sections
MORE

ഫിജിയിലെ ദ്വീപുകൾ ലോകപ്രശസ്തമായത് ഇങ്ങനെയാണ്

Fiji
SHARE

ലോകപ്രശസ്തമാണ് ഫിജിയിലെ ദ്വീപുകൾ. അതിമനോഹരമായ ഭൂപ്രകൃതിയും പവിഴപ്പുറ്റുകളും തെളിമയാർന്ന കടലിനോട് ചേര്‍ന്ന് കിടക്കുന്ന കായലും ഫിജിയെ ഏറെ ആകർഷണീയമാക്കുന്നു. 322 ദ്വീപുകളടങ്ങുന്ന ഒരു ദ്വീപസമൂഹമാണിവിടം. 150 ദശലക്ഷം വർഷങ്ങൾക്കു മുൻപ് നടന്ന അഗ്നിപർവത പ്രവർത്തനങ്ങൾ കൊണ്ട് രൂപപ്പെട്ടതാണ് ഫിജിയിലെ ദ്വീപുകൾ മിക്കതും.

വെളുത്ത മണൽ തരികൾ, സൗന്ദര്യം വഴിഞ്ഞൊഴുകുന്ന കടൽത്തീരങ്ങൾ, പവിഴ പുറ്റുകൾ, മനോഹരമായ സൂര്യാസ്തമയ കാഴ്ച, ഹരിതഭംഗി, ട്രക്കിങ്, ആഢംബര റിസോർട്ടുകൾ എന്നിങ്ങനെ നിരവധി ആകർഷണങ്ങളാണ് ഫിജിയിൽ സഞ്ചാരികളെ വരവേൽക്കുന്നത്. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളിലൊന്നായാണ് ദക്ഷിണ പസിഫിക്കിന്റെ ഭാഗമായ ഫിജി അറിയപ്പെടുന്നത്. ഇൗ കാരണങ്ങളൊക്കെയാണ് ഫിജിയെ പ്രശസ്തമാക്കുന്നത്.

Castaway-Island

ഫിജിയിലെ ദ്വീപുകളെക്കുറിച്ച് കൂടുതലറിയാം

കാസ്റ്റ എവേയ് ദ്വീപ് 

ഫിജിയുടെ തലസ്ഥാനത്തിനു പടിഞ്ഞാറ് ഭാഗത്തുള്ള ഇരുപതോളം അഗ്നിപർവത ദ്വീപസമൂഹം ഉൾപ്പെടുന്ന മാമാനുക്ക ചെയിനിനു ഇടയിലാണ് കാസ്റ് എവേയ് ദ്വീപ്. 70 ഹെക്ടർ വിസ്തൃതിയുള്ള ദ്വീപ് നാടി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും 20 കിലോമീറ്റർ അകലെയാണ്. മൃദുവും, വെളുത്ത മണൽ തരികളുമായി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ദ്വീപാണ് കാസ്റ്റ് എവേയ്.

fiji-island

ഹണിമൂൺ ബീച്ച്

ഫിജിയിലെ പതിനാലു സ്വകാര്യ ബീച്ചുകളിലെ ഏറ്റവും പ്രശസ്തമായ ഒന്നാണ് ടർട്ട്ൽ ബീച്ച് എന്ന് അറിയപ്പെടുന്ന ഹണിമൂൺ ബീച്ച്. നവദമ്പതികൾക്ക് വേണ്ടി പ്രത്യേകം തയാറാക്കിയവയാണ് ഇവിടുത്തെ സൗകര്യങ്ങൾ. ദ്വീപിൽ ലഭിക്കുന്ന സ്വകാര്യത തന്നെയാണ് ആകർഷണം. ഇരുണ്ട ഇലകളുള്ള വനവും, ആകാശനീല നിറമുള്ള കടലും പാറക്കൂട്ടവും വെള്ള മണൽ വിരിച്ച സമുദ്രതീരവും ദ്വീപിനെ ആകർഷകമാക്കുന്നു

Fiji Island

ഹോഴ്സ് ഷൂ ബേ

ഫിജിയിലെ മാതംഗി റിസോർട്ട് ആണ് ഈ ദ്വീപിൽ വിരുന്നൊരുക്കുന്നത്. കുതിരലാഡാകൃതിയിൽ 240 ഏക്കറോളം പരന്നു കിടക്കുന്ന ഒരു ദ്വീപ സമൂഹമാണ് ഹോഴ്സ് ഷൂ. പുരാതനകാലത്തെ അഗ്നിപർവതത്തിന്റെ അവശിഷ്ടങ്ങൾ കടലിൽ പതിച്ചു രൂപപ്പെട്ടതാണ് ഈ ദ്വീപെന്നു വിശ്വസിക്കപ്പെടുന്നു. മൃദുലമായ മണൽത്തരികളും പനക്കൂട്ടങ്ങളും പവിഴ പുറ്റുകളും ഇതിനു മനോഹാരിതയേകുന്നു.

ലികു ബീച്ച് 

മാമാനുക ദ്വീപ് സമൂഹത്തിൽ ടോകോരിക സ്വകാര്യ റിസോർട്ടിന്റെ ഭാഗമായാണ് ലികു ബീച്ച് സ്ഥിതി ചെയ്യുന്നത്. ലോകത്തിൽ തന്നെ ഏറ്റവും സുന്ദരമായ സൂര്യാസ്തമനങ്ങൾ ദ്വീപിന്റെ പടിഞ്ഞാറൻ ഭാഗത്തു കാണുന്നതാണെന്നു അനുഭവസ്ഥർ പറയുന്നു. അതുകൊണ്ട് തന്നെയാകും ഫിജിയാൻ ഭാഷയിൽ സൂര്യാസ്തമയം എന്നാർദ്ധം വരുന്ന "ലികു "എന്നിതിന് പേര് നൽകിയത്.

നാമാലെ സ്വകാര്യ ബീച്ച്

നമാലെ പ്രൈവറ്റ് റിസോർട് നിലനിൽക്കുന്ന ഈ ബീച്ച് പ്രശസ്തമാണ്. അതിഥിസത്കാരത്തിനും ആഡംബരത്തിനും പേരുകേട്ട ഇവിടം പല പ്രശസ്തരുടെയും സ്ഥിരം അവധിക്കാലയിടങ്ങളിൽ ഒന്നാണ്. കോറ സമുദ്രത്തിൽ സ്‌ക്യൂബാ ഡൈവിങ് ഉൾപ്പെടെ പലവിധ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്.

നാറ്റാഡോല ബീച്ച് 

ഫിജിയിലെ ഏറ്റവും പ്രധാനപ്പെട്ട ദ്വീപായ വിറ്റി ലെവ് ദ്വീപിലാണ് നാടഡോല ബീച്ച്. ഫിജിയിലെ നാടി എയർപോർട്ടിൽ നിന്ന്‌ അര മണിക്കൂർ യാത്ര ചെയ്‌താൽ ഇവിടെയെത്താം. പവിഴപ്പുറ്റുകളാൽ സമ്പന്നമായ ഇവിടെ സ്‌നോർകെല്ലിങ് ഉൾപ്പടെയുള്ള വിനോദങ്ങൾ ഒരുക്കിയിട്ടുണ്ട്. ഫിജിയിലെ ഏറ്റവും മനോഹരമായ ദ്വീപായി അറിയപ്പെടുന്നത് നാറ്റഡോലയാണ്.

സീ ഗ്രാസ് ബേ

പ്രശസ്തമായ ലൗകൊല റിസോർട്ട് ആണിവിടെ ആതിഥേയത്വം അരുളുന്നത്. വ്യത്യസ്ത നിര്മിതിയിലുള്ള 25 വില്ലകൾ ആഡംബരപൂര്ണമായ സൗകര്യങ്ങളൊരുക്കുന്നു. 3000ഏക്കറിൽ പരന്നു കിടക്കുന്ന ഈ ദ്വീപിലെ കണ്ണാടി പോലെ തിളങ്ങുന്ന ജലവും, പവിഴപ്പുറ്റുകളും സ്‌നോർക്കെല്ലിങ് അഭൂതപൂർവമായ അനുഭവം സമ്മാനിക്കുന്നു.

യസവാ ബീച്ച് 

മറ്റുള്ള ദ്വീപ് സമൂഹത്തിൽ നിന്ന്‌ വ്യത്യസ്തമായി ഹരിതഭംഗി കൂടി നൽകുന്ന ഒരു ദ്വീപാണിത്. 18 അത്യാഢംബര റിസോർട്ടുകളും ആകാശം മുട്ടുന്ന ദ്വീപക്കാഴ്ചകളും ഒക്കെയായി മനോഹരമായ അവധിക്കലാകേന്ദ്രങ്ങളിൽ ഒന്നാണിത്.

വോമോ ദ്വീപ്

ഇത് മമനുക്കസിലെ മറ്റൊരു സുന്ദര ദ്വീപക്കാഴ്ചയാണ്. വെളുത്ത മണൽ തരികളും പവിഴപ്പുറ്റുകളും മാത്രമല്ല ഇവിടുത്തെ ആകർഷണീയത. വോമോ പർവതത്തിലേക്കുള്ള ട്രെക്കിങ്ങ് അത്യപൂർവമായ ഒരനുഭവം തന്നെയാകും.

മാന ദ്വീപ് 

കണ്ണഞ്ചിപ്പിക്കുന്ന ദ്വീപക്കാഴ്ചകൾ നൽകുന്ന മാന ദ്വീപ് പ്രധാന ദ്വീപ് ആയ വിറ്റി ലെവിലാണ്. മാന എയർപോർട്ടിൽ നിന്നും അധികദൂരമില്ലാത്ത ഇവിടുത്തെ സ്‌നോർക്കെലിങ്ങും മറ്റും പ്രശസ്തമാണ്.

ഫിജിയിലെ ദ്വീപസമൂഹങ്ങൾ അങ്ങനെ പ്രകൃതിയുടെ, കടലിന്റെ, കാടിന്റെ മനോഹാരിതയേറി നിലകൊള്ളുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA