ഇങ്ങനെയൊക്കെ ചെയ്തത് ജീവിതത്തില്‍ ആദ്യമായി, മാധുരി ദീക്ഷിത് കണ്ട ശ്രീലങ്ക!

madhuri-dixit-srilankan-trip
SHARE

ബോളിവുഡ് നടി മാധുരി ദീക്ഷിതിന്‍റെ ഇന്‍സ്റ്റഗ്രാം പേജ് നിറയെ യാത്രയുടെ ചിത്രങ്ങളാണ്. ഭര്‍ത്താവ് ശ്രീറാം നെനെക്കൊപ്പവും മക്കളായ അരിന്‍, റയാന്‍ എന്നിവര്‍ക്കൊപ്പവുമൊക്കെയുള്ള യാത്രാചിത്രങ്ങള്‍ മാധുരി പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ ഏറ്റവും പുതുതായി താന്‍ നടത്തിയ ശ്രീലങ്കന്‍ യാത്രയുടെ വിശേഷങ്ങള്‍ യുട്യൂബിലൂടെ പങ്കു വയ്ക്കുകയാണ് നടി. താന്‍ ഇതുവരെ ചെയ്യാത്ത നിരവധി ആക്റ്റിവിറ്റികള്‍ അവിടെ ചെയ്യാന്‍ സാധിച്ചുവെന്നും മനോഹരങ്ങളായ ദിനങ്ങളാണ് അവിടെ ചെലവഴിക്കാന്‍ പറ്റിയതെന്നും മാധുരി.

ശ്രീലങ്കയുടെ പച്ചപ്പു നിറഞ്ഞ മനോഹര പ്രദേശങ്ങള്‍ കാണിച്ചു കൊണ്ടാണ് വിഡിയോ തുടങ്ങുന്നത്. ഭര്‍ത്താവിനൊപ്പമുള്ള ഹെലികോപ്റ്റര്‍, ബോട്ട് യാത്രകളും ചിത്രീകരിക്കുന്നു. ഒപ്പം യാത്രയുടെ വിവിധ ഘട്ടങ്ങളിലായി എടുത്ത ചിത്രങ്ങളും ഈ വിഡിയോയിലുണ്ട്. 

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് സൗജന്യ വീസ ഓണ്‍ അറൈവല്‍ സൗകര്യം ഉള്ള രാജ്യമായിരുന്നു ശ്രീലങ്ക. എന്നാല്‍ 258 പേരുടെ ജീവന്‍ കവര്‍ന്നെടുത്ത സ്ഫോടനത്തിന് ശേഷം കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ഈ സൗകര്യം വിലക്കിയിരുന്നു. പിന്നീട് ആഗസ്റ്റില്‍ വീണ്ടും പുനസ്ഥാപിച്ചു. ഈ വര്‍ഷം ഏപ്രില്‍ 30 വരെയാണ് ഇന്ത്യയില്‍ നിന്നടക്കം 48 രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക്  സൗജന്യ വീസ ഓണ്‍ അറൈവല്‍ ലഭ്യമാവുക.

ഇന്ത്യയില്‍ നിന്നുള്ള ധാരാളം സഞ്ചാരികള്‍ വന്നെത്തുന്ന രാജ്യമാണ് 'ഇന്ത്യയുടെ കണ്ണുനീര്‍' എന്നറിയപ്പെടുന്ന ശ്രീലങ്ക. മനോഹരമായ ബീച്ചുകളും തനതായ കരകൗശല വിദ്യകളും ഉദയാസ്തമയക്കാഴ്ച്ചകളും സമ്പന്നമായ ജൈവവൈവിധ്യവുമെല്ലാം ചേര്‍ന്ന് സഞ്ചാരികള്‍ക്ക് കണ്ണിനും മനസ്സിനും വിരുന്നൊരുക്കുന്ന മനോഹര രാജ്യമാണിത്.

മരതകദ്വീപിന്റെ വശ്യതയാർന്ന കാഴ്ചകളും സാഹസികവിനോദങ്ങളിലേർപ്പെടാനുമായി നിരവധി സഞ്ചാരികൾ ഇവിടേക്ക് എത്തിച്ചേരാറുണ്ട്. ലങ്കാധിപനായിരുന്ന രാവണന്റെ സ്വർണ്ണ നഗരിയായ ശ്രീലങ്ക ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു രാജ്യമാണ്. ആനകളുടെ അനാഥാലയമായ പിന്നാവാല ആരെയും ആകർഷിക്കും. കൊളംബോ വിമാനത്താവളത്തിൽനിന്ന് പ്രധാന ഹിൽസ്റ്റേഷനായ കാൻഡിയിലേക്ക് പോകുന്നവഴിയാണ് പിന്നാവാല എന്ന സ്ഥലം.

അവിടെ 25 ഏക്കറോളം പരന്നുകിടക്കുന്ന ആനകളുടെ ഈ അനാഥാലയത്തിന് പുരാണവുമായും ബന്ധമുണ്ട്. അടുത്ത ആകർഷണം ശ്രീബുദ്ധന്റെ പല്ല്  ആരാധിക്കുന്ന  ക്ഷേത്രമായ ഡാലാഡ മാലിഗവ ക്ഷേത്രമാണ്.  ശ്രീലങ്കയുടെ ചരിത്രവും, സംസ്‌കാരവും, പ്രകൃതി സൗന്ദര്യവും സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒന്നാണ്.മീൻ പിടിത്തമാണ് ഇവിടുത്തുക്കാരുടെ മുഖ്യതൊഴിൽ. കടൽതീരങ്ങളും കാഴ്ചകളും നിറഞ്ഞയിവിടം രുചിനിറച്ച വിഭവങ്ങൾക്കും പിന്നിലല്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA