വിജയക്കുളിരിൽ ഡൽഹി… തലയാട്ടി ട്യൂലിപ് പുഷ്പങ്ങൾ

delhi-trip1
SHARE

രാഷ്ട്രപതി ഭവനിലെ മുഗൾ ഗാർഡനിൽ പതിനായിരങ്ങൾ കാഴ്ചക്കാരായെത്തുന്നു. പേർഷ്യൻ കവിയായിരുന്ന ഒമർ ഖയാം പോലും വർണിച്ചെഴുതിയ മനോഹരമായ ട്യൂലിപ് പൂക്കളെ ഫെബ്രുവരി മാർച്ച് മാസങ്ങളിൽ ഡൽഹിയിലെ പൊതുജനങ്ങൾക്കു കാണാം. ചെറുകുളിരുള്ള പ്രഭാതത്തിൽ ടാക്സിക്കാരനോട് മുഗൾഗാർഡനിലേക്കെത്തിക്കാൻ ഞങ്ങൾ നിർദേശം നൽകി.  ഏതുവഴിയാണെന്ന് അറിയില്ലെന്ന് ആ ചങ്ങാതി പറഞ്ഞു. ഗൂഗിൾ മാപ്പ് നോക്കിയിട്ടും ഒരു പിടിയും കിട്ടിയില്ല. കാരണം അത്ര വിസ്തൃതിയിലാണ് രാഷ്ട്രപതി മന്ദിരം സ്ഥിതിചെയ്യുന്നത്.  

delhi-trip5

ബാഗും ക്യാമറയും ഉള്ളിലേക്കു കടത്തിവിടില്ല. കർശനപരിശോധനയ്ക്കു ശേഷം ഞങ്ങൾ നടന്നുതുടങ്ങി. ആദ്യം ഔഷധത്തോട്ടം. നന്നായി പരിപാലിക്കുന്നുണ്ടോ എന്നു ചോദിച്ചാൽ ഇല്ലെന്നുത്തരം പറയുന്നുണ്ട് അവിടെനിന്നു വേഗത്തിൽ നടന്നകലുന്ന കാണികൾ. പിന്നെയുള്ളത് ബോൺസായി ഉദ്യാനം. വയസ്സുമൂത്തുനരച്ചിട്ടും ചെടിവലുപ്പമുള്ള ബോൺസായിമരങ്ങൾ വൻമരങ്ങൾക്കു താഴെ സങ്കടത്തോടെയാണോ നിൽക്കുന്നത്.. 

delhi-trip6

പ്രധാന ഉദ്യനകവാടത്തിലേക്കു കയറുമ്പോൾ ദൂരെയൊരു തിത്തിരിപക്ഷിയെ കണ്ടു. നഗരഹൃദയത്തിൽ 330 ഏക്കർ വിസ്തൃതിയുള്ള ഒരു ചെറുകാടെന്നു വിളിക്കാവുന്ന ഇടത്താണ്  രാഷ്ട്രപതിഭവൻ. പിന്നെങ്ങനെ പക്ഷികളെ കാണാതിരിക്കാനാകും. മുൻപൊരു ഫൊട്ടോഗ്രഫർ രാഷ്ട്രപതിഭവനിലെ പക്ഷികളെ മാത്രം ഷൂട്ട് ചെയ്തു ബുക്ക് പ്രസിദ്ധീകരിച്ച വാർത്തയോർത്തു. 

മുഗൾ ഗാർഡനു തന്നെ പതിനഞ്ച് ഏക്കർ  വിസ്തൃതിയുണ്ട്. അതുകൊണ്ട് നടപ്പു വേഗത്തിലാക്കി. സോണിയ എന്നു പേരുള്ള റോസാപ്പൂവിനെയൊക്കെ കടന്ന് കനാലുകൾക്കു മുകളിലെ ചെറുപാലത്തിൽനിന്ന് പാറിപ്പറക്കുന്ന പതാകയുടെയും രാഷ്ട്രപതി ഭവന്റെ മകുടത്തിന്റെയും പശ്ചാത്തലത്തിൽ സെൽഫിയെടുക്കാൻ തിരക്കോടു തിരക്ക്. സത്യത്തിൽഉദ്യാനം കാണുകയല്ല പലരുടെയും ലക്ഷ്യം. മറിച്ച് വർഷത്തിലൊരിക്കൽ തുറന്നുകിട്ടുന്ന രാഷ്ട്രപതിഭവന്റെ ആ ചുറ്റുപാട് ആസ്വദിക്കുകയാണ്. ഒരു വരി തെറ്റിയാൽ സെക്യുരിറ്റി ഉദ്യോഗസ്ഥർ എത്തും. അതുകൊണ്ട് വരിയായി തിരക്കിൽ പോകുമ്പോൾ മുട്ടോളമില്ലാത്ത റ്റുലിപ് പുഷ്പങ്ങളെ ആരു കാണാൻ…?  

delhi-trip2

പണ്ടത്തെ പേർഷ്യയിൽനിന്നു സഞ്ചാരികളുടെ കൂടെ ലോകത്തിന്റെ നാനാഭാഗത്തേക്ക് എത്തിയ ചരിത്രമാണ് റ്റുലിപുകൾക്ക് എന്നു പറയപ്പെടുന്നു. തിരക്കുകൂട്ടി നടന്നകലുന്നവരൊന്നും  ആ ചെടികളെയോ സുന്ദരപുഷ്പങ്ങളെയോ കാണുന്നില്ല. വെള്ളയും പിങ്കും നിറങ്ങളിൽ ചെറുകളങ്ങളിലായി റ്റുലിപുകൾ പരിലസിക്കുന്നു.  159  തരം റോസാപ്പൂക്കളും രാഷ്ട്രപതി ഭവന്റെ മൂന്നാം സർക്യൂട്ടിനെ അലങ്കരിക്കുന്നുണ്ട്. ലോകപ്രസിദ്ധരായവരുടെ പേരുകളാണ്  ഈ പൂക്കൾക്കു നൽകിയിട്ടുള്ളത്. മദർതെരേസ, കെന്നഡി എന്നിവർ മുതൽ മഹാഭാരതത്തിലെ കഥാപാത്രങ്ങളുടെ  പേരുകൾ വരെ ഇവയിലുണ്ട്.  അറുപതു തരം ബോഗൻവില്ലകൾ മറ്റനേകം പൂക്കൾ എന്നിവയും കണ്ടാസ്വദിക്കാൻ ഈ  ഉദ്യാനോത്സവത്തിലൂടെ, മാർച്ച് വരെ പൊതുജനങ്ങൾക്ക് അനുമതിയുണ്ട്. 

delhi-trip3

രാഷ്ട്രപതി ഭവന്റെ വിദൂരദൃശ്യമേ കിട്ടൂ. എങ്കിലും മഹാത്മാഗാന്ധി ലോഡ് ഇർവിനുമായി ചർച്ചകൾ നടത്തിയിരുന്ന, നമ്മുടെ ആദ്യ പ്രധാനമന്ത്രിയായി ജവാഹർലാൽ നെഹ്റു സത്യപ്രതിജ്ഞ ചൊല്ലിയ ആ കൊട്ടാരംഒന്നു കാണേണ്ടതു തന്നെ. രണ്ടുലക്ഷം ചതുരശ്ര അടി വിസ്തീർണം. 340 മുറികൾ… മുഗൾ ഗാർഡൻ പോലെത്തന്നെ ആകർഷകമാണ് ഈ മന്ദിരവും. 

മാർച്ച് 14 വരെ (10 am to 4 pm) ഗാർഡൻ സന്ദർശിക്കാം. 

delhi-trip

ശ്രദ്ധിക്കേണ്ടത്

ബാഗ്, ഭക്ഷണസാധനങ്ങൾ തുടങ്ങിയവ ഉള്ളിൽ കയറ്റില്ല. അവ സുരക്ഷിതമായി വച്ച് മൊബൈൽ ഫോൺ മാത്രമെടുത്ത് ഉള്ളിലേക്കു ചെല്ലുക. 

ട്യൂലിപുകൾ അത്ര പെട്ടെന്നു കണ്ണിൽ പെടില്ല. പുഷ്പപ്രേമിയാണെങ്കിൽ സമയമെടുത്ത് ഇവ കണ്ടുതീർക്കണം. ഓട്ടപ്രദക്ഷിണത്തിൽ ഒന്നും കാണാൻ പറ്റുകയില്ല. 

സെൻട്രൽ സെക്രട്ടേറിയറ്റ് ആണ് അടുത്തുള്ള മെട്രോ സ്റ്റേഷൻ.   

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA