ADVERTISEMENT

കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് വെട്ടിലായ മെക്സിക്കന്‍ ബിയര്‍ ബ്രാന്‍ഡാണ് കൊറോണ. മാരകമായ വൈറസിന്‍റെ അതേ പേരുള്ള ഈ ബിയര്‍ വാങ്ങിക്കാനും ഉപയോഗിക്കാനും ചിലരെങ്കിലും മടിച്ചു. ബിയര്‍ വഴി വൈറസ് പകരുമോ എന്നുവരെ ആളുകള്‍ ചിന്തിക്കാന്‍ തുടങ്ങി! എന്നാൽ ഈ ചിന്തകളൊന്നും ബിയറിന്റെ കച്ചവടത്തെ ബാധിച്ചില്ല. ഗോ കൊറോണ ഗോ എന്ന് വൈറസിനോട് പറഞ്ഞെങ്കിലും മനസില്ലാ മനസോടെയാണ് ചിലരെങ്കിലും കൊറോണ ബിയറിനോട് ഗോ പറയുന്നത്. ഇപ്പോൾ വൈറസ് ബാധ പടരുന്നതിനെത്തുടർന്നുള്ള നിയന്ത്രണങ്ങൾ കാരണം മെക്സിക്കൻ കമ്പനി ബിയർ നിർമാണം താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്.

corona-beer-1125

സ്പാനിഷില്‍ കൊറോണ എന്ന വാക്കിനര്‍ത്ഥം കിരീടം എന്നാണ്. അങ്ങനെയാണ് ബിയര്‍ നിര്‍മാതാക്കളായ ഗ്രൂപോ മോഡലോ കമ്പനി ബിയറിന് ആ പേരിട്ടത്. കിരീടത്തിന്‍റെ ചിത്രം മാര്‍ക്കറ്റിങ് ആവശ്യങ്ങള്‍ക്കായും പാക്കേജിനു പുറത്തുമെല്ലാം കമ്പനി ഉപയോഗിക്കുന്നുണ്ട്. മെക്‌സിക്കോയില്‍ പ്രചാരം നേടിയവയാണ് കൊറോണ, കൊറോനിറ്റ എന്നീ ബിയറുകൾ. മെക്‌സിക്കോയില്‍ ഉല്‍പാദിപ്പിക്കുന്ന കൊറോണ ബിയറിന്റെ പകുതിയോളം വില്‍ക്കുന്നത് അമേരിക്കയിലാണ്.

ഫെബ്രുവരി 15ന് അമേരിക്കന്‍ ആരോഗ്യവകുപ്പ് കൊറോണ ട്രെക്കുകള്‍ അതിര്‍ത്തിയില്‍ തടഞ്ഞു. ഒന്നര ബില്യണ്‍ ഡോളറിന്റെ ബിയര്‍ തിരിച്ചയച്ചു. ലക്ഷക്കണക്കിന് ടൂറിസ്റ്റുകള്‍ എത്തിയിരുന്ന തായ്‌ലന്‍ഡില്‍ ഏറ്റവുമധികം ചെലവുള്ള ബിയറാണ് കൊറോണ. ഏപ്രില്‍ ഒന്നിന് അവിടെയും സ്റ്റോക്ക് തീര്‍ന്നു.

ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്താൽ കൊറോണ ബിയര്‍ വില്‍പ്പനയെ ഇതൊന്നും ബാധിച്ചിട്ടില്ലെന്നുവേണം പറയാൻ. ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ ബിയർ ബ്രാൻഡുകളുടെ വിൽപ്പന 8.9 ശതമാനം വർധിച്ചതായി കോൺസ്റ്റെലേഷൻ പറയുന്നു. മോഡെല്ലോയും കൊറോണയുമാണ് ഇതില്‍ മുന്‍നിരയിലുള്ളത്. മാർച്ചിലെ ആദ്യ മൂന്ന് ആഴ്ചകളിൽ വിൽപ്പന വളരെ വേഗത്തിലായിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ബിയർ വില്‍പ്പനയില്‍ 24 ശതമാനം വളർച്ചയുണ്ടായി. മാർച്ച് തുടക്കത്തിൽ ഇറക്കിയ കൊറോണ ഹാർഡ് സെൽറ്റ്സറും വിപണിയില്‍ ശക്തമായ തുടക്കമാണ് കുറിച്ചതെന്ന് കമ്പനി വരുമാനക്കുറിപ്പിൽ പറയുന്നുണ്ട്.

ഈ പ്രത്യേക സാഹചര്യത്തില്‍ അനിവാര്യമല്ലാത്ത ബിസിനസുകൾ അടച്ചുപൂട്ടാനുള്ള മെക്സിക്കൻ സർക്കാരിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്‌ ബിയർ നിര്‍മാണവും വിപണനവും നിർത്തിവയ്ക്കുന്നത് എന്ന് ബിയർ കമ്പനിയായ ഗ്രുപ് മോഡലോ ട്വിറ്ററിൽ അറിയിച്ചു. എന്നാല്‍ ബിയര്‍ അവശ്യസാധനങ്ങളുടെ പട്ടികയില്‍ പെടുത്തിയാല്‍ പെട്ടെന്നു തന്നെ ബിയർ വിതരണം ഉറപ്പുനൽകുന്നതിനുള്ള പദ്ധതി നടപ്പാക്കാൻ ഗ്രൂപോ മോഡലോ തയാറാണെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com