'10000 രൂപയുടെ കോഫി, ഒരു ലക്ഷം രൂപയുടെ ഷർട്ട്'; ഇത് ദൈവം ഏഴാം ദിവസം സൃഷ്ടിച്ച സുന്ദര തീരം

SHARE

ബാൾക്കൻ ഡയറി 

അദ്ധ്യായം 26 

പിറ്റേന്ന് രാവിലെ മോണ്ടിനീഗ്രോയിലെ പ്രധാന കടൽത്തീര നഗരമായ തിവാത്തിലേക്ക് ബസ് പിടിച്ചു. മോണ്ടിനീഗ്രോയിലെ ഏക അന്തർദേശീയ വിമാനത്താവളവും തിവാത്തിലാണുള്ളത്. രണ്ടുദിവസം കഴിഞ്ഞ് എനിക്ക് അവിടെ നിന്നാണ് തിരികെ മോസ്‌കോയിലേക്ക് വിമാനം കയറേണ്ടത്. രാവിലെ 11 മണിക്കാണ് മോസ്‌കോ ഫ്ലൈറ്റ്. അതുകൊണ്ട് അന്നുരാവിലെ സ്ഥലം കാണാനൊന്നും സമയമുണ്ടാവില്ല. തിവാത്ത് ഇന്ന് കണ്ടുതീർക്കുക തന്നെ.

തിവാത്തിലെ മുക്കുവരുടെ ബോട്ടുകൾ 

കോത്തോർ ബസ് സ്റ്റേഷനിൽ നിന്ന് തിവാത്തിലേക്കുള്ള ബസ്സിൽ കയറി. ഒരു ചെറിയ കുന്ന് കയറി ബസ് ഓടിക്കൊണ്ടിരുന്നു. നീലക്കടൽ അതിരുന്ന കോത്തോർ നഗരവും ഓൾഡ് ടൗണും കണ്ണിൽ നിന്നകന്നു.

തിവാത്തിലെ മുക്കുവരുടെ ബോട്ടുകൾ 

പൊടുന്നനെ ബസ് ഒരു തുരങ്കത്തിലേക്ക് കയറി. ഇതാണ് സോസിന ടണൽ. എം വൺ ഹൈവേയുടെ ഭാഗമാണിത്. പഷ്‌ട്രോവ്‌സ്‌ക ഗോറ മലനിരകളെ തുരന്ന് നിർമ്മിച്ച ടണലിന് 4.2 കി.മീ. നീളമുണ്ട്. മലനിരകളെ ബീറ്റ സമതലവുമായും സ്‌കഡാർ തടാകമേഖലയുമായും ബന്ധിപ്പിക്കുന്ന റോഡ് ടണലാണിത്. 2005ൽ 70 ദശലക്ഷം യൂറോ മുടക്കിയാണ് സോസിന ടണൽ നിർമ്മിച്ചത്.

തിവാത്തിലെ മുക്കുവരുടെ ബോട്ടുകൾ 

ടണൽ പിന്നിട്ടപ്പോൾ ഭൂപ്രകൃതിയാകെ മാറി. കടലും മറീനയുമൊക്കെ അപ്രത്യക്ഷമായി. ഇവിടെ കാണാനാവുന്നത് പുൽമേടുകളാണ്. പർവത താഴ്‌വര മുതൽ അനന്തമായി നീണ്ടുകിടക്കുന്ന പുൽമേടുകൾ. അതിനു നടുവിലൂടെ റോഡ് ഇറക്കം ഇറങ്ങുന്നു.

അൽപം കൂടി മുന്നോട്ടു പോയപ്പോൾ ഒരു നാൽക്കവലയെത്തി ഇവിടെ നിന്ന് വലത്തേക്ക് തിരിഞ്ഞാൽ ബുദ്‌വ എന്ന സ്ഥലത്തെത്തും. പിറ്റേന്ന് ബുദ്‌വ സന്ദർശിക്കാനാണ് എന്റെ പരിപാടി.

ജോദ്‌റാൻ പായക്കപ്പൽ 

ബസ് എയർപോർട്ടിനു മുന്നിലെത്തി. അത്ര വലിയ എയർപോർട്ടല്ല. ബോസ്‌നിയയിൽ നിന്ന് അതിർത്തി കടന്ന് ബസ്സിലാണല്ലോ ഞാൻ മോണ്ടിനീഗ്രോയിലെത്തിയത്. അതുകൊണ്ട് ഇവിടുത്തെ വിമാനത്താവളം ആദ്യമായാണ് കാണുന്നത്. റോഡിനു സമാന്തരമായാണ് റൺവേ. ബസ്സിൽ ഇരിക്കുമ്പോൾ റൺവേയിലൂടെ പറന്നുയരുന്ന ഒരു വിമാനം കണ്ടു. റോഡിനും റൺവേയ്ക്കുമിടയിൽ മതിലൊന്നുമില്ല.

ഒരു കമ്പിവേലി മാത്രം. അതുകൊണ്ട് വിമാനം ടേക്ക്ഓഫ് ചെയ്യുന്ന ആവേശകരമായ കാഴ്ച ഒരു 70 എം.എം സ്‌ക്രീനിലെന്ന പോലെ കാണാം. നമ്മുടെ നാട്ടിലെ വിമാനത്താവളങ്ങളിലെ സുരക്ഷ മൂലം റൺവേയ്ക്കു ചുറ്റും വലിയ മതിലുണ്ടാവും.മോണ്ടിനീഗ്രോക്കാർക്ക് അത്തരം സുരക്ഷാ സന്നാഹങ്ങളൊന്നും ആവശ്യമില്ല.

ജോദ്‌റാൻ പായക്കപ്പൽ 

എയർപോർട്ട് പിന്നിട്ട് അൽപം കൂടി കഴിഞ്ഞപ്പോൾ ബസ് സ്റ്റേഷനായി. ഇവിടെ അടുത്ത് കടലൊന്നും കാണാനില്ല. കടൽത്തീരത്തേക്ക് ബസ് പോകുമോ എന്ന് ഡ്രൈവർ കം കണ്ടക്ടറോട് ചോദിച്ചു. ഇല്ലെന്ന് മറുപടി. ഈ ബസ്സ് ഇവിടെ നിന്ന് തിരികെ മറ്റൊരു റൂട്ടിലേക്കാണ് പോകുന്നത്. ഇവിടെ നിന്ന് തിവാത്ത് ടൗണിലേക്ക് 2 കി.മീ. ദൂരമുണ്ട്. ടാക്‌സി പിടിക്കുകയേ നിർവാഹമുള്ളു. എന്നാൽ ഞാൻ നടക്കാനാണ് തീരുമാനിച്ചത്. ഇളം വെയിലുണ്ട്; തണുത്ത കാറ്റും. പൊടിപടലങ്ങളൊന്നുമില്ലാത്ത നിർമലമായ അന്തരീക്ഷം. റോഡരികിലൂടെ ഒന്നാന്തരം നടപ്പാത - കാഴ്ചകൾ കണ്ടു നടക്കാൻ ഇതിൽപ്പരം രസമെന്തുണ്ട്!

തിവാത്ത് മരീന

ഇവിടെയും ഞാൻ ശ്രദ്ധിച്ചത് ജനജീവിതത്തിന്റെ ശാന്തതയാണ്. ആർക്കും ഒരു തിരക്കുമില്ല. ശാന്തവും സമാധാനപരവുമായ ജീവിതമാണ് മോണ്ടിനീഗ്രോക്കാരുടേത് എന്ന് തിവാത്തും ഓർമിപ്പിക്കുന്നു. തിരക്കു കുറഞ്ഞ റോഡുകളിലൂടെ ചെറിയ വേഗത്തിൽ ഒഴുകി നീങ്ങുന്ന വാഹനങ്ങൾക്കു പോലുമുണ്ട് ആ ഒരു ശാന്തത.

തിവാത്ത് മരീന

വെറും 14,111 പേർ അധിവസിക്കുന്ന സിറ്റിയാണ് തിവാത്ത്. കോത്തോറിൽ നമ്മൾ കണ്ട ആഡ്രിയാറ്റിക് സമുദ്രം മലകളെ ചുറ്റി വീണ്ടും തിവാത്തിൽ പ്രത്യക്ഷപ്പെടുന്നു. ബേ ഓഫ് കോത്തോർ എന്നറിയപ്പെടുന്നു ഈ പ്രദേശം അതീവസുന്ദരമാണ്. 'ദൈവം ആറു ദിവസം കൊണ്ട് ലോകത്തെയും ഏഴാം ദിവസം ബേ ഓഫ് കോത്തോറിനെയും സൃഷ്ടിച്ചു' എന്നാണ് ഒരു അമേരിക്കൻ സാഹിത്യകാരൻ എഴുതിയത്.

തിവാത്ത് മരീന

ഞാൻ നടന്നു നടന്ന് കടലിനോടു ചേർന്നുള്ള ഒരു ഫുട്പാത്തിലെത്തി. ഇവിടെ നിറയെ വീടുകളാണ്. കടലിൽ യന്ത്രവൽകൃത ബോട്ടുകൾ കെട്ടിയിട്ടിരിക്കുന്നു. ബോട്ടുകൾ പെയിന്റു ചെയ്യുന്നവരും അറ്റകുറ്റപ്പണികൾ ചെയ്യുന്നവരും ധാരാളമുണ്ട്. വൈകുന്നേരങ്ങളിൽ മീൻ പിടുത്തത്തിന് പോകുന്ന ബോട്ടുകളായിരിക്കാം എന്തായാലും മീൻ ഗന്ധമോ വൃത്തികേടുകളോ ഒന്നും ഒരിടത്തും കാണാനില്ല. നമ്മുടെ നാട്ടിൽ മുക്കുവർ താമസിക്കുന്ന മേഖലകളിൽ, അല്ലെങ്കിൽ മത്സ്യബന്ധന തുറമുഖങ്ങളിൽ, അസഹനീയമായ മീനിന്റെ ഗന്ധമുണ്ടാകുമല്ലോ.

തിവാത്ത് മരീന

ഈ ഫുട്പാത്ത് മുതൽ മൂന്നുനാല് കിലോമീറ്റർ ദൂരെ വരെ കടലിനോടു ചേർന്ന് നടപ്പാതയാണ്. ആ നടപ്പാതയ്ക്കു പിന്നിൽ ദുബായ്‌യേയോ സിങ്കപ്പൂരിനെയോ ഓർമിപ്പിക്കുന്ന രീതിയിൽ ഷോപ്പിങ് മാളുകളും നക്ഷത്ര ഹോട്ടലുകളുമാണ്. കടലിൽ പഞ്ചനക്ഷത്ര നൗകകൾ നങ്കൂരമിട്ടിരിക്കുന്നു. തിവാത്ത് ഇവിധം മനോഹരമാക്കിയതിന് നന്ദി പറയേണ്ടത് പീറ്റർ മങ്ക് എന്ന ബിസിനസ്സുകാരനോടാണ്. കാനഡക്കാരനായ പീറ്റർ മങ്കിന്റെ ഉടമസ്ഥതയിലുള്ള ട്രൈസെക്ക് പ്രോപ്പർട്ടീസ് എന്ന കമ്പനിയാണ് തിവാത്ത് പോർട്ടിന്റെ നവീകരണം ഏറ്റെടുത്തത്.

തിവാത്ത് മരീന

ഒരു സാധാരണ മുക്കുവ ഗ്രാമത്തിൽ നിന്ന് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ആഡംബര നൗകകൾ നങ്കുരമിടുന്ന 'സൂപ്പർ യോട്ട് ഡെസ്റ്റിനേഷനാക്കി' തിവാത്തിനെ മാറ്റുകയായിരുന്നു, പീറ്റർ മങ്കിന്റെ ദൗത്യം. അതിനായി മോണ്ടിനീഗ്രോ സർക്കാരുമായി ചേർന്ന് 'മോണ്ട് പോർട്ട് ക്യാപിറ്റൽ' എന്ന കമ്പനി രൂപീകരിച്ചു. എന്നിട്ട് 'പോർട്ടോ മോണ്ടിനീഗ്രോ മരീന ആന്റ് റിസോർട്ട്‌സ്' എന്ന പേരിൽ പഞ്ചനക്ഷത്ര ഹോട്ടലുകളും ഷോപ്പിങ് മാളുകളും നിർമ്മിച്ചു.

തിവാത്ത് മരീന

ലോകത്തിലെ ശതകോടീശ്വരന്മാർ സ്വന്തം ഫൈവ് സ്റ്റാർ യോട്ടുകളിൽ തിവാത്തിൽ നങ്കൂരമിടുന്നു; അവിടെ നിന്ന് നേരെ സപ്തനക്ഷത്ര ഹോട്ടലുകളുടെ ആഡംബരത്തിലേക്ക് പ്രവേശിക്കുന്നു. തൊട്ടടുത്തുള്ള, ലോകത്തിലെ എണ്ണം പറഞ്ഞ ബ്രാൻഡുകൾ മാത്രം വിൽക്കുന്ന ഷോപ്പിങ് മാളുകളിൽ പോയി സാധനങ്ങൾ വാങ്ങുന്നു. അങ്ങനെ കോടികൾ മുടക്കാൻ കഴിവുള്ളവരെ മാത്രം ഉദ്ദേശിച്ചുള്ള 'ഹൈ എൻഡ് ടൂറിസ'മാണ് തിവാത്തിലേത്. ഇതിനിടെ, 2018ൽ പീറ്റർഹങ്ക് അന്തരിച്ചു. മോണ്ട് പോർട്ട് ക്യാപ്പിറ്റലിലെ തന്റെ ഓഹരികൾ 200 മില്യൺ യൂറോയ്ക്ക് ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷൻ ഓഫ് ദുബായ്ക്ക് വിറ്റ ശേഷമായിരുന്നു അന്ത്യം.

തിവാത്ത് മരീന

ആഡംബര യോട്ടുകൾ കിടക്കുന്ന മറീനയിലേക്ക് നടക്കുമ്പോൾ ഒരു പഴയ പായ്ക്കപ്പൽ കണ്ടു. മോണ്ടിനീഗ്രോ നാവികസേനയുടെ ഏറ്റവും പഴയ കപ്പലാണിത്. പേര് ജോദ്‌റാൻ. 1931 ൽ ജർമനിയിലാണ് നിർമ്മിക്കപ്പെട്ടത്. അന്ന് യൂഗോസ്ലാവ്യയുടെ ഭാഗമായിരുന്നു മോണ്ടിനീഗ്രോ. 1938ൽ അമേരിക്കയിലേക്ക് നടത്തിയ യാത്രയാണ് ജോദ്‌റാന്റെ ജീവിതത്തിലെ ഏറ്റവും നീണ്ട യാത്ര. രണ്ടാം ലോകമഹായുദ്ധകാലത്ത് ഇറ്റലിയിലായിരുന്നു, ജോദ്‌റാൻ. 1994ൽ അറ്റകുറ്റപ്പണികൾ നടത്തിയ ശേഷം നേവി കാഡറ്റുകൾക്ക് പരിശീലനത്തിനായി സൂക്ഷിച്ചിരിക്കുകയാണിപ്പോൾ. അതുകൊണ്ടു തന്നെ ജോദ്‌റാന്റെ ഉള്ളിലേക്ക് സന്ദർശകരെ പ്രവേശിപ്പിക്കില്ല.

ജോദ്‌റാന്റെ പിന്നിൽ കാണുന്ന കെട്ടിടങ്ങൾ മുതൽ തിവാത്ത് മരീനയിലെ പഞ്ചനക്ഷത്ര കാഴ്ചകൾ ആരംഭിക്കുകയാണ്.

തിവാത്ത് -ചില കാഴ്ചകൾ

ഒരു കാപ്പിക്ക് 10000 രൂപ വില വാങ്ങുന്ന കോഫി ഷോപ്പുമുതൽ ഒരു ഷർട്ടിന് ഒരു ലക്ഷം രൂപ വിലയിട്ടിരിക്കുന്ന ബോട്ടിക്കുകൾ വരെ ഇവിടെയുണ്ട്. എവിടെയും അതിസമ്പന്നതയുടെ ചിഹ്നങ്ങൾ മാത്രം. സമ്പന്ന ഗൾഫ് രാജ്യങ്ങളുടെ മാതൃകയിൽ കടൽ കെട്ടിടങ്ങൾക്കിടയിലേക്ക് കയറിക്കിടക്കുന്നു. കണ്ണഞ്ചിപ്പിക്കുന്ന അകത്തളങ്ങളോടുകൂടിയ ഹോട്ടലുകളും ഇന്റീരിയർ ഡിസൈനിന്റെ അതിസുന്ദര മാതൃകകളായി പറയാവുന്ന കോഫിഷോപ്പുകളുമൊക്കെയാണ് ഇവിടെയുള്ളത്.

പുസ്തകവായനയിൽ മുഴുകിയിരിക്കുന്ന യുവാവ് 

മരീനയിൽ നൂറു കണക്കിന് ആഡംബര നൗകകൾ കെട്ടിയിട്ടുണ്ട്. ഓരോന്നിനും മിനിമം 5 കോടി രൂപയെങ്കിലും വില വരുമെന്നു തോന്നുന്നു. നൗകകളിൽ നിന്ന് നേരെ ബോട്ടുകളിലേക്ക് കയറാവുന്ന രീതിയിലാണ് മരീനയുടെ നിർമ്മിതി. എല്ലായിടത്തും അതിസുന്ദരങ്ങളായ വഴി വിളക്കുകളും കസേരകളും ബെഞ്ചുകളും സ്ഥാപിച്ച് വിശ്രമകേന്ദ്രങ്ങളൊരുക്കിയിട്ടുണ്ട്. കൂടാതെ പനകൾ ഇടവിട്ട് നട്ടുപിടിപ്പിച്ച് ഒരു അറേബ്യൻ സൗന്ദര്യലോകവും സൃഷ്ടിച്ചിട്ടുണ്ട്, കടൽക്കരയിൽ.

തിവാത്തിലെ ദീപസ്തംഭം

അൽപം പിന്നിലേക്ക് നടന്നാൽ ഇവിടെ നേവിയുടെ മ്യൂസിയമുണ്ട്. ഒരു വലിയ അന്തർവാഹിനിയാണ് ഇവിടുത്തെ കാഴ്ച. ഇത് മ്യൂസിയത്തിന്റെ പുറത്താണ് സ്ഥാപിച്ചിരിക്കുന്നത്. പി.യു 21 എന്ന് പേരുള്ള ഈ അന്തർവാഹിനി 1968 മുതൽ 1991 വരെ യുഗോസ്ലാവ്യൻ നേവിയുടെ ഏറ്റവും പ്രധാനപ്പെട്ട പോരാളിയായിരുന്നു. 50 മീറ്റർ നീളമുള്ള ഈ സബ് മറൈൻ ഭീകരന് 726 ദിവസം വരെ വെള്ളത്തിനടിയിൽ കിടക്കാനുള്ള ശേഷിയുണ്ടത്രേ.

തിവാത്ത് -ചില കാഴ്ചകൾ 

ഞാൻ വീണ്ടും ലക്ഷ്യമില്ലാതെ നടന്നു. തന്നെയുമല്ല, ഒരു കോഫി കുടിക്കണം എന്നുണ്ട്. പീറ്റർമങ്കിന്റെ പഞ്ചനക്ഷത്ര മരീന കോംപ്ലക്‌സിൽ നിന്ന് കുടിച്ചാൽ പോക്കറ്റ് കീറും. നടക്കുന്ന വഴിയിൽ ഏതെങ്കിലും മോണ്ടിനീഗ്രൻ നായരുടെ ചായക്കട കാണാതിരിക്കില്ലല്ലോ!കാസിനോകളും വീടുകളുമൊക്കെയാണ് കടലിനോടു ചേർന്നുള്ളത്. ചെറിയ പാർക്കുകൾ, റെസ്റ്റോറന്റുകൾ എന്നിവയും കാണാം. അതിലൊരു റെസ്റ്റോറന്റിൽ നിന്ന് കപ്പൂച്ചിനോ കുടിച്ചു. നൂറുരൂപ. തരക്കേടില്ല.

തിവാത്തിലെ ദീപസ്തംഭം 

കുറെ നേരം അവിടെ ഇരുന്ന് കാലിന്റെ വേദന മാറ്റിയ ശേഷം വീണ്ടും നടന്നു. ആ നടപ്പ് എത്തി നിന്നത് തിവാത്തിന്റെ ഒടുക്കമെന്നു വിളിക്കാവുന്ന ഒരു മുമ്പിലാണ്. കടൽ നികത്തി നിർമ്മിച്ച, ഉരുളൻ കല്ലുകൾ വിരിച്ച് ഭംഗിയാക്കിയ മുനമ്പ്. ഇവിടെ അങ്ങേയറ്റത്ത്, കടലിനോട് ചേർന്ന് ഒരു ഉയരം കുറഞ്ഞ ദീപസ്തംഭമുണ്ട്. വേറെ ഒരു നിർമ്മിതിയുമില്ല മുനമ്പിൽ.

തിവാത്ത് ദൃശ്യങ്ങൾ 

മുനമ്പിന്റെ ഒരു ഭാഗത്ത്, തന്റെ സൈക്കിൾ സ്റ്റാൻഡിൽ വെച്ച്, ഒരു തടിപ്പലകയിൽ ഇരുന്ന് പുസ്തകം വായിക്കുന്ന ഒരു ഫ്രീക്കൻ ചെറുപ്പക്കാരനെ കണ്ടു. മൊബൈൽ ഫോണിൽ ചുണ്ണാമ്പ് തേക്കുംപോലെ വിരലോടിച്ച് ജീവിതം ജീവിച്ചു തീർക്കുന്ന ഇന്ത്യയിലെ ടീനേജുകാർ കാണേണ്ട കാഴ്ച! ഞാൻ അര മണിക്കൂറോളം മുനമ്പിൽ ഫോട്ടോകളെടുത്ത് ചെലവഴിച്ചിട്ടും അവൻ ഒന്ന് മുഖമുയർത്തിപ്പോലും നോക്കിയില്ല. ഗാഢമായ വായന!

തിരികെ നടന്നു. ചെറിയ പള്ളികളും യൂറോപ്യൻ ശൈലിയിലുള്ള പഴയ വീടുകളും പിന്നിട്ട് തിവാത്ത് നഗരത്തിലെത്തി. ബസ്‌സ്റ്റേഷനിൽ നിന്ന് മരീനയിലേക്ക് നടക്കുമ്പോൾ നഗര ഭാഗങ്ങളൊന്നും കണ്ടിരുന്നില്ല. വളരെ ചെറിയ ടൗണാണ് തിവാത്ത്. ഏറെ കാഴ്ചകളൊന്നുമില്ല.

നഗരപരിസരത്തെ ഒരു ബസ്‌സ്റ്റോപ്പിൽ ഞാൻ കോത്തോറിലേക്കുള്ള ബസ്സിനായി കാത്തു നിന്നു.
(തുടരും)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA