സ്വര്‍ഗ്ഗത്തിലേക്കുള്ള ഗോവണി കയറിച്ചെന്നാല്‍ കാണുന്ന കാഴ്ച, ഭൂമിയിലെ ആ അദ്ഭുതം

via-ferrata-donnerkoge
SHARE

മരിച്ചു കഴിഞ്ഞാല്‍ സ്വര്‍ഗ്ഗത്തില്‍ പോവണം എന്നാണ് എല്ലാവരുടെയും ആഗ്രഹം. എന്നാല്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ അങ്ങനെയൊരു അവസരം കിട്ടിയാലോ? അത്തരത്തിലൊരു മനോഹരമായ അനുഭവം നല്‍കുന്ന സ്ഥലം ഓസ്ട്രിയയിലുണ്ട്. 'സ്വര്‍ഗ്ഗത്തിലേക്കുള്ള ഗോവണി' എന്നറിയപ്പെടുന്ന സ്ഥലം!

രണ്ടു മലകള്‍ക്കിടയില്‍, നൂറ്റി നാല്‍പ്പതോളം അടി ഉയരത്തില്‍ ആകാശത്തേക്ക് നടന്നു കയറാവുന്ന ഒരു ഗോവണി സങ്കല്‍പ്പിച്ചു നോക്കൂ. ചുറ്റും മലനിരകള്‍. സ്വപ്നതുല്യവും ആവേശകരവുമായ ആ അനുഭവം സഞ്ചാരികള്‍ക്കായി ഒരുക്കുകയാണ് ഓസ്ട്രിയയിലെ ഗോസൗകം പര്‍വതനിരകള്‍. 140 അടി നീളമുള്ള ഈ ആകാശ ഗോവണിയിലൂടെ 2296 അടി ഉയരത്തിലുള്ള പര്‍വ്വതഭാഗത്തേക്കാണ് നടന്നു കയറാനാവുക. ഗോസൗകം പർവതനിരയിലെ ഏറ്റവും ഉയർന്ന കൊടുമുടികളിലൊന്നായ ഡോണെർകോഗലിലാണ് സഞ്ചാരികള്‍ക്കായി ഈ അദ്ഭുതം ഒരുക്കിയിരിക്കുന്നത്.

'വയ ഫെറാറ്റ' എന്നാണ് ഈ ആകാശഗോവണിയുടെ ഔദ്യോഗിക നാമം. ഇറ്റാലിയന്‍ ഭാഷയില്‍ 'ഇരുമ്പ് വഴി' എന്നര്‍ത്ഥം. ഉരുക്കു കേബിളുകളും കോണിപ്പടികളും നങ്കൂരങ്ങളുമെല്ലാമുപയോഗിച്ചാണ് ഈ പർവത പാത സജ്ജീകരിച്ചിരിക്കുന്നത്. ഡോണെർകോഗല്‍ കൊടുമുടിയുടെ മുകൾഭാഗത്തേക്ക് നടന്നു കയറാം.

കൊടുമുടിയുടെ മുകളിലെത്താന്‍ മൊത്തം മൂന്നു മണിക്കൂര്‍ സമയമെടുക്കും. രണ്ടു ഘട്ടമായുള്ള ഈ യാത്ര ഗാബ്ലോന്‍സര്‍ ഹുട്ടില്‍ നിന്നാണ് ആരംഭിക്കുന്നത്. ഏറെക്കുറെ കുത്തനെയുള്ള കോണിപ്പടിയിലൂടെ നടന്നു കയറി 1919 മീറ്റര്‍ ഉയരെയുള്ള ലിറ്റിൽ ഡോണെർകോഗലിലും 2055 മീറ്റര്‍ ഉയരെയുള്ള ഗ്രേറ്റ് ഡോണെർകോഗലിലുമൊക്കെ എത്തുക എന്നത് പരിചയസമ്പന്നരായ മലകയറ്റക്കാർക്ക് പോലും വെല്ലുവിളിയാണ്.

എന്നാല്‍ നടന്നുകയറി ഏറ്റവും മുകളിലെത്തുന്നവരെ കാത്തിരിക്കുന്നത് ശ്വാസം പോലും നിലച്ചു പോവുന്നത്ര മനോഹരമായ കാഴ്ചയാണ്. സാൽസ്കമ്മർഗട്ടിലെ സാൽസ്ബർഗ് പ്രദേശം വരെയുള്ള ആൽപൈൻ കാഴ്ചകള്‍ കാണാന്‍ രണ്ടു കണ്ണുകള്‍ പോര എന്നു തോന്നിപ്പോകും! സ്വര്‍ഗ്ഗത്തിലേക്കുള്ള ഗോവണി എന്ന പേരിനെ അന്വര്‍ത്ഥമാക്കുന്ന അനുഭവമാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്.

ആല്‍പൈന്‍ പര്‍വതാരോഹകനായിരുന്ന പോള്‍ പ്ര്യൂബ് ആണ് ഈ റൂട്ട് ആദ്യമായി കണ്ടു പിടിക്കുന്നത്. പര്‍വ്വതാരോഹണത്തിന്‍റെ ആത്മീയ പിതാക്കന്മാരിൽ ഒരാളായാണ് അദ്ദേഹത്തെ കണക്കാക്കുന്നത്. 1913 ഒക്ടോബർ 3 ന് ഗോസൗകം പര്‍വ്വതശിഖരത്തില്‍ വച്ചുണ്ടായ ഒരു അപകടത്തിൽ അദ്ദേഹം മരണമടഞ്ഞു. പ്ര്യൂബിന്‍റെ ബഹുമാനാർത്ഥം, 2013 ജൂലൈ 20 ന് ഗോസൗകം ലിഫ്റ്റിന്‍റെ താഴത്തെ സ്റ്റേഷനിൽ പോൾ പ്ര്യൂ മെമ്മോറിയൽ അനാച്ഛാദനം ചെയ്തിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA