വാഹനത്തിന് മുന്നിൽ കാട്ടാന; പിന്നീട് സംഭവിച്ചതിനെക്കുറിച്ച് നടി അശ്വതി

ashwathi-actress
SHARE

മിനിസ്ക്രീനിൽ അൽഫോൻസാമ്മയായി അഭിനയിച്ച് ശ്രദ്ധേയയായ അശ്വതിയെ അറിയാത്ത മലയാളികൾ കുറവായിരിക്കും. ഏറെക്കാലമായി അഭിനയജീവിതത്തിൽനിന്നു വിട്ടു നിൽക്കുന്ന അശ്വതി കുടുംബവും കുട്ടികളുമൊക്കെയായി ദുബായിലാണ്. വീട്ടുകാര്യവും കുട്ടികളുടെ കാര്യവുമൊക്കെയായി തിരക്കിലാണെങ്കിലും വീണു കിട്ടുന്ന അവസരങ്ങളിൽ കുടുംബവുമൊത്ത്  യാത്രപോകാനാണ് താരത്തിനേറെ ഇഷ്ടം. വിവാഹ ശേഷം അഭിനയിച്ച എച്ച് ടു ഒ എന്ന ഹ്രസ്വചിത്രം ഹിറ്റാവുകയും അശ്വതിക്ക് നിരവധി ബഹുമതികൾ ലഭിക്കുകയും ചെയ്തു. കുങ്കുമപ്പൂവ് എന്ന പരമ്പരയിലും മികച്ച അഭിനയം കാഴ്ചവയ്ക്കാൻ അശ്വതിക്കു കഴിഞ്ഞു. അഭിനയത്തെ സ്നേഹിക്കുന്ന അശ്വതിക്ക് യാത്രകളും പ്രിയമാണ്. ഇഷ്ടപ്പെട്ട യാത്രകളെക്കുറിച്ച് അശ്വതി മനോരമ ഒാൺലൈനിൽ സംസാരിക്കുന്നു.

ashwathi-travel3

യാത്രകള്‍ ഇഷ്ടപ്പെടുന്നയാളാണ് അശ്വതി. കാറിൽ ദീർഘദൂരം ഡ്രൈവ് ചെയ്ത് കാഴ്ചകൾ ആസ്വദിക്കുവാനാണ് ഏറ്റവും ഇഷ്ടം. യാത്രകള്‍ ഇഷ്ടമായതുകൊണ്ടു തന്നെ എപ്പോഴും യാത്ര പ്ലാൻ ചെയ്യും പക്ഷേ നടക്കാറില്ല. മിക്കപ്പോഴും ഷൂട്ടിനായാണ് നാട്ടിലേക്ക് എത്തുന്നത്. അതുകൊണ്ടു തന്നെ പ്ലാൻ ചെയ്യാനുള്ള സമയം കാണില്ല. സമയപരിമിതി ഉണ്ടെങ്കിലും നാട്ടിലെത്തിയാൽ ഷോർട്ട് ട്രിപ്പുകളൊക്കെ നടത്താറുണ്ട്. കൂടുതലും ദേവാലയങ്ങളിലേക്കാണ് പോകുന്നത്.

aswathi-travel1

യാത്രയിലൂടെ

പാലാക്കാടാണ് സ്വദേശമെങ്കിലും കേരളത്തിലൂടെ കൂടുതൽ സഞ്ചരിക്കാനായിട്ടില്ല. എന്നാലും തണുപ്പിന്റെ മേലങ്കിയണിഞ്ഞ മൂന്നാറിന്റെ സൗന്ദര്യത്തിലേക്ക് പലതവണ യാത്ര പോയിട്ടുണ്ട്. അവിടുത്തെ കാലാവസ്ഥയും കാഴ്ചകളുമൊക്കെ ഒരുപാട് ഇഷ്ടമാണെന്നും അശ്വതി പറയുന്നു. കോടമഞ്ഞ് പുതച്ച തേയിലത്തോട്ടങ്ങളും പാറക്കെട്ടുകളിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളച്ചാട്ടങ്ങളുമൊക്കെ മിഴിവേകുന്ന കാഴ്ചകളാണ്. 

ashwathi-trave7

ചെന്നൈ നഗരത്തെയും ഇഷ്ടമാണ്. ക്ഷേത്രങ്ങളാൽ സമ്പന്നമാണു ചെന്നൈ. നഗരത്തിന്റെ ക്ഷേത്ര പാരമ്പര്യത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കാലം നഗരത്തെ മാറ്റിമറിച്ചെങ്കിലും ഈ ക്ഷേത്രങ്ങൾ പാരമ്പര്യം ചോരാതെ തലയുയർത്തി നിൽക്കുന്നു. ഷോപ്പിങ്ങാനായാലും കാഴ്ചകൾക്കായാലും ചെന്നൈ ഇഷ്ടമാണ്.

സാഹസിക യാത്രകളോട് പ്രിയം

aswathi-travel

അഡ്വഞ്ചർ ട്രിപ്പുകളും ഇഷ്ടമാണ്. കുടുംബവുമായി യാത്ര ചെയ്യുമ്പോൾ അങ്ങനെയൊരു അവസരം വന്നു ചേർന്നിട്ടില്ല. എന്നെപ്പോലെ തന്നെ സാഹസിക വിനോദങ്ങൾ ഇഷ്ടപ്പെടുന്ന സുഹൃത്ത് ഒപ്പമുണ്ടെങ്കിൽ ആ യാത്ര ജോറാകും. 

ashwathi-trave6

ദുബായ് യാത്ര

ഒമ്പതു വർഷത്തോളമായി ദുബായിൽ താമസമാക്കിയിട്ട്. ഇതുവരെ ദുബായ് മുഴുവനായും കണ്ടുതീർന്നിട്ടില്ല. തിരക്കാണെങ്കിലും അവസരം കിട്ടുമ്പോഴൊക്കെ യാത്ര പോകാറുണ്ട്. ദുബായിലെ മാളിലെങ്കിലും പോകാറുണ്ട്. സമയം ഉണ്ടെങ്കിൽ വെറുതെ വീട്ടിലിരിക്കുന്നതിലും നല്ലത് പുറത്ത് കറങ്ങാൻ പോകുന്നതാണ്. ദുബായ് ഹത്ത, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിലൊക്കെ ഫാമിലിയായി പോയിട്ടുണ്ട്.  വിസ്മയങ്ങളുടെ ഭൂതകാലവും നല്ല കാഴ്ചകളുടെ വർത്തമാനവും ഹത്ത ഒരുപോലെ സമ്മാനിക്കുന്നു.

ashwathi-trave4

സാഹസികത ഇഷ്ടപ്പെടുന്നവർക്ക് പർവതനിരകളിലേക്കു നടന്നു കയറാം, മലകയറും ബൈക്കുകളിലും പായാം. സഞ്ചാരികൾക്കായി ഹത്ത നിരവധി വിനോദങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 3000 വർഷത്തെ പഴമയിലേക്ക് കൈപിടിക്കുന്ന മ്യൂസിയവും ഗ്രാമവുമെല്ലാം കാഴ്ചക്കാരെ വിസ്മയിപ്പിക്കും. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഹത്തയിലെ കാഴ്ചകൾ. ജന്തുജാലങ്ങളുടെ വൈവിധ്യം ഹത്തയുടെ മറ്റൊരു പ്രത്യേകതയാണ്.

ദുബായ് നഗരത്തിന് തെക്കു കിഴക്ക് 125 കി.മി അകലെയാണ് ഹത്ത. എന്നെപ്പോലെയുള്ള സാഹസികപ്രേമികൾക്കും ഹത്ത ഒരുപാട് ഇഷ്ടമാകും. ഹത്ത അണക്കെട്ടിന്റെ അരികിൽ  പ്രകൃതിദത്തമായ തടാകമുണ്ട്. ഇവിടെ കയാക്കിങ്ങിനും പെഡൽ ബോട്ടിങ്ങിനുമെല്ലാം സൗകര്യമുണ്ട്. മലനിരകളുടെ ഇടയിൽ ശരിക്കും നീലിമയാർന്ന ജലാശയം. ഓൺലൈൻ വഴി പെഡൽ ബോട്ടുകളും മറ്റും ബുക്കു ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഇനി ഒമാനിലേക്ക് റോഡ് ട്രിപ്പ് പോകണമെന്ന് ആഗ്രഹമുണ്ട്. എന്നെങ്കിലും ദൈവം  ആ മോഹം സാധിച്ചു തരുമെന്ന് കരുതുന്നു.

മറക്കാനാവാത്ത, ഏറ്റവും ഇഷ്ടപ്പെട്ട യാത്ര

ജീവിതത്തില്‍ മറക്കാനാവാത്ത യാത്ര മൈസൂരിലേക്കുള്ളതായിരുന്നു. ഞാനും ഇളയമോളും നാട്ടിൽ വന്നപ്പോഴായിരുന്നു ആ യാത്ര പോയത്. എന്റെ ഭർത്താവ് ജോലിത്തിരക്കു കാരണം ദുബായിലായിരുന്നു. മൂത്ത മോൾക്ക് പരീക്ഷയായതിനാൽ അവളും ദുബായിൽ ആയിരുന്നു. അച്ഛനും അമ്മയുമൊക്കെ ഒത്തുചേർന്ന ഞങ്ങളുടെ മൈസൂർ ട്രിപ്പ് ഗംഭീരമായിരുന്നു. വനവും നഗരവും ചരിത്രവും പാരമ്പര്യവും സമന്വയിക്കുന്ന അപൂർവം നഗരങ്ങളിലൊന്നാണ് മൈസൂർ. കൊട്ടാരവും ചാമുണ്ഡി ഹിൽസും ബൃന്ദാവൻ ഗാർഡനുമൊക്കെ ഒരുപാട് ഇഷ്ടമായി.

wayanad-bandipur-gate

ബന്ദിപൂർ കാടുകളിലൂടെ വരുന്ന വഴിക്ക് ഞങ്ങളുടെ വാഹനത്തിനു മുമ്പിലേക്ക് കാട്ടാന വന്നു. ഞങ്ങളാകെ ഭയന്നു. കുറേ നേരം വാഹനം അവിടെത്തന്നെ നിർത്തിയിട്ടു. മോൾക്ക് ആനയെ കണ്ട സന്തോഷമായിരുന്നു. ഞങ്ങൾക്കല്ലേ അറിയൂ അത് കാട്ടാന ആണെന്ന്, സത്യത്തിൽ ശരിക്കും ഭയന്നുപോയി. കുറെ കഴിഞ്ഞ് കാട്ടാന പോയതിനു ശേഷമാണ് ഞങ്ങളുടെ ശ്വാസം വീണത്. അങ്ങനെ സമാധാനത്തോടെ യാത്ര തുടർന്നു. എന്റ‌െ ജീവിതത്തിൽ യാത്ര എന്നു പറയുമ്പോൾ മറക്കാനാവാത്തത് ഇൗ മൈസൂർ ട്രിപ്പാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA