ADVERTISEMENT

 

thimphu


ഏഷ്യയിലെ ഏറ്റവും സന്തോഷകരമായ പ്രദേശം എന്നാണ് ഭൂട്ടാനെ വിളിക്കുന്നത്. അതിസുന്ദരമായ ഭൂപ്രദേശങ്ങളും കണ്ണിനു കുളിരേകുന്ന ഹിമാലയക്കാഴ്ചകളും സംസ്കാര സമ്പന്നതയുമെല്ലാം ഒത്തു ചേര്‍ന്ന ഭൂട്ടാന്‍, അവിടെയെത്തുന്നവര്‍ക്കെല്ലാം ഹൃദയം നിറയെ ആനന്ദം പകര്‍ന്നു നല്‍കുന്നു. ഭൂട്ടാനില്‍ യാത്ര ചെയ്യുമ്പോള്‍ ഒരിക്കലും മിസ്സാക്കാന്‍ പാടില്ലാത്ത ചില സ്ഥലങ്ങളുണ്ട്.

1. പാറോ


ഭൂട്ടാനിലെ ഏറ്റവും വിശാലമായ താഴ്‌വരകളിലൊന്നാണ് പാറോ. ഫലഭൂയിഷ്ഠമായ നെൽവയലുകളും കളകളമൊഴുകി വരുന്ന നദിയും സംസ്കാരത്തിന്‍റെ സമൃദ്ധിയുമെല്ലാം ചേര്‍ന്ന് പാറോയെ ഒരു പെര്‍ഫെക്റ്റ് ട്രാവല്‍ ഡസ്റ്റിനേഷനാക്കി മാറ്റുന്നു. 155 ല്‍പ്പരം ക്ഷേത്രങ്ങളും പതിനാലാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച മൊണാസ്ട്രികളുമെല്ലാം ഇവിടെ കാണാം. ടൂറിസം മേഖല അനുദിനം അഭിവൃദ്ധി പ്രാപിക്കുന്ന പ്രദേശമാണിത്. രാജ്യത്തെ ആദ്യ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഉള്ളതും ഇവിടെയാണ്‌.

2. തിംഫു

ഭൂട്ടാന്‍റെ തലസ്ഥാന നഗരമായ തിംഫു ഇവിടത്തെ ഏറ്റവും വലിയ നഗരം കൂടിയാണ്. ലോകത്തിലെ മൂന്നാമത്തെ ഉയരം കൂടിയ തലസ്ഥാന നഗരം എന്ന ഖ്യാതിയും ഇതിനുണ്ട്. റസ്റ്റോറന്റുകളും നൈറ്റ്ക്ലബുകളും ഷോപ്പിംഗ് സെന്ററുകളുമെല്ലാം ഉള്‍പ്പെടെ സഞ്ചാരികള്‍ക്ക് വേണ്ടതെല്ലാം ഇവിടെയുണ്ട്. പഴമയും പുതുമയും സമ്മേളിക്കുന്ന ഇവിടത്തെ സംസ്കാരം നേരിട്ട് അനുഭവിച്ചറിയാം. ഇവിടത്തെ Changangkha Lhakhang, National Folk Heritage Museum, Simtokha Dzong എന്നിവ ഒരിക്കലും വിട്ടു പോകരുത്.

 

3. ഹാ വാലി

പാറോയുടെ തെക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഹാ വാലി ഭൂട്ടാനിലെ ഏറ്റവും ചെറിയ ജില്ലയാണ്. മനോഹരമായ ആൽപൈൻ വനങ്ങളാൽ അനുഗ്രഹീതമായ പർവതശിഖരങ്ങൾ നയനാനന്ദകരമായ കാഴ്ചയാണ്. ഭൂട്ടാനിലെ അതിസുന്ദരവുംവിദൂരവുമായ പ്രദേശങ്ങളിലൊന്നാണ് ഹാ വാലി. വർഷം മുഴുവൻ രാജ്യത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന പ്രദേശമാണിത്. പർ‌വ്വതജന്യമായ ശുദ്ധവായുവും അഴകു തുടിക്കുന്ന കാഴ്ചകളും കാൽനടയാത്രയ്ക്കും മൗണ്ടെയ്‌ൻ ബൈക്കിംഗിനും അനുയോജ്യമായ സ്ഥലമാക്കി മാറ്റുന്നു. ഡസൻ കണക്കിന് പ്രാദേശിക ക്ഷേത്രങ്ങളിലൂടെ സഞ്ചരിച്ച് അവരുടെ പാരമ്പര്യങ്ങളും ആഴത്തില്‍ വേരോടിയ സംസ്കാരവും അറിയാം.

4. ഫോബ്ജിഖ വാലി

ഇംഗ്ലീഷ് അക്ഷരം 'U' പോലെ കിടക്കുന്ന താഴ്വരയാണ് ഫോബ്ജിഖ. ഗ്യാങ്ങ്‌ടെങ് വാലി എന്നും ഇതിനു പേരുണ്ട്.  

ഒക്ടോബർ മാസം മുതല്‍  ഫെബ്രുവരി വരെയുള്ള തണുപ്പു സമയത്ത് ഇവിടെ ദേശാടനപ്പക്ഷികളായ കറുത്ത കഴുത്തുള്ള കൊറ്റികള്‍ പറന്നെത്തുന്നു. വംശനാശ ഭീഷണി നേരിടുന്ന ജീവിവര്‍ഗമാണിത്.  ഗ്രാമവാസികൾ ഈ പക്ഷികളെ അങ്ങേയറ്റം ശ്രദ്ധയോടെ പരിപാലിക്കുന്നു. സ്വർഗത്തിലെ പക്ഷികൾ എന്നറിയപ്പെടുന്ന ഇവ ആദ്യമായി വന്നെത്തുന്ന സമയത്തും തിരിച്ചു പോകുന്ന സമയത്തും ഗാംഗ്ടെങ് മൊണാസ്ട്രിക്ക് ചുറ്റും ഘടികാരദിശയിൽ മൂന്ന് പ്രാവശ്യം ചുറ്റിക്കറങ്ങുമത്രേ. ബുദ്ധമതത്തിലെ ഈ സമ്പ്രദായം നെഗറ്റീവ് എനർജിയിൽ നിന്ന് മുക്തി നേടുന്നതിന് പേരുകേട്ടതാണ്. കറുത്ത കഴുത്തുള്ള കൊറ്റികള്‍ കൂടാതെ ആഗോള വംശനാശ ഭീഷണി നേരിടുന്ന മറ്റ് 13 ജീവി ഇനങ്ങളും ഇവിടെയുണ്ട്.

5. ഫുനാക

1637-1907 വരെയുള്ള കാലത്ത് ഭൂട്ടാന്‍റെ തലസ്ഥാനമായിരുന്നു ഫുനാക. 1,200 മീറ്റര്‍ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഭൂട്ടാനിലെ ഫു ചു, മോ ചു എന്നീ രണ്ടു പ്രധാന നദികള്‍ ഫുനാകയിലൂടെ ഒഴുകുന്നു. ലോകപ്രശസ്തമായ Punakha Dzong ഉള്ളത് ഇവിടെയാണ്‌. ഭൂട്ടാന്‍ രാജാവായ ജിഗ്മേ ഖേസര്‍ നംഗ്യാലിന്‍റെ വിവാഹം നടന്നത് ഇവിടെ വച്ചായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com