ന് കാണിച്ചു തരികയാണ് അഞ്ചു ലക്ഷ്വറി ലോഡ്ജുകള്‍ അടങ്ങുന്ന സിക്സ് സെന്‍സ് ഗ്രൂപ്പ്. സീസണ്‍ അനുസരിച്ച് നിരക്കുകള്‍ വ്യത്യാസപ്പെടുമെങ്കിലും ഒരു രാത്രിക്ക് ശരാശരി ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വരും സിക്സ് സെന്‍സസിലെ മുറി വാടക.

തിംഫു, പുനാഖ, പാറോ താഴ്‌വര, ഗാങ്ങ്ടെ, ബുംതാങ്ങ് എന്നിവിടങ്ങളിലായാണ് ഈ അഞ്ചു ലോഡ്ജുകള്‍ സ്ഥിതി ചെയ്യുന്നത്. ഇതില്‍ ഏറ്റവും വലുപ്പമുള്ള 'സിക്സ് സെന്‍സസ് ഓഫ് തിംഫു' അറിയപ്പെടുന്നത് പാലസ് ഇന്‍ ദി സ്കൈ' എന്നാണ്. ഇതിന്‍റെ പ്രത്യേകതരം നിര്‍മിതിയാണ്‌ ആ പേരിനു പിന്നില്‍. പുനാഖയിലെ താഴ്‌വര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ലോഡ്ജിനു പേര്  'ഫ്ലയിംഗ് ഫാംഹൗസ് അമിഡ്സ്റ്റ് റൈസ് ഫീല്‍ഡ്സ്' എന്നാണ്. ഭൂട്ടാനിലെ താഴ്‌വരകളിലെ കൃഷിയിടങ്ങളും പച്ചക്കറിത്തോട്ടങ്ങളും പരമ്പരാഗത തൂക്കുപാലങ്ങളുമാണ് ഇതിനാധാരം. 'സ്റ്റോണ്‍ റൂയിന്‍സ്' എന്നാണ് പറോയിലെ ലോഡ്ജിന്‍റെ പേര്.

മലനിരകളിലേക്ക് മുഖമുയര്‍ത്തിക്കൊണ്ട് ഭൂട്ടാനിലെ പഴയ ഒരു കോട്ടയുടെ സമീപത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. പക്ഷിക്കൂട്ടങ്ങള്‍ സഞ്ചരിക്കുന്ന താഴ്‌വരയിലേക്ക് ചില്ലു ജാലകം തുറക്കുന്ന ഗാങ്ങ്ടെ സിക്സ് സെന്‍സിനു പേരിട്ടിരിക്കുന്നത് ' ട്രെഡീഷണല്‍ ബേര്‍ഡ്വാച്ചിംഗ് ബ്രിഡ്ജ്' എന്നാണ്. പാലത്തിന്‍റെ ആകൃതിയിലാണ് ഈ കെട്ടിടം പണിതുയർത്തിയിരിക്കുന്നത്. രാജ്യത്തിന്‍റെ കിഴക്കു വശത്ത് ആത്മീയപരവും ചരിത്രപരവുമായി പ്രാധാന്യമുള്ള ഇടത്താണ് 'സിക്സ് സെന്‍സസ് ഓഫ് ബുംതാങ്ങ്'. പൈന്‍ മരങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഈ കെട്ടിടത്തിന് പേരിട്ടിരിക്കുന്നത് 'ഫോറസ്റ്റ് ഇന്‍ എ ഫോറസ്റ്റ്' എന്നാണ്.

എല്ലാ കെട്ടിടങ്ങള്‍ക്കും വലിയ ഡെക്കുകളും വലിയ ഫ്ലോർ-ടു-സീലിങ് വിൻഡോകളുമുണ്ട്. ഇത് യാതൊരു വിധ തടസ്സവുമില്ലാതെ പുറമെയുള്ള പ്രകൃതിദൃശ്യങ്ങളുടെയും മലനിരകളുടെയും മനോഹരമായ കാഴ്ച ഉറപ്പു വരുത്തുന്നു.

ഈ സിക്സ് സെൻസസ് ലോഡ്ജുകളില്‍ സ്പാ, വെൽനസ് സെന്റർ എന്നിവയും ഉണ്ട്. തിംഫുവിലെയും ബുംതാങ്ങിലെയും ഹോട്ട് സ്റ്റോണ്‍ ബാത്ത്, ഗാങ്ങ്ടെയിലെ പിരമിഡ് ധ്യാന മുറിയും സ്വീഡാന ചികിത്സയും പുനാഖയിലെ ചൂടുവെള്ളമുള്ള കുളത്തിലെ കുളി, പാറോയിലെ സ്പാ അനുഭവം എന്നിവയെല്ലാം അനിര്‍വചനീയമായ അനുഭൂതിയായിരിക്കും ഇവിടെ താമസിക്കുന്നവര്‍ക്ക് സമ്മാനിക്കുക.

വേണമെന്നുണ്ടെങ്കില്‍ അതിഥികൾക്ക് അഞ്ചു ലോഡ്ജുകളിലായി തങ്ങാനും സാധിക്കും. പലയിടങ്ങളിലായി താമസിച്ചു കൊണ്ട് ഭൂട്ടാന്‍ എന്ന രാജ്യത്തെ അറിയാനും അനുഭവിക്കാനും അവസരമൊരുക്കുന്നുണ്ട് ഇവിടെ. പുനാഖയിലെ ചോർട്ടൻ നിങ്‌പോ വരെ കാൽനടയാത്രയായി നടക്കാം, ഗാംഗ്‌ടെയിലെ കൃഷിക്കാര്‍ക്കൊപ്പം കൂടാം. ബുംതാങ്ങിലെ ഏറുമാടത്തില്‍ കയറി ഭക്ഷണം കഴിക്കാം. ഭൂട്ടാന്റെ പ്രാദേശിക ജീവിതത്തെക്കുറിച്ച് മനസ്സിലാക്കാനും അവസരമൊരുക്കുന്നു.

ഇവിടെയെത്തുന്ന സീസണ്‍ അനുസരിച്ച് അറ (മദ്യം) നിർമാണം, പരമ്പരാഗത കൃഷി, യാത്ര (പ്രാദേശിക കമ്പിളി) നെയ്ത്ത്, അമ്പെയ്ത്ത് എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളിലും ഭാഗമാകാന്‍ സാധിക്കും. കൂടുതൽ ആത്മീയമായ അനുഭവങ്ങള്‍ അന്വേഷിച്ചു നടക്കുന്നവര്‍ക്ക് അടുത്തുള്ള ക്ഷേത്രങ്ങൾ, മതപരമായ സ്ഥലങ്ങൾ എന്നിവ സന്ദര്‍ശിക്കാം. സിക്സ് സെൻസിലെ റസിഡന്റ് സന്യാസിയുമായി ചേര്‍ന്ന് ഗൈഡഡ് ധ്യാനങ്ങളിലോ ബട്ടർ ലൈറ്റിങ് ചടങ്ങുകളിലോ പങ്കെടുക്കുകയുമാവാം.

മാർച്ച് മുതൽ ഏപ്രിൽ വരെയും സെപ്റ്റംബർ മുതൽ നവംബർ വരെയുമാണ് ഭൂട്ടാനില്‍ ട്രെക്കിങ്ങിനും മറ്റു യാത്രകള്‍ക്കും ഏറ്റവും അനുയോജ്യമായ സമയം. ഈ സമയത്ത് ഏറ്റവും സുഖകരമായ കാലാവസ്ഥയായിരിക്കും ഉണ്ടാവുക. ജൂൺ മുതൽ ഓഗസ്റ്റ് വരെ പുഷ്പലതാദികളുടെ മനോഹരദൃശ്യങ്ങള്‍ എങ്ങും കാണാം. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലത്ത് വെയിലുദിക്കുന്ന ദിവസങ്ങളിൽ കാണുന്ന പർവ്വതദൃശ്യങ്ങള്‍ അതിമനോഹരമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA