പാമ്പിൽ വാറ്റിയ മദ്യം, ഇത് ലാവോസ് സ്പെഷ്യൽ

thai-trip19
SHARE

തായ് ഡയറി 

അദ്ധ്യായം 4 

നീണ്ട കഴുത്തുള്ള സ്ത്രീകളുടെ ഗ്രാമത്തിൽ നിന്നും ഞങ്ങൾ യാത്ര തുടരുകയാണ്. ഇനി ആഹാരം കഴിച്ചിട്ടുവേണം തുടർയാത്ര. ഉച്ചഭക്ഷണം ടൂർ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ്.ഒരു ഹോട്ടലിനു മുന്നിൽ കാർ നിർത്തി. ഞങ്ങളുടേതുപോലുള്ള നിരവധി വാഹനങ്ങൾ അവിടെ പാർക്ക് ചെയ്തിട്ടുണ്ട്. തായ്‌ലന്റിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഇങ്ങനെ വലിയ ടൂർ ഗ്രൂപ്പുകൾക്ക് ഉച്ചയ്ക്കും വൈകീട്ടും ബുഫെ ഭക്ഷണം നൽകുന്ന റെസ്റ്റോറന്റുകൾ ധാരാളമുണ്ട്. പാക്കേജ് ടൂർ നൽകുന്ന കമ്പനികളും ഇത്തരം ഹോട്ടലുകളും തമ്മിൽ ധാരണയിലാണ് പ്രവർത്തിക്കുന്നത്.പലപ്പോഴും ഹോട്ടലുകളും ടൂർ കമ്പനികളായിരിക്കും.

ഗോൾഡൻ ട്രയാംഗിൾ -തായ്‌ലൻഡ് ഭാഗത്തു നിന്ന് കാണുമ്പോൾ

സൂപ്പ്, പോർക്ക്-ചിക്കൻ-ബീഫ്, വിഷാംശമില്ലാത്ത പച്ചക്കറികളുടെ സലാഡ്, വെള്ളയരിച്ചോറ് എന്നിവയടങ്ങുന്ന വിഭവസമൃദ്ധമായ സദ്യയ്ക്കു ശേഷം ഉറക്കം തൂങ്ങി നിൽക്കുന്ന നട്ടുച്ചയ്ക്ക് ഞങ്ങൾ 'ഗോൾഡൻ ട്രയാംഗിളി'ലേക്ക് പുറപ്പെട്ടു. ചിയാങ്‌റായ്ൽ നിന്ന് 50 കി.മീ. അകലെയാണ് ഗോൾഡൻ ട്രയാംഗിൾ എന്നറിയപ്പെടുന്ന നദീതീരം. മൂന്നു രാജ്യങ്ങൾ സംഗമിക്കുന്ന സ്ഥലമാണിത്- തായ്‌ലന്റ്, മ്യാൻമർ, ലാവോസ്. 

ഗോൾഡൻ ട്രയാംഗിൾ -തായ്‌ലൻഡ് ഭാഗത്തു നിന്ന് കാണുമ്പോൾ

തായ്‌ലൻഡിൽ നിന്നു നോക്കുമ്പോൾ നദിയ്ക്കക്കരെ, നേരെ എതിർവശത്തു കാണുന്നത് ലാവോസാണ്. ഇടതുവശത്ത്, നദിയിൽ ഒരു നാടപോലെ കാണുന്ന ദ്വീപ് മ്യാൻമറിന്റേതും. അങ്ങനെ, കൗതുകം പകരുന്ന ഒരു പ്രദേശമാണിതെന്നു പറയാം.ഇവിടെയും ഞാൻ മുമ്പ് വന്നിട്ടുണ്ട്. എന്നാൽ അന്ന് അത്ര വികസിതമായിരുന്നില്ല, ഇവിടം. ഇപ്പോൾ വിനോദസഞ്ചാരികളുടെ ഒഴുക്ക് കൂടിയപ്പോൾ പാർക്കിങ് ഗ്രൗണ്ടും ടോയ്‌ലെറ്റും ഷോപ്പിങ് ഏരിയയുമൊക്കെ നിർമ്മിച്ച് 'ടൂറിസ്റ്റ് ഫ്രണ്ട്‌ലി'യാക്കി മാറ്റിയിട്ടുണ്ട്.മേക്കോങ്, റുവാക്ക് എന്നീ നദികൾ ഒഴുകി, ഒന്നു ചേരുന്ന സ്ഥലമാണ് ഗോൾഡൻ ട്രയാംഗിൾ എന്നറിയപ്പെടുന്നത്. ഒരുകാലത്ത് മയക്കുമരുന്നായ കറുപ്പ് അഥവാ ഓപ്പിയം കൃഷിയുടെ ലോകതലസ്ഥാനമായിരുന്നു, ഈ പ്രദേശം. അന്ന് അമേരിക്കൻ ഏജൻസിയായ സിഐഎ യാണ് ഈ സ്ഥലത്തിന് ഗോൾഡൻ ട്രയാംഗിൾ എന്ന് വിളിപ്പേരു നൽകിയത്.

ഗോൾഡൻ ട്രയാംഗിൾ -തായ്‌ലൻഡ് ഭാഗത്തു നിന്ന് കാണുമ്പോൾ

1920 കളിൽ കറുപ്പ് കൃഷിയിടങ്ങളായിരുന്നു, ഇവിടമെല്ലാം. കൃഷി ചെയ്ത് വിളവെടുത്താൽ പിന്നെ നദികളിലൂടെ പല രാജ്യങ്ങളിലേക്കും കള്ളക്കടത്ത് നടത്തുന്നു. ചൈനയായിരുന്നു പ്രധാന വിപണനകേന്ദ്രം എന്നാൽ കറുപ്പ്കൃഷിയുടെ ലോകതലസ്ഥാനമെന്ന പേര് ഏറെ താമസിയാതെ അഫ്ഗാനിസ്ഥാൻ തട്ടിയെടുത്തു. തന്നെയുമല്ല, 1959ൽ തായ്-ലാവോസ്, മ്യാൻമർ സർക്കാരുകൾ സംയുക്തമായി കറുപ്പ് കൃഷിയും ഉപയോഗവും നിരോധിച്ചു. മറ്റ് കൃഷികൾ ചെയ്യാൻ കർഷകരെ പരിശീലിപ്പിച്ചും റെയ്ഡുകൾ നടത്തിയും കറുപ്പ് കൃഷി ഈ പ്രദേശത്തുനിന്ന് തുടച്ചുമാറ്റപ്പെട്ടു. ഇപ്പോൾ മ്യാൻമർ-ലാവോസ് അതിർത്തിയിൽ വീണ്ടും രഹസ്യമായി കറുപ്പ് കൃഷി ആരംഭിച്ചതായി വാർത്തയുണ്ട്.

ഗോൾഡൻ ട്രയാംഗിൾ -തായ്‌ലൻഡ് ഭാഗത്തു നിന്ന് കാണുമ്പോൾ

ഈ മൂന്നു രാജ്യങ്ങളിൽ ഏറ്റവും സമ്പന്നമായ രാജ്യം തായ്‌ലന്റായതു കൊണ്ടു തന്നെ, തായ് ഭാഗത്താണ് വൃത്തിയും വെടിപ്പും കാഴ്ചകളും കൂടുതലുള്ളത്. ഒരു കാലത്ത് 'ലാൻഡ് ഓഫ് എ മില്യൺ റൈസ് ഫീൽഡ്‌സ്' അഥവാ 'ദശലക്ഷം നെൽപ്പാടങ്ങളുടെ നാട്' എന്നാണ് ഇവിടെ അറിയപ്പെട്ടിരുന്നത്. ലാന സാമ്രാജ്യത്തിന്റെ തലസ്ഥാനവും ഈ പ്രദേശമായിരുന്നു.വാൻ പാർക്ക് ചെയ്ത് ഞങ്ങൾ നടന്നെത്തിയത് മെക്കോങ് നദിയുടെ തീരത്താണ്. ഗോൾഡൻ ട്രയാംഗിൾ എന്ന് തായ് ഭാഷയിലും ചൈനീസിലും ഇംഗ്ലീഷിലും ഇവിടെ എഴുതി വെച്ചിട്ടുണ്ട്.

ഇവിടെ നിന്ന് ചിത്രങ്ങളെടുക്കുന്നതാണ് ഈ യാത്രയിലെ ഹൈലൈറ്റ്. മൂന്നു രാജ്യങ്ങൾ കാഴ്ചയുടെ പരിധിയിൽ വരുന്നത് പതിവുള്ള കാഴ്ചയല്ലല്ലോ.

തായ്‌ലാൻഡ് ഭാഗത്തെ ബുദ്ധ പ്രതിമ

ഇവിടെ നിൽക്കുമ്പോൾ ഇടതുവശത്തായി വലിയൊരു ഗോൾഡൻ ബുദ്ധ പ്രതിമ കാണാം. ഒരു കപ്പലിൽ ബുദ്ധൻ ഇരിക്കുന്നതു പോലെയാണ് പ്രതിമയുടെ രൂപകല്പന. ആനകൾ ബുദ്ധന് അകമ്പടി സേവിക്കുന്നു.ഗോൾഡൻ ട്രയാംഗിൾ എന്നെഴുതിയ ബോർഡ് മുതൽ ഈ പ്രതിമവരെ, മെക്കോങ് നദിയുടെ തീരത്തുകൂടി ഷോപ്പിങ് ഏരിയ നിർമ്മിച്ചിട്ടുണ്ട്. ഏത് ടൂറിസ്റ്റ് കേന്ദ്രത്തെയും പണം കൊയ്യാനുള്ള ഉപാധി കൂടിയാക്കി മാറ്റുന്ന വിദ്യ തായ് സർക്കാരിന്റെ പക്കലുണ്ട്. ടൂറിസം പ്രൊമോഷനിലൂടെ പണം സമ്പാദിക്കുന്ന രീതി തായ്‌ലൻഡിൽ വന്നാൽ കണ്ടുപഠിക്കാം.

thai-trip9
തായ്‌ലാൻഡ് ഭാഗത്തെ ബുദ്ധ പ്രതിമ

ലോകത്തിലെ ഏറ്റവും വലിയ നദികളിൽ 12-ാം സ്ഥാനമാണ് മെക്കോങ്ങിന്. 4350 കി.മീ. നീളത്തിൽ, ചൈന, മ്യാൻമർ, ലാവോസ്, തായ്‌ലൻഡ്, കംബോഡിയ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലൂടെ മെക്കോങ് ഒഴുകുന്നു. ചില രാജ്യങ്ങളിൽ കടൽ പോലെ വിസ്തൃതമാണ് മെക്കോങ്. കംബോഡിയയിൽ 'ഫ്‌ളോട്ടിങ് വില്ലേജ്' കാണാനായി കൈത്തോടുകളിലൂടെ സഞ്ചരിച്ച്, അലയടിക്കുന്ന സാഗരം പോലെയുള്ള മെക്കോങ്ങിലേക്ക് എത്തിയപ്പോൾ ഞങ്ങൾ സഞ്ചരിച്ച ദുർബലനായ കൊതുമ്പുവള്ളത്തിന് അടിതെറ്റിയത് ഓർമ്മയുണ്ട്. അന്ന് ഞാനുൾപ്പെടെയുള്ള സഞ്ചാരികൾ അലറി വിളിച്ചു.  ബോട്ട് നിയന്ത്രിച്ചിരുന്ന ചങ്ങാതി ചിരി തുടങ്ങി. ആ ചിരി കണ്ടപ്പോൾ പേടി കൂടിയതേയുള്ളു.

ഡോൺ സാവോ ദ്വീപിലേക്കുള്ള ബോട്ട് യാത്ര

ഇവിടെ മെക്കോങിന് നമ്മുടെ നിളയോളമേ വീതിയുള്ളൂ. എന്നാൽ കലങ്ങി മറിഞ്ഞാണ് ഒഴുക്ക്. തഴുകിയൊഴുകിപ്പോകുന്ന മിക്ക രാജ്യങ്ങളിലും മെക്കോങ് ഇടയ്ക്കിടെ വെള്ളപ്പൊക്കം സൃഷ്ടിക്കാറുണ്ട്.ഇനി ഇവിടെ നിന്ന് മെക്കോങ് നദിയിലൂടെ ഒരു ബോട്ട് യാത്രയുണ്ട്. എതിർവശത്തു കാണുന്ന, ലാവോസിന്റെ ഉടമസ്ഥതയിലുള്ള ഡോൺസാവോ എന്ന ദ്വീപിലേക്കാണ് യാത്ര. ഈ ദ്വീപ് സന്ദർശിക്കാൻ വിസ ആവശ്യമില്ല. 200 ബാട്ട് ആണ് ഡോൺസാവോയിൽ പോയി തിരികെ വരാനുള്ള ടൂർ ചാർജ്ജ്. ഞാനത് നേരത്തെ കൊടുത്തു കഴിഞ്ഞു.

ഗോൾഡൻ ട്രയാംഗിളിൽ നിന്ന് കാണുന്ന മ്യാന്മാറിന്റെ ഭാഗങ്ങൾ

ഇരുപത്തഞ്ചോളം പേർക്ക് കയറാവുന്ന ബോട്ടിൽ ഞങ്ങളെ കയറ്റി, ലൈഫ് ജാക്കറ്റ് ധരിപ്പിച്ചു. ആദ്യം മ്യാൻമറിന്റെ ഭാഗത്തേക്കാണ് ബോട്ട് പോകുന്നത്. കരയിൽ നിന്നു കണ്ട ബുദ്ധപ്രതിമ ഇപ്പോൾ ബോട്ടിൽ ഇരുന്ന് അടുത്തു കാണാം. കൂറ്റനൊരു ക്ഷേത്രത്തിന്റെ ഭാഗമാണ് പ്രതിമ എന്ന് നദിയിൽ നിന്ന് നോക്കുമ്പോഴാണ് മനസ്സിലായത്.

thai-trip18
ലാവോസിന്റെ ദ്വീപായ ഡോൺ സാവോയിൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന പാമ്പ് വിസ്‌കി ബോട്ടിലുകൾ

നദിയുടെ നടുവിൽ കാണുന്ന ഈ ദ്വീപ് മ്യാൻമറിന്റെ ഉടമസ്ഥതയിലാണ്. ദ്വീപ് കാടുപിടിച്ചു കിടക്കുകയാണ്. മുമ്പ് കറുപ്പ് കൃഷി നടന്നിരുന്ന സ്ഥലങ്ങളാവാം ഇതൊക്കെ.

ഡോൺ സാവോ ദ്വീപിലെ കാഴ്ചകൾ
ഡോൺ സാവോ ദ്വീപിലെ കാഴ്ചകൾ

അല്പദൂരം മുന്നോട്ട് പോയ ശേഷം ബോട്ട് 'യൂ ടേൺ' എടുത്തു. ഇപ്പോൾ ഇടതുവശത്ത് ലാവോസാണ്. ഇവിടെ വമ്പൻ കെട്ടിടങ്ങൾ പണിയുന്നുണ്ട്. ഇതെല്ലാം ചൂതാട്ട കേന്ദ്രങ്ങളാണ്. ലാവോസിൽ ഗാംബ്ലിങ്ങിന് നിയന്ത്രണമില്ല. ഇവിടുത്തെ ചൂതാട്ടകേന്ദ്രങ്ങളിൽ  തായ്‌ലൻഡുകാർക്ക് ബോട്ടിൽ കയറി വന്ന് കളിച്ചിട്ടു പോകാമല്ലോ. അതിനാണ് അതിർത്തിയിൽ തന്നെ ഇതെല്ലാം പണിതു കൂട്ടുന്നത്. പത്തുമിനിട്ടോളം ഓളങ്ങളെ കീറി മുറിച്ച് പാഞ്ഞ ബോട്ട് ഡോൺസാവോ ദ്വീപിലടുത്തു. ഇവിടെയും പണ്ട് ഞാൻ വന്നിട്ടുണ്ട്. അന്ന് ഈ കാണുന്ന പകിട്ടൊന്നും ദ്വീപിനുണ്ടായിരുന്നില്ല. ഇപ്പോൾ ഭംഗിയായി നിർമ്മിച്ച ജെട്ടിയും വോക്ക്‌വേയുമൊക്കെയാണ് നമ്മളെ സ്വാഗതം ചെയ്യുന്നത്. 

ഡോൺ സാവോ ദ്വീപിലെ കാഴ്ചകൾ

ബോട്ടുജെട്ടിയിൽ നിന്ന് ദ്വീപിലേക്ക് കയറുമ്പോൾ 'ലാവോസിലേക്ക് സ്വാഗതം' എന്ന ബോർഡ് കാണാം. തായ്‌ലൻഡ് കാണാൻ വന്നിട്ട്, വലിയ ചെലവൊന്നുമില്ലാതെ മറ്റൊരു രാജ്യത്ത് കാൽകുത്താൻ കഴിഞ്ഞതിന്റെ ആവേശമാണ് സഞ്ചാരികൾക്ക്.ഇനി കാണുന്നത് കൂറ്റനൊരു ഷോപ്പിങ്‌ കോംപ്ലക്‌സാണ്. കഴിഞ്ഞ തവണ ഇവിടെ വരുമ്പോൾ ഞെട്ടിയത് ഇവിടുത്തെ മദ്യക്കുപ്പികൾ കണ്ടപ്പോഴാണ്. മിക്ക കുപ്പികളിലും ചത്തു മലച്ചു കിടക്കുന്നത് പാമ്പുകളാണ്. പാമ്പ് വിസ്‌കി, പാമ്പ് ബ്രാണ്ടി എന്നൊക്കെ വിളിക്കാവുന്ന മദ്യങ്ങൾ, 'അടിച്ചു പാമ്പാ'കാൻ പാമ്പിനെ ഇട്ടു വാറ്റിയ മദ്യം സേവിക്കുക. ആസ് സിമ്പിൾ ആസ് ദാറ്റ്!

ഈ മദ്യം പാമ്പിനെ ഇട്ടു വാറ്റിയതല്ല എന്നതാണ് യാഥാർത്ഥ്യം. മദ്യത്തിൽ പാമ്പിനെ തല്ലിക്കൊന്ന് ഇട്ടുവെച്ചാൽ മാസങ്ങൾ കൊണ്ട് മദ്യം വീര്യമുള്ളതാകുമെന്നും രുചി വർദ്ധിക്കുമെന്നും ലാവോസുകാർ പറയുന്നു. മുടികൊഴിച്ചിൽ മുതൽ ലൈംഗീക ബലഹീനത വരെയുള്ള രോഗങ്ങൾക്കും 'പാമ്പ് വിസ്‌കി' കൺകണ്ട ഔഷധമാണത്രേ.

തായ്‌ലണ്ടിന്റെ ഭാഗത്തേക്കുള്ള മടക്കയാത്രയിലെ കാഴ്ചകൾ

ലാവോസ് സന്ദർശിക്കുന്ന വിദേശികൾ 'പാമ്പ് വിസ്‌കി'  സുവനീറായി വാങ്ങിക്കൊണ്ടു പോകുന്ന പതിവുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇത് രാജ്യത്തിനു പുറത്തേക്കു കൊണ്ടുപോകുന്നത് കുറ്റകരമാണ്. ഇവിടെ നിന്നു വാങ്ങി, ഇവിടെ വെച്ചു തന്നെ കുടിച്ചിട്ടു പോവുക-അതാണ് ഇപ്പോൾ എല്ലാവരും ചെയ്യുന്നത്.

തായ്‌ലണ്ടിന്റെ ഭാഗത്തേക്കുള്ള മടക്കയാത്രയിലെ കാഴ്ചകൾ

എന്റെ വാനിലുണ്ടായിരുന്ന ആറ് വിദേശികൾ ചേർന്ന് ഒരു ഫുൾ ബോട്ടിൽ പാമ്പ് വിസ്‌കി വാങ്ങി, അത് ഗ്ലാസിലൊഴിച്ച്, ആർപ്പുവിളികളോടെ അകത്താക്കുന്നതു കണ്ടു. 'നല്ലസ്വാദ്' എന്ന് വിളിച്ചു പറയുന്നതും കേട്ടു. എന്തായാലും പാമ്പിനെ പേടിയായതുകൊണ്ട് ഞാൻ പരീക്ഷണത്തിനു മുതിർന്നില്ല!

കരകൗശല ഉല്പന്നങ്ങൾ, സിഗരറ്റുകൾ, തുണികൾ എന്നിങ്ങനെ പല സാധനങ്ങളുമുണ്ട്. ഡോൺസാവോയിലെ മാർക്കറ്റിൽ. മാർക്കറ്റിനപ്പുറത്തേക്കു നടന്നാൽ ചെളി നിറഞ്ഞ ഒരു സാധാരണ പറമ്പു പോലെയുണ്ട്. ലാവോസിന്റെ ഈ ദ്വീപ്.അരമണിക്കൂർ കഴിഞ്ഞപ്പോൾ ഗൈഡിന്റെ വിളി വന്നു. 'അടുത്ത സ്ഥലത്തേക്ക് പോകാനായി ബോട്ടിൽ കയറുക. മ്യാൻമർ അതിർത്തിയാണ് നെക്സ്റ്റ് ഡെസ്റ്റിനേഷൻ'....

(തുടരും)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA