sections
MORE

നദിയുടെ നടുവിലെ ആ കുഞ്ഞുവീട് ലോകപ്രശസ്തമായത് ഇങ്ങനെയാണ്

river-drina-house
SHARE

നാലുപാടും, ശാന്തമായി ഒഴുകുന്ന പുഴയുടെ മര്‍മരം. ജനാലകള്‍ തുറന്നു പുറത്തേക്കു നോക്കുമ്പോള്‍ കടുത്ത പച്ചയില്‍ വരച്ചു വച്ചതു പോലെ കാണുന്ന വന്യഭംഗി. നദിയുടെ നടുവില്‍  കുഞ്ഞുദ്വീപ്‌ പോലെ ഉയര്‍ന്നു നില്‍ക്കുന്ന പാറക്കെട്ടിലെ ഈ വീട് ഒരു സ്വപ്നം പോലെ തോന്നാം. അതുകൊണ്ടുതന്നെയാണ് രാജ്യാന്തര യാത്രാ മാഗസിനുകളില്‍ വരെ ഇടം പിടിച്ച, അഭൗമമെന്നു തോന്നിക്കാവുന്ന ആ അനുഭൂതി തേടി നൂറുകണക്കിനു സഞ്ചാരികള്‍ ഈ പുഴവീട്ടിലേക്കെത്തുന്നത്.

പടിഞ്ഞാറന്‍ സെര്‍ബിയയിലെ ബജിന ബാസ്റ്റയിലുള്ള ഡ്രിന നദിയിലാണ് ഈ സുന്ദരന്‍ വീടുള്ളത്. ‘ഡ്രിന ഹൗസ്’ എന്നാണ് ഇത് അറിയപ്പെടുന്നതും. 

ഡ്രിന വീട് ഉണ്ടായത് ഇങ്ങനെ

അതൊരു വേനല്‍ക്കാലമായിരുന്നു. വര്‍ഷം 1968. ഡ്രിന നദിയിലൂടെ നീന്തിയെത്തിയ ഒരു കൂട്ടം ചെറുപ്പക്കാര്‍ വിശ്രമിക്കാന്‍ ഒരിടം തേടി ഈ പാറയിലെത്തി. നദിയുടെ അപാരമായ ഒഴുക്കില്‍പെട്ട് അങ്ങേയറ്റം ക്ഷീണിതരായിരുന്നു അവര്‍. നീന്തിയെത്തിയ പാറമേല്‍ കിടന്ന് അവര്‍ വെയില്‍ കാഞ്ഞു. 

river-drina-house1

പാറയുടെ പരുപരുപ്പ് ഇല്ലാതെ ഇവിടെ കിടന്നാല്‍ കൂടുതല്‍ നന്നായിരിക്കും എന്ന് അവര്‍ ചിന്തിച്ചു. പുഴയുടെ അക്കരയിലേക്ക് നീന്തിപ്പോയി അവര്‍ മരക്കഷ്ണങ്ങള്‍ കൊണ്ടുവന്നു. അതിനു മേലേ കിടക്കുമ്പോള്‍ അടുത്ത ചിന്ത വന്നു. മേല്‍ക്കൂര ഉണ്ടായിരുന്നെങ്കില്‍ കടുത്ത സൂര്യപ്രകാശമേല്‍ക്കാതെ ഇവിടെ വിശ്രമിക്കാന്‍ സാധിച്ചേനെ. അങ്ങനെയാണ് ആദ്യമായി പുഴവീട് എന്ന ആശയം ഉടലെടുക്കുന്നത്. 

എന്നാല്‍ ഡ്രിന നദിയില്‍ വീടു പണിയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലായിരുന്നു. അന്നത്തെ യുവാക്കളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന മിലിജ മാന്‍ഡിക് എന്ന പതിനേഴുകാരന്‍ അടുത്ത വേനല്‍ക്കാലത്ത് തന്‍റെ സുഹൃത്തുക്കളെ സംഘടിപ്പിച്ച് ഇവിടെയെത്തി. വേനലവധി ആഘോഷമായി ചെലവഴിക്കാനായി അങ്ങനെ അവര്‍ എല്ലാവരും കൂടി ചേര്‍ന്ന് ആദ്യത്തെ ഡ്രിന ഹൗസ് ഉണ്ടാക്കി. ബോട്ടുകളും കയാക്കുകളും ഉപയോഗിച്ചാണ് ഇതിനു വേണ്ട മരക്കഷ്ണങ്ങള്‍ അവര്‍ എത്തിച്ചത്. ഭാരം കൂടിയവയാകട്ടെ, ‌ നദിയിലൂടെ ഒഴുക്കി വിട്ട ശേഷം മറ്റേയറ്റത്തു നിന്നും പിടിച്ചെടുത്തു. അന്ന് അവര്‍ ആരും സ്വപ്നത്തില്‍ പോലും ചിന്തിച്ചില്ല, തങ്ങളുടെ ഈ മരവീട് ഇത്രയും ശ്രദ്ധയാകർഷിക്കുമെന്ന്.

ഈ വീട് ഉണ്ടാക്കിയ ശേഷം ഏറെക്കാലം അതേപോലെ നിലനിന്നില്ല. ഡ്രിന നദി അതിനനുവദിച്ചില്ല എന്നതാണ് സത്യം. കടുത്ത ഒഴുക്കില്‍ അതു നശിച്ചു പോയി. ആറു തവണ അങ്ങനെ സംഭവിച്ചു. ഓരോ തവണ നശിപ്പിക്കപ്പെടുമ്പോഴും ഒഴുക്കിനെ പ്രതിരോധിക്കാനാവുന്ന രീതിയില്‍ അവ മാറ്റി നിര്‍മിക്കപ്പെട്ടു കൊണ്ടിരുന്നു. 2011 ല്‍ നിര്‍മിച്ച വീട് ആണ് ഇപ്പോള്‍ ഇവിടെയുള്ളത്– ഏഴാമത്തെ വീട്.

ഇന്ന് ഈ വീട്ടിലെത്തുന്ന സഞ്ചാരികളെ സ്വീകരിക്കാന്‍ ആതിഥേയരുണ്ട്. രുചികരമായ ഭക്ഷണ പാനീയങ്ങള്‍ വിളമ്പിയും നദിയിലൂടെ ഉല്ലാസയാത്ര  സംഘടിപ്പിച്ചുമെല്ലാം അവര്‍ യാത്രികരെ ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു. ഇന്ത്യയില്‍നിന്നു പോകുമ്പോള്‍ തുസ്ല രാജ്യാന്തര വിമാനത്താവളത്തിലാണ് ഇറങ്ങേണ്ടത് (TZL / LQTZ). ഇവിടെനിന്ന് ഏകദേശം 138 കിലോമീറ്ററുണ്ട് ബജിന ബാസ്റ്റയിലേക്ക്.

എത്ര തവണ ഒഴുകിപ്പോയാലും അവിടെത്തന്നെ അവശേഷിക്കുന്ന ഒരായിരം ഓര്‍മകളുണ്ട്. ഈ വീട്ടില്‍ പരസ്പരം പങ്കിട്ട സ്നേഹവും സൗഹൃദവും ഒന്നിച്ചു കണ്ട സൂര്യോദയങ്ങളുമെല്ലാം ഇവിടെയെത്തിയ ഒരാളുടെയും മനസ്സില്‍നിന്നും ജീവിതാവസാനം വരെ ഒഴുകിപ്പോവില്ല.

English Summery: River Drina House Serbia

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA