ADVERTISEMENT

ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രമാണ് അങ്കോർ വാട്ട്. കമ്പോഡിയയിലെ അങ്കോർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം രാജ്യത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രവും ചരിത്രത്തിൽ സുപ്രധാന പങ്കുവഹിക്കുന്ന ഇടവുമാണ്. കമ്പോഡിയയുടെ ദേശീയപതാകയിൽ വരെ ഈ ക്ഷേത്രം മുദ്രണം ചെയ്തിട്ടുണ്ട്. 

നിങ്ങൾ അങ്കോർ വാട്ട് ക്ഷേത്രം സന്ദർശിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതും അറിയേണ്ടതുമായിട്ടുണ്ട്. 

ഇനി പറയുന്ന കാര്യങ്ങൾ മനസ്സിൽ വച്ചുകൊണ്ട് യാത്ര നടത്തിയാൽ നിങ്ങളുടെ ആ യാത്ര അവിസ്മരണീയമാക്കിത്തീർക്കാം. 

1. ക്ഷേത്രത്തെക്കുറിച്ച് നന്നായിട്ടൊന്നറിയാം

അങ്കോർ വാട്ടിനെക്കുറിച്ച്  അടിസ്ഥാനപരമായി ചിലതൊക്കെ നിങ്ങൾക്ക് അറിയാമായിരിക്കും. എന്നാൽ അത് പോരാ. വ്യക്തിപരമായി തന്നെ ക്ഷേത്രത്തിന്റെ ചരിത്രവും മറ്റും ഒരു ചെറിയ ഗവേഷണം നടത്തി അറിഞ്ഞിരിക്കാം. ഇത് നിങ്ങളുടെ യാത്രയ്ക്ക് ഗുണം ചെയ്യുമെന്ന് ഉറപ്പാണ്.

2. നടക്കാൻ തയാറാകുക

ഈ ക്ഷേത്രസമുച്ചയം വളരെ വിശാലമാണ്. മാത്രമല്ല സമുച്ചയത്തിനകത്തെ ക്ഷേത്രങ്ങളും മറ്റ് കാഴ്ചകളും പരസ്പരം വളരെ അകലത്തിലാണ് സ്ഥിതി ചെയ്യുന്നതും. അതുകൊണ്ട് നല്ല രീതിയിൽ തന്നെ നടക്കാനുള്ള തയാറെടുപ്പോടുകൂടി വേണം അങ്കോർ വാട്ട് കാണാൻ പോകാൻ. ഒപ്പം കയ്യിൽ ധാരാളം വെള്ളവും കരുതിയിരിക്കണം. കാരണം ഇവിടുത്തെ ചൂടിൽ നിലനിൽക്കാൻ നമുക്ക് ചിലപ്പോൾ സാധിച്ചെന്നുവരില്ല. പ്രത്യേകിച്ച് ഏപ്രിൽ മുതൽ മെയ് മാസങ്ങളിൽ ചൂട് കൂടുതലാണ്.

3. സന്ദർശന സമയം പ്രധാനം

സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം സൂര്യോദയത്തിനു മുമ്പാണ്. അതായത് പുലർച്ചെ ഒരു 5 മണിയോടെ അവിടെയെത്താൻ ശ്രമിക്കണം. കാരണം ക്ഷേത്രത്തിന്റെ അഭൂതമായ പശ്ചാത്തലത്തിൽ നിന്നു കൊണ്ട് സൂര്യോദയം കാണുന്നത് വിവരണാതീതമായ അനുഭവമാണ്. ഈ സമയം മികച്ച ഫോട്ടോയും എടുക്കാൻ കഴിയും. ഇതിനൊക്കെ പുറമേ അധികം തിക്കും തിരക്കും ഒന്നുമില്ലാതെ  ക്ഷേത്രത്തിന്റെ ശാന്തത പൂർണ്ണമായും ആസ്വദിക്കാനുള്ള അവസരവും ലഭിക്കും.

നിങ്ങൾ ഏറ്റവും ചൂടേറിയ മാസങ്ങളിലാണ് പോകുന്നതെങ്കിൽ, രാവിലെ 11 മണിക്ക് മുമ്പ് തീർച്ചയായും ക്ഷേത്രങ്ങൾ സന്ദർശിക്കണം. ഇനി വൈകുന്നേരമാണ് ക്ഷേത്രദർശനം ആഗ്രഹിക്കുന്നതെങ്കിൽ സൂര്യാസ്തമയ സമയത്ത് തന്നെ പോകണം. കാരണം ആ സമയം ക്ഷേത്രത്തിന്റെ രൂപം സ്വർഗീയമായ ഒരു കാഴ്ച തന്നെയാണ്.

4. ആചാരങ്ങൾ തെറ്റിക്കരുത്

ഒട്ടുമിക്ക പുരാതന ക്ഷേത്രങ്ങളെല്ലാം ഹിന്ദു ആരാധനയുടെ സജീവമായ സ്ഥലങ്ങളായതിനാൽ മാന്യമായ വസ്ത്രം ധരിക്കാൻ ശ്രദ്ധിക്കണം. സ്ലീവ്‌ലെസ് വസ്ത്രങ്ങൾക്ക് ക്ഷേത്രത്തിനകത്ത് നിരോധനമുണ്ട്. അതുപോലെതന്നെ സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നീളമുള്ള പാന്റ്സ് ധരിക്കണമെന്നതും നിർബന്ധമാണ്. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സമുച്ചയത്തിന്റെ ചില പ്രദേശങ്ങളിൽ പ്രവേശനമില്ല. നിങ്ങൾ കുട്ടികളോടൊപ്പമാണ് യാത്ര ചെയ്യുന്നതെങ്കിൽ, ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കുന്നതിനുമുമ്പ് ഇത് എവിടെയൊക്കെയാണ് എന്ന് അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും.

5. നല്ല സമയം

ജനുവരിയിൽ ഇവിടെ മികച്ച കാലാവസ്ഥയാണ്. സാധ്യമെങ്കിൽ, ഈ മാസം നിങ്ങളുടെ യാത്ര ബുക്ക് ചെയ്യാൻ ശ്രമിക്കുക.

6. എങ്ങനെ ചുറ്റിയടിക്കാം

നിങ്ങൾ കുടുംബമായോ പങ്കാളിയ്ക്കൊപ്പമോ ആണ് യാത്ര നടത്തുന്നതെങ്കിൽ രണ്ടോ മൂന്നോ ദിവസത്തേക്ക് ഒരു സ്വകാര്യ ഡ്രൈവറെ വച്ച് ഒരു കാർ വാടകയ്ക്ക് എടുക്കുന്നത് നന്നായിരിക്കും. മിക്ക ഹോട്ടലുകൾക്കും അവ സ്റ്റാൻഡ്‌ബൈയിൽ തന്നെ ഉണ്ടാകും. അല്ലെങ്കിൽ, സമയമുണ്ടെങ്കിൽ ഒരു ബൈക്ക് വാടകയ്ക്ക് എടുത്ത് കുറച്ച് ദിവസത്തേക്ക് അത് ഓടിക്കാം. ക്ഷേത്രങ്ങൾ കാണാനുള്ള രസകരവും സാഹസികവുമായ മാർഗമാണിതെന്നത് പ്രത്യേകം പറയേണ്ടല്ലോ.

7. ഭക്ഷണം ഷോപ്പിങ്

പണം ലാഭിക്കാൻ ക്ഷേത്രങ്ങളോട് അടുത്തിരിക്കുന്ന സ്റ്റോറുകളിൽ നിന്ന് സുവനീർ വാങ്ങുക. ഈ ഷോപ്പുകളിലുള്ളവക്ക് മാർക്കറ്റുകളിൽ വിൽക്കുന്നതിനേക്കാൾ വില കുറവായിരിക്കും. 

ഇനി ബഡ്ജറ്റിൽ ഒതുങ്ങുന്നതും രുചികരവുമായ ഭക്ഷണമാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ അതിന്, ഒരു റെസ്റ്റോറന്റിനേക്കാൾ സീം റീപ് ഇൻഡോർ മാർക്കറ്റാണ് മികച്ചത്. ഭക്ഷണം നിങ്ങളുടെ മുൻപിൽ തന്നെ പാകം ചെയ്യുന്നു, അവിടെ ഇരുന്നു തന്നെ കഴിക്കാം. കമ്പോഡിയയിൽ പൊതുവേ ഭക്ഷണം കഴിക്കലിന് അധിക ചെലവില്ല.

അവസാനമായി  ഓരോ ക്ഷേത്രങ്ങളിലും അവയുടെ  പ്രത്യേകതകൾ പൂർണ്ണമായി മനസ്സിലാക്കാൻ വേണ്ടത്ര സമയം ചെലവഴിക്കാൻ ശ്രമിക്കാം എന്നതാണ്. കാരണം അങ്കോർ വാട്ടിനുള്ളിലെ ഓരോ ക്ഷേത്രങ്ങളെക്കുറിച്ചും പൂർണമായും അറിയുന്നത് വരെ നിങ്ങളുടെ യാത്ര പൂർത്തിയാകില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com