sections
MORE

തായ്‌‌‌ലൻഡിലെ കൊടുമുടി കയറാം

SHARE

തായ് ഡയറി

അധ്യായം - 5

തായ്‌ലൻഡുകാർക്ക് രാജാവ് ദൈവമാണ്. ബുദ്ധനാണ് അവരിലേറെയും ആരാധിക്കുന്ന ദൈവമെങ്കിലും അതേ സ്ഥാനമുണ്ട്, രാജാവിനും. രാജാവിനെതിരെ സംസാരിക്കുന്നത് തായ്‌ലൻഡുകാർക്ക് സഹിക്കാനാവില്ല.  രാജാവിന്റെ ചിത്രങ്ങൾ തെരുവോരങ്ങളിൽ പോലും സ്ഥാപിച്ചിരിക്കുന്നതു കാണാം. ആ ചിത്രങ്ങളിൽ അവർ പൂജാദ്രവ്യങ്ങൾ അർപ്പിക്കാറുമുണ്ട്. കൂടാതെ വാഹനങ്ങളിലും വീടുകളിലുമെല്ലാം പൂജാമുറികളിൽ രാജാവിന്റെ ഫോട്ടോയോ പ്രതിമയോ കാണാം.

വച്ചിത്തരൺ വെള്ളച്ചാട്ടം

1927-ൽ ജനിച്ച്, 2016ൽ അന്തരിച്ച ഭൂമിബോൽ അതുല്യതേജ് അഥാവാ രാമ 9 ആയിരുന്നു, തായ്‌ലൻഡുകാർ ഏറ്റവുമധികം സ്‌നേഹിച്ച രാജാവ്. 2016 ഒക്ടോബർ 13ന് അദ്ദേഹം അന്തരിച്ചപ്പോൾ തായ്‌ലൻഡ് അലമുറയിട്ടു. വെറുമൊരു മുക്കുവ രാജ്യമായിരുന്ന തായ്‌ലൻഡിനെ ഇന്നീ കാണുന്ന നിലയിലെത്തിച്ചത് അദ്ദേഹമാണ്. രാമ 9ന്റെ പുത്രനായ മഹാവജിര ലോങ് കോണാണ് ഇപ്പോൾ രാജാവ്. 

രാമ 9 രാജാവിന് 60 വയസ്സ് തികഞ്ഞപ്പോൾ തായ്‌ലൻഡുകാർ അദ്ദേഹത്തിന് ഒരു സമ്മാനം നൽകി. വായുുസേനയുടെ  സഹകരണത്തോടെ കുന്നിൻമുകളിൽ നിർമ്മിച്ച ക്ഷേത്രമായിരുന്നു ആ സമ്മാനം. 1987 ലാണ് രാജാവിന് 60 വയസ്സ് തികഞ്ഞത്. 1992ൽ രാജ്ഞിക്കും 60 വയസ്സ് തികഞ്ഞു. രാജ്ഞിയേയും അകമഴിഞ്ഞ് സ്‌നേഹിക്കുന്ന തായ് ജനത, തൊട്ടടുത്ത കുന്നിൻ മുകളിൽ, രാജാവിന് നൽകിയ ക്ഷേത്രത്തിന് അഭിമുഖമായി മറ്റൊരു ക്ഷേത്രം രാജ്ഞിക്കും പണിതു നൽകി. നെഫാമെതിനിസോൺ എന്നാണ് രാജാവിന്റെ ക്ഷേത്രത്തിന്റെ പേര്. നെഫാഫോൺഫുമിസിരി എന്ന് രാജ്ഞിയുടെ ക്ഷേത്രത്തിനും പേര് നൽകി.ഡോയ്ഇൻത്തനൺ നാഷണൽ പാർക്കിലാണ് ഈ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത്. ഞങ്ങളുടെ അടുത്ത യാത്ര അവിടേക്കായിരുന്നു. 

thaidiary5-2
വച്ചിത്തരൺ വെള്ളച്ചാട്ടം

സംരക്ഷിത വനപ്രദേശമാണ് ഡോയ്ഇൻത്തനൺ . തായ്‌ലൻഡിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയും ഇവിടെയാണുള്ളത്. വെള്ളച്ചാട്ടങ്ങളും നിത്യഹരിത വനങ്ങളുമെല്ലാം ഡോയ്ഇൻത്തനോണിന്റെ ചാരുത വർദ്ധിപ്പിക്കുന്നു.കാടിനുള്ളിലൂടെ മനോഹരമായ റോഡുണ്ട്. ഏറ്റവും ഉയരം കൂടിയ കൊടുമുടി നടന്നു കയറേണ്ടതില്ല. കൊടുമുടിയുടെ അറ്റം വരെയും സുഖമായി വാഹനത്തിൽ എത്തിച്ചേരാം. 482.4 ചതുരശ്ര കിലോമീറ്ററാണ് ഡോയ്ഇൻത്തനൺ നാഷണൽ പാർക്ക് വ്യാപിച്ചു കിടക്കുന്നത്. 2565 മീറ്ററാണ് ഉയരം കൂടിയ കൊടുമുടിയുടെ ഉയരം.നാഷണൽ പാർക്കിന്റെ കവാടം കടന്ന് ഞങ്ങൾ വനമേഖലയിൽ പ്രവേശിച്ചു. ആദ്യ കാഴ്ച വച്ചിത്തരൺ വെള്ളച്ചാട്ടമാണ്. ഇതിലും വലിയ നൂറു കണക്കിനു വെള്ളച്ചാട്ടങ്ങൾ ഇടുക്കിയിലും വയനാട്ടിലും ഉള്ളതുകൊണ്ട് കൗതുകമൊന്നും തോന്നിയില്ല. എങ്കിലും വെള്ളച്ചാട്ടത്തിനു ചുറ്റുമുള്ള പ്രദേശം എത്ര ഭംഗിയായാണ് സൂക്ഷിച്ചിരിക്കുന്നത് എന്ന് ഓർത്തുപോയി. അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ ദുരവസ്ഥ ഓർക്കുകയും ചെയ്തു.

അവിടെ നിന്ന് ഒരു ട്രൈബൽ വില്ലേജിലേക്കായിരുന്നു യാത്ര. ഇവരും ലോങ്‌നെക്ക് കാരൻ വില്ലേജുകാരെപ്പോലെ മ്യാൻമറിൽ നിന്ന് പലായനം ചെയ്തു വന്നവരാണ്. തുണി നെയ്ത്തും കാപ്പികൃഷിയുമാണ് ഈ ഗോത്രക്കാരുടെ പ്രധാന ജീവിതവൃത്തി. നമ്മുടെ നാട്ടിലെ സഹകരണ സംഘത്തിന്റേതു പോലെ ഒരു കൈത്തറി നെയ്ത്ത് സംഘം ഗോത്രവർഗ്ഗക്കാർക്കു വേണ്ടി സർക്കാർ രൂപീകരിച്ചിട്ടുണ്ട്. ഇവർ നെയ്യുന്ന വസ്ത്രങ്ങൾ സർക്കാർ വാങ്ങി, കടകളിലൂടെ വിറ്റഴിക്കുന്നു.

വച്ചിത്തരൺ വെള്ളച്ചാട്ടം

ചെറിയൊരു ഗ്രാമത്തിൽ വളരെ ഒതുങ്ങി കഴിയുന്ന ഗോത്ര വർഗ്ഗക്കാരാണിവർ. രണ്ട് ചെറിയ ഷോപ്പുകളുണ്ട്. ഇവിടെ പ്രധാനമായും വിൽക്കുന്നത് ചൂടുകാപ്പിയാണ്. വിവിധതരം കാപ്പിക്കുരുകളുടെ പ്രദർശനവുമുണ്ട്.

ഗോത്രവർഗ്ഗക്കാരുടെ ഗ്രാമത്തിൽ
ഗോത്രവർഗ്ഗക്കാരുടെ ഗ്രാമത്തിൽ

ഗ്രാമത്തിൽ നിന്നും മടങ്ങും വഴി ഒരു മാർക്കറ്റിൽ കയറി. ഇത് കാട്ടിനുള്ളിൽ തന്നെയാണ്. അധികവും കാട്ടുതേൻ പോലെയുള്ള വനവിഭവങ്ങളാണ് വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്. പച്ചക്കറികളുമുണ്ട്. പഴങ്ങൾ, വീഞ്ഞ്, ഉപ്പിലിട്ട മാങ്ങ എന്നിങ്ങനെ വിഷം കലരാത്ത പല സാധനങ്ങളും ഇവിടെ വാങ്ങാൻ കിട്ടും. 

ഇനി പോകുന്നത് രാജാവിനും രാജ്ഞിക്കും തായ് ജനത സമ്മാനിച്ച ക്ഷേത്രങ്ങളിലേക്കാണ്. 

കാട്ടിലൊരു മാർക്കറ്റ്

മാർക്കറ്റിൽ നിന്നിറങ്ങുമ്പോൾ കനത്ത മഴതുടങ്ങി. ഈ മേഖലയിൽ മഴ അപ്രതീക്ഷിതമാണ്. മണ്ണിൽ എപ്പോഴും ഈർപ്പമുണ്ടായിരിക്കും. മുമ്പ് ഇവിടെ വന്നപ്പോൾ കനത്ത മൂടൽ മഞ്ഞായിരുന്നു എന്ന് ഞാനോർത്തു. ഇതുപോലെയൊരു ദിവസമാണ് ഈ മലയോരത്തെ ഒരു ഗുഹയിൽ ഫുട്‌ബോൾ കളിക്കിടെ കുട്ടികൾ കയറി നിന്നത്. തുടർന്ന് അപ്രതീക്ഷിതമായി കനത്ത മഴ പെയ്തു. ആ മഴ വെള്ളപ്പൊക്കമായി കുട്ടികൾ ദിവസങ്ങളോളം അകപ്പെടുകയും ചെയ്തു.ഇന്ത്യ ഉൾപ്പെടെ എല്ലാ രാജ്യങ്ങളിലും വലിയ വാർത്തയായ സംഭവമാണല്ലോ അത്.

കാട്ടിലൊരു മാർക്കറ്റ്

ദൂരെ നിന്നേ രണ്ട് കുന്നുകളിലായി അഭിമുഖം നിൽക്കുന്ന രാജാവിന്റെയും രാജ്ഞിയുടെയും ക്ഷേത്രങ്ങൾ കാണാം. 'ചേടി'കൾ എന്നാണ് ഇവ അറിയപ്പെടുന്നത്. രാജാവിനും പത്‌നിക്കും സമ്മാനമായി നിർമ്മിച്ചു നൽകിയതാണെങ്കിലും ക്ഷേത്രത്തിലെ പ്രതിഷ്ഠ ശ്രീബുദ്ധനാണ്.

60മീറ്റർ നീളമുള്ള, സ്വർണം പൊതിഞ്ഞ ഗോപുരമാണ്  രാജാവിന്റെ ക്ഷേത്രത്തിന്റേത്. രാജ്ഞിയുടെ ക്ഷേത്രത്തിന്റെ ഗോപുരത്തിന് 55 മീറ്ററേ ഉയരമുള്ളു. ചാരനിറമുള്ള കല്ലിലാണ് ക്ഷേത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിലേക്കു നടന്നു കയറാൻ പടികളുണ്ട് .എന്നാൽ എസ്‌കലേറ്ററുകളുമുണ്ട്. 

കാട്ടിലൊരു മാർക്കറ്റ്

എസ്‌കലേറ്ററുകളുടെ മുകളിലെത്തിയാൽ ഭിത്തികളിൽ ചുവന്ന ടൈലുകളിൽ ബുദ്ധചരിതം കൊത്തിവെച്ചിരിക്കുന്നതു കാണാം. അതും കടന്ന് ക്ഷേത്രത്തിന്റെ ഉള്ളിൽ പ്രവേശിച്ചാൽ ചൈനയിൽ നിന്നെത്തിച്ച ബുദ്ധവിഗ്രഹം ദർശനം നൽകുന്നു.

ഞാനാദ്യം കയറിയത് രാജാവിന്റെ ക്ഷേത്രത്തിലാണ്. ഇവിടെ നിന്നു നോക്കുമ്പോൾ എതിർവശത്തെ കുന്നിൽ രാജ്ഞിയുടെ ക്ഷേത്രം ഉയർന്നു നിൽക്കുന്നതു കാണാം. ഈ രണ്ട് ക്ഷേത്രങ്ങളുടെയും പിന്നിലുള്ള വിശാലമായ പ്രദേശം മുഴുവനും അതിമനോഹരമായ പൂന്തോട്ടമാണ്. അത് മലയുടെ താഴ്‌വാരത്തിലേക്കും വ്യാപിച്ചു കിടക്കുന്നു. ഈ പൂന്തോട്ടത്തിലൂടെ നടന്ന് രാജ്ഞിയുടെ ക്ഷേത്രത്തിൽ കയറാം. ഇവിടുത്തെ പ്രതിഷ്ഠ കൊണ്ടുവന്നിരിക്കുന്നത് ഇന്തോനേഷ്യയിൽ നിന്നാണ്. 

രണ്ടു ക്ഷേത്രങ്ങളുടെയും ഉള്ളിൽ ഗ്ലാസ് പെയിന്റിങ്ങുകളുണ്ട്. അതിലും ബുദ്ധചരിതം തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്. മനോഹരമായാണ് ക്ഷേത്രങ്ങളുടെ ഇന്റീരിയർ സംവിധാനം ചെയ്തിരിക്കുന്നത്. എവിടെയും നിശബ്ദത കാത്തുസൂക്ഷിക്കാൻ സന്ദർശകർ ശ്രദ്ധിക്കുന്നുണ്ട്. 

ഡോയ് ഇൻതനൺ നാഷണൽ പാർക്ക്

മഴ കനക്കുകയാണ്. തന്റെ ആദ്യ സന്ദർശനത്തിലേതു പോലെ തന്നെ തന്നെ മൂടൽ മഞ്ഞ് പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഏറെ താമസിയാതെ ക്ഷേത്രങ്ങളെയും പൂന്തോട്ടത്തെയും മഞ്ഞുവന്നു മൂടി.

രാജാവിനും രാജ്ഞിക്കും സമ്മാനമായി നൽകിയ ക്ഷേത്രങ്ങൾ

ക്ഷേത്രങ്ങളിൽ നിന്ന് ഏറെ ദുരയല്ല, തായ്‌ലൻഡിലെ ഏറ്റവും ഉയരമുള്ള കൊടുമുടി. കൊടുമുടിക്കു താഴെ പാർക്കിങ് ഗ്രൗണ്ട് ഉണ്ട്. അവിടെ വാൻ നിർത്തി, തടികൊണ്ടു നിർമ്മിച്ച വോക്ക്‌വേയിലൂടെ, കാട്ടിനുള്ളിലേക്ക് കടക്കാം. കുറച്ചു ദൂരം കാടിന്റെ ഗന്ധമേറ്റ് നടന്നു കഴിയുമ്പോൾ ഒരു ചെറിയ, പ്രാചീന ക്ഷേത്രം കാണാം. ഇത് ആദിവാസികൾ ബുദ്ധനെ ആരാധിച്ചിരുന്ന ക്ഷേത്രമാണ്. ക്ഷേത്രം കടന്ന് മുന്നോട്ട് വീണ്ടും നീങ്ങുമ്പോൾ ഈ രാജ്യത്തെ ഏറ്റവും ഉയരമുള്ള 'പോയിന്റ്' എത്തി. അവിടെ ഒരു ബോർഡ് സ്ഥാപിച്ചിട്ടുണ്ട് - 'ദ ഹൈയസ്റ്റ് സ്‌പോട്ട് ഇൻ തായ്‌ലൻഡ്'.സമുദ്രനിരപ്പിൽ നിന്ന് 2.5 കി.മീ. ഉയരെയാണ് ഈ പ്രദേശം നിലകൊള്ളുന്നത്.

രാജാവിനും രാജ്ഞിക്കും സമ്മാനമായി നൽകിയ ക്ഷേത്രങ്ങൾ

ഈ ബോർഡിനു താഴെ നിന്ന് ചിത്രങ്ങളെടുക്കാൻ വിനോദസഞ്ചാരികൾ തിരക്കു കൂട്ടുന്നു. വലിയ ദേഹാധ്വാനമില്ലാതെ  മലയുടെ കൊടുമുടിയിലെത്തുക എന്ന ദൗത്യമാണ് എല്ലാവരും നിർവഹിച്ചിരിക്കുന്നത്!

thaidiary5-38
തായ്‌ലന്റിന്റെ നെറുകയിൽ

വീണ്ടും തടികൊണ്ടുള്ള വോക്ക്‌വേയിലൂടെ മഴ നനഞ്ഞ് നടന്നു. എത്ര വൃത്തിയായാണ് കാടും പരിസരങ്ങളും സൂക്ഷിച്ചിരിക്കുന്നത്! കൊച്ചുകുട്ടികൾ പോലും ഒരു മാലിന്യവും, ഒരു കടലാസ് പോലും, കാട്ടിനുള്ളിലേക്ക് വലിച്ചെറിയുന്നില്ല. എവിടെയും 'വേസ്റ്റ് ബിന്നുകൾ' സ്ഥാപിച്ചിട്ടുണ്ട്. എത്ര ദൂരം നടന്നായാലും എല്ലാവരും മാലിന്യങ്ങൾ അതിനുള്ളിലേ നിക്ഷേപിക്കൂ. ഇന്ത്യയുടെ നൂറിലൊന്ന് സാമ്പത്തിക സ്ഥിതിയുള്ള രാജ്യമല്ല തായ്‌ലൻഡ്. എന്നിട്ടും ഇത്തരം കാര്യങ്ങളിൽ എത്ര സംസ്‌കൃതചിത്തരാണ്  തായ് ജനത എന്ന് ആദരവോടെ ഓർത്തുപോയി!

(തുടരും)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA