ADVERTISEMENT

തായ് ഡയറി 

അദ്ധ്യായം 6 

തായ്‌ലൻഡ് - മ്യാൻമാർ അതിർത്തിയിലേക്കാണ് ഇനി യാത്ര. ഞങ്ങളുടെ യാത്രയിൽ ഒടുവിൽ സന്ദർശിച്ച ഡോയ് ഇൻത്തനൺ നാഷണൽ പാർക്കിൽ നിന്ന് 60 കി.മീ. അകലെയാണ് മേസോട്ട് എന്ന, തായ്‌ലൻഡ് - മ്യാൻമാർ അതിർത്തി പട്ടണം. സത്യത്തിൽ, എന്റെ ഒരാളുടെ നിർബന്ധമാണ് യാത്ര മേസോട്ടിലേക്ക് നീളാൻ കാരണം. ഞാൻ തലേന്ന് ചിയാങ്മായ് നൈറ്റ് മാർക്കറ്റിൽ നിന്ന് ടൂർ പാക്കേജ് എടുത്തപ്പോൾത്തന്നെ മേസോട്ടിൽ കൊണ്ടു പോകണം എന്നാവശ്യപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ  എന്റെ കൂടെയുള്ള സംഘാംഗങ്ങൾ ആരും തന്നെ മേസോട്ട് സന്ദർശിക്കാൻ താൽപര്യമുള്ളവരല്ല. എനിക്കു മാത്രമാണ് താൽപര്യം എന്നറിഞ്ഞപ്പോൾ ഗൈഡ് രണ്ടുതവണ എന്നോടു ചോദിച്ചു,'മേസോട്ടിൽ പോകണം എന്ന് നിർബന്ധമുണ്ടോ' എന്ന്. ഉണ്ടെന്ന് ഞാൻ കട്ടായം പറഞ്ഞു. 120കി.മീ. എനിക്കു വേണ്ടി മാത്രമായി, അധികമായി ഓടുകയാണിപ്പോൾ.

 

1thai-diary
തായ്‌ലാൻഡിനും മ്യാൻമാറിനും ഇടയിലുള്ള ഫ്രണ്ട്ഷിപ് പാലം

മുമ്പൊരിക്കൽ ഞാൻ മേസോട്ടിൽ വന്നിട്ടുണ്ട്. അന്ന് കനത്ത മഴയായിരുന്നു. അതുകൊണ്ടാണ് ഒരിക്കൽ കൂടി അവിടെ പോകണം എന്നാഗ്രഹിച്ചത്.വിസ്തൃതമായ കൃഷിയിടങ്ങൾക്കു നടുവിലൂടെയുള്ള റോഡിലൂടെയാണ് വാൻ പായുന്നത്. കഴിഞ്ഞ അദ്ധ്യായത്തിൽ എഴുതിയതുപോലെ 'ദശലക്ഷം നെൽപ്പാടങ്ങളുടെ നാടാ'ണല്ലോ ചിയാങ്‌റായ്.മേസോട്ട് എത്തുന്നതിന് പത്തു കി.മീ മുമ്പു തന്നെ ഒരു അതിർത്തി പട്ടണത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. പട്ടാളക്കാരുടെ ബാഹുല്യമാണ് അതിർത്തി പട്ടണങ്ങളുടെ പൊതുലക്ഷണം. പട്ടാളബാരക്കുകൾ, റോഡിൽ ചെക്കിങ് എന്നിവയൊക്കെ ഈ പ്രദേശങ്ങളിൽ പ്രതീക്ഷിക്കാം.

 

2thai-diary
തായ്‌ലാൻഡിന്റെ വടക്കേ അറ്റം എന്നെഴുതിയ കവാടം

മ്യാൻമറിൽ നിന്നുള്ള ധാരാളം അഭയാർത്ഥികൾ ഒളിഞ്ഞും തെളിഞ്ഞും താമസിക്കുന്ന സ്ഥലമാണ് മേസോട്ട്. മ്യാൻമറിൽ പട്ടാളഭരണം ഉണ്ടായപ്പോഴും പിന്നീട് ആഭ്യന്തര കലഹങ്ങളുണ്ടായപ്പോഴും മേസോട്ടിലേക്ക് അഭയാർത്ഥികൾ ഒഴുകിയെത്തി. മ്യാൻമറിലെ മ്യാവഡ്ഡി എന്ന നഗരത്തിലേക്ക് മേസോട്ടിൽ നിന്ന് 9 കി.മീ ദൂരമേയുള്ളൂ.അതിർത്തി പട്ടണങ്ങൾ എപ്പോഴും കള്ളക്കടത്തിന്റെയും കരിഞ്ചന്തയുടെയും കേന്ദ്രങ്ങളാകാറുണ്ട്.

 

4thai-diary
അതിർത്തി സൂചിപ്പിക്കുന്ന ബോർഡ്

മേസോട്ടും അങ്ങനെ തന്നെ. മ്യാൻമറിനും തായ്‌ലന്റിനുമിടയിൽ കള്ളക്കടത്ത് വർദ്ധിക്കാൻ കാരണം മ്യാൻമർ, തായ്‌ലൻഡിനെ അപേക്ഷിച്ച് ഒരു ദരിദ്രരാജ്യമാണ് എന്നുള്ളതാണ്. രത്‌നങ്ങൾ, തേക്ക് തടി എന്നിവയാണ് ഇരു രാജ്യങ്ങൾക്കിടയിൽ ഏറ്റവുമധികം വില്പന നടക്കുന്ന ചരക്കുകൾ.തായ്‌ലൻഡിൽ അഭയാർത്ഥികളായെത്തിയ 1.06ലക്ഷം മ്യാൻമാർ പൗരന്മാർക്ക് തായ്‌ലൻഡ് പൗരത്വം നൽകിയിട്ടുണ്ട്. എന്നാൽ അനധികൃതമായി ഒരു ലക്ഷം പേർ കൂടി മേസോട്ടിലൂടെ തായ്‌ലൻഡിൽ പ്രവേശിച്ചിട്ടുണ്ടത്രേ.

5thai-diary
അതിർത്തിയിലെ തായ്‌ലാൻഡിന്റെ കവാടം

 

മ്യാൻമർ പൗരന്മാരിൽ നിന്ന് പണം ഈടാക്കി അനധികൃതമായി തായ്‌ലൻഡിലെത്തിക്കുന്ന ഏജന്റുമാരുടെ കേന്ദ്രമാണ് മ്യാവഡ്ഡി . 2010 ഒക്‌ടോബറിൽ ഇരുരാജ്യങ്ങളുടെയും ഭരണാധികാരികൾ ഒത്തുചേർന്ന്, മേസോട്ട് ബോർഡർ വഴി സഞ്ചരിക്കുന്ന മ്യാന്മാർ പൗരന്മാർക്കും തായ് പൗരന്മാർക്കും ഏഴു ദിവസം ഇരു രാജ്യങ്ങളിലും വിസ കൂടാതെ താമസിക്കാനുള്ള കരാറിൽ ഒപ്പിടുകയും ചെയ്തു.

6thai-diary
അതിർത്തിയിലെ തായ്‌ലാൻഡിന്റെ കവാടം

 

ഇന്ത്യയുടെ അതിർത്തി സംസ്ഥാനമായ മണിപ്പൂരിലെ മോറെയിൽ നിന്ന് തായ്‌ലൻഡ് അതിർത്തിപ്പട്ടണമായ മേസോട്ടിലേക്ക് 1313 കി.മീ ദൂരമേയുള്ളൂ.  അതായത് മണിപ്പൂരിൽ നിന്ന് മ്യാൻമറിലൂടെ 1313 കി.മീ. ഓടിയാൽ തായ്‌ലൻഡിലെത്താം എന്നർത്ഥം. ഈ റോഡ് ഒരു ഹൈവേയാക്കി മാറ്റി, ഇന്ത്യയിൽ നിന്ന് സഞ്ചാരികൾക്കും വ്യാപാരികൾക്കും തായ്‌ലൻഡിലെത്താനുള്ള സൗകര്യമൊരുക്കാൻ മൻമോഹൻസിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ചർച്ചകൾ നടത്തിയതാണ്.

 

എന്നാൽ മ്യാൻമറിലെ റോഡുകളിൽ പലതും ഇപ്പോഴും ഹൈവേയായിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. തന്നെയുമല്ല, മ്യാൻമാറിലെ നിയമം അനുസരിച്ച്, മ്യാൻമാറിലൂടെ മറ്റു രാജ്യക്കാരുടെ വാഹനം ഓടിക്കണമെങ്കിൽ ചില കടമ്പകളുണ്ട്. മ്യാൻന്മാറിലെ ഒരു ഗൈഡ് ഒപ്പം ഉണ്ടാകണമെന്നും മ്യാന്മാർ രജിസ്‌ട്രേഷനുള്ള ഒരു വാഹനം ഇന്ത്യയുടെ അതിർത്തി മുതൽ തായ്‌ലൻഡ് അതിർത്തി വരെ ഇന്ത്യൻ വാഹനത്തിന് അകമ്പടി സേവിക്കണമെന്നുമാണ് നിയമം. 

7thai-diary
അതിർത്തി പട്ടണമായ മേസോട്ട്

 

 

8thai-diary
തായ്‌ലാൻഡിന്റെ കാവാടത്തിലൂടെ മ്യാൻമാറിന്റെ അതിർത്തി കാണുമ്പോൾ

ഇത് ഇന്ത്യയിൽ നിന്നുള്ള യാത്രികർക്ക് വലിയ ചെലവ് വരുത്തിവെക്കുന്നുണ്ട്. ഈയിടെ കൊച്ചിയിൽ നിന്ന് സിംഗപ്പൂർ വരെ കാറോടിച്ചു പോകാനായി ഞാൻ ഇതേക്കുറിച്ച് കൂടുതൽ പഠിച്ചപ്പോൾ, ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളിൽ ഒരാൾക്ക് ഏകദേശം 50,000 രൂപ ഗൈഡിനും വാഹനത്തിനുമായി നൽകേണ്ടി വരും എന്നാണ് അറിയാൻ കഴിഞ്ഞത്. മ്യാൻമാർ വഴി ഇന്ത്യക്കാർക്ക് വലിയ ചെലവില്ലാതെ വാഹനമോടിച്ച് സഞ്ചരിക്കാൻ കഴിഞ്ഞാൽ അതുവഴി തായ്‌ലൻഡ്, ലാവോസ്, കംബോഡിയ, വിയറ്റ്‌നാം, ചൈന, മലേഷ്യ,  സിംഗപ്പൂർ എന്നിവിടങ്ങളിലേക്കൊക്കെ 'ക്രോസ്സ് കൺട്രി' യാത്രാ നടത്താം.

 

8thai-diary8
തായ്‌ലാൻഡിന്റെ കാവാടത്തിലൂടെ മ്യാൻമാറിന്റെ അതിർത്തി കാണുമ്പോൾ

 

റോഡ് കൂടാതെ, ഇന്ത്യയിൽ നിന്ന് ചൈനയിലേക്ക് മ്യാൻമാറും തായ്‌ലൻഡും കടന്ന് ഒരു റെയിൽവേ ലൈനും പരിഗണനയിലുണ്ട്. ട്രാൻസ്-ഏഷ്യൻ റെയിൽവേ എന്നു പേരിട്ട ഈ റെയിൽവേ ചൈനയിലൂടെ യൂറോപ്പിലേക്കും നീളുന്ന രീതിയിലാണ് വിഭാവനം ചെയ്തിരുന്നത്. മണിപ്പൂരിലെ ജിരിബാം എന്ന സ്ഥലത്തു നിന്ന് മ്യാന്മാറിലെ കലയ് എന്ന സ്ഥലത്തേക്ക് 346 കി.മീ ദൂരത്തിൽ റെയിൽപ്പാളം പണിതാൽ ഇരുരാജ്യങ്ങളും തമ്മിൽ റെയിൽപാതയിലൂടെ ബന്ധിക്കപ്പെടും. ഈ പാതയ്ക്ക് ഇന്ത്യൻ റെയിൽവേ 2011ൽ അംഗീകാരം നൽകിയതാണെങ്കിലും ജിരിബാമിൽ നിന്ന് മണിപ്പൂരിലെ തിപുൽ വരെയുള്ള 97 കിലോമീറ്ററേ പൂർത്തിയായിട്ടുള്ളു.

 

 

ഞങ്ങളുടെ വാൻ 60 കി.മീ ഓടി മേസോട്ടിൽ പ്രവേശിച്ചു. തായ്‌ലൻഡിലെ ഏതൊരു ചെറുനഗരത്തിന്റെയും തനിപ്പകർപ്പാണ് മേസോട്ട്. എന്നാൽ 'മ്യാൻമാർ മുഖ'മുള്ളവരെയും ധാരാളം കാണാം എന്നുമാത്രം.വാൻ ഒരു റോഡരികിൽ നിർത്തിയിട്ട് ഗൈഡ് മുന്നിൽ കാണുന്ന വലിയ കമാനം ചൂണ്ടിക്കാണിച്ചു. അതാണ് തായ്‌ലൻഡിന്റെ അതിർത്തി കവാടം. അതിലൂടെ നോക്കുമ്പോൾ ഒരു പാലം കാണാം. തായ്‌ലൻഡിനും മ്യാൻമറിനും ഇടയിലൂടെ ഒഴുകുന്ന തൗങ്‌യിൻ നദിയുടെ മേലെ നിർമ്മിച്ച ഈ പാലം ഫ്രണ്ട്ഷിപ്പ് ബ്രിഡ്ജ് എന്നറിയപ്പെടുന്നു. പാലത്തിനരികെ കാണുന്ന കവാടം മ്യാൻമാറിന്റേതാണ്.

 

ഞങ്ങൾക്ക് മ്യാൻമാറിൽ പ്രവേശിക്കാൻ വിസയില്ല. എന്നാൽ,വേണമെങ്കിൽ 10 ഡോളർ കൊടുത്താൽ ഒരു ദിവസം മ്യാൻമാറിൽ പോയി തിരിച്ചുവരാൻ അനുവദിക്കുന്നുണ്ടത്രേ. മ്യാൻമാറിൽ കടന്ന്, 9. കിമീ അപ്പുറത്തുള്ള മ്യാവഡ്ഡിയിലെത്തി, അവിടുത്തെ പ്രശസ്തമായ ക്ഷേത്രവും മറ്റും കണ്ട് വൈകുന്നേരം തിരികെ തായ്‌ലൻഡിലെത്താം.

 

എന്നാൽ ഞങ്ങൾക്ക് തിരികെ രാത്രി തന്നെ ചിയാങ്മായിലെത്തണമല്ലോ. അതുകൊണ്ട്, തായ്‌ലൻഡിന്റെ ഭാഗത്തു നിന്ന് മ്യാൻമാർ നോക്കി കൊതിക്കാനേ പറ്റൂ.

ഒരു വലിയ കച്ചവടകേന്ദ്രമാണ് മേസോട്ട്. എല്ലാ തരത്തിലുമുള്ള സാധനങ്ങൾ വാങ്ങിക്കാൻ കിട്ടും. വഴിവാണിഭക്കാരും ധാരാളം.

ഞങ്ങൾ നടന്ന് തായ്‌ലൻഡിന്റെ കവാടത്തിനടുത്തെത്തി. കവാടത്തിനോടു ചേർന്ന് വിനോദസഞ്ചാരികൾക്കായി മറ്റൊരു കവാടം നിർമ്മിച്ചിട്ടുണ്ട്. ഇവിടെ തായ്‌ലൻഡിന്റെ വടക്കേ അറ്റം എന്നെഴുതി വെച്ചിട്ടുമുണ്ട്. ഇവിടെ നിന്ന് ഫോട്ടോ എടുക്കാം.

 

 

ഈ കവാടത്തിനു പിന്നിൽ നിന്നാൽ ഫ്രണ്ട്ഷിപ്പ് ബ്രിഡ്ജും അതിനു പിന്നിലായി മ്യാന്മാർ അതിർത്തിയിലെ കവാടവും കാണാം. 'റിപ്പബ്ലിക് ഓഫ് ദ യൂണിയൻ ഓഫ് മ്യാന്മാർ' എന്ന് കവാടത്തിൽ എഴുതിയിട്ടുണ്ട്. നിരവധി പേർ തായ്‌ലൻഡ് ഇമിഗ്രേഷൻ കടന്ന് ഫ്രണ്ട്ഷിപ്പ് ബ്രിഡ്ജിലൂടെ മ്യാൻമാറിലേക്ക് കാൽനടയായി സഞ്ചരിക്കുന്നുണ്ട്. വാഹനങ്ങളും ഇരുവശത്തേക്കും പോകുന്നുണ്ട്.

ഇവിടെ നിന്ന് ഞാൻ ആലോചിച്ചത് വിവിധ രാജ്യങ്ങളും ഇന്ത്യയുമായുള്ള അതിർത്തികളുടെ അവസ്ഥയാണ്. ഇന്ത്യ-നേപ്പാൾ, ഇന്ത്യ-ബംഗ്ലാദേശ്, ഇന്ത്യ ഭൂട്ടാൻ അതിർത്തികൾ ഉദാഹരണം. ചെളി നിറഞ്ഞ ഇന്ത്യൻ നഗരങ്ങളാണ് ഇവിടെയെല്ലാം നമ്മെ സ്വാഗതം ചെയ്യുന്നത്. അങ്ങേയറ്റം വൃത്തിഹീനമാണ് ഈ നഗരങ്ങൾ. ഉദാഹരണം ഭൂട്ടാൻ-ഇന്ത്യ അതിർത്തിയിലെ ജയ് ഗാവ് എന്ന ചെറു പട്ടണം. ഇന്ത്യയുടെ ജയ് ഗാവ്കടന്നാൽ ഭൂട്ടാന്റെ ചെറുപട്ടണമായ ഫുൺഷൊലിങ് എത്തും. ഒരു ഗേറ്റിനപ്പുറവും ഇപ്പുറവുമുള്ള ജയ് ഗാവും ഫുൺഷൊലിങും തമ്മിലുള്ള വൃത്തിയുടെയും അച്ചടക്കത്തിന്റെയും അന്തരം അനഭവിച്ചറിയേണ്ടതു തന്നെ.

 

 

എന്നാൽ വാഗയിലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയും നാഥുല പാസിലെ ഇന്ത്യ-ചൈന അതിർത്തിയും വൃത്തിയുടെ കാര്യത്തിൽ ഭേദമാണ്. ഇന്ത്യയുമായി മുമ്പ് യുദ്ധം നടത്തുകയും അത്ര സന്തോഷകരമല്ലാത്ത ബന്ധം പുലർത്തുകയും ചെയ്യുന്ന രാജ്യങ്ങളുമായുള്ള അതിർത്തി മാത്രമേ ഇന്ത്യ വൃത്തിയായി സൂക്ഷിക്കുകയുള്ളൂ എന്നു തോന്നുന്നു!

കുറേ നേരം മേസോട്ടിലെ തായ്‌ലൻഡ്-മ്യാൻമാർ അതിർത്തിയിൽ ചുറ്റിക്കറങ്ങി നിന്ന്, ചായയൊക്കെ കുടിച്ച് ഉഷാറായ ശേഷം വീണ്ടും വാനിൽ പ്രവേശിച്ചു. ഇനി മൂന്നു മണിക്കൂറിലേറെ സഞ്ചരിച്ചു വേണം ചിയാങ്മായിലെത്താൻ. അതോടെ എന്റെ ചിയാങ് മായ്-ചിയാങ്‌റായ് സന്ദർശനം അവസാനിക്കുകയാണ് പിറ്റേന്ന് രാവിലെയുള്ള വിമാനത്തിൽ ബാങ്കോക്കിലേക്ക്. അവിടെയുമുണ്ട് ചില കാഴ്ചകൾ കാണാൻ.

(തുടരും)

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com