ADVERTISEMENT

തായ് ഡയറി 

അദ്ധ്യായം 3 

 മലനിരകളും കാടുകളും നിറഞ്ഞ പ്രദേശമാണ് ചിയാങ്മായ് എന്നു പറഞ്ഞല്ലോ. ഇവിടെ പല ഇടങ്ങളിലും പ്രകൃതിദത്ത ചൂടുനീരുറവകളുണ്ട്. ഇവയിൽ പ്രധാനപ്പെട്ടവയുടെ ചുറ്റും ടൂറിസ്റ്റ് കേന്ദ്രങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. ചിയാങ്‌റായ് നഗരത്തിൽ നിന്ന് 20 കി.മീ ദൂരെയുള്ള 'ഫ്രാ സോട്ട് ഹോട്ട് സ്പ്രിങ്‌സ്' ആണ് ഇവയിൽ പ്രമുഖം. ചൂടു നീരുറവ കാണാനും 'അനുഭവിക്കാനു'മെത്തുന്നവർക്കായി കുളി മുറികളും സ്വിമ്മിങ് പൂളും ഷോപ്പിംങ് ഏരിയയും ടോയ്‌ലെറ്റുകളുമൊക്കെ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

chiang-rai-long-neck-tribe

വൈറ്റ്‌ടെമ്പിളിൽ നിന്നുള്ള ഞങ്ങളുടെ യാത്ര എത്തി നിന്നത് ഫ്രാ സോട്ടിലാണ്. ദൂരെ നിന്നു തന്നെ കാണാം, ആവി വമിപ്പിച്ചുകൊണ്ട് ചൂടുവെള്ളം ആകാശത്തിലേക്ക് ചീറ്റുന്ന ദൃശ്യം. ഫ്രാ  സോട്ട് ഹോട്ട് സ്പ്രിങ്‌സ്  കോംപ്ലക്‌സിനുള്ളിൽ തന്നെ ഇത്തരം നിരവധി ചൂടുനിരുറവാ പ്രവാഹങ്ങളുണ്ട്. ഇവയെല്ലാം കൂടി ഒരു വലിയ സ്വിമ്മിങ് പൂളിലേക്ക് ഒഴുക്കിവിട്ടിട്ടുണ്ട്. ആ സ്വിമ്മിങ് പൂളിൽ ആർക്കും കുളിക്കാം, കാൽ നനയ്ക്കാം. ഭൂമിയ്ക്കടിയിൽ നിന്നു വരുന്ന വെള്ളമായതിനാൽ സൾഫറിന്റെ ചെറിയൊരു മണമുണ്ട്. എങ്കിലും അസഹനീയമായ രൂക്ഷഗന്ധമൊന്നുമില്ല.

ഫ്രാസോട്ടിലെ ചൂട് നീരുറവ

വലിയ സ്വിമ്മിങ് പൂൾ കൂടാതെ, ചുറ്റുപാടും കുറേ പ്രൈവറ്റ് റൂമുകളുണ്ട്. ഇതിനുള്ളിൽ ചെറിയ ബാത്ത്ടബ്ബുകളിൽ ചൂടുവെള്ളം ഒഴുകിയെത്തുന്ന സംവിധാനമുണ്ട്. 80-100 ബാട്ട് കൊടുത്താൽ ഈ മുറിയിൽ ഒരു മണിക്കൂർ സ്‌നാനമാകാം. ഒരേ സമയം മൂന്നു പേർക്കു വരെ ഈ മുറി ഉപയോഗിക്കാം.

ഫ്രാസോട്ടിലെ ചൂട് നീരുറവ

കുളിയൊന്നും വേണ്ട എന്നാണ് തീരുമാനമെങ്കിൽ ഫ്രാ സോട്ട് കോംപ്ലക്‌സിൽ തലങ്ങും വിലങ്ങും ചെറിയ കനാലുകളിലൂടെ ഒഴുക്കി വിട്ടിരിക്കുന്ന ചൂടുനീരുറവയിൽ കാൽ മുക്കിയിരിക്കാം. 39 ഡിഗ്രി വരെയാണ് ഈ പ്രകൃതിദത്ത ചൂടുനീരുറവയുടെ ചൂട്.

ചൂട് നീരുറവയിൽ പുഴുങ്ങാൻ വെച്ചിരിക്കുന്ന മുട്ടകൾ

ഇവകൂടാതെ ആഴമില്ലാത്ത കിണറുകൾ പോലെയുള്ള കുളങ്ങളിലേക്കും വെള്ളം ഒഴുക്കിയിട്ടുണ്ട്. ഇവിടെ ചില സ്ത്രീകൾ പച്ചമുട്ടകളുമായി ചുറ്റിയടിക്കുന്നുണ്ട്. പത്തു ബാട്ട് കൊടുത്താൽ ചൂരൽ കുട്ടകളിൽ മുട്ട ചൂടുവെള്ളത്തിൽ ഇറക്കി വച്ച് 'ബോയിൽഡ് എഗ്ഗ്' ആക്കിത്തരും.ചൂടുവെള്ളത്തിൽ കുളിക്കുന്നവർക്കായി ടവൽ, സാധനങ്ങൾ സൂക്ഷിക്കാൻ ലോക്കർ എന്നിവയൊക്കെ ചെറിയ നിരക്കിൽ ലഭ്യമാണ്.

ചൂട് നീരുറവയിൽ പുഴുങ്ങാൻ വെച്ചിരിക്കുന്ന മുട്ടകൾ

ഹോട്ട് സ്പ്രിങ്സ് കോംപ്ലക്‌സിന്റെ ഉള്ളിൽ നിരവധി ഷോപ്പുകളുണ്ട്. വെള്ളി-സ്വർണ്ണാഭരണങ്ങളുടേതുമുതൽ പച്ചക്കറി കട വരെയുണ്ട്. ചിയാങ് റായ്‌ലേക്കു പോകുന്ന എല്ലാ ബസ്സുകളും വിനോദസഞ്ചാരികളുമായി പോകുന്ന വാഹനങ്ങളും ചൂടുനീരുറവയിൽ അല്പനേരം നിർത്തിയിട്ടേ യാത്ര തുടരുകയുള്ളൂ. ഹോട്ട് സ്പ്രിങ്‌സിൽ അരമണിക്കൂറോളം ചെലവഴിച്ച് വാനിൽ കയറുമ്പോൾ മിക്ക സഹയാത്രികരുടെയും കൈവശം ഷോപ്പുകളിൽ നിന്നു വാങ്ങിച്ച കരകൗശല വസ്തുക്കളുണ്ടായിരുന്നു. രണ്ടുപേർമാത്രം മുറിയെടുത്ത് വിസ്തരിച്ച് കുളിച്ചിട്ടാണ് വന്നിരിക്കുന്നത്.

ചൂട് നീരുറവ ദൂരെ നിന്ന് കാണുമ്പോൾ

ഇനി യാത്ര 'ലോങ്‌നെക്ക് കാരൻ ' ഗ്രാമത്തിലേക്കാണ്. നീണ്ടു കഴുത്തുകളോടു കൂടിയ സ്ത്രീകളാണ് ഈ ഗ്രാമത്തിലെ കൗതുകം. ഇവടെയും ഞാൻ ഒരിക്കൽ പോയിരുന്നു. അന്ന് അവിടെ കോഴികളുടെ അങ്കം നടക്കുന്നുണ്ടായിരുന്നു. ഗുസ്തി നടക്കുന്ന ഗോദയിലേതുപോലെ, പലക നിരത്തി തട്ടുണ്ടാക്കി, അതിന്മേലായിരുന്നു, അങ്കക്കലി പൂണ്ട കോഴികൾ ഏറ്റുമുട്ടിയത്.

ചൂട് നീരുറവ ദൂരെ നിന്ന് കാണുമ്പോൾ

അന്ന് ഗ്രാമീണരുടെ വീറും വാശിയും കാണേണ്ടതു തന്നെയായിരുന്നു.ലോങ്‌നെക്ക് കാരൻ വില്ലേജിന്റെ ഉള്ളിൽ പ്രവേശിച്ച്, നീണ്ട കഴുത്തുള്ള സ്ത്രീകളോടൊപ്പം അല്പനേരം ചിലവഴിക്കണമെങ്കിൽ 200 ബാട്ടിന്റെ ടിക്കറ്റെടുക്കണം ടിക്കറ്റ് ഗ്രാമത്തിന്റെ പ്രവേശന കവാടത്തിൽ തന്നെ ലഭിക്കും. ലോങ്‌നെക്ക് കാരൻ വില്ലേജ് പ്രസിദ്ധമായതോടെ ഗ്രാമത്തിന്റെ മുഖ്യവരുമാന മാർഗ്ഗം തന്നെ ഈ പ്രവേശനഫീസാണ്.

ഫ്രാസോട്ടിലെ ചൂട് നീരുറവയ്ക്ക് ചുറ്റുമുള്ള ഷോപ്പിംഗ് ഏരിയ

കാരൻ എന്നറിയപ്പെടുന്ന ഗോത്രവർഗ്ഗത്തിലെ സ്ത്രീകളാണ് നീണ്ട കഴുത്തിന്റെ ഉടമകൾ. ഇവർ പണ്ട് മ്യാൻമർ അഥവാ ബർമയിൽ നിന്ന് തായ്‌ലന്റിലേക്ക് കുടിയേറിയവരാണ്. മ്യാൻമറിൽ ആഭ്യന്തര പ്രശ്‌നങ്ങളും യുദ്ധവുമുണ്ടായപ്പോൾ ഇവിടേക്ക് അവർ പലായനം ചെയ്തതാണ്. ഇപ്പോൾ തായ്‌ലന്റിന്റെ ജീവിതവുമായി അവർ ചേർന്നു കഴിഞ്ഞു. എങ്കിലും ഒരു സെറ്റിൽമെന്റ് പോലെ, കോളനി സൃഷ്ടിച്ച്, കൃഷിയും മറ്റുമായി ഒരുമിച്ച് ജീവിക്കുകയാണ് അവരുടെ രീതി.

പ്രധാനപാത വിട്ട്, കതിർക്കനം തൂങ്ങുന്ന നെൽപ്പാടങ്ങൾക്കു നടുവിലൂടെ വാൻ ഓടി. നമ്മുടെ നാട്ടിലെ ഫലവൃക്ഷങ്ങൾ നിറഞ്ഞ പറമ്പുകളെ ഓർമ്മിപ്പിക്കുന്ന രസികൻ തൊടികളും വീടുകൾക്കു ചുറ്റും കാണാം. വീടുകളുടെ മതിൽ തടികൊണ്ടോ ഓല കൊണ്ടോ ആണ് നിർമ്മിച്ചിരിക്കുന്നത്.

ലോങ് നെക്ക് കാരൻ ഗ്രാമം

നാട്ടിടവഴികളിലൂടെ ഓടി, ഒടുവിൽ ഒരു പറമ്പിൽ വാൻ നിർത്തി. അവിടെയാണ് ടിക്കറ്റ് കൗണ്ടർ. സഹയാത്രികരിൽ ചിലർ 200 ബാട്ടാണ് പ്രവേശനഫീസ് എന്നു കേട്ടപ്പോൾ 'ഞങ്ങളില്ല' എന്നു പറഞ്ഞ് വാനിൽ തന്നെയിരുന്നു. 

ടിക്കറ്റ് കൗണ്ടറിനു പിന്നിലായി നിരവധി ഓലപ്പുരകളുടെ മേൽക്കൂര ഉയർന്നു കാണുന്നുണ്ട്. ടിക്കറ്റ് വാങ്ങി, ഒരു ചെറിയ ഇറക്കം ഇറങ്ങി നടന്നു. ചെന്നെത്തിയത് ലോങ്‌നെക്ക് കാരൻ ഗ്രാമത്തിലാണ്. ഇരുവശവും ഓലപ്പുരകൾ, അതിനു നടുവിൽ നടപ്പാത. എല്ലാ ഓലപ്പുരയുടെയും വരാന്തയിൽ കരകൗശല ഷോപ്പുകളാണ്. നീണ്ട കഴുത്തുള്ള സ്ത്രീകളുടെ തടി പ്രതിമകളും വള, മാല ഐറ്റങ്ങളുമാണ് പ്രധാന വില്പന വസ്തുക്കൾ. അവിടവിടെയായി ഉടുക്കാക്കുണ്ടന്മാരായ കുട്ടികൾ ഓടിക്കളിക്കുന്നു.

ഉച്ചനേരമായതുകൊണ്ട് പുരുഷന്മാരെയൊന്നും പുറത്തു കാണാനില്ല. എന്നു തന്നെയുമല്ല, നീണ്ട കഴുത്തുള്ള സ്ത്രീകളെയും എവിടെയും കാണുന്നില്ല. ഷോപ്പുകളിൽ ഇരിക്കുന്നവരൊക്കെയും സാധാരണ കഴുത്തുള്ള സ്ത്രീകളാണ്. പക്ഷേ, എല്ലാത്തിനും നീണ്ട നാക്കുണ്ട്! എന്തെങ്കിലും സാധനങ്ങൾ വാങ്ങിപ്പിച്ചേ അടങ്ങൂ എന്ന മട്ടിലാണ് മുറി ഇംഗ്ലീഷിലെ വർത്തമാനം. നീണ്ട കഴുത്തുള്ള സ്ത്രീകളെവിടെ എന്നു ചോദിച്ചപ്പോൾ അവർ എതിർഭാഗത്തേക്ക് വിരൽചൂണ്ടി. അവിടെയും കുറെ ഷോപ്പുകൾ കാണുന്നുണ്ട്. ഒരു മൈതാനം പോലെ വിസ്തൃതമാണാ ആ പ്രദേശം.

ഞാൻ അവിടേക്ക് നടന്നു. അതാ, നീണ്ട കഴുത്തുള്ള സ്ത്രീകൾ ഇഷ്ടം പോലെ!  ശിവന്റെ കഴുത്തിൽ സർപ്പം ചുറ്റിക്കിടക്കുന്നതു പോലെ സ്വർണ്ണ നിറമുള്ള റിങ്ങുകൾ സ്ത്രീകളുടെ കഴുത്തിൽ ചുറ്റിക്കിടക്കുന്നു . അസാമാന്യ നീളമാണ് കഴുത്തിന്. എല്ലാവരും സുന്ദരിമാരാണ്. ഇവർ തായ്‌പെണ്ണുങ്ങൾ അല്ലെന്ന് തിരിച്ചറിയുന്നത് കവിളിൽ പൂശിയിരിക്കുന്ന ചന്ദനം കാണുമ്പോഴാണ്. മ്യാൻമറിൽ ഞാൻ രണ്ടുവർഷം മുമ്പ് വിശദമായ സന്ദർശനം നടത്തിയിരുന്നു. അന്ന് ഏറ്റവും അമ്പരപ്പിച്ചത് ഈ ചന്ദനം പൂശലാണ്. യാതൊരു സൗന്ദര്യബോധവുമില്ലാതെ, നെറ്റിയിലും കവിളിലുമൊക്കെ ചന്ദനം വാരിത്തേക്കും. സുന്ദരിമാരുടെ സൗന്ദര്യമെല്ലാം ചന്ദനം പൂശലിൽ മറഞ്ഞു പോകും.

ലോങ് നെക്ക് കാരൻ ഗ്രാമത്തിലെ നീണ്ട കഴുത്തുള്ള സ്ത്രീകൾ

ലോങ്‌നെക്ക്കാരൻ സ്ത്രീകൾ അഞ്ചുവയസ്സാകുമ്പോൾ കഴുത്തിൽ ഒരു സ്വർണ്ണ റിങ് അണിയും. പിന്നെ ഓരോ വർഷവും ഓരോ റിങ്ങുകൾ അതിനോട് ഇണക്കിച്ചേർക്കും. അങ്ങനെ 21 വയസ്സുവരെ റിങ്ങുകൾ ഒന്നിനുമേലെ ഒന്നായി ചാർത്തിക്കൊണ്ടിരിക്കും. അപ്പോഴേക്കും കഴുത്തു നീണ്ടുനീണ്ട് ജിറാഫിന്റേതു പോലെയാകും. ഇക്കാലയളവിനിടയ്ക്ക് ഒരിക്കൽ പോലും റിങ് കഴുത്തിൽ നിന്ന് ഊരില്ല എന്നതാണ് അത്ഭുതകരമായ കാര്യം. ഉണ്ണുന്നതും ഉറങ്ങുന്നതുമെല്ലാം ഈ നീണ്ട റിങ്ങുകൾ ധരിച്ചുകൊണ്ടു തന്നെ. ഞാൻ നീണ്ട കഴുത്തുള്ള ഇംഗ്ലീഷ് അറിയാവുന്ന ഒരു പ്രായമുള്ള സ്ത്രീയോട് അല്പനേരം സംസാരിച്ചു. 

എന്റെ എല്ലാ ചോദ്യങ്ങൾക്കും പ്രസന്നവദനയായാണ് അമ്മൂമ്മ മറുപടി പറഞ്ഞത്. അമ്മൂമ്മ അഞ്ചുവയസ്സിൽ റിങ് ധരിച്ചതാണ്. ഇപ്പോൾ 70 വയസ്സ് ആകാറായി. ഇന്നുവരെ റിങ്ങുകൾ ഊരിയിട്ടില്ല. ഇനിയൊട്ട് ഊരാനും പറ്റില്ല. കാരണം, ചെറുപ്പം മുതലേ റിങ്ങുകൾ ധരിച്ച് കഴുത്തിന് ബലമില്ലാതായി. ശരീരത്തിലെ ഏറ്റവും ഭാരമുള്ള അവയവമായ തലയെ താങ്ങാൻ പറ്റാത്ത അവസ്ഥയിൽ ദുർബലമാണിപ്പോൾ കഴുത്തിലെ പേശികൾ. 'അതുകൊണ്ട് മരിക്കുമ്പോഴും എന്റെ കഴുത്തിൽ ഈ റിങ്ങുകൾ കാണും' -അമ്മൂമ്മ സുന്ദരമായി മന്ദഹസിച്ചു കൊണ്ടു പറഞ്ഞു.

10, 12 വയസ്സുള്ള, റിങ് ധരിച്ച പെൺകുട്ടികളും അവിടെയുണ്ട്. കാരൻഗോത്രത്തിലെ എല്ലാ പെൺകുട്ടികളും നീണ്ട കഴുത്ത് തെരഞ്ഞെടുക്കണം എന്നൊന്നും ഗോത്രനിയമം അനുശാസിക്കുന്നില്ല. എന്നാൽ സൗന്ദര്യലക്ഷണം നീണ്ട കഴുത്താണെന്ന് കരുതുന്ന ഗോത്രമാണ് ലോങ്‌നെക്ക്കാരൻ. അതുകൊണ്ട് മിക്ക പെൺകുട്ടികളും സ്വമേധയാ റിങ് അണിഞ്ഞു തുടങ്ങുന്നു. സഞ്ചാരികൾക്കായി കഴുത്തിൽ ധരിക്കുകയും ഊരുകയും ചെയ്യുന്ന റിങ്ങുകൾ ഷോപ്പുകളിലുണ്ട്. അത് ധരിച്ചുകൊണ്ട് നീണ്ട കഴുത്തുള്ള സ്ത്രീകളോടൊപ്പം ഫോട്ടോ എടുക്കാൻ അവസരമുണ്ട്. ഞാനും അങ്ങനെയൊരു ഫോട്ടോ എടുത്തു. എന്നിട്ട് എല്ലാ ഷോപ്പുകളിലും 'മിന്നൽ സന്ദർശനം' നടത്തി. എല്ലാ ഷോപ്പുകളിലും ഏറ്റവുമധികം വില്പന ലോങ്‌നെക്ക് കാരൻ സ്ത്രീകളുടെ പ്രതിമകൾക്കു തന്നയാണ്.

ഇപ്പോൾ ഒരു പ്രദർശന വസ്തുവായി മാറിയിരിക്കുകയാണ് നീണ്ട കഴുത്തുള്ള സ്ത്രീകൾ. ഇതൊരു വലിയ വരുമാനമാർഗ്ഗമാണെങ്കിലും മനുഷ്യാവകാശ പ്രവർത്തകർ ഈ പ്രദർശനത്തിനെതിരെ ശബ്ദമുയർത്തുന്നുണ്ട്. 'കൂട്ടിലടയ്ക്കപ്പെട്ട ലോങ്‌നെക്ക്കാരൻ സ്ത്രീകൾ' എന്നാണ് അവർ വിശേഷിപ്പിക്കപ്പെടുന്നത് . ഏതായാലും ദുർബലമായ കഴുത്തുമായി ജീവിക്കുന്ന ആ സ്ത്രീകൾ സഹതാപമർഹിക്കുന്നുണ്ട് എന്നെനിക്കും തോന്നി.

(തുടരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com