കുടുംബത്തോടൊപ്പം ഇന്ത്യക്ക് പുറത്ത് കറങ്ങണോ?

family-trip
SHARE

യാത്രകള്‍ കുടുംബത്തോടൊപ്പം ആകുമ്പോള്‍ സന്തോഷം നിറഞ്ഞ മറ്റൊരു അനുഭവമാണ്. കുടുംബവും കുട്ടികളും ഒത്ത് യാത്ര ചെയ്യുമ്പോള്‍ പല കാര്യങ്ങള്‍ ശ്രദ്ധിക്കണം. പോകേണ്ട സ്ഥലവും സ്ഥലത്തെക്കുറിച്ചുള്ള മറ്റു വിവരങ്ങളും എല്ലാമടങ്ങിയ പട്ടിക വൻനിരയായിരിക്കും. കുട്ടികള്‍ ഒത്തുള്ള യാത്രയാകുമ്പോള്‍ തിരക്ക് കുറഞ്ഞ ശാന്തതയുള്ള ഇടങ്ങളാണ് നല്ലത്. ഇന്ത്യക്ക് പുറത്തേയ്ക്കുള്ള യാത്രയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഇതാ കുറച്ച് മനോഹരവും സുന്ദരവുമായ ചില രാജ്യങ്ങള്‍.

മാള്‍ട്ട

ഐലന്‍ഡ് ഓഫ് ലെജന്റ്‌സ് എന്നാണ് മാള്‍ട്ട അറിയപ്പെടുന്നത്. ഇറ്റാലിയന്‍ ദ്വീപായ സിസിലിക്ക് തെക്ക് ഭാഗത്തായി മെഡിറ്ററേനിയന്‍ കടലിലാണ് മാള്‍ട്ട ദ്വീപ് സ്ഥിതി ചെയ്യുന്നത്. പുരാതനപള്ളികള്‍ കോട്ടകള്‍,പഞ്ചാരമണല്‍ നിറഞ്ഞ ബീച്ചുകള്‍,പാറക്കൂട്ടങ്ങള്‍, ജ്യൂട്ടഡ് കോവുകള്‍ എന്നിവയാണ് ഈ ചെറിയ ദ്വീപിന്റെ ആകർഷണങ്ങൾ.

ഒപ്പം സ്‌കൂബ ഡൈവിങ്, സ്‌നോര്‍ക്കെല്ലിങ് തുടങ്ങി ആവേശകരമായ പ്രവര്‍ത്തനങ്ങളും അടക്കം ഒരു കുടുംബത്തിന് ആസ്വദിക്കാവുന്ന നിരവധി സാഹസികവിനോദങ്ങൾ ഇവിടെ ഉണ്ട്. മാള്‍ട്ടയുടെ ഭൂപ്രകൃതി ചുണ്ണാമ്പുകല്ല് കൊണ്ടുള്ള പാറക്കെട്ടുകളാല്‍ മൂടപ്പെട്ടിരിക്കുന്നു.‌ മാള്‍ട്ടയില്‍ സെന്റ് ജൂലിയന്‍ പോലുള്ള ആധുനിക നഗരങ്ങളുണ്ട്,  ചരിത്രത്തിന്റെ നാള്‍വഴികള്‍ ഉറങ്ങുന്ന നഗരവീഥികളിലൂടെ നടക്കുമ്പോള്‍ കുട്ടികള്‍ക്ക് ലഭിക്കുന്നത് പഴയ കാലങ്ങളുടെ അനുഭവ സമ്പത്താണ്.

ബഹാമസ് 

എഴുനൂറിലധികം സുന്ദരമായ ദ്വീപുകളാണ് ബഹാമസ് സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഇതില്‍ കുടുംബവുമൊത്ത് സമാധാനത്തോടെ സന്ദരശിക്കുവാനും തിരക്ക് ഒട്ടും ഇല്ലാത്ത നിരവധി ദ്വീപുകളും ഉണ്ട്.കരീബിയന്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിട്ടാണ് ഇവിടം കണക്കാക്കപ്പെടുന്നത്.ഫ്‌ളോറിഡയുടെ കിഴക്കന്‍ തീരത്ത് നിന്ന് 50 മൈല്‍ അകലെയാണ് ബീച്ചുകളുടെ ഈ പറുദീസ സ്ഥിതിചെയ്യുന്നത്.

Bahamas

ദ്വീപ് അനുഭവം, മനോഹരമായ ബീച്ചുകള്‍, നിരവധി ടൂറുകള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവ ബഹാമസ് നല്‍കുന്നു.ബഹമാസിലേക്കുള്ള ഒരു അവധിക്കാലം ആസൂത്രണം ചെയ്യുന്നതിനുള്ള ചില കാരണങ്ങളിലൊന്നാണ് ആശ്വാസകരമായ പ്രകൃതിദൃശ്യവും മനോഹരമായ കാലാവസ്ഥയും. ബഹമാസ് സന്ദര്‍ശിക്കുന്നതിനുള്ള മറ്റൊരു കാരണം സമുദ്രജീവികളുമായി ഇടപഴകാന്‍ സാധിക്കും എന്നതാണ്. അത് ജീവിതത്തിലൊരിക്കലെങ്കിലും അനുഭവിക്കേണ്ട ഒന്നാണ്. കടലിനടിയിലെ കാഴ്ചകള്‍ കാണുക എന്നത് കുട്ടികളെ സംബന്ധിച്ച് പറഞ്ഞറിയിക്കാന്‍ ആവാത്ത വിധം സന്തോഷകരമായ കാര്യമായിരിക്കും. തീരെ അപകടമില്ലാതെ വളരെ സുരക്ഷയോടും സൂക്ഷ്മതയോടും കൂടി തന്നെ നിങ്ങള്‍ക്കും കുട്ടികള്‍ക്കും കടലിന്റെ ആഴങ്ങളില്‍ ഇറങ്ങിച്ചെന്ന് കാഴ്ചകള്‍ കണ്ട് അനുഭവിക്കാം. 

Cappadocia

ബഹമാസിലെ താമസവും രസകരമാണ്.സ്പാനിഷ്, ബ്രിട്ടീഷ്, ആഫ്രിക്കന്‍ സമൂഹങ്ങളുടെ വ്യത്യസ്ത സംസ്‌കാരങ്ങളുടെ രസകരമായ ഒരു ചരിത്രമാണ് ഈ രാജ്യത്തെ വേര്‍തിരിക്കുന്നത്.മനോഹരമായ ബഹമാസ് ആകര്‍ഷകമായ ഷോപ്പിങ് മാളുകളും ഭക്ഷണശാലകളും ക്ലബ്ബുകളുമുണ്ട്. പ്രിയപ്പെട്ടവരുമായി ഒത്തുചേരുന്നതിനുള്ള മികച്ചൊരു സ്ഥലമാണ് ബഹാമസ് എന്നതില്‍ സംശയം വേണ്ട.

 തുര്‍ക്കി 

പ്രകൃതിദത്ത പനോരമിക് ലാന്‍ഡ്‌സ്‌കേപ്പ്, ചരിത്രപരമായ സ്ഥലങ്ങള്‍, ഫലഭൂയിഷ്ഠമായ താഴ്‌‌‌വരകൾ, കൂറ്റന്‍ പര്‍വതനിരകള്‍, പരുക്കന്‍ തീരപ്രദേശങ്ങള്‍, മനോഹരമായ ഗ്രാമങ്ങള്‍ തുടങ്ങി ഇരട്ട മുഖമുള്ള ആ നാടിനെ അടുത്തറിയാം.കഫേകള്‍, തിരക്കേറിയ ബസാറുകള്‍, സുഗന്ധവ്യഞ്ജനങ്ങളുടെ സുഗന്ധം, നൈറ്റ്ക്ലബ്ബുകള്‍, എന്നിവയാല്‍ അലയടിക്കുന്ന രാജ്യത്തിന്റെ ഹൃദയമിടിപ്പുകൂടിയായ തലസ്ഥാന നഗരമായ ഇസ്താംബൂളില്‍ നിരവധിപ്രവര്‍ത്തനങ്ങള്‍ ഫാമിലി യാത്രീകര്‍ക്കായും ഒരുക്കിയിട്ടുണ്ട്. കപ്പഡോഷ്യയാണ് മറ്റൊരു ആകര്‍ഷണം. ഇവിടമാണ് ശരിക്കും ഫാലിമിലികള്‍ക്ക് ആഘോഷിക്കാനുള്ള വകയുള്ളത്.

Mysterious floods help reveal lost underground city

മധ്യ തുര്‍ക്കിയിലെ ചരിത്രപ്രാധാന്യമുള്ള ഈ പ്രദേശം ഒരുകാലത്ത് ബൈസന്റൈന്‍, റോമന്‍ സാമ്രാജ്യത്തിന്റെ ഒരു പ്രവിശ്യയായിരുന്നു, നൂറ്റാണ്ടുകളായി നിരവധി ക്രൈസ്തവ സമൂഹങ്ങള്‍ ഇവിടെ താമസിച്ചിരുന്നു.മനോഹരമായ റോക്ക് പെയിന്റിങുകള്‍ കൊണ്ട് അലങ്കരിച്ച ഗുഹകളുടെയും പള്ളികളുടെയും മനോഹരമായ ശേഖരങ്ങള്‍, അത്ഭതാവഹമായ പ്രകൃതിദത്ത ചിമ്മിനികള്‍, ഭൂഗര്‍ഭ നഗരങ്ങള്‍ എന്നിവകൊണ്ട് ഇത് ജനപ്രിയമാണ്. ആകര്‍ഷകമായ ഹോട്ട് എയര്‍ ബലൂണ്‍ സവാരി നടത്താതെ തുര്‍ക്കിയിലേയ്ക്കുള്ള യാത്ര പൂര്‍ത്തിയാകില്ല. 

പെറു 

Peru

തെക്കേ അമേരിക്കയിലെ ജനപ്രിയ ലക്ഷ്യസ്ഥാനമാണ് പെറു. ആമസോണ്‍ മഴക്കാടുകള്‍ക്കും പുരാതന നഗരമായ മച്ചുപിച്ചുവിനും പേരുകേട്ട രാജ്യം. പ്രകൃതിയുടെ സൗന്ദര്യത്തില്‍ ആനന്ദിക്കാന്‍ ആഗ്രഹിക്കുന്ന കുടുംബങ്ങള്‍ക്ക് ധാരാളം ട്രെക്കിങ് അവസരങ്ങള്‍ ഇവിടെയുണ്ട്. പെറു പലതരം ഉത്സവങ്ങള്‍ക്കും പേരുകേട്ടതാണ്. വളരെയധികം ആഡംബരത്തോടെയും സന്തോഷത്തോടെയും ആഘോഷിക്കപ്പെടുന്ന ആ ഉത്സവങ്ങളുട ഭാഗമാകാനും ഒരവസം നിങ്ങള്‍ വിനിയോഗിക്കണം. ലാന്‍ഡ്‌സ്‌കേപ്പുകള്‍ പോലെതന്നെ വൈവിദ്ധ്യപൂര്‍ണ്ണമായൊരു സംസ്‌കാരവും ഈ നാടിനുണ്ട്. 

വെയില്‍സ് 

യൂറോപ്യന്‍ ഫെയറി കഥകളില്‍ നിന്ന് നേരിട്ട് ഇറങ്ങിവന്നതുപോലെയുള്ള അതിശയകരമായ പ്രകൃതിദൃശ്യങ്ങള്‍, ആകര്‍ഷകമായതും ചരിത്രപരവുമായ കോട്ടകള്‍, വിവിധതരം ഔട്ട്‌ഡോര്‍ പ്രവര്‍ത്തനങ്ങള്‍ എല്ലാം ചേര്‍ന്ന് ഒരു കിഡ്‌സ് ഫ്രണ്ട്‌ലി രാജ്യം തന്നെയാണ് വെയില്‍സ്. അതിഗംഭീരമായ ചരിത്രം, ആതിഥ്യമര്യാദ, വിനോദസഞ്ചാരികളുടെ കൂട്ടത്തില്‍ നിന്ന് അകലെയുള്ള സമയം എന്നിവ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ കൊച്ചു രാഷ്ട്രം നിങ്ങള്‍ക്കുള്ളതാണ്. 

ബീച്ചുകള്‍,സ്മാരകകോട്ടകള്‍, സാഹസിക വിനോദങ്ങള്‍, കാല്‍നടയാത്ര, ബൈക്ക്, സവാരി, മ്യൂസിയങ്ങളും നടപ്പാതകളും ഉള്ള വെയില്‍സ്കുട്ടികളുടെ സ്വപ്ന കേന്ദ്രമാണ്. രാജ്യം മുഴുവന്‍ വളരെ കുടുംബ സൗഹാര്‍ദ്ദപരമാണ്. കുടുംബ യാത്രികരുടെ കാര്യത്തില്‍ വെയില്‍സ് വളരെ ശ്രദ്ധാലുവാണെന്ന് അവിടെയെത്തുമ്പോള്‍ മനസിലാകും. ഇവിടുത്തെ സൗകര്യങ്ങള്‍ ഒരുപോലെ മികച്ചതാണ്, കൂടാതെ കുടുംബ ടിക്കറ്റിനായി നിരവധി ആകര്‍ഷണങ്ങളും 

ഒാഫറുകളുമുണ്ട്. കൂടാതെ അഞ്ച് വയസ്സിന് താഴെയുള്ളവര്‍ക്ക് പലയിടത്തേക്കുള്ള പ്രവേശനവും സൗജന്യമാണ്. പൊതുഗതാഗതം വളരെ എളുപ്പത്തില്‍ ഉപയോഗിക്കാം.

ക്രൊയേഷ്യ 

കിഴക്കന്‍ യൂറോപ്പില്‍ സ്ഥിതിചെയ്യുന്ന ക്രൊയേഷ്യ ഒരു തീരദേശ രാജ്യമാണ്. വാസ്തുവിദ്യ, നീന്തലിനുള്ള മികച്ച അവസരങ്ങള്‍, ബാല്‍ക്കന്‍ വൈന്‍, മികച്ച  സമുദ്രവിഭവങ്ങള്‍ എന്നിവയും അതിലേറെയും ഉള്‍ക്കൊള്ളുന്ന ചരിത്രമുണ്ട് ഈനാടിന്. ഇവിടെ പതിവായി സന്ദര്‍ശിക്കുന്ന നഗരങ്ങള്‍ ഡുബ്രോവ്നിക്, തലസ്ഥാനമായ സാഗ്രെബ് എന്നിവയാണ്.

അതിമനോഹരമായ നിരവധി ദ്വീപുകളും ഇതിലുള്‍പ്പെടുന്നു.ചുരുക്കത്തില്‍, ഈ രാജ്യം ഒരു വലിയ അവധിക്കാലത്തിനായി സൂര്യനു കീഴിലുള്ള എല്ലാം വാഗ്ദാനം ചെയ്യുന്നു എന്നുവേണം പറയാന്‍.ഏപ്രില്‍-മെയ് മാസങ്ങളാണ് ക്രൊയേഷ്യ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. 

കോസ്റ്റാറിക്ക 

വൈവിധ്യമാര്‍ന്ന വന്യജീവികള്‍ക്കും വ്യത്യസ്തമായ സംസ്‌കാരത്തിനും സാഹസിക പ്രവര്‍ത്തനങ്ങള്‍ക്കും രാജ്യം പ്രശസ്തമാണ്.അതുല്യമായ സസ്യജന്തുജാലങ്ങളാല്‍ ചുറ്റപ്പെട്ട ദേശീയ ഉദ്യാനങ്ങളില്‍ നിങ്ങള്‍ സ്വയം മറന്നില്ലാതാകാന്‍ തയാറായിക്കോളു. ഇന്നത്തെ തലമുറയിലെ കുട്ടികള്‍ക്ക് നഷ്ടപ്പെടുന്നത് പ്രകൃതിയുടെ ശുദ്ധമായ അന്തരീക്ഷവും അനുഭവങ്ങളുമാണ്. അവരെ കാടിന്റെ മര്‍മ്മരവും സ്പന്ദനവും അറിയിപ്പിക്കാനാഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ കോസ്റ്റാറിക്ക് ബെസ്റ്റ് ചോയ്‌സ് ആണ്. സര്‍ഫിംഗ് മുതല്‍ കുതിരസവാരി വരെയുള്ള നിരവധി സാഹസങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. 

costa-rica

ഇന്തോനേഷ്യ 

രുചി, കാഴ്ച, ശബ്ദം, ഗന്ധം എന്നിവയുടെ ഒരു കാലിഡോസ്‌കോപ്പാണ് ഇന്തോനേഷ്യ. മനസ്സിനെ വല്ലാതെ പിടിച്ചടിപ്പിക്കുന്ന മനോഹരമായ 17,000 ദ്വീപുകളില്‍ വ്യാപിച്ചുകിടക്കുന്ന ഈ രാജ്യം ലോകമെമ്പാടുമുള്ള സന്ദര്‍ശകര്‍ക്ക് വിരുന്നൊരുക്കുന്ന സ്ഥലമാണ്. മധ്യ ജാവയിലെ പുകയുന്ന അഗ്‌നിപര്‍വ്വതങ്ങള്‍ മുതല്‍ ബാലിയുടെ മട്ടുപ്പാവുകളും, ജക്കാര്‍ത്തയുടെ വിശാലമായ ആഡംബര മാളുകളും രാജാ അംപത്തിന്റെ സമുദ്ര ബയോസ്ഫിയര്‍, ബൊര്‍നിയോയിലെ സമൃദ്ധമായ മഴക്കാടുകള്‍ എന്നിവ വിനോദ സഞ്ചാരികള്‍ക്ക് സാഹസികതയ്ക്ക് പാകമായ ഇടമാണ്. ഇന്തോനേഷ്യ യാത്ര മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച മാര്‍ഗം കുട്ടികളെ കൂടെ കൊണ്ടുപോകുക എന്നതുതനനെയാണ്. കുട്ടികളെ സ്‌നേഹിക്കുന്ന ഈ ദ്വീപസമൂഹത്തിലുടനീളം കുട്ടികള്‍ ദൈനംദിന ജീവിതത്തിലേക്ക് വേഗത്തില്‍ ആകര്‍ഷിക്കപ്പെടുന്നതിനാല്‍ കൂടുതല്‍ അറിയാനും അനുഭവിക്കാനും അവര്‍ക്ക് സാധിക്കും. 

680775202

ഇന്തോനേഷ്യന്‍ ടൂറിസത്തിന്റെ ഹൃദയഭാഗത്തുള്ള ബാലി ദ്വീപ് കുട്ടികള്‍ക്ക് അനുയോജ്യമാണ്. മനോഹരമായ ബീച്ചുകള്‍ ഉണ്ടിവിടെ. കാഴ്ചകൾ മാത്രമല്ല കുട്ടികള്‍ക്ക് അനുയോജ്യമായ ഡസന്‍ കണക്കിന് ഹോട്ടലുകളും റിസോര്‍ട്ടുകളും ഇവിടെയുള്ളതിനാല്‍ താമസത്തിന്റെ കാര്യത്തിലും നിങ്ങള്‍ പേടിക്കണ്ട. 

പരീക്ഷക്കാലം കഴിഞ്ഞാല്‍ വേനലവധിയായി. മക്കളെക്കൂട്ടിയൊരു യാത്ര വേഗം പ്ലാനിട്ടോ,  അവരേയും കൂട്ടി ലോകം കാണാന്‍ ഇറങ്ങാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA