sections
MORE

മാലദ്വീപിന്‍റെ മനോഹാരിതയില്‍ പ്രിയതമനൊപ്പം പിറന്നാളാഘോഷിച്ച് ബിപാഷ ബസു

bipasha-basu
SHARE

മാലദ്വീപില്‍ പിറന്നാള്‍ അടിച്ചു പൊളിച്ച് ആഘോഷിക്കുന്ന ബോളിവുഡ് നടി ബിപാഷ ബസുവിന്‍റെ ചിത്രങ്ങളാണ് കുറച്ച് ദിവസങ്ങളായി ഇന്‍റര്‍നെറ്റിലെ ഹോട്ട് ടോപിക്. ഭര്‍ത്താവും സെലിബ്രിറ്റിയുമായ കരണ്‍ സിംഗ് ഗ്രോവറിനൊപ്പം പൂളില്‍ പല നിറങ്ങളിലുള്ള ബിക്കിനിയണിഞ്ഞു നില്‍ക്കുന്ന ബിപാഷയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായിരുന്നു.

പിറന്നാള്‍ ആഘോഷത്തിന്‍റെ ഭാഗമായി മനോഹരമായി അലങ്കരിച്ച മുറിയും ബിപാഷ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിട്ടുണ്ട്. ബലൂണുകളും മനോഹരമായ ലൈറ്റുകളും കൊണ്ട് അലങ്കരിച്ച മുറിയില്‍ അവിടവിടെയായി #monkeylove എന്നു കാണാം. വെള്ള നിറത്തിലുള്ള കുരങ്ങന്‍റെ രൂപങ്ങളും മുറിയില്‍ ഉണ്ടാക്കി വച്ചിട്ടുണ്ട്. പിങ്ക് ലില്ലികളും മുറി അലങ്കരിക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്. വെളുത്ത ബെഡ്ഷീറ്റില്‍ പിങ്ക് നിറത്തില്‍ ചിത്ര ശലഭത്തെ വരച്ചു വച്ചിരിക്കുന്നതും ക്രീം കൊണ്ട് ചിത്രപ്പണികള്‍ നടത്തിയിരിക്കുന്നതും കാണാം. നടുവില്‍ ആറു തട്ടുകള്‍ ഉള്ള മനോഹരമായ ബര്‍ത്ത്ഡേ കേക്കും ഉണ്ട്. ഒടുവില്‍ മുറിയിലെ സ്ക്രീനില്‍ ഹാപ്പി ബര്‍ത്ത്ഡേ എന്ന് തെളിയുന്നു. ബാത്ത്ടബ്ബിലും മുറിയിലുമെല്ലാം പിങ്ക് റോസാപ്പൂ ഇതളുകള്‍ കൊണ്ടും അലങ്കരിച്ചിട്ടുണ്ട്. ബിപാഷയും കരണും താമസിക്കുന്ന റിസോര്‍ട്ട് ആണ് ഈ ഒരുക്കങ്ങള്‍ നടത്തിയത്.

മാലദ്വീപ് സമൂഹങ്ങളിലെ വലിയ ദ്വീപായ ധാലു അറ്റോളില്‍ സ്ഥിതി ചെയ്യുന്ന കാന്‍ഡിമ മാല്‍ദീവ്സിലാണ് ബിപാഷയുടെ പിറന്നാള്‍ ആഘോഷം. സ്റ്റൈലിഷായി രൂപകൽപ്പന ചെയ്ത 266 സ്റ്റുഡിയോകളും വില്ലകളും, സുന്ദരമായ 10 ഡൈനിംഗ് ഇടങ്ങളും വാട്ടര്‍ സ്പോര്‍ട്സ്, ബീച്ച് ക്ലബ്, ടെന്നീസ്, ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ടുകള്‍ തുടങ്ങി രസകരമായ വിനോദങ്ങളുമെല്ലാം ഉള്‍ക്കൊള്ളുന്ന ലക്ഷ്വറി റിസോര്‍ട്ടാണ് ഇത്. വെലാന അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഒരു മുപ്പത് മിനിറ്റ് വിമാനയാത്രയും തുടർന്ന് ഇരുപത് മിനിറ്റ് ബോട്ട് യാത്രയും ചെയ്താല്‍ ഇവിടെയെത്താം.

ദമ്പതിമാര്‍ക്ക് മാത്രമല്ല, കുടുംബങ്ങൾ, സുഹൃത്തുക്കൾ, സാഹസിക ജലവിനോദങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍, ഫിറ്റ്നസ് പ്രേമികൾ തുടങ്ങി എല്ലാ സഞ്ചാരികള്‍ക്കും വിവിധ ബജറ്റിലുള്ള പാക്കേജുകള്‍ നല്‍കുന്ന റിസോര്‍ട്ട് ആണിത്. ധാലു അറ്റോള്‍ ദ്വീപിന് ഏകദേശം 3 കിലോമീറ്റർ നീളമുണ്ട്. മാലിദ്വീപിലെ തന്നെ ഏറ്റവും വലിയ പൂള്‍ ഉള്ളത് കാന്‍ഡിമ മാല്‍ദീവ്സിലാണ്. നൂറു മീറ്റര്‍ ആണ് ഇതിന്‍റെ വലുപ്പം.

ബോളിവുഡ് നടീനടന്മാരുടെ ഇഷ്ടപ്പെട്ട ഹോളിഡേ ഡെസ്റ്റിനേഷന്‍ ആണ് മാലദ്വീപ്. സോനാക്ഷി സിന്‍ഹ, ആലിയ ഭട്ട്, സൈഫ്- കരീന ദമ്പതിമാര്‍, മലൈക അറോറ, ഷാഹിദ് കപൂര്‍, കത്രീന്‍ കൈഫ്‌, അക്ഷയ് കുമാര്‍ തുടങ്ങിയവരും അവധിദിനങ്ങള്‍ ചെലവിടാന്‍ ഇവിടെ എത്തിയിരുന്നു. മനോഹരങ്ങളായ ബീച്ചുകളും ശാന്തമായ കടല്‍പ്പരപ്പും സുന്ദരമായ പ്രകൃതിയുമെല്ലാം ചേര്‍ന്ന് യാത്രാപ്രേമികള്‍ക്ക് മനസ്സു നിറഞ്ഞു സന്തോഷിക്കാന്‍ നിരവധി കാര്യങ്ങള്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ട് ഈ സ്വര്‍ഗ്ഗഭൂമിയില്‍. അതുകൊണ്ടുതന്നെയാണ് സെലിബ്രിറ്റികളോ സാധാരണക്കാരോ എന്ന് ഭേദമില്ലാതെ, സഞ്ചാരികളുടെ ഇങ്ങോട്ടേക്കുള്ള ഒഴുക്ക് ദിനംപ്രതി കൂടി വരുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA