sections
MORE

ജീവന്‍ പണയപ്പെടുത്തിയെടുക്കുന്ന ഹിമാലയന്‍ തേന്‍: തേന്‍ വേട്ടക്കാരുടെ കഥ

honey-hunter
SHARE

നൂറ്റാണ്ടുകളായി ഹിമാലയത്തില്‍നിന്നു തേന്‍ ശേഖരിക്കുന്ന നേപ്പാളിലെ ഗുരുങ് ആദിവാസി വിഭാഗത്തെക്കുറിച്ചു കേട്ടിട്ടുണ്ടോ? പൂര്‍വികരില്‍നിന്ന് പകര്‍ന്നു കിട്ടിയ അറിവും മനോധൈര്യവുമാണ് ഇവരുടെ കൈമുതല്‍. ജീവന്‍ പണയപ്പെടുത്തിയാണ് ഹിമാലയ താഴ്‌വരകളില്‍ ഇവര്‍ തേന്‍വേട്ടയ്ക്ക് ഇറങ്ങുന്നത്, അതും വെറും കയര്‍ ഗോവണികളും നീളന്‍ വടികളും മാത്രം ഉപയോഗിച്ച്.

വേട്ടക്കാരെ ഒഴിവാക്കാനും സൂര്യപ്രകാശം നേരിട്ട് എത്താനുമായി, ആര്‍ക്കും കടന്നു ചെല്ലാനാവാത്ത കുത്തനെയുള്ള പാറക്കെട്ടുകളിലാണ് തേനീച്ചകള്‍ കൂടു വയ്ക്കുന്നത്. കയര്‍ ഗോവണികള്‍ ഉപയോഗിച്ച് ഇതിനു മുകളില്‍ വലിഞ്ഞു കയറിയാണ് ഇവര്‍ തേന്‍ എടുക്കുന്നത്.തേന്‍വേട്ടയ്ക്ക് ഇറങ്ങും മുമ്പ് മലദൈവങ്ങളെ സന്തോഷിപ്പിക്കുന്ന ചടങ്ങുണ്ട്. ആടുകളെ ബലിയർപ്പിക്കുക, പൂക്കൾ, പഴങ്ങൾ, അരി എന്നിവ സമർപ്പിക്കുക, സുരക്ഷിതമായ വേട്ടയാടൽ ഉറപ്പാക്കാൻ പ്രാർഥിക്കുക എന്നിവയാണ് ഈ ചടങ്ങിലുള്ളത്. 

honey-hunter-2

ആയിരക്കണക്കിനു തേനീച്ചകള്‍ നിറഞ്ഞ കൂടിനു നേരെ കയര്‍ഗോവണിയെറിഞ്ഞ് ‘കുയിച്ചെ’ എന്ന് വിളിക്കപ്പെടുന്ന പ്രധാന വേട്ടക്കാരന്‍ മുകളിലേക്ക് കയറിപ്പോകുന്നു. ഒരു ഡസനോളം ആളുകള്‍ അയാള്‍ക്ക് കാവല്‍ നില്‍ക്കുന്നു.കട്ടിയുള്ള പുകയിൽ മുങ്ങി വേട്ടക്കാരൻ, ഒരറ്റത്ത് അരിവാൾ അല്ലെങ്കിൽ മരപ്ലേറ്റ് പിടിപ്പിച്ച മുളവടിയുമായി തേനീച്ചക്കൂടിനുനേരേ കുതിക്കുന്നു. പുറത്തേക്കു തള്ളിനില്‍ക്കുന്ന തേനട ഒറ്റയടിക്ക് പാറയില്‍നിന്നു വേര്‍പെടുത്തുന്നു. നിലത്തു വീഴും മുന്‍പേ നിമിഷങ്ങള്‍ക്കുള്ളില്‍ മറ്റൊരു വടി ഉപയോഗിച്ച് അതീവ വൈദഗ്ധ്യത്തോടെ ഈ തേനട കയ്യിലുള്ള കൊട്ടയിലാക്കുന്നു!

ജാപ്പനീസ്, ചൈനീസ്, കൊറിയൻ പരമ്പരാഗത മരുന്നുകളില്‍ ചേര്‍ക്കാനും അണുബാധകൾക്കും പരുക്കുകൾക്കും ചികിത്സിക്കുന്നതിനുമായി ഈ തേൻ  കൂടുതലായി കയറ്റുമതി ചെയ്യുന്നു. സ്പ്രിങ് ‘റെഡ്’ തേനിനാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്. ഒരു കിലോഗ്രാമിന് 15 യുഎസ് ഡോളർ വരെ വിലവരുന്ന തേനാണിത്. തദ്ദേശീയ സമുദായങ്ങളിൽ നിന്ന് സർക്കാരിനു ലഭിച്ച പാറക്കൂട്ടങ്ങളുടെ ഉടമസ്ഥാവകാശം കരാറുകാർക്കും ഇവിടേക്കുള്ള വഴി തുറന്നിരിക്കുന്നു. അതേസമയം അപകടസാധ്യതകൾ, പരിമിതമായ വരുമാനം, നഗരങ്ങളിലേക്കുള്ള കൂടുമാറ്റം എന്നിവ കാരണം യുവതലമുറ തങ്ങളുടെ കുലത്തിന്‍റെ പാത പിന്തുടരാൻ വിമുഖത കാണിക്കുന്നത് പരമ്പരാഗത തേൻ വേട്ടക്കാരുടെ എണ്ണം കുറയുന്നതിനും കാരണമായിട്ടുണ്ട്.

honey-hunter-1

ലോകപ്രശസ്തമായ അന്നപൂർണ സർക്യൂട്ടിൽ ട്രെക്കിങ് നടത്താനായി എത്തുന്ന  സഞ്ചാരികളുടെ എണ്ണത്തില്‍ ഉണ്ടായ വർധന, ഗണ്ട്രൂക്ക്, മനാങ്, ലാംജങ് തുടങ്ങിയ പ്രദേശങ്ങളിൽ തേൻവേട്ട പരിപാടികൾ സംഘടിപ്പിക്കുന്നതിന് ട്രെക്കിങ് ഏജൻസികളെ പ്രേരിപ്പിച്ചു. തേൻവേട്ടയില്‍ പങ്കെടുക്കാൻ ഇത്തരം ഏജന്‍സികള്‍ സഞ്ചാരികവിൽനിന്ന് ഈടാക്കുന്നത്  250 ഡോളർ മുതൽ 1,500 ഡോളർ വരെയാണ്. എന്നാല്‍ നിസ്സാര തുക മാത്രമേ ഇവര്‍ തേന്‍വേട്ടക്കാരായ ഗോത്രവിഭാഗക്കാര്‍ക്കു നല്‍കാറുള്ളൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA