ADVERTISEMENT

ബാലതാരമായി സീരിയലിലേക്ക് കടന്നുവന്ന ശാലിൻ സോയ ഇന്ന് ബിഗ്സ്ക്രിനിലും തിളങ്ങി നിൽക്കുന്നു. പല മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ഇൗ മിടുക്കി.അവതാരകയായും നർത്തകിയായും സംവിധായികയായും വേഷമണിയുന്ന ശാലിൻ സോയ നല്ലൊരു അഭിനേത്രി കൂടിയാണ്.

ഇൗ ഇഷ്്ടങ്ങൾ കൂടാതെ മറ്റൊരു ഹോബി കൂടിയുണ്ട് താരത്തിന് 'യാത്രകൾ '.യാത്രകളോട് പ്രണയം എന്നുതന്നെ പറയാം. മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുള്ളയാളാണ് ശാലിൻ. താരത്തിന് സോളോട്രിപ്പുകൾ ഒരുപാട് ഇഷ്ടമാണ്. ബാലിയിലെയും നൂസ െഎലൻഡിലെയും വിശേഷങ്ങളാണ് ശാലിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ഞാൻ എനിക്കു തന്നെ നൽകിയ ജന്മദിന സമ്മാനമാണ് ബാലിയിലേക്കുള്ള ഇൗ യാത്ര എന്നാണ് ശാലിൻ ഇൻസ്റ്റഗ്രമില്‍ കുറിച്ചിരിക്കുന്നത്.

എവിടേക്ക് യാത്ര പോയാലും തന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് യാത്ര പ്ലാൻ ചെയ്യാനും തീരുമാനിക്കാനും മറ്റൊരാളുടെ അനുവാദം ചോദിക്കേണ്ട കാര്യമില്ല. അവരവരുടെ അഭിരുചിക്കനുസരിച്ച് യാത്ര പ്ലാൻ ചെയ്യാം ഇതൊക്കെയാണ് സോളോ ട്രിപ്പിനെ ശാലിന്‍ ഇഷ്ടപ്പെടുന്നത്.തിരക്കിൽ നിന്നും തിരക്കിന്റെ ലോകത്തിൽ സഞ്ചരിക്കുമ്പോഴും യാത്രക്ക് എങ്ങനെയും സമയം കണ്ടെത്തും ഇൗ സുന്ദരി. ബാലിയിലെ സുന്ദരകാഴ്ചകൾക്ക് പുറമെ ഇൻഡോനേഷ്യയിൽ അധികമാരും കടന്നുചെല്ലാത്ത നൂസ െഎലൻഡും ശാലിൻ സന്ദർശിച്ചു. രണ്ടാം ദിവസം ചെലവഴിച്ചത് നൂസ െഎലൻഡിലായിരുന്നു.

യാത്രകളെ പ്രണയിക്കുന്നവരുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളിലൊന്നാണ് ബാലി. തന്റെ യാത്രയോടൊപ്പം നല്ലൊരു ഗൈഡായി സുഹൃത്തുമുണ്ടായിരുന്നു. സ്ഥലങ്ങളെക്കുറിച്ച് കൂടുതൽ അറിയാനും യാത്ര കൂടുതൽ ആസ്വാദകരമാക്കുവാനും ഇൗ സുഹൃത്ത് സഹായിച്ചുവെന്നും ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സോളോയാത്രക്കാർക്ക് ഇൗ സുഹൃത്ത് നല്ലൊരു ഗൈഡ് തന്നെയാണെന്നും ശാലിൻ പറയുന്നു.

680775202

പോക്കറ്റ് കാലിയാക്കാതെ യാത്രചെയ്യാന്‍ പറ്റിയയിടമാണ് ബാലി. 'ദൈവങ്ങളുടെ ദ്വീപ്‌' എന്ന് ബാലിയെ വിളിക്കുന്നത് വെറുതെയല്ല! ഇന്തോനേഷ്യയിലെ 17,000 ദ്വീപുകളെ വച്ച് നോക്കുമ്പോള്‍ മനോഹരമായ പ്രകൃതിയും ശാന്തമായ കടലോരങ്ങളും ഇവിടുത്തെ ആളുകളും സമ്പല്‍സമൃദ്ധിയുമെല്ലാം ബാലിയെ വേറിട്ടു നിര്‍ത്തുന്നു. ഇന്തൊനീഷ്യയിലെ ഒറ്റത്തുരുത്തുകളാണ് ബാലി.

കടൽത്തീരങ്ങളും മലകളും വയലുകളും കാടുകളും കുളിർമ പകരുന്ന കാഴ്ചകളോടൊപ്പം പുകയുന്ന അഗ്നി പർവതങ്ങളുടെ കൂടി നാടാണിത്. കടലോര വിനോദകേന്ദ്രമായ കുട്ട ബീച്ച്, കടലിൽ പാറപ്പുറത്ത് നിൽക്കുന്ന ക്ഷേത്രമായ തനാ ലോട്ട്, ഉലുവത്ത് ക്ഷേത്രം, കൽഗുഹകൾ, സെമിൻയാക് ടൗൺഷിപ്പ്, കിന്താമണി അഗ്നി പർവതം, ബാലിയിലെ പരമ്പരാഗത കൈവേലകളുടെ ഗ്രാമമായ ഉബുദ് വില്ലേജ്, ജിംബാരൻ ബേ, കാടിനു നടുവിലെ സെകുംപൂൾ വെള്ളച്ചാട്ടം, അഗുംഗായ് റായ് മ്യൂസിയം, മങ്കി ഫോറസ്റ്റ്, തീർഥഗംഗ വാട്ടർ പാലസ് എന്നിവ കാണാം.സ്ഥിരം കാഴ്ച്ചകളല്ലാതെ ബാലിയില്‍  നിരവധി അനുഭവങ്ങള്‍ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്.ആങ്ങനെയൊരിടമാണ് നൂസ െഎലൻഡ്. അധികമാരും കടന്നുചെല്ലാത്ത െഎലൻഡാണ് നൂസ പെനിഡ. സഞ്ചാരിക്ക് വേണ്ടതെല്ലാം ഇവിടെയുമുണ്ട്.നുസ പെനിഡയിൽ ഡൈവു ചെയ്യാനുള്ള അനേകം സ്ഥാനങ്ങളുണ്ട്. നുസ പെനി‍ഡയുടെ പടിഞ്ഞാറൻ വശത്താണ് ക്രിസ്റ്റൽ ഉൾക്കടൽ. ഈ ഉൾക്കടൽ വളരെ അറിയപ്പെടുന്ന വിനോദസഞ്ചാരപ്രദേശമാണ്.സ്നോർക്കിലിങ്ങും മറ്റു വിനോദങ്ങളുമൊക്കെയുണ്ട്. 

ഏത് കാലാവസ്ഥയിലും യാത്രചെയ്യാൻ പറ്റിയയിടമാണ് ബാലി. അങ്ങോട്ടേക്കും മടക്കയാത്രക്കുമായിഒരു മാസം മുമ്പേ തന്നെ ഫ്ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്താൽ യാത്രാ നിരക്ക് കുറഞ്ഞിരിക്കും. ലോക്കൽ ട്രാൻസ്പോർട്ടേഷൻ ടാക്സികളുടെ നിരക്കും ബാലിയിൽ കുറവാണ്. യാത്രികരുടെ ബഡ്ജറ്റിന് അനുസരിച്ചുള്ള ഹോട്ടലുകളും ലഭ്യമാണ്.

ഇഷ്ടപ്പെട്ട യാത്രയെക്കുറിച്ച് ശാലിൻ

മിക്കവര്‍ക്കും പ്രിയം വിദേശയാത്രകളാണ്. എന്നെ സംബന്ധിച്ച് ഇന്ത്യയെ അടുത്തറിയണം അതാണ് ലക്ഷ്യം. വ്യത്യസ്ത കാഴ്ചകൾ സമ്മാനിക്കുന്ന ഒട്ടേറയിടങ്ങൾ ഇന്ത്യയിലുണ്ട്. ആ സുന്ദരകാഴ്ചകളൊക്കെയും മാറ്റി നിർത്തിയാണ് മിക്കവരും വിദേശകാഴ്ചകൾ തേടിപോകുന്നത്. സംസ്കാരവും ചരിത്രവും സുന്ദരകാഴ്ചകളും നിറഞ്ഞ ഇന്ത്യയെ തൊട്ടറിഞ്ഞുള്ള യാത്രയാണ് പ്രിയം. കണ്ടക്കാഴ്ചകളും സ്ഥലങ്ങളും വീണ്ടും കാണുന്നത് അത്ര ഇഷ്ടമല്ല. പുതിയ സ്ഥലങ്ങളിലേക്ക് യാത്ര പോകുന്നതും അറിവു നേടുന്നതുമാണ് എപ്പോഴും എനിക്കിഷ്ടം. എന്നിരുന്നാലും രാജസ്ഥാൻ എനിക്ക് മുഴുവനായും കണ്ടുതീർക്കാനാവാത്ത പോലെയാണ്. കണ്ട സ്ഥലങ്ങളിൽ പിന്നെയും പോകണമെന്ന് എനിക്ക് ആഗ്രഹമുള്ളത് പുഷ്കർ എന്ന സുന്ദരഭൂമിയാണ്. മൂന്നു വശങ്ങളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന വലിയ മലകള്‍, അതിന്റെ ഒരു വശത്ത് മനോഹരമായ തടാകം. ഇതൊക്കെയാണ് പുഷ്കർ. അവിടെയെത്തുമ്പോൾ വല്ലാത്തൊരു അനുഭൂതിയാണ്. അവിടെ എത്ര നേരം വേണെങ്കിലും ചെലവഴിക്കാനും ഞാൻ റെഡിയാണ്. അതുപോലെ തന്നെ വാരണാസിയും കറങ്ങണമെന്നുണ്ട്.

ഉൾഗ്രാമത്തിലേക്കുള്ള യാത്ര

സാധാരണ സിറ്റിയിൽ ചുറ്റിയടിക്കുന്നതിനെക്കാളും എനിക്ക് പ്രിയം ഇന്ത്യക്കകത്തെ ഉൾഗ്രാമത്തിലേക്കുള്ള യാത്രയാണ്. സഞ്ചാരികളടക്കം കടന്നു ചെല്ലാത്ത ഒരുപാട് സ്ഥലങ്ങൾ ഇന്ത്യയിലുണ്ട്. ആധുനികസൗകര്യങ്ങൾ പോലുമില്ലാത്ത ചില പ്രദേശങ്ങൾ. എന്തിനു ഏറെ പറയണം പോലീസ് സ്റ്റേഷനില്ല, ബസ് സർവ്വീസില്ല അത്തരം ഇടങ്ങൾ. എന്റെ സുഹൃത്തിന്റെ സഹായത്തോടെ അങ്ങനെയൊരിടത്തേക്ക് ഞാൻ യാത്രപോയിരുന്നു. അജ്മീറിൽ നിന്നും ഉള്ളിലേക്ക് പോകുന്ന കോട്ടടി എന്ന ഉൾഗ്രാമം. അവിടുത്തെ ആളുകളെയും കുട്ടികളെയുമൊക്കെ കണ്ടപ്പോൾ എനിക്ക് വല്ലാത്ത വിഷമം തോന്നി. അവർക്കുവേണ്ടി എന്നാലാവും വിധം എന്തെങ്കിലുമൊക്കെ ചെയ്യണമെന്നു തോന്നി. അവിടെ മാർവാടി ഭാഷയാണ്. ഇംഗ്ലീഷ് ഒന്നും വശമില്ല. അവിടുത്തെ കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ എഴുതാനും വായിക്കുവാനും  പഠിപ്പിച്ചു. മൂന്നുമാസം ഞാൻ ആ ഗ്രാമത്തിലുണ്ടായിരുന്നു. അവിടുത്തെ ഗ്രാമവാസികളുടെ വീടുകളിലൊക്കെയും പോയിരുന്നു. ആ ഗ്രാമത്തിലേക്കുള്ള എന്റെ യാത്രയും അനുഭവവും ഒരിക്കലും മറക്കാനാവില്ല. മടക്കയാത്രയിൽ അവരിൽ ഒരുകുട്ടി എനിക്കൊരു കുറിപ്പു തന്നു. അതു വായിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി. വളരെ നന്ദിയുണ്ടെന്നും എനിക്കുമൊരു സ്വപ്നമുണ്ടെന്നുമായിരുന്നു ഇംഗ്ലീഷിൽ എഴുതിയിരുന്നത്.

ഹിമാലയം സോളോ ട്രിപ്പ്

മരണത്തോളം തണുപ്പുള്ള ഹിമാലയത്തിലേക്കുള്ള എന്റെ സോളോട്രിപ്പും രസകരമായിരുന്നു. ഡൽഹിയിൽ നിന്നും മണാലി വരെ ബസിലായിരുന്നു യാത്ര. ആ യാത്രയും നല്ലൊരു അനുഭവമായിരുന്നു സമ്മാനിച്ചത്. മഞ്ഞുമൂടിയ മരങ്ങളും മലനിരകളും. സ്വർഗം താണിറങ്ങി വന്നതോ എന്ന പാട്ടിന്റെ ഈരടികൾ ഓർമയിലേക്ക് കൊണ്ടുവരും മണാലിയിലെ ഓരോ കാഴ്ചകളും കസോളിലെ കാഴ്ചകളും പറഞ്ഞറിയിക്കാൻ കഴിയാത്ത അത്രയും മനോഹരം.

സ്വപ്ന യാത്ര

ലക്ഷ്വറിയാത്രയിൽ എനിക്കേറ്റവും പ്രിയപ്പെട്ട സ്ഥലമുണ്ട്. സിനിമകളിലൂടെ കണ്ട് എന്റെ മനസ്സിൽ പതിഞ്ഞ നാട്, എന്റെ ഡ്രീം ഡെസ്റ്റിനേഷൻ. സ്പെയിൻ! അവിടേക്ക് യാത്ര പോകണമെന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com