ADVERTISEMENT

ഈ ലോക്‌ഡൗണ്‍ കാലത്ത്, മുന്‍പ് നടത്തിയ യാത്രകളുടെ ഓര്‍മകളും ഇനി വരാനിരിക്കുന്ന യാത്രകളെക്കുറിച്ചുള്ള പ്രതീക്ഷകളുമൊക്കെയാണ് സഞ്ചാരികളെ ഓരോ ദിവസവും മുന്നോട്ടു നയിക്കുന്നത്. ഇതിന് സെലിബ്രിറ്റി എന്നോ സാധാരണക്കാരനെന്നോ ഭേദമില്ല. കൊറോണരഹിതമായ ഒരു ലോകത്തേക്ക് വീണ്ടും കാലെടുത്തു വയ്ക്കാനാവുന്ന ഒരു കാലം കാത്തിരിക്കുകയാണ് എല്ലാവരും.

മുന്‍പേ പോയ യാത്രകളുടെ ഓര്‍മകള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കു വയ്ക്കുകയാണ് ബോളിവുഡ് നടി താപ്സി പന്നു. ഇപ്പോഴുള്ള ഈ അവസ്ഥ കഴിഞ്ഞാല്‍ ഉടന്‍ തന്നെ വീണ്ടും യാത്രകള്‍ തുടങ്ങാന്‍ കാത്തിരിക്കുകയാണ് താനെന്നാണ് നടി പറയുന്നത്. തന്‍റെ ഏറ്റവും പ്രിയപ്പെട്ട സ്ഥലത്തെക്കുറിച്ചും താപ്സി പറയുന്നു.

റോം ആണ് താപ്സിയുടെ ഹൃദയം കവര്‍ന്ന ആ ഇടം. അധികമാലോചിക്കാതെ പോയ ഒരു യാത്രയായിരുന്നു അത്. കുറേക്കാലമായി പോകണം എന്ന് കരുതിയ ഇടങ്ങളില്‍ ഒന്ന്. ബീച്ചും ചില്ലു പോലെ തെളിഞ്ഞ ജലവും നല്ല റെസ്റ്റോറന്റുകളും അറിയാനും പഠിക്കാനുമായി സമ്പന്നമായ ചരിത്രവുമുള്ള സ്ഥലങ്ങള്‍ കാണാന്‍ തനിക്കു വളരയേറെ ഇഷ്ടമാണെന്നും നടി പറയുന്നു.

മികച്ച റസ്റ്ററന്റുകളാണ് റോമിലെ ഏറ്റവും വലിയ ആകര്‍ഷണം. ഭക്ഷണം കഴിക്കാനായി റസ്റ്ററന്റുകൾ കണ്ടെത്താനും പ്രാദേശിക ഗതാഗതത്തിനുമായി ലഭ്യമായ എല്ലാ ലോക്കല്‍ ആപ്ലിക്കേഷനുകളും ഉപയോഗിച്ചിരുന്നു. ആരെയും പിടിച്ചു നിര്‍ത്തുന്ന മനോഹരമായ കഫേകള്‍. യാത്ര ചെയ്യുന്നതിന്‍റെ ത്രില്‍ വീണ്ടും അനുഭവിക്കുന്നതു വരെ ഇവയൊക്കെ ഓര്‍മ്മയിലുണ്ടാകും. ജീവിതം വളരെ ചെറുതാണ്, ഇതിനിടയില്‍ കാണാൻ ആഗ്രഹിക്കുന്ന ലോകത്തിലെ എല്ലാ സ്ഥലങ്ങളുടെയും പട്ടിക തയ്യാറാക്കാം, കൂടാതെ ഈ ലോകം നാളെ മാറുന്നതിന് സാക്ഷ്യം വഹിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കാമെന്ന ശുഭാപ്തി വിശ്വാസത്തോടെയാണ് താപ്സി ഈ കുറിപ്പ് അവസാനിപ്പിക്കുന്നത്.

1500 വർഷത്തെ നീണ്ട റോമാ സാമ്രാജ്യ കാലഘട്ടത്തിൽ "ലോകത്തിന്റെ തലസ്ഥാനം" എന്നറിയപ്പെട്ടിരുന്ന റോം ചരിത്രത്താല്‍ സമ്പന്നമാണ്. ഇറ്റലിയുടെ തലസ്ഥാനമായ ഈ നഗരം ചരിത്രകുതുകികളായ സഞ്ചാരികളുടെ പറുദീസയാണ്. എഡി 80ല്‍ നിര്‍മ്മിച്ച കൊളോസിയം, റോമന്‍ ഫോറം, ആഗ്രഹിച്ച കാര്യങ്ങള്‍ നടക്കുമെന്ന് വിശ്വസിക്കപ്പെടുന്ന ട്രെവി ഫൗണ്ടന്‍, മനോഹരമായ മൂന്നു ഫൗണ്ടനുകള്‍ ഉള്ള പിയാസ നവോന, ലോകത്തിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്നായ സെന്‍റ് പീറ്റേഴ്സ് ബസിലിക്ക, സിസ്റ്റൈന്‍ ചാപ്പല്‍ തുടങ്ങി നിരവധി അത്ഭുതങ്ങളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്.

English Summary: Taspsee Pannu lists down her most beloved travel destinations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com