ADVERTISEMENT

ഉത്തരേന്ത്യൻ സുന്ദരി നേഹ സക്സേനയെ നിരവധി മലയാളചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ്. അഭിനയം മാത്രമല്ല മോഡലിങ് രംഗത്തും സ്റ്റാറാണ് താരം. നേഹയ്ക്ക് ഏറ്റവും ഇഷ്ടം യാത്രകളാണ്. പുതിയ കാഴ്ചകളും സംസ്കാരവും പലരുചികളും നിറഞ്ഞ നാട്ടിലേക്കുള്ള യാത്ര നേഹയ്ക്ക് ഒരിക്കലും മടുക്കാറില്ല. കരിയറും യാത്രയും ഒരുപോലെ കൊണ്ടുപോകുവാൻ സാധിക്കുന്ന ഭാഗ്യവതിയാണ് താനെന്നും എല്ലാം ദൈവത്തിന്റെയും തന്റെ പ്രിയപ്പെട്ട അമ്മയുടെ അനുഗ്രഹമാണന്നും നേഹ പറയുന്നു. ഇഷ്ടപ്പെട്ട യാത്രകളെക്കുറിച്ച് നേഹ സക്സേന മനോരമ ഒാൺലൈനിൽ മനസ് തുറക്കുന്നു.

neha-travel7

കേരളത്തെ നെഞ്ചോട് ചേർക്കുന്ന പഞ്ചാബി സുന്ദരി

പഞ്ചാബിക്കാരിയാണെങ്കിലും കേരളത്തിന്റെ സുന്ദരകാഴ്ചകളെ നെഞ്ചോടു ചേർക്കുന്ന യാത്രാപ്രേമിയാണ് നേഹ. ഉത്തരാഖണ്ഡിൽ ഡെറാഡൂണാണ് നാട്. അമ്മ ഡെറാഡൂണിലാണ്. ഷൂട്ടും പ്രോഗ്രാമുമൊക്കെയായി നേഹ ബെംഗളൂരുവിലാണ് താമസം. സിനിമയും ഫോട്ടോഷൂട്ടുമൊക്കെയായി കേരളത്തിലേക്കുള്ള യാത്ര കുറവല്ല. കേരളത്തിൽ ഒട്ടുമിക്ക സ്ഥലങ്ങളിലേക്കും താരം യാത്ര ചെയ്തിട്ടുണ്ട്.

neha-travel5

അമ്മയോടൊപ്പം യാത്ര പോകാനാണ് നേഹയ്ക്ക് ഏറെ ഇഷ്ടം. എത്ര തിരക്കാണെങ്കിലും വീണുകിട്ടുന്ന അവസരങ്ങളൊക്കെ യാത്രയ്ക്കായി മാറ്റിവയ്ക്കും. ഒക്ടോബറിലാണ് അമ്മയുടെയും നേഹയുടെയും ജന്മദിനം. എത്ര തിരക്കു വന്നാലും ആ ദിവസം അമ്മയോടൊപ്പം ചെലവഴിക്കാനായി നേഹ സ്വന്തം നാട്ടിലേക്ക് പറക്കും. അമ്മക്കരികിലെത്തിയാൽ സുന്ദരകാഴ്ചകൾ തേടി ഇരുവരും യാത്ര തുടങ്ങും. മുടങ്ങാതെ എല്ലാവർഷവും ജന്മദിനാഘോഷം സന്തോഷകരമായി നടത്താറുണ്ടെന്നും നേഹ പറയുന്നു.

neha-travel2

പോസിറ്റീവ് എനർജി നൽകുന്ന ക്ഷേത്രങ്ങൾ

കേരളത്തിലാണെങ്കിലും മറ്റേതു സ്ഥലത്ത് എത്തിയാലും നേഹ ആദ്യം തിരയുന്നത് അന്നാട്ടിലെ പ്രധാന ക്ഷേത്രങ്ങളുടെ ലിസ്റ്റാണ്. മനസ്സ് അസ്വസ്ഥമാകുമ്പോൾ ക്ഷേത്രത്തിലെത്തിയാൽ ശരീരത്തിനും മനസ്സിനും പോസിറ്റീവ് എനർജി കിട്ടും. കേരളത്തിലുള്ള മിക്ക ക്ഷേത്രങ്ങളും നേഹ സന്ദർശിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് എത്തിയാൽ അനന്തപത്മനാഭനെ കാണാൻ ക്ഷേത്രത്തിലേക്ക് പോകും. വെളുപ്പിന് മൂന്നുമണിക്കുള്ള ആദ്യ ദര്‍ശനത്തിനായി പോകുക പതിവാണ്. ആറ്റുകാൽ ക്ഷേത്രം, തൃശ്ശൂരിലെ ക്ഷേത്രങ്ങൾ അങ്ങനെ ഒരുപാട് ക്ഷേത്രങ്ങളിലേക്ക് യാത്ര പോകാറുണ്ട്.

നാടാണ് എന്നും പ്രിയം

കേരളത്തിന്റെ കാഴ്ചകളെല്ലാം എനിക്ക് പ്രിയമാണെങ്കിലും സ്വന്തം നാട് എന്നും പ്രിയമാണ്. അതങ്ങനെയാണല്ലോ, തിരക്കിട്ട ജീവിതരീതികളിലൂടെ സഞ്ചരിക്കുന്നതു കൊണ്ടാവാം, മെട്രോപൊളിറ്റൻ സിറ്റിയെക്കാളും അന്നും ഇന്നും ഇഷ്ടം പച്ചപ്പു നിറച്ച മനോഹരമായ ഭൂപ്രകൃതിയാൽ സമ്പന്നമായ നാടുകളെയാണ്. എന്റെ നാടും അങ്ങനെയാണ്. ഡെറാഡൂൺ ഹിൽസ്റ്റേഷനാണ്. കുളിരും മഞ്ഞുവീഴ്ചയുമൊക്കെ നിറഞ്ഞ ഇടം. അവിടെ എത്തിയാൽ മനസ്സിന് കിട്ടുന്ന സമാധാനം വേറെ എവിടെയും കിട്ടില്ല.

neha-travel3

അവിടുത്തെ ഒാരോ കാഴ്ചകളിലും സ്വയം അലിഞ്ഞു പോകുന്നതായി തോന്നും. അങ്ങനെയുള്ള കാലാവസ്ഥ നിറഞ്ഞ ഇടങ്ങളാണ് എനിക്കിഷ്ടം. ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് പോകണമെങ്കിൽ ഞങ്ങളുടെ നാട് കണ്ടു വേണം യാത്ര പോകുവാൻ. ഡെറാഡൂണിൽ നിന്നും 45 മിനിറ്റ് ഡ്രൈവ് ചെയ്താൽ മസൂറി എന്ന കിടിലൻ സ്ഥലത്ത് എത്തിച്ചേരാം. അവിടുത്തെ സൗന്ദര്യത്തെ വാക്കുകളിൽ വർണിക്കുവാനാകില്ല. ഞാൻ നാട്ടിലെത്തിയാൽ അമ്മയുമായി മിക്കപ്പോഴും അവിടേക്ക് പോകാറുണ്ട്. എന്റെ പ്രിയപ്പെട്ട ഡെസ്റ്റിനേഷൻ എന്നും തന്നെ പറയാം.

കേരളത്തിലാണെങ്കിൽ വയനാടും കൊച്ചിയും മൂന്നാറുമൊക്കെ ഇഷ്ടമാണ്. വയനാട് മികച്ച സ്ഥലമാണ്. മൂന്നാറും തേക്കടിയും കൂടുതൽ സന്ദര്‍ശിക്കാനായിട്ടില്ല. മൂന്നാറിൽ ട്രീ ഹൗസിൽ താമസിക്കണമെന്നുള്ളതാണ് അടുത്ത മോഹം. വയനാട്ടിലേത് ഷൂട്ടിന്റെ ഭാഗമായുള്ള യാത്രയായിരുന്നു. അവിടുത്തെ വൈത്തിരി റിസോർട്ടിലെ താമസവും പ്രകൃതിയുടെ കാഴ്ചകളുമൊക്കെ മറക്കാനാവില്ലെന്നും നേഹ പറയുന്നു.

neha-travel4

വിദേശയാത്ര

ഞാൻ കണ്ട രാജ്യങ്ങളെല്ലാം ഒന്നിനൊന്നു മികച്ചതാണ്. ഏതാണ് കൂടുതൽ ഭംഗിയെന്നു എടുത്തു പറയാനാവില്ല. ഒാരോ രാജ്യത്തിനും അതിന്റേതായ സൗന്ദര്യമുണ്ട്. സ്വിറ്റ്സർലൻഡ്, മലേഷ്യ, ബാങ്കോക്ക്, യുഎസ്, ഗൾഫ് രാ‍ജ്യങ്ങൾ, സിങ്കപ്പൂർ അങ്ങനെ നിരവധിയിടത്തേക്ക് സഞ്ചരിക്കുവാനുള്ള ഭാഗ്യം എനിക്കുണ്ടായി. ന്യൂയോർക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ദുബായ് മിനി ഇന്ത്യയായാണ് എനിക്ക് തോന്നിയത്. യാത്രകളോടുള്ള അടങ്ങാത്ത ഇഷ്ടം കൊണ്ടാവാം എവിടേക്ക് യാത്രപോകുവാനും ഞാൻ റെഡിയാണ്.

neha-travel1

പ്ലാൻ ചെയ്യാത്ത യാത്രകൾ

എന്റെ ജീവിതത്തിൽ പ്ലാൻ ചെയ്യുന്നതും അല്ലാത്തതുമായ യാത്രകൾ ഉണ്ടാകാറുണ്ട്. ഒരിക്കൽ കൊച്ചിയിലായിരുന്നപ്പോള്‍ ഷൂട്ടിങ്ങിനിടെ വല്ലാത്ത ദേഹാസ്വസ്ഥത തോന്നി, പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചു. കിഡ്നി പ്രശ്നമുണ്ടായിരുന്നു. അന്നേരങ്ങളിൽ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു. ഒറ്റപ്പെട്ട പോലെയായിരുന്നു. ആരും അരികിലില്ലാത്ത പോലെ. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് എടുത്ത ദിവസം തന്നെ ഞാൻ നാട്ടിലേക്ക് ഫ്ലൈറ്റ് ബുക്ക് ചെയ്തു.

neha-travel

ഇട്ടിരുന്ന വേഷത്തിൽ കൂടെ ഫോണും പഴ്സും മാത്രമേ ഉണ്ടായിരുന്നുള്ളൂ. വീട്ടിലെത്തി അമ്മയെ കണ്ടു, ശേഷം ഒന്നിച്ച് കറങ്ങാനും പോയി അപ്പോഴാണ് മനസ്സിൽ സന്തോഷം നിറഞ്ഞത്. എന്റെ ജീവിതത്തിലെ ഒാരോ ഘട്ടങ്ങളിലും യാത്രയ്ക്കും പ്രാധാന്യം ഉണ്ട്. എന്റെ ജീവിതത്തിലെ ഭാഗം പോലെയാണ് ഒാരോ യാത്രകളും.

neha-travel6

സ്വപ്നയാത്ര

ഇനിയും കാണാത്ത ഒരുപാട് രാജ്യങ്ങളിലേക്ക് യാത്ര പോകണം, ഒരുപാട് കാഴ്ചകൾ കാണണം എന്നതാണ് സ്വപ്നം – നടി നേഹ പറഞ്ഞു നിർത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com