കൂടുതല്‍ ആയുസ്സുള്ള ആളുകള്‍ വസിക്കുന്ന ദ്വീപിലേക്ക് നടി നൂറിന്‍റെ യാത്ര!

noorin-travel
SHARE

ഒകിനാവ സ്കൂട്ടറിനെ ചിലപ്പോള്‍ എല്ലാവര്‍ക്കും പരിചയം കാണും. എന്നാല്‍, അതേ പേരിലുള്ള ഒരു ദ്വീപിനെപ്പറ്റി കേട്ടിട്ടുണ്ടോ? ജപ്പാനിലാണ് ഈ മനോഹര ദ്വീപ്‌ സ്ഥിതി ചെയ്യുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആയുസ്സുള്ള ജനങ്ങള്‍ വസിക്കുന്ന ഇടം കൂടിയാണ് ഇത്. മലിനീകരണപ്രശ്നങ്ങള്‍ കുറവായതു കൊണ്ടുതന്നെ അസുഖങ്ങള്‍ പിടിപെടുന്നതും വളരെ അപൂര്‍വമാണ്.

160-ലധികം ദ്വീപുകൾ ഉൾക്കൊള്ളുന്ന ഈ ദ്വീപ്‌ സമൂഹത്തിലെ 47 എണ്ണം വിദൂര ദ്വീപുകളാണ്. ജാപ്പനീസ് ആണ് ഭാഷ. പതിനഞ്ചു ലക്ഷത്തില്‍ താഴെ മാത്രമാണ് ഇവിടത്തെ ജനസംഖ്യ.

മലയാളികളുടെ 'ഫ്രീക്ക് പെണ്ണ്' നൂറിന്‍ ഷെരീഫ് തന്‍റെ ഒകിനാവ യാത്രയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിട്ടുണ്ട്. ഓറഞ്ചു നിറമുള്ള സല്‍വാറില്‍ പുതുപ്പെണ്ണിനെപ്പോലെ അണിഞ്ഞൊരുങ്ങി കണ്ണാടിയില്‍ മുഖം നോക്കുന്ന പോലെ ഭാവിക്കുന്ന ചിത്രമാണ്‌ നൂറിന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഇന്ത്യക്കാര്‍ക്ക് പറ്റിയ മികച്ച വെഡ്ഡിംഗ് ഡെസ്റ്റിനേഷന്‍ ആണ് ഇതെന്ന് നൂറിന്‍റെ പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.

കടലിനടിയിലെ മായികലോകത്തില്‍

മനോഹരമായ നീലക്കടലാണ് ഒകിനാവയ്ക്ക് ചുറ്റും. സ്ഫടികസമാനമായ ജലത്തില്‍ വർണ്ണാഭമായ പവിഴപ്പുറ്റുകളും വൈവിധ്യമാർന്ന സമുദ്രജീവികളും ചേര്‍ന്ന് സൃഷ്ടിക്കുന്ന സ്വപ്നസമാനമായ ലോകമാണ്. കോബാൾട്ട് നീലയില്‍ പരന്നുകിടക്കുന്ന ജലപ്പരപ്പിന്‍റെ നിഗൂഡസൗന്ദര്യം നിരവധി സഞ്ചാരികളെയാണ് ഇങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നത്.

യാത്രികര്‍ക്ക് വിശ്രമിക്കാന്‍ ഇവിടെ ധാരാളം മനോഹരമായ ബീച്ച് റിസോർട്ടുകളുണ്ട്. സ്വകാര്യത ആഗ്രഹിക്കുന്നവര്‍ക്ക് പ്രൈവറ്റ് ബീച്ചുകളുമുണ്ട്. മറ്റുള്ളവരുടെ ശല്യമില്ലാതെ സമുദ്ര കായിക വിനോദങ്ങളിലേര്‍പ്പെടാനും പ്രിയപ്പെട്ടവരുമൊത്ത് നല്ല നിമിഷങ്ങള്‍ ചെലവിടാനുമൊക്കെ ഇത്തരം പ്രൈവറ്റ് ബീച്ചുകള്‍ അവസരമൊരുക്കുന്നു. മനോഹരമായ സൂര്യാസ്തമയം കാണാനും ബാർബിക്യൂ പോലുള്ള ഔട്ട്‌ഡോർ കുക്കിംഗ് പരിപാടികള്‍ക്കും സണ്‍ബാത്തിനുമെല്ലാം ഇവിടെ പ്രത്യേകം സൗകര്യമുണ്ടാവും.

മനോഹരമായ പവിഴപ്പുറ്റുകൾക്ക് ചുറ്റും മത്സ്യത്തെപ്പോലെ നീന്തി നടക്കുന്നത് ഒന്നോര്‍ത്തു നോക്കൂ! ഒകിനാവയിലുടനീളം ഡൈവിംഗിനായുള്ള പ്രത്യേക സ്ഥലങ്ങള്‍ ധാരാളമുണ്ട്. കടലാമകളും കൂനന്‍ തിമിംഗലങ്ങളും ഉൾപ്പെടെയുള്ള ജലജീവികളെയും വെള്ളത്തിനടിയില്‍ വച്ച് കണ്ടുമുട്ടി ഒരു ഹലോ പറഞ്ഞു പിരിയാം! ഭാഗ്യമുണ്ടെങ്കില്‍ കോമാളിമത്സ്യം, മാന്റ തിരണ്ടികള്‍, ചുറ്റികത്തലയന്‍ സ്രാവുകള്‍ തുടങ്ങിയ 'സൂപ്പര്‍സ്റ്റാറു'കളെയും ഒരു നോക്കു കാണാനുള്ള അവസരം ലഭിച്ചേക്കാം!

കരാമ, ഒകിനാവ മെയിന്‍ ഐലന്‍ഡ്‌, കുമെ ഐലന്‍ഡ്‌, മിയാകോ, യേയാമ, യോനഗുനി, സമാമി ദ്വീപ്‌, ഇജ്യാകജ്യ, അക, അമ്യുറോ, തോകശികി, ഇരാബു, ഷിമോജി, ഇഷിഗാക്കി, ടേക്ക്ടോമി, നകനൗഗന്‍ തുടങ്ങിയ പ്രദേശങ്ങളാണ് ഡൈവിംഗ്, സ്നോര്‍ക്കലിംഗ് മുതലായ സമുദ്രവിനോദങ്ങള്‍ക്ക് ഏറ്റവും മികച്ച സ്ഥലങ്ങള്‍.

noorin-trip

വിനോദങ്ങള്‍ മാത്രമല്ല, ഇവിടുത്തെ സംസ്കാര സമ്പന്നതയും തനതായ കലാരൂപങ്ങളും ആരോഗ്യപരമായ ജീവിതരീതിയും പരിസ്ഥിതി സൗഹൃദ വാസ്തുശൈലിയും രുചിയൂറും ഭക്ഷണ വിഭവങ്ങളുമെല്ലാം സഞ്ചാരികളുടെ മനം കവരുന്നവയാണ്.

എങ്ങനെ എത്താം?

ഇന്ത്യയില്‍ നിന്നും ഒകിനാവയിലേക്ക് ഫ്ലൈറ്റുകള്‍ ലഭ്യമാണ്. ഏകദേശം പതിനഞ്ചു മണിക്കൂര്‍ സമയമാണ് ഒരു വശത്തേക്കുള്ള യാത്രക്ക് എടുക്കുന്നത്. 32,000 രൂപ മുതല്‍ മുകളിലേക്കാണ് ടിക്കറ്റ് ചാര്‍ജ്. നേരത്തെ ബുക്ക് ചെയ്‌താല്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭ്യമാക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA