ADVERTISEMENT

മരങ്ങളും പുൽമൈതാനങ്ങളും മലകളും പുഴകളുമെല്ലാം ഇടകലർന്നു മനോഹരമാണ് ആഫ്രിക്ക. പച്ചപ്പിന്റെ മഹാസാഗരം എന്നുതന്നെ വിശേഷിപ്പിക്കാം. ആഫ്രിക്കൻ കാടുകൾക്ക്‌ ആരെയും വശീകരിക്കുന്ന സൗന്ദര്യമാണ്. വനസമ്പത്താൽ സമൃദ്ധമാണ് ആഫ്രിക്കയിലെ  കെനിയ. സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളിലൊന്നാണ് ഇവിടം. പരിമിതമായ ജീവിത സാഹചര്യങ്ങള്‍ ആഘോഷപൂര്‍വ്വം നെഞ്ചിലേറ്റി ജീവിക്കുന്ന ഒരു സമൂഹമാണ് കെനിയയിലുള്ളത്. കെനിയയുടെ തലസ്ഥാനമാണ് നയ്റോബി. രാജ്യത്തെ ഏറ്റവും വലിയ നഗരവും ഇത് തന്നെയാണ്. ആഫ്രിക്കയുടെ സഫാരി ക്യാപിറ്റൽ എന്നാണ് ഇവിടം അറിയപ്പെടുന്നത്. ആഫ്രിക്കയിലെ വന്യജീവികളുടെ ലോകവും തനതു ഗോത്രജീവിതവും ചരിത്രവും സംസ്കാരവും പരിചയപ്പെടാനും അറിയാനും നയ്റോബി എത്തിയാൽ മതി.

 

നഗരത്തിനോട് ചേർന്നുതന്നെയാണ് നയ്റോബി നാഷനൽ പാർക്ക് സ്ഥിതി ചെയ്യുന്നത്. ആഫ്രിക്കയിലെ ചെറിയ ദേശീയോദ്യാനങ്ങളിലൊന്നാണെങ്കിലും കറുത്ത കാണ്ടാമൃഗങ്ങൾ ഏറ്റവും അധികമുള്ള പ്രദേശമാണ് ഇത്. ഇവയെക്കൂടാതെ സിംഹം, കഴുതപ്പുലി എന്നിവയെയും കാണാം. സീബ്ര, ജിറാഫ്, ഒട്ടകപക്ഷി, കാട്ടുപോത്ത് തുടങ്ങിയ സ്ഥിരം അന്തേവാസികളെയും കാണാം.

 

∙ നാഷനൽ പാർക്കിനു സമീപമുള്ള ഷെൽഡ്രിക് പരിരക്ഷാകേന്ദ്രത്തിൽ കയ്യേറ്റക്കാരുടെ കൈകളിൽ നിന്ന് രക്ഷിച്ചെടുത്ത് സംരക്ഷിക്കുന്ന ആനക്കുട്ടികളെയും കാണ്ടാമൃഗങ്ങളെയും കാണാം. ദിവസവും ഒരു മണിക്കൂർ മാത്രമെ ഇവിടെ പ്രവേശനമുള്ളു. ഒട്ടകപക്ഷികളെയും മുതലകളെയും സംരക്ഷിക്കുന്ന നയ്റോബി മംബ ഗ്രാമവും പ്രധാനപ്പെട്ട ഒരു ആകർഷണ കേന്ദ്രമാണ്.

 

∙ നയ്റോബിയിൽ നിന്ന് മസായി മാരയിൽ സഫാരി പോകാം. റോഡ് മാർഗവും വിമാന മാർഗവും നയ്റോബിയിൽ നിന്ന് മസായി മാരയിൽ എത്താം. റോഡ്മാർഗം അഞ്ചര– ആറ് മണിക്കൂർ എടുക്കും. വിമാനമാർഗം ഒരു മണിക്കൂറിൽ താഴെ മതിയാകും.

 

∙ നയ്റോബി നഗരത്തിലെ ഒരു പ്രധാന ടൂറിസം ആകർഷണമാണ് കെനയാത്ത ഇന്റർ നാഷനൽ കോൺഫറൻസ് സെന്റർ ഇരുപത്തി എട്ട് നിലയുള്ള കെട്ടിടത്തിന്റെ മുകളിൽ നിന്നാൽ നഗരത്തിന്റെ അതിമനോഹരമായ ‌കാഴ്ച ലഭിക്കും.

 

∙ നയ്റോബിക്ക് സമീപം ലങ്ഗാതയിലുള്ള ബോമാസ് ഓഫ് കെനിയ ഒഴിവാക്കാനാകാത്ത ഒരു സാംസ്കാരിക വിനോദ സഞ്ചാര കേന്ദ്രമാണ്. കെനിയയിലെ പല ഗോത്ര വിഭാഗങ്ങളുടെ പരമ്പരാഗത ഗ്രാമങ്ങൾ പുനരാവിഷ്കരിച്ചിരിക്കുന്നു ഇവിടെ.

 

∙ സെൻട്രൽ ബിസിനസ് ജില്ലയിലെ നകുരു തടാകം നയ്റോബിയിൽ നിന്ന് പോയി സന്ദർശിക്കാവുന്ന മറ്റൊരു കേന്ദ്രമാണ്. സമുദ്ര നിരപ്പിൽ നിന്ന് 5755 അടി ഉയരത്തിലുള്ള തടാകത്തിന്റെ തീരം ഫ്ലമിങ്ഗോകളുടെയും മറ്റ് പക്ഷികളുടെയും കേന്ദ്രമാണ്. ബബൂൺ കാണ്ടാമൃഗം, ആഫ്രിക്കൻ കാട്ടുപന്നികൾ തുടങ്ങിയവയും കാണപ്പെടുന്നു.

 

ആഫ്രിക്ക മുറിഞ്ഞ് രണ്ടു ഭൂഖണ്ഡങ്ങളായി മാറുമോ?

 

ആഫ്രിക്ക കാണാന്‍ വേണ്ടി അങ്ങോട്ട്‌ കയറിച്ചെല്ലുമ്പോള്‍ മിക്കവാറും രണ്ടു ടിക്കറ്റ് ബുക്ക് ചെയ്യേണ്ട അവസ്ഥ വന്നാലോ? ആഫ്രിക്കൻ ഭൂഖണ്ഡം വിണ്ടു കീറി രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെടാന്‍ തുടങ്ങുന്നു എന്ന് കാണിക്കുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ വിരല്‍ ചൂണ്ടുന്നത് ആ സാധ്യതയിലേക്കാണ്!

 

കെനിയയില്‍ പ്രത്യക്ഷപ്പെട്ട ഒരു വിള്ളലാണ്  ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. പുതിയ സമുദ്ര തടത്തിന് വഴിയൊരുക്കുന്ന വിള്ളലാണ് ഇതെന്നാണ് ഭൂമിശാസ്ത്ര വിദഗ്ദ്ധര്‍ പറയുന്നത്. ഈ വിള്ളല്‍ വന്നതോടെ ആഫ്രിക്ക രണ്ടായി പിളരുകയാണ് എന്ന രീതിയിലുള്ള ചര്‍ച്ചകള്‍ ശക്തമായി. മഴയും മറ്റും മൂലം ഈ വിള്ളല്‍ വളര്‍ന്നു കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. 

 

ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ സ്ഥിരമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന വിഘടനവും ഉയര്‍ന്ന താപനിലയുള്ള ക്രസ്റ്റുമാണ് ഈ വിള്ളലിന്‍റെ പ്രാഥമിക കാരണമെന്ന് വിലയിരുത്തപ്പെടുന്നു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്‍റെ കിഴക്കേ ഭാഗത്താണ് ഈ വിള്ളല്‍ ഇപ്പോള്‍ ഉള്ളത്.

 

എന്നിരുന്നാലും ഈ വിള്ളല്‍ വളര്‍ന്നു വളര്‍ന്ന് അവിടം കടല്‍ കൊണ്ട് മൂടപ്പെടാന്‍ ഇനിയും മില്ല്യന്‍ കണക്കിന് വര്‍ഷങ്ങള്‍ എടുക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. 

 

ഭൂഖണ്ഡത്തില്‍ നിന്നും വേര്‍പെട്ടു കൊണ്ടിരിക്കുന്ന മേഖലയായ 'ഹോണ്‍ ഓഫ് ആഫ്രിക്ക'യില്‍ പെടുന്ന രാജ്യങ്ങൾക്ക് ഗേജ് ലൈനുകൾ തിരിച്ചറിയുന്നതിനായി ഭൂമിശാസ്ത്രപരമായ പഠനങ്ങൾ വേഗത്തിലാക്കാനും തുടർന്ന് ഒരു ദുരന്ത സാധ്യത ഒഴിവാക്കാനും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നാണ് വാർത്ത.

 

കൂടാതെ, തീരദേശ നഗരമായ മൊംബാസയിൽ നിന്ന് ആരംഭിച്ച് ഹോൺ ഓഫ് ആഫ്രിക്ക മേഖലയെ ഉൾക്കൊള്ളുന്ന കെനിയയുടെ ഗേജ് റെയിൽവേ പദ്ധതിയുടെ സുരക്ഷയെക്കുറിച്ചും ഇതോടെ സംശയങ്ങൾ ഉയരുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com