ADVERTISEMENT

ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് സിംഗപ്പൂര്‍. ചൈനീസ്, ഇന്ത്യന്‍, മലായ്, പാശ്ചാത്യന്‍ സംസ്കാരങ്ങളുടെ സംഗമ ഭൂമി. കണ്ണഞ്ചിപ്പിക്കുന്ന  സ്കൈ ലൈനുകളും പ്രൗഡഗംഭീരമായ കാഴ്ചകൾ കൊണ്ട് നിറഞ്ഞ വൈവിദ്ധ്യങ്ങളുടെ ഈ നാട്ടിൽ ഒരു ദിവസം കൊണ്ട് എന്തൊക്കെ കാണാനാകും എന്ന് ചിന്തിച്ചിട്ടുണ്ടോ?. ഇൗ ഇടങ്ങൾ 24 മണിക്കുറിനുള്ളിൽ നിങ്ങൾക്ക് കണ്ടു തീർക്കാം. 

ഫോർട്ട് കാനിംഗ് പാർക്ക്

singapore-Fort-Canning-Park

സിംഗപ്പൂരിലെ ഫോർട്ട് കാനിംഗ് ഹില്ലിൽ സ്ഥിതി ചെയ്യുന്ന ഫോർട്ട് കാനിംഗ് പാർക്ക് സിംഗപ്പൂരിലെ ചരിത്രപരമായ നാഴികക്കല്ലുകൾക്ക് സാക്ഷ്യം വഹിച്ച ഇടമാണ്. മുമ്പ് "ഫോർബിഡൻ ഹിൽ" എന്നറിയപ്പെട്ടിരുന്ന ഇവിടെ 9 ചരിത്രപരമായ പൂന്തോട്ടങ്ങളുണ്ട്. 

നാഷണൽ ഗാലറി 

ഒരു ദൃശ്യ-സാംസ്കാരിക ആനന്ദമാണ് ഈ ഗ്യാലറി എന്ന് പറയാം. സിംഗപ്പൂരിന്റെ ദേശീയ ശേഖരത്തിൽ നിന്ന് 8,000 കലാസൃഷ്ടികൾ ഇവിടെ പ്രദർശിപ്പിക്കുന്നു. ആധുനിക സിംഗപ്പൂരിന്റെയും തെക്കുകിഴക്കൻ ഏഷ്യൻ കലയുടെയും ഏറ്റവും വലുതും വിലമതിക്കാനാവാത്തതുമായ സമാഹാരങ്ങളിലൊന്നാണ് ഈ ഗ്യാലറിയിലെ ശേഖരം. 

ഹെലിക്സ് ബ്രിഡ്ജ്

helix-bridge-singapore

സിംഗപ്പൂരിലെ മറീന ബേ പ്രദേശത്തായി മറീന സെൻട്രലിനെ മറീന സൗത്തിലേക്ക് ബന്ധിപ്പിക്കുന്ന അതിമനോഹരമായ പാലമാണ് ഹെലിക്സ് പാലം. "ദി ഹെലിക്സ്" എന്നറിയപ്പെടുന്ന ഇത് നഗരത്തിന്റെ നിലവിലുള്ള സിബിഡി പ്രദേശത്തെ പുതുതായി വികസിപ്പിച്ച ബേഫ്രണ്ട് ജില്ലയുമായി ബന്ധിപ്പിക്കുന്ന ഒരു കാൽനട പാലമാണ്.അതിശയകരമായ ഈ കെട്ടിടം രാത്രിയിൽ എൽഇഡി ലൈറ്റിംഗിന്റെ പ്രഭയിൽ മിന്നുന്നതായി തിളങ്ങും. 

ബുദ്ധ ടൂത്ത് റെലിക്ക് ക്ഷേത്രം

സിംഗപ്പൂരിലെ ചൈന ടൗൺ ജില്ലയിൽ കാണപ്പെടുന്ന ചൈനീസ് ബുദ്ധക്ഷേത്രമാണ് ബുദ്ധ ടൂത്ത് റെലിക്ക് ടെമ്പിൾ മ്യൂസിയം.2007 ൽ

നിർമ്മിച്ച ശ്രീകോവിലിൽ  ശ്രീബുദ്ധന്റെ ഇടത് പല്ല് സൂക്ഷിച്ചിരിക്കുന്നുവെന്നാണ് വിശ്വാസം. ക്ഷേത്രത്തിന്റെ മുഖ്യ ആകർഷണം അതിന്റെ രൂപകൽപ്പനയിലും വാസ്തുവിദ്യയിലുമാണ്. 

എസ്‌പ്ലാനേഡ്

മറീന ബേയ്‌ക്ക് സമീപം സ്ഥിതിചെയ്യുന്ന ഒരു കലാകേന്ദ്രമാണ് എസ്‌പ്ലാനേഡ്. രാജ്യാന്തര കലാകാരന്മാരെ കേന്ദ്രീകരിച്ച് 37,000 ഷോകൾ ഹോസ്റ്റുചെയ്തിട്ടുണ്ട്.

നാടകത്തിനും കലയ്ക്കും മാത്രമായി സമർപ്പിച്ചിരിക്കുന്ന 60,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഉള്ള കേന്ദ്രമാണിത്. സിംഗപ്പൂർ നദിയുടെ മുഖത്തായി സ്ഥിതിചെയ്യുന്ന ഇതിന് എസ്‌പ്ലാനേഡ് പാർക്കിൽ നിന്നാണ് പേര് ലഭിച്ചത്. തിയറ്റേഴ്‌സ് ബൈ ബേ ഇതിനുള്ളിൽ സ്ഥിതിചെയ്യുന്നു. 

ബുക്കിത് ടിമാ നേച്ചർ റിസർവ്

സിംഗപ്പൂരിലെ 40 ശതമാനം സസ്യജന്തുജാലങ്ങളുടെ ആവാസ കേന്ദ്രമായ ബുക്കിത് ടിമാ നേച്ചർ റിസർവ് സിംഗപ്പൂരിലെ രണ്ട് ആസിയാൻ ഹെറിറ്റേജ് പാർക്കുകളിൽ ഒന്നാണ്.

രാജ്യത്തെ അവശേഷിക്കുന്ന ഏറ്റവും വലിയ മഴക്കാടുകളിലൊന്നായി കണക്കാക്കപ്പെടുന്ന 400 ഏക്കർ വിസ്തൃതിയുള്ള ഈ പ്രകൃതിദത്ത പാർക്ക് സിംഗപ്പൂരിലെ ഏറ്റവും ഉയരം കൂടിയ കുന്നായ ബുക്കിത് ടിമാ കുന്നിലാണ് കാണപ്പെടുന്നത്.

ചൈനാടൗൺ, ലിറ്റിൽ ഇന്ത്യ

സിംഗപ്പൂരിലെ ഏറ്റവും പ്രശസ്തമായ അയൽ‌പ്രദേശങ്ങളിലൊന്നായ ചൈന ടൗൺ‌ തിരക്കേറിയതും ആധികാരികവുമായ ചൈനീസ് ഭക്ഷണത്തെയും സംസ്കാരത്തെയും കുറിച്ചുള്ളതാണ്. പരമ്പരാഗത ഷോപ്പ് ഹൗസുകൾ, ക്ഷേത്രങ്ങൾ, പൈതൃകം എന്നിവ കാണാനാകുന്ന സിംഗപ്പൂരിലെ കാഴ്ചകൾക്കായുള്ള ഒരു ജനപ്രിയ ഹോട്ട്‌സ്പോട്ടാണ് ചൈനാടൗൺ.

singapore-little-india

അതുപോലെതന്നെയാണ് ലിറ്റിൽ ഇന്ത്യയും. സിംഗപ്പൂരിൽ ഏറ്റവും അധികം ഇന്ത്യക്കാർ താമസിക്കുന്നത് ഇവിടെയാണ്. ഒരു ചെറിയ ഇന്ത്യയാണ് ഇവിടമെന്ന് തോന്നിപ്പോകും കണ്ടാൽ.

മറീന ബേ

സിംഗപ്പൂരിലെ കോസ്മോപൊളിറ്റൻ, മറീന ബേ, വിശാലമായൊരു നഗരദൃശ്യമാണ്. സിംഗപ്പൂരിലെ ഏറ്റവും ആകർഷകമായ ഹോട്ടലുകൾ, സ്കൈ ലൈനുകൾ ആകർഷണങ്ങൾ എന്നിവ ഇവിടെയാണുള്ളത്. സിംഗപ്പൂരിന്റെ സ്ഥിരതയും ഇന്നത്തെ സമ്പന്നമായ ദ്വീപ് രാഷ്ട്രമാക്കി മാറ്റുന്ന കഠിനാധ്വാനവും കാണിക്കുന്നതിൽ മറീന ബേ എല്ലായ്പ്പോഴും ഒരു വലിയ വഹിയ്ക്കുന്നു.

ക്ലാർക്ക് ക്വേ

സിംഗപ്പൂരിലെ പാർട്ടി ഹബ് എന്ന നിലയിൽ പ്രശസ്തമായ ക്ലാർക്ക് ക്വേ നൈറ്റ് ലൈഫിൻ്റെ കേന്ദ്രമാണ്. തുടക്കത്തിൽ ഒരു വിപണന കേന്ദ്രമായി ആരംഭിച്ച ക്ലാർക്ക് ക്വേയിൽ നിന്ന് നൂറുകണക്കിന് ഷോപ്പുകളും ബാറുകളും കസിനോകളും നിറഞ്ഞിരിക്കുന്നു.

ഗാര്‍ഡന്‍സ് ബൈ ദ ബേ

250 ഏക്കറില്‍ വിശാലമായി നിര്‍മ്മിച്ചിട്ടുള്ള ഗാര്‍ഡന്‍സ് ബൈ ദ ബേ ഒരത്ഭുതമാണ്. പൂന്തോട്ടങ്ങളുടെ നഗരത്തെ പൂന്തോട്ടങ്ങള്‍ക്കുള്ളിലെ നഗരമാക്കി മാറ്റുക എന്ന നയത്തിന്‍റെ ഭാഗമായി നഗരത്തിലെ ഹരിതാഭ വര്‍ധിപ്പിച്ചുകൊണ്ട് ജീവിതത്തിന്‍റെഗുണനിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ നിര്‍മിച്ചതാണിത്.

ഇവിടുത്തെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ക്ലൗഡ് ഫോറസ്റ്റ്. ഉഷ്ണമേഖലാ സസ്യങ്ങളുടെയും എപ്പിഫൈറ്റുകളുടെയും പുതിയ വളർച്ചയോടെ 35 മീറ്റർ ഉയരമുള്ള മനുഷ്യനിർമ്മിത പർവതമാണ് ക്ലൗഡ് ഫോറസ്റ്റിൽ ഉള്ളത്. അകത്തേക്ക് കടക്കുമ്പോൾ, ഏറ്റവും വലിയ ഇൻഡോർ വെള്ളച്ചാട്ടത്തിൽ നിന്നുള്ള മൂടൽമഞ്ഞ് സിംഗപ്പൂരിലെ ഉഷ്ണമേഖലാ ചൂടിൽ പുറത്തുനിന്നുള്ള ആർക്കും ആശ്വാസം നൽകുന്നു. 

ബൊട്ടാണിക് ഗാർഡൻസ്

യുനെസ്കോയുടെ ലോക പൈതൃക സൈറ്റായി രേഖപ്പെടുത്തിയിരിക്കുന്ന സിംഗപ്പൂർ ബൊട്ടാണിക് ഗാർഡൻസ് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലെ ആദ്യത്തെ, ഉഷ്ണമേഖലാ ബൊട്ടാണിക്കൽ ഗാർഡനാണ്. ഏഷ്യയിലെ ആദ്യത്തേതും ലോകത്ത് മൂന്നാമത്തേതുമായ ഈ ഉദ്യാനം നൂറ്റമ്പത് വർഷത്തിലേറെ പഴക്കമുള്ള ലക്ഷ്വറി ആകർഷണമാണ്. 

സിംഗപ്പൂർ ഫ്ലയർ

165 മീറ്റർ ഉയരത്തിൽ നിൽക്കുന്ന സിംഗപ്പൂർ ഫ്ലയർ ഏഷ്യയിലെ ഏറ്റവും വലിയ ഭീമൻ നിരീക്ഷണ ചക്രമാണ്. ഇവിടെ നിന്നുള്ള 360 ഡിഗ്രി  പനോരമിക് കാഴ്ച വിവർണനീയമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com