ADVERTISEMENT

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമെല്ലാം ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരമാണ് തെസ്‌നി ഖാന്‍. അഭിനയമികവു കൊണ്ട് പ്രേക്ഷകഹൃദയങ്ങളില്‍ സ്വന്തമായൊരു ഇടം കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട് തെസ്‌നിയ്ക്ക് എന്നത് വാസ്തവം. ഇന്ന് വലിയൊരു യാത്രയുടെ ഒരുക്കത്തിലാണ് താരം. സ്വയം തീരുമാനിച്ച് സമയമെടുത്ത് പ്ലാൻ ചെയ്ത വലിയൊരു യാത്ര. അതു പരസ്യമാക്കാനുള്ളതല്ലെന്നും യാത്രാ വിശേഷം ചോദിച്ചതുകൊണ്ടുമാത്രം മനോരമ ഓൺലൈനുമായി അതു പങ്കുവയ്ക്കുകയാണെന്നും തെസ്നി പറഞ്ഞു. ആ സ്വപ്നയാത്രയുടെ വിശേഷങ്ങൾ:

thesni-khan-trip4

‘ഞാന്‍ അത്ര വലിയ യാത്രക്കാരിയൊന്നുമല്ല, സത്യം പറഞ്ഞാല്‍ കയ്യില്‍നിന്നു കാശ് മുടക്കി യാത്ര ചെയ്യാന്‍ എനിക്ക് ഒരു താത്പര്യവുമില്ല. ഇന്നുവരെ അങ്ങനെ എവിടെയും പോയിട്ടുമില്ല. എന്നാല്‍ സ്വന്തം ഇഷ്ടത്തോടെ സ്വയം തീരുമാനിച്ച് ഞാന്‍ ഒരു യാത്രയ്ക്ക് ഒരുങ്ങുകയാണ്. ഈമാസം തന്നെ ഞാനും ഉമ്മയും ഇളയമ്മമാരും ചേര്‍ന്ന് ഉംറയ്ക്കു പോകുന്നു. അങ്ങനെ എല്ലാവര്‍ക്കുമൊന്നും ഉംറയ്ക്ക് പോകാനാകില്ല. അതിന് ഉള്‍വിളിയുണ്ടാകണം. പെട്ടെന്നാണ് എനിക്കങ്ങനെ ഒരു തോന്നല്‍ ഉണ്ടായത്. എന്റെ ഉമ്മ ഒത്തിരിനാളായി പറയുന്നു പോകണമെന്ന്. പലര്‍ക്കും സാധിക്കാത്തൊരു കാര്യമാണത്. പ്രായമായാല്‍ ചിലപ്പോള്‍ പോകാനായില്ലെങ്കിലോ. അതുകൊണ്ടാണ് തോന്നലുണ്ടായപ്പോള്‍ തന്നെ പോകാന്‍ തീരുമാനിച്ചത്. കൈനിറയെ പണം ഉണ്ടായിട്ടും സാഹചര്യവും ആരോഗ്യവും ഉണ്ടായിട്ടും പോകാനാകാത്ത ഒത്തിരിപ്പേരുണ്ട്. അതിന്റെ പ്രധാന കാരണം ഉംറയ്ക്ക് പോകുന്നത് മറ്റ് യാത്രകള്‍ പോലെ എളുപ്പമല്ല എന്നുള്ളതു തന്നെ. അതിന് സ്വയം തോന്നണം, മനസ്സിന്റെ ആഴങ്ങളില്‍ ഇരുന്ന് ആരോ മന്ത്രിക്കുന്നത് പോലെ തോന്നും. ഒരു വെളിപാട് പോലെ.അങ്ങനെ വെളിപാട് കിട്ടുന്നവര്‍ മാത്രമാണ് ആ വലിയ യാത്രയ്ക്ക് ഒരുങ്ങുന്നത്. എന്റെ ബാപ്പ ഉംറയ്ക്ക് പോകാനാകാതെ മരണമടഞ്ഞയാളാണ്. അപ്പോള്‍ എന്റെ യാത്ര അദ്ദേഹത്തിന് കടപ്പെട്ടിരിക്കുന്നു എന്നുവേണം പറയാന്‍. ഒരു മകള്‍ എന്ന നിലയില്‍ എന്റെ പിതാവിന് വേണ്ടിക്കൂടിയാണ് ഈ യാത്ര’. 

thesni-khan-trip3

യാത്രകളോട് താൽപര്യമില്ലെങ്കിലും ലോകം കാണാത്ത ആളൊന്നുമല്ല നമ്മുടെ താരം. പല രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട് തെസ്നി. അതിന് താന്‍ നന്ദിപറയുന്നത് തന്റെ പ്രഫഷനോടാണെന്നും ഒരു കലാകാരിയെന്ന നിലയില്‍ അഭിമാനിക്കുന്നത് അത്തരം അവസരങ്ങള്‍ ലഭിച്ചതിനുകൂടിയാണെന്നും തെസ്‌നി പറയുന്നു. സ്റ്റേജ് പ്രോഗ്രാമുകള്‍ക്കും മറ്റ് പരിപാടികള്‍ക്കുമായിട്ടാണ് താന്‍ ഏറെയും യാത്ര നടത്തിയിട്ടുള്ളതെന്നും അല്ലാതെ എവിടെയും പോയിട്ടില്ലെന്നും പറയുന്ന തെസ്‌നി, ആ യാത്രകളിലൂടെ ലഭിച്ചത് വലിയൊരു അനുഭവസമ്പത്താണെന്നും വെളിപ്പെടുത്തുന്നു.

thesni-khan

‘എന്റെ യാത്രകളൊക്കെ എതെങ്കിലും പരിപാടികള്‍ക്കായിട്ടായിരിക്കും, അതും വലിയൊരു ഗ്രൂപ്പിനൊപ്പം. അത്തരം യാത്രകളിലൂടെയാണ് നമ്മള്‍ വിവിധ സംസ്‌കാരങ്ങളും പുതിയ സ്ഥലങ്ങളും ഭക്ഷണവുമെല്ലാം പരിചയപ്പെടുന്നത്. എന്നെ സംബന്ധിച്ച് പല മനുഷ്യരെയും യഥാർഥത്തില്‍ മനസ്സിലാക്കാനും നല്ലതും ചീത്തയുമെല്ലാം തിരിച്ചറിയാനും ഇത്തരം യാത്രകള്‍ സഹായമായിട്ടുണ്ട്. നമ്മള്‍ മനസ്സിലാക്കിയതിനു വിപരീതമാണ് ഒരു വ്യക്തിയെന്ന് അറിയുമ്പോഴുള്ള ഞെട്ടലും എനിക്ക് അനുഭവിക്കാനായിട്ടുണ്ട്. ചിലപ്പോഴൊക്കെ ഉള്‍ക്കൊള്ളാനാകാതെ നമ്മള്‍ മാറ്റിനിര്‍ത്തുന്നവര്‍ ആയിരിക്കും പ്രതിസന്ധി ഘട്ടത്തില്‍ കൈത്താങ്ങായി എത്തുക.’

thesni-khan-trip1

‘യുഎഇ മുഴുവനും പ്രോഗ്രാമുകൾക്കായി പോയിട്ടുണ്ട്. 2000 ലാണ് ജീവിതത്തിലെ ഏറ്റവും വലിയ യാത്രയായ വേള്‍ഡ് ടൂറിന് പോകുന്നത്. അത് ശരിക്കുമൊരു അനുഗ്രഹമായിരുന്നു. യുഎസ്എ, ഓസ്‌ട്രേലിയ, ഓസ്ട്രിയ, ജര്‍മനി, പാരിസ്, മൗറിഷ്യസ്, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങി ലോകത്തിന്റെ ഏതാണ്ട് പകുതിയോളം ഞാന്‍ കണ്ടു. ഒരു ആയുഷ്‌കാലം മുഴുവന്‍ സമ്പാദിച്ചതിന്റെ ഭൂരിഭാഗവും ചെലവാക്കിയാല്‍ പോലും എനിക്ക് ചിലപ്പോള്‍ ഈ സ്ഥലങ്ങളിലൊന്നും പോകാനാവില്ല. എന്നാല്‍ ഒരു കലാകാരിയായ തെസ്‌നിഖാന് അത് സാധിച്ചു. ഒരു സാധാരണക്കാരിയായിരുന്നുവെങ്കില്‍ ഇന്നും ഞാന്‍ ഈ പറഞ്ഞയിടങ്ങളിലൊന്നും പോകില്ലായിരുന്നു. ആ യാത്രയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ഓസ്‌ട്രേലിയയും അമേരിക്കയിലെ ഡിസ്‌നി വേള്‍ഡുമാണ്. ഓസ്‌ട്രേലിയൻ യാത്രയിൽ ഏറ്റവും മനോഹരം അവിടെ കംഗാരുക്കള്‍ക്കൊപ്പം ചെലവഴിച്ച സമയമാണ്. കംഗാരുകുഞ്ഞുങ്ങള്‍ക്കൊപ്പം ഓടിക്കളിച്ചും അവരെ താലോലിച്ചും എൻജോയ് ചെയ്തു. ഡിസ്‌നി വേള്‍ഡും രസകരമായിരുന്നു. ഓസ്‌ട്രേലിയ എല്ലാവരു കണ്ടിരിക്കേണ്ട നാടാണ്.

thesni-khan-trip

നമ്മുടെ ജോലിയോടുള്ള ആത്മാർഥതയും ആദരവുമാണ് നമുക്ക് അംഗീകാരങ്ങളും അവസരങ്ങളും നേടിത്തരുന്നത് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഈ ഉംറ യാത്രയുടെ കാര്യവും അങ്ങനെ തന്നെ. ഈയടുത്ത് അമ്മയുടെ പരിപാടിക്കായി ഞാന്‍ അബുദാബിക്കു പോയതാണ്. അന്നൊന്നും ഉംറ എന്റെ മനസ്സിലില്ലായിരുന്നു. ഓരോന്നിന്നും ഒരു സമയമുണ്ട് ദാസാ എന്നുപറയുന്നതുപോലെയാണ് ഇതും. സമയമാകുമ്പോള്‍ നമ്മള്‍ പോലും അറിയാതെ സംഭവിച്ചിരിക്കും. എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും എന്നെ അറിയുന്നവര്‍ക്കും അറിയാത്തവര്‍ക്കുമെല്ലാം വേണ്ടി ഞാന്‍ ദുവാ ചെയ്യും’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com