ഇവിടേക്ക് ആരും വരരുത്... സഞ്ചാരികൾക്ക് കര്‍ശന നിര്‍ദേശം

big-island-hawaii
SHARE

കേരളത്തിന്‍റെ നാലില്‍ ഒന്നു മാത്രമേ വലുപ്പമുള്ളൂ, എന്നാല്‍ അതിനുള്ളിലോ? അഞ്ചോളം അഗ്നിപര്‍വ്വതങ്ങള്‍! തിളച്ചൊഴുകി ഉറഞ്ഞു പോയ ലാവയുടെ മുകളിലായി കെട്ടിപ്പൊക്കിയ ദ്വീപ്‌. അപകടകരമായ അതിന്‍റെ സൗന്ദര്യമാണ് മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നിന്നും ഹവായ് ദ്വീപിനെ വ്യത്യസ്തമാക്കുന്നത്. വെള്ളച്ചാട്ടങ്ങളും വെയില്‍ ഉമ്മ വയ്ക്കുന്ന ബീച്ചുകളുമെല്ലാം ചേര്‍ന്ന് സഞ്ചാരികളുടെ പറുദീസയാണ് മദ്ധ്യ പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപസമൂഹം.

മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളെപ്പോലെ തന്നെ കൊറോണയുടെ താണ്ഡവ ഭൂമിയാണ്‌ ഹവായ് ദ്വീപും ഇന്ന്. അഗ്നിപര്‍വ്വതങ്ങളുടെ പ്രവചനാതീതമായ പൊട്ടിത്തെറികള്‍ പോലും അതിജീവിച്ച ഒരു ജനത, കൊറോണ വൈറസിന്‍റെ മാരകമായ പിടിയില്‍ ഞെരിഞ്ഞമരുന്ന കാഴ്ചയാണ് ഇവിടെയെങ്ങും കാണാനാവുക. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ബീച്ചുകളും നൈറ്റ് ക്ലബ്ബുകളും ബാറുകളും എന്ന് വേണ്ട, സഞ്ചാരികള്‍ വന്നെത്തുന്ന എല്ലാ ഇടങ്ങളും അടച്ചുപൂട്ടി. ഹോട്ടലുകളും വിമാനത്താവളങ്ങളും ആദ്യമേ അടച്ചു. ഇതോടെ ടൂറിസം പ്രധാന വരുമാന മാര്‍ഗ്ഗമായിരുന്ന ഈ പ്രദേശത്തെ ജനങ്ങളും ബുദ്ധിമുട്ടിലായിരിക്കുകയാണ് എന്നത് മറ്റൊരു കാര്യം.

സഞ്ചാരികള്‍ ഇവിടേക്ക് വരരുത് എന്ന് ഹവായ് ഭരണകൂടത്തിന്‍റെ കര്‍ശന നിര്‍ദ്ദേശമുണ്ട്. എന്നാല്‍ ഇത് ലംഘിച്ച് എത്തുന്നവരുടെ എണ്ണവും കുറവല്ല. കഴിഞ്ഞ ആഴ്ചയില്‍ പ്രാദേശികവാസികളെക്കൂടാതെ 160 സഞ്ചാരികള്‍ ഇവിടെ എത്തിയതായി ഹവായ് വിസിറ്റേഴ്സ് ആന്‍ഡ്‌ കണ്‍വെന്‍ഷന്‍ ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ സമയത്ത് പ്രതിദിനം  30,000 സഞ്ചാരികളാണ് ഹവായില്‍ സാധാരണ എത്താറുള്ളത്. ഏപ്രിൽ 1 മുതല്‍ ഹവായ് സര്‍ക്കാര്‍ സംസ്ഥാനത്തിന് പുറത്തു നിന്നുള്ള സന്ദർശകർക്കും അന്തർ ദ്വീപ് യാത്രക്കാർക്കും നിർബന്ധിത രണ്ടാഴ്ച സെല്‍ഫ് ക്വാറന്റൈന്‍ ഏർപ്പെടുത്തി. ഇത് ലംഘിക്കുന്ന ആളുകള്‍ക്ക് 5,000 ഡോളർ വരെ പിഴയോ അല്ലെങ്കിൽ ഒരു വർഷം തടവോ ആണ് ശിക്ഷ. ഹവായ് ടൂറിസം പ്രൊമോട്ട് ചെയ്യുന്ന ഒന്നും പ്രസിദ്ധീകരിക്കരുതെന്ന് മാധ്യമങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇതുവരെവരെ മൊത്തം 486 കൊറോണ കേസുകളാണ് ഹവായില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ 300 പേര്‍ രോഗവിമുക്തരായി. എട്ടു പേര്‍ മരിക്കുകയും ചെയ്തു. ബാക്കിയുള്ളവര്‍ ചികിത്സയിലാണ്. ഇനിയും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചാല്‍ ഹവായ് പോലെയുള്ള ഒരു കുഞ്ഞുദ്വീപിന്‍റെ നിലനില്‍പ്പു തന്നെ അപകടത്തിലാകും. അതിനാല്‍ അതീവ ശ്രദ്ധയോടെ മുന്‍കരുതല്‍ നടപടികളുമായി മുന്നോട്ടു പോവുകയാണ് അധികൃതര്‍.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA