ADVERTISEMENT

ലോകത്ത് ഏറ്റവുമധികം മഞ്ഞുവീഴ്ച ഉള്ള സ്ഥലം ഏതെന്നു ചോദിച്ചാൽ ആദ്യം മനസ്സിലെത്തുക റഷ്യയോ ഐസ്‌ലൻഡോ എതെങ്കിലും ഹിമാലയ ഗ്രാമങ്ങളോ ഒക്കെ ആയിരിക്കും. എന്നാൽ ആ ക്രെഡിറ്റ് ജപ്പാനിലെ ഒരു നഗരത്തിനാണ്. ഒരു നഗരമെന്നും പറയാൻ പറ്റില്ല, ഈ പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനത്തും ജപ്പാനിലെ നഗരങ്ങൾ തന്നെ. 

ജപ്പാന്റെ വടക്കുഭാഗത്തുള്ള അമോറി നഗരം രാജ്യത്തെ ഏറ്റവും മനോഹരമായ പ്രിഫെക്ചറുകളിൽ ഒന്നാണ്. പൂന്തോട്ടങ്ങൾക്കു  പേരു കേട്ടത്. സന്ദർശനത്തിനോ അവധിക്കാല ആഘോഷങ്ങൾക്കോ അനുയോജ്യമായ ഏറ്റവും മനോഹരമായ പട്ടണങ്ങളിലൊന്നാണ് അമോറിക്കാണ് ലോകത്ത് ഏറ്റവുമധികം മഞ്ഞുവീഴ്ച ഉള്ള നഗരം എന്ന ക്രെഡിറ്റും.

japan-travel

ഹിമപാതവും ഹിമ കൊടുങ്കാറ്റും അമോറിക്കു ചുറ്റുമുള്ള പ്രകൃതിയെ സവിശേഷമായ കാഴ്ചയായി മാറ്റുന്നു. 279,000 പേർ താമസിക്കുന്ന അമോറി, തീരപ്രദേശമായതിലാണ് ഇത്ര കനത്ത മഞ്ഞുവീഴ്ചയെന്നാണ് വിദഗ്ധർ പറയുന്നത്. പർവതങ്ങളിൽനിന്നും കടലിൽനിന്നും ഒരുമിച്ചു വരുന്ന പ്രത്യേക കാറ്റുകൾ കൂട്ടിമുട്ടുന്നതിനാൽ ഇവിടെ വളരെ വേഗം മേഘങ്ങൾ രൂപം കൊള്ളുന്നു.

കനത്ത മേഘ രൂപീകരണം കാരണം അത്  മഴയ്ക്ക് പകരം മഞ്ഞായി വീഴുന്നു. എല്ലാ വർഷവും ശരാശരി 26 അടി അല്ലെങ്കിൽ 8 മീറ്റർ വരെ മഞ്ഞുവീഴ്ചയ്ക്ക് അമോറി സാക്ഷ്യം വഹിക്കുന്നു, പ്രത്യേകിച്ച് നവംബർ മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ. 

520176152

ശൈത്യകാലത്ത് നിങ്ങൾക്ക് ഇവിടെ ടൺ കണക്കിന് മഞ്ഞ് ആസ്വദിക്കാം. കട്ടിയുള്ള വെളുത്ത പുതപ്പുകളിൽ‌ പൊതിഞ്ഞ നഗരം കാണുമ്പോൾ വണ്ടർലാൻഡ് ആണോ എന്ന് തോന്നിപ്പോകും.

ശൈത്യകാലത്ത് നഗരം മഞ്ഞിനാൽ മൂടപ്പെട്ടിരിക്കും. ഹക്കോഡ പർവതനിരകൾക്കും മുത്സു ബേ തീരങ്ങൾക്കുമിടയിലുള്ള ഭൂമിശാസ്ത്രപരമായ സ്ഥാനത്തിന്റെ സവിശേഷ ഫലമാണ് അമോറിയിലെ അവിശ്വസനീയമായ മഞ്ഞുവീഴ്ച. സെയ്സ്, സീഫുഡ്, ആപ്പിൾ എന്നിവയ്ക്കും പേരുകേട്ട ഈ നഗരം എല്ലാ മഞ്ഞുകാലത്തും നെബൂട്ട ഫെസ്റ്റിവലിന് ആതിഥേയത്വം വഹിക്കുന്നു. ഈ സമയം തെരുവുകളിൽ  വർണ്ണാഭമായ വിളക്കുകൾ കത്തിക്കുന്നു. ആ അന്തരീക്ഷം ഒരു യക്ഷിക്കഥ പോലെയാണ്. ഫെബ്രുവരിയിൽ നടത്തുന്ന ഈ ഉൽസവം  ടൊവാഡ തടാകക്കരയിലെ യസുമിയ പ്രദേശത്ത് ഒരു മാസം ആഘോഷിക്കും. മഞ്ഞുകാലത്ത്, സമീപത്തുള്ള പർവതങ്ങളിലെ സ്കീ, സ്നോബോർഡ് റിസോർട്ടുകളിലെ മഞ്ഞ് പ്രയോജനപ്പെടുത്താൻ ആയിരക്കണക്കിന് വിനോദ സഞ്ചാരികൾ ആണ് ഇവിടേക്കു വരുന്നത്.

ഹക്കോഡ-ടൊവാഡ ഗോൾഡ് ലൈൻ: അമോറിയുടെ അതിശയകരമായ സ്നോ കോറിഡോർ 

പ്രശസ്ത ഹോളിവുഡ് സിനി ഗെയിം ഓഫ് ത്രോൺസിൽ  കണ്ട ഐസ് മതിൽ ഓർക്കുന്നുണ്ടോ? ഗ്രാഫിക്സിന്റെ സഹായത്തോടെയാണ് ചിത്രത്തിൽ ആ മതിൽ കാണിക്കുന്നതെങ്കിൽ അതിനേക്കാൾ വിസ്മയാവഹമായ  കാഴ്ച മഞ്ഞുകാലത്ത് അമോറിയിൽ കാണാം. കനത്ത മഞ്ഞുവീഴ്ചയുള്ള സമയത്ത് 55 അടി വരെ അതായത് 17 മീറ്ററോളം ഉയരത്തിൽ മഞ്ഞിന്റെ മതിൽ ഇവിടെ രൂപപ്പെടുന്നു. ടോക്കിയോയിൽനിന്ന് ഏതാനും മണിക്കൂറുകൾ സഞ്ചരിച്ചാൽ എത്തുന്ന ഗംഭീരമായ ടാറ്റേയാമ കുറോബ് ആൽപൈൻ റൂട്ടിലാണ് ഈ വിസ്മയ മതിൽ രൂപപ്പെടുന്നത്.  വളരെ പരിമിതമായ സമയത്തേക്ക് മാത്രമേ ഈ കാഴ്ച സാധ്യമാകൂ.  മഞ്ഞുവീഴ്ച ആരംഭിക്കുമ്പോൾത്തന്നെ ജപ്പാനിലെ പ്രമുഖ ഹൈവേ ആയ ഹക്കോഡ-ടൊവാഡ ഗോൾഡ് ലൈൻ അടച്ചിടും. ഇതിനു സമാന്തരമായാണ് ഈ സ്നോ ഇടനാഴി സൃഷ്ടിക്കപ്പെടുന്നതും. ഇവിടെ സഞ്ചാരികൾക്ക് ഹിമപാതങ്ങളിലൂടെ ഒരു മണിക്കൂർ നടക്കാൻ കഴിയും.

പ്രതിദിനം ഏകദേശം 5000 സന്ദർശകരുള്ള ഒരു വലിയ ടൂറിസം ആകർഷണമാണ് ഈ സ്നോ വാൾ വാക്ക്. പ്രത്യേക ടൂറിസ്റ്റ് ബസുകളിൽ മാത്രമേ ഇവിടെ പോകാൻ കഴിയൂ. 

സുഗരു റെയിൽ‌വേ വിന്റർ സ്റ്റൗ ട്രെയിൻ -  മറക്കാനാവാത്ത സവാരി

അമോറിയിലെ മനോഹരമായ ശൈത്യകാല ഗ്രാമീണ ഭൂപ്രകൃതി ആസ്വദിക്കുന്നതിനുള്ള മികച്ച മാർഗമാണ് ഈ ട്രെയിൻ യാത്ര. മഞ്ഞുകാലത്ത് ജപ്പാൻ സന്ദർശിക്കേണ്ട 10 കാരണങ്ങളുടെ പട്ടികയിലാണ് ഇത്. ഈ സവാരി ആസ്വാദ്യകരം മാത്രമല്ല, നൊസ്റ്റാൾജിക്കും ആയിരിക്കും. അവസാന സ്റ്റോപ്പിൽ എത്തുമ്പോൾ നിങ്ങളിൽ പലർക്കും ട്രെയിനിൽനിന്ന് ഇറങ്ങാൻ വിഷമമായിരിക്കും. ട്രെയിൻ അന്തിമ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുമ്പോൾ വിനോദസഞ്ചാരികളുമായും പ്രദേശവാസികളുമായും ഒരുപോലെ മനോഹരമായി ഇടപഴകാനും അവരുടെ ജീവിതരീതി അറിയാനും ഇത് ഒരു മികച്ച മാർഗമാണ്. മഞ്ഞു കൂടിയ പ്രദേശങ്ങളിൽ ഉപയോഗിക്കുന്ന, തീ കായാനുള്ള നെരിപ്പോടുകളോടു കൂടിയ ട്രെയിനുകളാണ് ഇവിടെ. അമോറിയുടെ എല്ലാ സൗന്ദര്യവും ശരിക്കും ആസ്വദിക്കണമെങ്കിൽ ട്രെയിനിൽ തന്നെ യാത്ര ചെയ്യണം.

ഒരു ചൂടു നീരുറവയിൽ വിശ്രമിക്കാം

ജപ്പാനിൽ ഒരു ചൂടു സ്പ്രിങ് ബാത്ത് കണ്ടെത്തുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. അമോറി പ്രിഫെക്ചറിലുടനീളം, ശൈത്യകാല മാസങ്ങളിൽ സന്ദർശിക്കാൻ വളരെ മികച്ച നിരവധി ഓൻസെന്നുകൾ ഉണ്ട്. ചൂട് നീരുറവകളെ ജപ്പാനിൽ പ്രാദേശികമായി പറയുന്ന പേരാണ് ഓൻസെൻ. ചെലവു കുറഞ്ഞതു മുതൽ അത്യാഡംബര സൗകര്യങ്ങളോടുകൂടിയ ചൂട് നീരുറവകൾവരെ ഇവിടെ കാണാം. 

അമോറിയിൽ ഇപ്പോൾ അതികഠിനമായ ശൈത്യത്തിന്റെ ദിനങ്ങളാണ്. എന്നാൽ മഞ്ഞിന്റെ മൂടുപടം അഴിച്ചു കഴിഞ്ഞാൽ അമോറി പല വർണ്ണങ്ങളുടെ മേലങ്കി എടുത്തണിയും. മഞ്ഞില്ലാത്ത കാലത്ത് അമോറിയ്ക്ക് മറ്റൊരു മുഖമാണ്. എങ്ങും ചന്തമേറിയ പൂക്കൾ വിരിഞ്ഞ് പുഞ്ചിരിച്ചു നിൽക്കുന്ന ഒരു നാട്. ആപ്പിളും സ്ട്രോബറിയും വിളഞ്ഞു നിൽക്കുന്നത് കണ്ണിനു കുളിർമയേകുന്ന കാഴ്ചയായിരിക്കും. ഒരു കേബിൾ കാർ സവാരിയിലൂടെ നിങ്ങൾക്ക് ആ അതിമനോഹര നാടിന്റെ സൗന്ദര്യം മുഴുവനും നുകരാം. പൂത്തുലഞ്ഞു നിൽക്കുന്ന ചെറി പൂക്കൾക്കിടയിലൂടെ നടക്കാൻ ആരും ഒന്നു കൊതിച്ചു പോകും.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com