sections
MORE

സിംഗപ്പൂരിന്‍റെ 'രത്നം', എയര്‍പോര്‍ട്ടിനുള്ളില്‍ വെള്ളച്ചാട്ടവും വിനോദ സഞ്ചാരകേന്ദ്രവുമായി ചാംഗി

Jewel-Changi
SHARE

എയര്‍പോര്‍ട്ടിനുള്ളില്‍ മണിക്കൂറുകള്‍ കുത്തിയിരിക്കേണ്ടി വന്നിട്ടുണ്ടോ എപ്പോഴെങ്കിലും? ഓരോ സെക്കന്‍ഡും പോകുന്നത് നന്നായി തിരിച്ചറിയാവുന്ന ഒരു സമയമാണത്. അത്രത്തോളം ബോറന്‍ പരിപാടി വേറെയില്ല എന്ന് തോന്നിപ്പോകും. വരുന്നതും പോകുന്നതുമായ ആളുകളെയും ഇടയ്ക്കിടെ സംശയത്തോടെ തുറിച്ചു നോക്കുന്ന സെക്യൂരിറ്റിക്കാരെയുമൊക്കെ കണ്ടുകണ്ട് ആകെ ഭ്രാന്തു പിടിക്കുന്ന സമയം. എത്ര നേരം എന്നു വച്ചിട്ടാണ് കയ്യിലുള്ള മൊബൈലിനുള്ളിലേക്ക് മുഖം പൂഴ്ത്തിയിരിക്കുന്നത്!

ഫ്ലൈറ്റ് വരാന്‍ മണിക്കൂറുകള്‍ ബാക്കിയുള്ളപ്പോള്‍ കാത്തിരിപ്പു സമയം ആനന്ദകരമാക്കാന്‍ എന്തെങ്കിലുമൊക്കെ വിനോദങ്ങള്‍ എയര്‍പോര്‍ട്ടിനുള്ളില്‍ തന്നെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആലോചിച്ചിട്ടുണ്ടോ? എന്നാല്‍ സിംഗപ്പൂര്‍ ചാംഗി എയര്‍പോര്‍ട്ട് ആ വഴി ഒന്നു ചിന്തിച്ചു. അങ്ങനെയാണ് എയര്‍പോര്‍ട്ടിനുള്ളിലെ ലോകപ്രശസ്തമായ മഹാ വിസ്മയം, 'ജ്യുവല്‍' പിറവിയെടുക്കുന്നത്. വിമാനം വരും വരെ അടിച്ചു പൊളിക്കാന്‍ ഷോപ്പിംഗും പൂന്തോട്ടവും ഹോട്ടലും മറ്റു വിനോദോപാധികളും ഒക്കെയുള്ള ഒരു കിടുക്കന്‍ സ്ഥലം എന്ന് ഒറ്റ വാക്കില്‍ പറയാം.

ജ്യുവല്‍ എന്ന ഈ കോംപ്ലക്സിനുള്ളില്‍ 135,700 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഒരു വലിയ പൂന്തോട്ടമുണ്ട്, വിനോദ സ്ഥലം, എയർപോർട്ട് സൗകര്യങ്ങൾ, 130 മുറികളുള്ള ഹോട്ടൽ, 280 ലധികം ഷോപ്പിംഗ് സ്പേയ്സുകളും ഇതിനുള്ളില്‍ ഒരുക്കിയിരിക്കുന്നു. 

ഇടയ്ക്ക് തൂണുകളില്ലാതെയാണ് ചാംഗിയിലെ ഈ കെട്ടിട സമുച്ചയം നിർമിച്ചിരിക്കുന്നത്. ഇങ്ങനെയുള്ള ലോകത്തിലെ ഏറ്റവും നിര്‍മിതി കൂടിയാണ് ജ്യുവല്‍.  മനുഷ്യനിര്‍മിതമായ വെള്ളച്ചാട്ടങ്ങളില്‍ ഏറ്റവും ഉയരമുള്ള ഇന്‍ഡോര്‍ വെള്ളച്ചാട്ടമാണ് ജൂവലിലെ മറ്റൊരു പ്രധാന ആകർണം. 40 മീറ്ററാണ് ഇതിന്‍റെ ഉയരം. സഞ്ചാരികള്‍ക്കായി വൈകിട്ട് ഏഴര മുതൽ പന്ത്രണ്ടര വരെ ഓരോ മണിക്കൂർ ഇടവിട്ട് നടത്തുന്ന മനോഹരമായ ലൈറ്റ് & സൗണ്ട് ഷോയുമുണ്ട്.

ഗ്ലാസ് തറയോടു കൂടിയതും 35 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിച്ചതുമായ  സ്കൈ വാക്-വേയും മനോഹരമാണ്. കനോപി ബ്രിഡ്ജ് എന്നാണ് ഇത് അറിയപ്പെടുന്നത്. വെള്ളച്ചാട്ടത്തില്‍ നിന്നുള്ള ജലം ഈ ഗ്ലാസ് ഫണലിലൂടെ ഒഴുകിയെത്തി താഴെ സ്ഥാപിച്ചിരിക്കുന്ന വലിയ ടര്‍ബൈന്‍ കറക്കി വൈദ്യുതി ഉല്‍പാദനവും നടത്തുന്നുണ്ട്. 

ഭൂനിരപ്പില്‍ നിന്ന് താഴേക്കും മുകളിലേക്കുമായി അഞ്ച് നിലകള്‍ വീതം ജുവലിനുള്ളിലുണ്ട്. അടിയിലാകട്ടെ, 2500 കാറുകൾ പാർക്ക് ചെയ്യുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

സന്ദര്‍ശകരെ സ്വീകരിക്കുന്ന റോബോട്ട് പോലീസ് മുതല്‍  കസ്റ്റംസ് ചെക്കിങ്ങും ചെക്-ഇനും ബാഗേജ് ഡ്രോപും എല്ലാം ഇവിടെ യന്ത്രസഹായത്താല്‍ നടത്താവുന്ന എയര്‍പോര്‍ട്ട് ആണിത്.  വിമാനത്താവളത്തിലെ ടെര്‍മിനലുകളെ ബന്ധിപ്പിച്ച് സൗജന്യ സ്കൈ ട്രെയിന്‍ സര്‍വീസുകളുമുണ്ട്. ടെർമിനൽ രണ്ടിൽ നിന്ന് മൂന്നിലേക്ക് പോകുന്ന ഈ പാത ജുവലിനുള്ളിലൂടെയാണ്. 

സിംഗപ്പൂരിലെ മറീന ബേ സാൻഡ്സ് ഇന്റഗ്രേറ്റഡ് റിസോർട്ട്, ചൈനയിലെ നാഷണൽ ആർട്ട് മ്യൂസിയം, കാനഡയിലെ പിയേഴ്സൺ ഇന്റർനാഷണൽ എയർപോർട്ട് (ടെർമിനൽ 1) എന്നിവയെല്ലാം രൂപകല്‍പ്പന ചെയ്ത പ്രശസ്ത ആർക്കിടെക്റ്റ് മോഷെ സഫ്ഡിയാണ് ഈ മഹാത്ഭുതത്തിനും പിന്നില്‍. 2014 ൽ നിര്‍മ്മാണം ആരംഭിച്ച ഈ പദ്ധതിയുടെ മൊത്തം ചെലവ് 1.26 ബില്ല്യൺ യു എസ് ഡോളര്‍ ആണ്. സിംഗപ്പൂരിലേക്ക് കൂടുതല്‍ ലോക സഞ്ചാരികളെ ആകര്‍ഷിക്കുക എന്നതാണ് ഇതിന്‍റെ പ്രധാന ലക്ഷ്യം. 

കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ചാംഗിയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടായത്. അതുകൊണ്ടുതന്നെ മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിനും യാത്രക്കാരുടെ ശേഷി വർദ്ധിപ്പിക്കുന്നതിനുമായി ഇവിടെ വിപുലീകരണ പ്രവർത്തനങ്ങൾ നടത്തിവരികയാണ്. ജുവലിന്‍റെ വികസനത്തിനൊപ്പം തന്നെ ടെര്‍മിനല്‍ ഒന്നിന്‍റെ ശേഷി പ്രതിവർഷം മറ്റൊരു മൂന്ന് ദശലക്ഷം കൂടി ഉയര്‍ത്തി. ഇതോടെ എയര്‍പോര്‍ട്ടിന്‍റെ മൊത്തം ശേഷി പ്രതിവർഷം 85 ദശലക്ഷം യാത്രക്കാരായി ഉയര്‍ന്നു. 2024 ഓടെ ഇത് 90 മില്ല്യന്‍ ആകും എന്നാണ് കണക്ക്. നിലവിലുള്ള നാല് ടെർമിനലുകളുടെയും പുതിയ ടെർമിനലിന്‍റെയും നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. പുതിയതായി നിര്‍മ്മിക്കുന്ന ടെർമിനൽ 5 ,2030 കളുടെ തുടക്കത്തിൽ പൂർത്തിയാകുമെന്ന് കണക്കാക്കപ്പെടുന്നു. 

2013 മുതല്‍ തുടര്‍ച്ചയായി ഏഴു വര്‍ഷത്തോളം ലോകത്തിലെ എറ്റവും മികച്ച വിമാനത്താവളം എന്ന പദവി സ്ഥിരമായി ലഭിക്കുന്നത് ചാംഗി എയര്‍പോര്‍ട്ടിനാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA