sections
MORE

ഏതൊരു ധൈര്യശാലിയുടേയും മനസ്സൊന്നുലയ്ക്കും ഇൗ 'രാക്ഷസ കോട്ട'

Sigiriya
SHARE

ലോകത്തെ എട്ടാമത്തെ അദ്ഭുതം എന്ന വിശേഷണമുള്ള ഒരു സ്ഥലമുണ്ട് നമ്മുടെ അയൽരാജ്യത്ത്. യുനെസ്‌കോയുടെ ചരിത്ര സ്മാരകത്തിൽ ഇടം പിടിച്ച സിഗിരിയ. മനോഹരമായ ഭൂപ്രകൃതിയും അതിശയകരവുമായ സിഗിരിയ എന്ന ശ്രീലങ്കയിലെ അദ്ഭുതത്തെക്കുറിച്ച് അറിയാം.

സിഗിരിയ ശ്രീലങ്കയിലെ മതാലെ ജില്ലയിലെ ദംബുള്ള ടൗണിലാണ് സ്ഥിതി ചെയ്യുന്നത്. പതിനാലാം നൂറ്റാണ്ടു വരെ ഇവിടെ ബുദ്ധസന്യാസിമാരുടെ സാന്നിധ്യമുണ്ടായിരുന്നു. ഇന്ന് ശ്രീലങ്കയുടെ ടൂറിസം ഭൂപടത്തിലെ പ്രധാനപ്പെട്ട ആകർഷണങ്ങളിൽ ഒന്നാണിവിടം. ഒരുകാലത്തിന്റെ ഓർമപ്പെടുത്തലാണ് സിഗിരിയ. കാലത്തെ കുറച്ചെങ്കിലും അവശേഷിപ്പിക്കുന്ന കോട്ടകളും കൊത്തളങ്ങളും ബുദ്ധ വിഹാര കേന്ദ്രങ്ങളും ഇവിടം സവിശേഷമാക്കുന്നു. അജന്തയിലെ ഗുഹാചിത്രങ്ങളെ ഓർമ്മിപ്പിക്കുന്ന മനോഹരമായ പൗരാണിക ചിത്രങ്ങളുടെ ഒരു സൂക്ഷിപ്പ് ഇവിടെയുണ്ട്.

472055873

രാമായണവും സിഗിരിയയും

നൂറ്റാണ്ടുകൾ പഴക്കമുള്ള കാഴ്ചകളാണ് ഇവിടയുള്ളത്. അതിൽത്തന്നെ രാമായണവുമായി ബന്ധപ്പെട്ട കുറെയേറെ ഐതിഹ്യങ്ങളും കഥകളും അനുഭവിച്ചറിയാം. ഒരു പാറ പീഠഭൂമിയാണിവിടം. താഴെ നിരവധി ഗുഹകള്‍ കാണാം. സിഗിരിയയും രാവണനും തമ്മിൽ  ബന്ധമുണ്ടെന്നാണ് പറഞ്ഞുകേൾക്കുന്ന കഥകളിലെ ഏറ്റവും പ്രധാനപ്പെട്ടത്. രാവണൻ സീതയെ തട്ടിക്കൊണ്ടു പോയി പാർപ്പിച്ചിരുന്നത് താഴെ കാണുന്ന ഗുഹകളിൽ ഒന്നിൽ ആയിരുന്നത്രെ.

sigirya

പാറയുടെ പരന്ന ഉപരിതലത്തിന്റെ മേൽഭാഗത്തെ പഴയ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾ, സിംഹകവാടം, കണ്ണാടിമതിൽ, ചുവർചിത്രങ്ങൾ എന്നിവ ചേർന്ന മദ്ധ്യഭാഗത്തെ മട്ടുപ്പാവ്, കീഴ്ഭാഗത്തെ ചരിവിനോട് പറ്റിച്ചേർന്നിരിക്കുന്ന താഴത്തെ കൊട്ടാരം, കിടങ്ങുകൾ തുടങ്ങി ഏറെ അകലെവരെ നീളുന്ന മതിലുകളും ഉദ്യാനങ്ങളും എല്ലാം ചേർന്നതാണ് സിഗിരിയ സമുച്ചയം.

ഇവിടം ഒരു കൊട്ടാരവും കോട്ടയും ആയിരുന്നു. രാജകൊട്ടാരസമുച്ചയം 3 നിലകളിലായാണ്‌ ഒറ്റപ്പാറക്കു മുകളിൽ നിലനിന്നിരുന്നത്. കാലപ്പഴക്കത്തിനുശേഷവും കൊട്ടാരസമുച്ചയം അതിന്റെ നിർമാതാക്കളുടെ സർഗശേഷിക്കും സാങ്കേതികമികവിനും തെളിവായി നിൽക്കുന്നു. മുകളിലെ കൊട്ടാരത്തോട് ചേർന്ന് പാറയിൽ കൊത്തിയെടുത്തിരിക്കുന്ന പ്രാചീന ജലധാരകളും സിഗിരിയയുടെ സവിശേഷത തന്നെ.

Kerala to form new tourism circuit with Sri Lanka

നൂറ്റാണ്ടുകള്‍ക്കു മുമ്പ് വളരെ അത്യാഡംബരത്തോടുകൂടി നിർമിച്ചിട്ടുള്ള കൊട്ടാരം ആണിതെന്ന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാക്കാം. സ്വര്‍ണത്താല്‍ നിര്‍മിതമായ ഈ കൊട്ടാരത്തില്‍ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടായിരുന്നു. ആയിരം പടവുകളുണ്ട് കൊട്ടാരത്തിനുള്ളിലേക്ക് പ്രവേശിക്കാൻ. ഇവിടുത്തെ മറ്റൊരു പ്രത്യേകത രാജാവിനും അദ്ദേഹത്തിന്റെ സന്ദർശകർക്കും വേണ്ടി ലിഫ്റ്റുകൾ സജ്ജീകരിച്ചിരുന്നു എന്നതാണ്. എന്നാൽ ഈ കൊട്ടാരം രാവണന്റേതല്ല മറിച്ച് കശ്യപരാജാവിന്റേതാണെന്ന വാദവും നിലനിൽക്കുന്നുണ്ട്.

സിഗിരിയയുടെ താഴെക്കാണുന്ന ഗുഹകളിൽ നിറയെ ചരിത്രത്തിന്റെ നേർക്കാഴ്ചകളാണ്. ചിലഗുഹകളുടെ ചുവരുകളില്‍ കടുംനിറത്തിലുള്ള പെയിന്റിങ്ങുകള്‍ വരച്ചിരിക്കുന്നു. രാമായണത്തിലെ വിവിധ കാലഘട്ടങ്ങളിലെ സംഭവവികാസങ്ങള്‍ ഈ ചിത്രങ്ങള്‍ നോക്കിയാല്‍ മനസ്സിലാക്കാന്‍ കഴിയും. നൂറ്റാണ്ടുകള്‍ക്കുമുന്‍പുള്ള ശിലാചിത്രങ്ങള്‍, കല്ല് ഉരച്ചെടുത്ത കണ്ണാടികള്‍, ശിലയില്‍ തീര്‍ത്ത വലിയ സിംഹപാദങ്ങള്‍, മുകള്‍പ്പരപ്പിലെ കൊട്ടാര അവശിഷ്ടങ്ങള്‍, മധ്യശ്രീലങ്കയുടെ 360 ഡിഗ്രി വ്യൂ എന്നിവയെല്ലാം ഓരോ യാത്രികനും ചരിത്രം പറയുന്ന സിഗിരിയയെ അറിയാനുള്ള കാഴ്ചകളിൽ ചിലതുമാത്രം. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാരാണ് സിഗിരിയ കണ്ടെത്തി പുനരുദ്ധരിക്കുന്നത്. പാറയുടെ വശങ്ങളിലുള്ള പടികളിലൂടെ മുകളിലേക്കുള്ള കയറ്റം ഏതൊരു ധൈര്യശാലിയുടേയും മനസ്സൊന്നുലയ്ക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA