മധ്യകാലഘട്ടത്തിലേക്ക് ടൈം മെഷീനിൽ പോയ അനുഭവം; കുർദ്ദിസ്ഥാൻ, ഇന്നലെകളിലെ ഗ്രാമക്കാഴ്ചകൾ

Kurdistan1
SHARE

 ഇറാൻ, ലോകത്തെ ഏറ്റവും പഴക്കമുള്ള സംസ്കാരങ്ങളിൽ ഒന്ന് പിറന്ന മണ്ണ്. യാത്രകൾ ജീവിതത്തിന്റെ ഭാഗമായപ്പോൾ ഇറാൻ ബക്കറ്റ് ലിസ്റ്റിൽ വന്നതിനു കാരണം സിനിമയായിരുന്നു. ജീവനുള്ള ഇറാനിയൻ സിനിമകൾ. മാജിദ് മജീദിയുടെയും അബ്ബാസ് കിയരോസ്താമിയുടെയുമെല്ലാം സിനിമകളിൽ കണ്ടു പരിചയിച്ച ഗ്രാമങ്ങൾ കാണണമെന്ന മോഹമാണ് ഇറാൻ യാത്രയിൽ കുർദിസ്ഥാൻ ഉൾപ്പെടുത്താൻ കാരണമായത്. വരണ്ട, പൊടി നിറഞ്ഞ,  മധ്യകാലഘട്ടിലെ എന്നു തോന്നിപ്പോവുന്ന ഗ്രാമങ്ങൾ!

ഇറാന്റെ കശ്മീർ 

ഇറാനിൽ കണ്ട സ്ഥലങ്ങളിൽ വച്ചേറ്റവും കുറവ് വിവരങ്ങൾ ഇന്റർനെറ്റിൽ ലഭ്യമായ സ്ഥലമായിരുന്നു കുർദിസ്ഥാൻ പ്രൊവിൻസിലെ പലങ്ങാൻ. ഇറാൻ-ഇറാഖ് അതിർത്തി മേഖലയാണ് കുർദിസ്ഥാൻ. ഇന്ത്യയിലെ കാശ്മീരിന് സമാനമായ പ്രദേശം എന്ന് പറയാം. പൊതുവെ ടൂറിസ്റ്റുകൾ കുറവായ ഇറാനിൽ സഞ്ചാരികൾ ഒട്ടും തന്നെ കടന്നു ചെല്ലാത്ത ഒരിടം. ഇവിടേക്ക് മുൻപ് യാത്ര ചെയ്തൊരാൾ ട്രിപ്പ് അഡ്വൈസർ ഫോറത്തിൽ പോസ്റ്റ് ചെയ്ത കോൺടാക്റ്റ് തപ്പിപ്പിടിച്ചാണ് താമസിക്കാനൊരു സ്ഥലം ഏർപ്പാടാക്കിയത്. ഉൾഗ്രാമമായതിനാൽ ബസ് ഇല്ല. തൊട്ടടുത്ത ടൗണിൽ ഇറങ്ങി ടാക്സി വിളിക്കണം. ടാക്സി എന്ന ഏർപ്പാടും കുറവ്. ഞങ്ങളെ താമസിപ്പിക്കാമെന്നേറ്റ കരീം ഷൊക്രൊല്ലാഹി അയാളുടെ ഒരു ബന്ധുവിനെ ഞങ്ങളെ കൂട്ടാൻ വേണ്ടി അയച്ചു. 

പുലർച്ചെ നാല് മണിക്കാണ് തൊട്ടടുത്ത പട്ടണമായ കമ്യരാനിൽ എത്തുന്നത്. അവിടെ ഞങ്ങളെയും കാത്ത് ആമിർ നിൽക്കുന്നുണ്ടായിരുന്നു. ഗോട്ടിയും കൂളിംഗ് ഗ്ളാസ്സുമൊക്കെ വച്ച് നമ്മുടെ ഭാഷയിൽ ഒരു ഫ്രീക്കൻ. സ്റ്റോപ്പ് വിട്ട് പോവുമോ എന്ന ഭയത്തിൽ ബസിലിരുന്ന് ഉറങ്ങിയതേയില്ല. അതിനാൽ ടാക്സിയിൽ കയറിയതും ഉറങ്ങിപ്പോയി. അതുകൊണ്ട് തന്നെ വഴികളോ ചെന്നെത്തുന്ന സ്ഥലമോ ഒന്നും കാണാൻ കഴിഞ്ഞില്ല. പലങ്ങാനിലെത്തിയതും വീടിന്റെ താക്കോൽ ഞങ്ങളുടെ കയ്യിൽ തന്ന് ആമിർ അപ്രത്യക്ഷനായി. കരീം ഷൊക്രൊല്ലാഹി തന്റെ വീട്ടിൽ താമസിപ്പിക്കാം എന്നാണ് വാട്സാപ്പ് വഴി പറഞ്ഞിരുന്നത്. എന്നാൽ അയാളുടെ പൊടി പോലുമില്ല. എന്തായാലും വീടിന്റെ വാതിൽ തുറന്ന് അകത്ത് കയറി. ഒരു ഹാളും മുറിയും അടുക്കളയും അടങ്ങിയതാണ് വീട്. കട്ടിലൊന്നുമില്ല. നിലത്ത് കിടക്കകളുണ്ട്. കയറിക്കിടന്നു. ഉറങ്ങി.

പലങ്ങാനിലെ പ്രഭാതം

വെളിച്ചം വീണപ്പോൾ ബാൽക്കണിയിലേക്ക് ഇറങ്ങി. ഒരു കുന്നിന്റെ മുകളിലായിട്ടാണ് വീട്. താഴെ തൊട്ടു മുന്നിൽ മറ്റൊരു കുന്നുണ്ട്. അവിടവിടെയായി ഒന്നു രണ്ട് മരങ്ങൾ കാണാം. താഴെ ഉയർന്നും താണും കുന്നുകൾ. അവയുടെ മുകളിൽ തട്ടുതട്ടായി തീപ്പെട്ടിക്കൂടുകൾ അടുക്കി വെച്ചത് പോലെ വീടുകൾ.  തൊട്ടപ്പുറത്തുള്ള കുന്നിൽ ഒരു അച്ഛനും മകനും. ആ കുട്ടി സൈക്കിൾ ചവിട്ടുകയാണ്. ഞങ്ങൾ കുളിച്ച് റെഡിയായി എവിടെ നിന്നെങ്കിലും ഭക്ഷണം കിട്ടുമോ എന്ന് നോക്കി വാതിലും പൂട്ടി ഇറങ്ങി. അപ്പോഴേക്കും സൈക്കിൾ ചവിട്ടിയിരുന്ന കുട്ടിയും അച്ഛനും കുന്നിറങ്ങിയെത്തിയിരുന്നു. അയാൾ ഷർട്ടും അതിന് താഴെ വളരെ ലൂസായ ഹാരം പാന്റ് പോലുള്ള ഒരു വസ്ത്രവുമാണ് ധരിച്ചത്. തുണി കൊണ്ട് കയറു പോലെ പിരിച്ച് അരയിൽ പല ചുറ്റായി കെട്ടിയിട്ടുണ്ട്. അടുത്ത് വന്ന് ഹലോ പറഞ്ഞ് സ്വയം പരിചയപ്പെടുത്തി. ‘‘കരീം ഷൊക്രൊല്ലാഹി’’! അയാളുടെ വീട്ടിലാണ് ഞങ്ങൾ താമസിക്കുന്നത്. പുറത്തിറങ്ങാൻ നിൽക്കുകയാണെന്ന് പറഞ്ഞപ്പോൾ ഭക്ഷണം കഴിച്ചിട്ട് പോവാമെന്ന് പറഞ്ഞ് വീട്ടിലേക്ക് ക്ഷണിച്ചു. ഞങ്ങൾ നിൽക്കുന്നതിന്റെ തൊട്ടടുത്ത കെട്ടിടത്തിലാണ് അയാളും കുടുംബവും താമസിക്കുന്നത്. അയാളുടെ ഔട്ട് ഹൗസാണ് താമസത്തിനായി ഒരുക്കിയിരിക്കുന്നത്. 

Kurdistan

എല്ലാവിധ സൗകര്യങ്ങളുമുള്ള വീടാണ് കരീമിന്റേത്. ലവാഷ് എന്ന ടിഷ്യൂ പേപ്പർ പോലെയിരിക്കുന്ന ബ്രെഡ്ഡും ചീസും പനീറും പുഴുങ്ങിയ മുട്ടയും തക്കാളിയുമാണ് ഭക്ഷണം. കൂടെ കട്ടൻ ചായയും. അതും കഴിച്ച് കുന്നിറങ്ങി.  

കുർദുകളുടെ നാട്

ആകെ ഒരു പൊടി നിറമാണീ ഗ്രാമത്തിന്. മരങ്ങൾ പൊതുവെ കുറവാണ്. ട്രക്കും മോട്ടോർസൈക്കിളുകളൂം മാത്രമേ മൺവഴിയിലൂടെ പോവൂ. ഇടയ്ക്ക് സാധനങ്ങൾ പുറത്ത് കയറ്റി പോകുന്ന കഴുതകളെയും കാണാം.  നടന്നു തുടങ്ങിയപ്പോൾ ഫർഹാദിനെയും സുമയ്യയെയും പരിചയപ്പെട്ടു. ആങ്ങളയും പെങ്ങളുമാണ്. അടുത്തുള്ള പട്ടണത്തിൽ നിന്ന് ഈ ഗ്രാമം കാണാൻ വന്നതാണവർ. കുർദിസ്ഥാൻ സ്വദേശികൾ. ഫർഹാദ് ടെഹ്റാനിൽ പഠിക്കുകയാണ്. മുറി ഇംഗ്ലിഷ് സംസാരിക്കും. സുമയ്യയ്ക്ക് ഇംഗ്ലിഷ് മനസ്സിലാവില്ല. അവരും ആദ്യമായാണ് ഇവിടെ വരുന്നത്. കുർദുകളെക്കുറിച്ചും അവരുടെ തനതായ ഭാഷ, ഭക്ഷണം, ഉത്സവങ്ങൾ തുടങ്ങിയവയെക്കുറിച്ചുമൊക്കെ ഫർഹാദ് സംസാരിച്ചു.                           

കുർദുകൾക്ക് ഭൂരിപക്ഷമുള്ള പ്രദേശമാണ് പൊതുവെ കുർദിസ്ഥാൻ എന്നറിയപ്പെടുന്നത്. ഇറാൻ, ഇറാഖ്, തുർക്കി, സിറിയ എന്നീ രാജ്യങ്ങളിലായി അത് വ്യാപിച്ച് കിടക്കുന്നു. സ്വന്തമായി രാജ്യം വേണം എന്ന ആവശ്യമുന്നയിച്ച് ഒരു വിഭാഗം കുർദുകൾ പ്രക്ഷോഭങ്ങളും പോരാട്ടങ്ങളും നടത്തുന്നുണ്ട്. അതു കൊണ്ട് ഇതൊരു പ്രശ്ന ബാധിത പ്രദേശമാണ്. ഇതിൽ ഇറാഖിന്റെയും സിറിയയുടെയും ഭാഗമായ കുർദിസ്ഥാൻ സ്വയം ഭരണ പ്രദേശങ്ങളാണ്. ഇറാനിലെ കുർദിസ്ഥാൻ കേന്ദ്ര ഭരണത്തിന്റെ കീഴിലാണ്. ഞങ്ങൾ താമസിച്ച ഗ്രാമത്തിൽ ആൾക്കാർ വളരെ സമാധാനത്തോടെയാണ് കഴിയുന്നത്. 

പൂർണരൂപം വായിക്കാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA