ADVERTISEMENT

60 ലധികം രാജ്യങ്ങൾ സന്ദർശിച്ചുള്ള അഞ്ജലി തോമസ് തന്റെ സിംബാബ്‌വെയിലൂടെയുള്ള യാത്ര വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ്. സിംബാബ്‌വെ കാണാൻ പോകുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് ലയൺ എൻകൗണ്ടർ. അഞ്ജലിയും ലയൺ എൻകൗണ്ടറിന്റെ ഭാഗമായി. ആ വിശേഷങ്ങളിലേക്ക്...

Anjaly-Thomas-travel5

"എന്റെ ഓരോ യാത്രകളിലൂടെയും ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഓർമകൾ സൃഷ്ടിക്കാനാണ് ആഗ്രഹിക്കുന്നത്. അതിനാൽ യാത്രകൾ എപ്പോഴും സ്പെഷലാക്കാൻ ഞാൻ ശ്രമിക്കും" - അഞ്ജലി പറയുന്നു. പല യാത്രകളിലും വന്യമൃഗങ്ങൾ, ആനകൾ, ജിറാഫുകൾ, കടുവകൾ, ഗോറില്ലകൾ, കൊമോഡോ ഡ്രാഗണുകൾ എന്നിവരുമായി അടുത്തിടപഴകാനുള്ള ഭാഗ്യം ഉണ്ടായി. എന്നാൽ സിംബാബ്‌വെ യാത്രയിലെ ലയൺ എൻ‌കൗണ്ടർ ഒരു വിസ്മയവിരുന്നാണ് സമ്മാനിച്ചതെന്നും ആ നാട് തനിക്കായി ഒരുക്കി വച്ചിരുന്ന വിസ്മയങ്ങൾ മറക്കാനാകില്ലെന്നും അഞ്ജലി വ്യക്തമാക്കുന്നു.

Anjaly-Thomas-travel3

ലയൺ എൻകൗണ്ടർ

സിംബാബ്‌വെയിലെ വിക്ടോറിയ വെള്ളച്ചാട്ടത്തിന് അടുത്തായിട്ടാണ് ലയൺ എൻകൗണ്ടർ. ലളിതമായി പറഞ്ഞാൽ സിംഹങ്ങൾക്കൊപ്പം നടക്കാനുള്ള അവസരമാണ് ലയൺ എൻകൗണ്ടർ എന്ന് ചുരുക്കം. സിംബാബ്‌വെയിൽ കുറഞ്ഞു വരുന്ന സിംഹങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിനായി സ്ഥാപിച്ച ഒരു സംരക്ഷണ പദ്ധതിയാണിത്. ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ പരിപാടിയ്ക്ക് ഏകദേശം 150 ഡോളറാണ് നിരക്ക്. സിംഹങ്ങളെക്കുറിച്ചും ധാരാളം വിവരങ്ങൾ ലഭിക്കുകയും അവയോടൊപ്പം സമയം ചെലവഴിക്കാനും ഇതിലൂടെ സാധിക്കുന്നു. കാട്ടിലെ രാജാവിനോടൊപ്പം നടക്കുന്നത് സ്വപ്നം കണ്ടിരുന്ന എനിക്ക് ഇതൊരു സ്വപ്ന സാക്ഷാത്കാരമായിരുന്നു.

Anjaly-Thomas-travel1

ലയൺ എൻകൗണ്ടർ ആരംഭിക്കുമ്പോൾ എല്ലാവർക്കും ഓരോ വടി നൽകും. ഒപ്പം മെല്ലെ സിംഹങ്ങളുടെ അടുത്തേക്ക് നടക്കാനുള്ള നിർദ്ദേശവും. ഓരോ ഗ്രൂപ്പിലും 10 അംഗങ്ങളും നാല് റേഞ്ചറുകളും ഉൾപ്പെടുന്നു. വളരെ ഉച്ചത്തിൽ സംസാരിക്കുന്നതിനോ ചൂളമടിക്കുന്നതിനോ ഓടുന്നതിനോ എന്തിന് പേടിച്ച് നിലവിളിക്കുന്നതിനോ പോലും വിലക്കുണ്ടായിരുന്നു. അവസാനം ഞങ്ങൾ ഒരു ചെറിയ ക്ലിയറിങ്ങിൽ എത്തി. അവിടെ രണ്ട് കുഞ്ഞു സിംഹങ്ങൾ. ആണും പെണ്ണും.

റേഞ്ചർ ആദ്യം അതിന്റെ അടുത്തേക്ക് പോയി. അയാൾ മുട്ടുകുത്തി ഒരു സിംഹക്കുട്ടിയോട് എന്തോ മന്ത്രിച്ചു. എന്നിട്ട് തിരിഞ്ഞ് കുഞ്ഞിനെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് കാണിച്ചു തന്നു. ഞാൻ സിംഹത്തിന്റെ അടുത്തുചെന്നിരുന്നു. വാരിയെടുത്ത് കൈക്കുള്ളിലാക്കി കൊഞ്ചിക്കണമെന്ന് തോന്നിയെങ്കിലും സ്വയം നിയന്ത്രിച്ചു. പതിയെ ആൺ സിംഹകുട്ടിയെ തലോടി. അവൻ അൽപ്പം പരുക്കനായിരുന്നു. പലരും കരുതും പോലെ സ്റ്റഫ് ചെയ്ത കമ്പിളി കളിപ്പാട്ടം പോലെ ഒന്നുമില്ല, വളരെ ചെറുപ്പമായിരുന്നിട്ടും പരുപരുത്ത ശരീരമായിരുന്നു, അവൻ ശക്തനുമായിരുന്നു. തൊട്ടതും അവൻ കുതറിയോടി. പിന്നെ തിരിഞ്ഞ് എന്റെ അടുത്തേക്ക് ഓടി വരുന്നത് കണ്ട റേഞ്ചർമാർ അകത്തേക്ക് ഓടി അവനെ തടുത്തു.

ഇനി അവയൊടൊപ്പം നടക്കാനുള്ള സമയമാണ്. നേരായ പാതയിലൂടെ ആ സിംഹ കുട്ടികൾ നടക്കുമെന്ന് ഞാൻ കരുതിയെങ്കിലും അവ മുൾപടർപ്പിലേക്ക് ഇഷ്ടാനുസരണം അലഞ്ഞു തിരിഞ്ഞു. ഓരോരുത്തർക്കും കുട്ടി സിംഹങ്ങളുമായി നടക്കാൻ അവസരം ലഭിക്കാൻ കുറച്ച് ശ്രമം വേണ്ടി വന്നു. നടത്തം കൂടുതൽ നേരം നീണ്ടുനിൽക്കാൻ ആഗ്രഹിച്ചുവെങ്കിലും അതിനുള്ള ഭാഗ്യം ലഭിച്ചില്ല. എങ്കിലും സന്തോഷമായി.

ലയൺ എൻകൗണ്ടർ സുരക്ഷിതമാണോ?

തീർച്ചയായും സുരക്ഷിതമാണ്. കാരണം ലയൺ ഹാൻഡ്‌ലറുകൾ മൃഗങ്ങളെ കൈകാര്യം ചെയ്യാൻ നന്നായി പരിശീലനം നേടിയവരാണ്. എൻകൗണ്ടറിന്റെ നിയമങ്ങൾ അവഗണിക്കുകയാണെങ്കിൽ മാത്രമേ നിങ്ങൾക്ക് ഉപദ്രവമുണ്ടാകൂ. നിയമങ്ങൾ പാലിച്ച് വളരെയധികം സൗഹൃദത്തിൽ വേണം ഇവിടേക്കെത്താൻ. ഏതായാലും നിങ്ങൾ മരിക്കും മുമ്പ് ചെയേണ്ട കാര്യങ്ങളുടെ പട്ടികയിൽ ഇത് ഉൾപ്പെടുത്തിയിരിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com