ADVERTISEMENT

ലോകമെമ്പാടുമുള്ള  ദശലക്ഷക്കണക്കിന് ആളുകള്‍ കൊറോണ വൈറസിനെതിരെ പോരാടിക്കൊണ്ടിരിക്കുകയാണ്. മഹാമാരിയെ പ്രതിരോധിക്കാന്‍ വേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ എല്ലാവരും എടുക്കുന്നുണ്ട്. പല കമ്പനികളും ജോലിക്കാരോട് വീട്ടിലിരുന്ന് ജോലിചെയ്യാന്‍ ആവശ്യപ്പെടുന്നു. രാജ്യാന്തര വിമാന സര്‍വ്വീസുകള്‍ റദ്ദാക്കുന്നു, രാജ്യാതിര്‍ത്തികള്‍ അടയ്ക്കുന്നു.മിക്ക സെലിബ്രിറ്റികളും സോഷ്യല്‍ മീഡിയയില്‍ അവരുടെ ദശലക്ഷക്കണക്കിന് അനുയായികളോട് സ്വയം ക്വാറന്റീന്‍ എടുക്കണമെന്നും വേണ്ട സുരക്ഷ സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

എന്നാല്‍ ചില സെലിബ്രിറ്റികളെ സംബന്ധിച്ചിടത്തോളം, ഈയൊരു സമയം പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെടാത്ത ഒരു ഇടവേളയാണ്. അതിലൊരാളാണ് രാധിക ആപ്‌തേ. കൊറോണ വൈറസ് വ്യാപനത്തിനിടെയാണ് താരം ലണ്ടനിലേക്ക് പറന്നത്. ലണ്ടന്‍ സ്വദേശിയും സംഗീതജ്ഞനുമായ ഭര്‍ത്താവ് ബെനഡിക്റ്റ് ടെയ്‌ലറുടെ അടുത്തേക്ക് പോയതാണ് രാധിക. ഭര്‍ത്താവിനൊപ്പം അവധി ആഘോഷിക്കാന്‍ വര്‍ഷത്തില്‍ പലവട്ടം രാധിക അങ്ങോട്ട് യാത്ര നടത്താറുണ്ട്. 

കഴിഞ്ഞ ദിവസം നടത്തിയ  ഇത്തരമൊരു അവധിക്കാല യാത്രയുടെ അനുഭവം രാധിക തന്റെ ഇസ്റ്റഗ്രാമിലൂടെ പങ്കുവച്ചു. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ തടസമില്ലാതെ ഇറങ്ങാന്‍ സാധിച്ചെന്നും എയര്‍പോര്‍ട്ട് അക്ഷരാര്‍ത്ഥത്തില്‍ ശൂന്യമായിരുന്നുവെന്നും രാധിക പോസ്റ്റില്‍ പറയുന്നു.

'സുഹൃത്തുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും ഉത്കണ്ഠയോടും ജിജ്ഞാസയോടും കൂടി എനിക്ക് ലഭിച്ച നിരവധി സന്ദേശങ്ങള്‍ക്ക് മറുപടിയായി ഞാന്‍ സുരക്ഷിതമായി ലണ്ടനില്‍ തിരിച്ചെത്തിയിരിക്കുന്നു. 'ഇമിഗ്രേഷനില്‍ ഒരു പ്രശ്‌നവുമുണ്ടായില്ല. അവിടം ശൂന്യമായിരുന്നു, മാത്രമല്ല എയര്‍പോര്‍ട്ട് അധികൃതരുമായി സംസാരിക്കുവാനും സാധിച്ചു. പാഡിംഗ്ടണിന്റെ കാര്യവും വ്യത്യസ്തമല്ല. ഇപ്പോള്‍ അത്രയേയുള്ളൂ! എല്ലാ സന്ദേശങ്ങള്‍ക്കും നന്ദി,' ഇങ്ങനെയാണ് രാധികയുടെ ഇസ്റ്റഗ്രാം പോസ്റ്റ്. ഇന്ത്യ കഴിഞ്ഞാല്‍ തനിക്കേറ്റവും പ്രിയം ലണ്ടന്‍ നഗരമാണെന്ന് രാധിക മുമ്പ് പറഞ്ഞിട്ടുണ്ട്. മിക്കവാറും തന്റെ അവധിക്കാലങ്ങളെല്ലാം താരം ആഘോഷിക്കുന്നതും ലണ്ടനില്‍ തന്നെയാണ്.

അതിനിടെ സോനം കപൂറും കൊറോണകാല യാത്രയുടെ വിശേഷങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. കൊറോണ വൈറസ് ഭയത്തിനിടെ തന്നെയാണ് സോനം കപൂര്‍ ഭര്‍ത്താവ് ആനന്ദ് അഹൂജയ്‌ക്കൊപ്പം ലണ്ടനില്‍ നിന്ന് ഡൽഹിയിലേക്ക് പറന്നെത്തിയത്. തിരിച്ചെത്തിയ സോനം തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ നിരവധി വിഡിയോകള്‍ റെക്കോര്‍ഡുചെയ്തിട്ടുണ്ട്. അതില്‍ കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കാന്‍ സജീവമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് നന്ദിയും രേഖപ്പെടുത്തുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com