ADVERTISEMENT

ദോഹ∙ ഗസാലി, അൽഅദീദ്, മർവാൻ... അൽഷക്കബ് ഹോഴ്സ് റേസിങ് അക്കാദമിയിലെത്തുന്ന സഞ്ചാരികളെ സ്വീകരിക്കുന്നത് ഇവരുടെ ജീവസ്സുറ്റ പ്രതിമകളാണ്. ഖത്തറിന്റെ പൈതൃകവും സൗന്ദര്യവും ലോകത്തിനു മുന്നിലെത്തിച്ച ഈ കുതിരയോട്ട ലോകചാംപ്യൻമാരോടു ഖത്തറിന്റെ തലമുറകൾ കടപ്പെട്ടിരിക്കുന്നു. വിനോദസഞ്ചാരികൾക്കിടയിൽ ഖത്തർ തലസ്ഥാനമായ ദോഹയ്ക്കു വേറിട്ട മുഖം നൽകുന്നത് ഇത്തരം ചില പൈതൃക കാഴ്ചകളാണ്. ആധുനികതയുടെ തിരക്കുകളും സ്ഥിരം പ്രകൃതി രമണീയതയും കണ്ടു ബോറടിച്ചവർക്കു പൈതൃകങ്ങൾ കഥപറയുന്ന തെരുവുകളിലൂടെ അലസമായി സഞ്ചരിക്കാം, ചരിത്രത്ിന്റെ ചുവരേടുകൾ മറിച്ചു നോക്കാം.  

qatar-13
ദോഹയിലെ ഇസ്‌ലാമിക് മ്യൂസിയം

മരുഭൂമികൾ താണ്ടി നാഗരികതയിലേക്കു ചുവടുവച്ച ഖത്തറികളുടെ സന്തത സഹചാരികളായിരുന്നു അറേബ്യൻ കുതിരകൾ. അറേബ്യൻ കുതിരകളുടെ പ്രജനനത്തിനും പരിശീലനത്തിനുമായി ആഗോള നിലവാരത്തിലൊരു അക്കാദമി സ്ഥാപിക്കാൻ ഖത്തറിനെ പ്രേരിപ്പിച്ചതും ഇതേ പാരമ്പര്യബോധമാണ്.അറേബ്യൻ കുതിരകളുടെ അതിശയിപ്പിക്കുന്ന കാഴ്കളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.  കുതിരകളുടെ ചികിത്സയ്ക്കും വ്യായാമയത്തിനും വേണ്ടിയുള്ള വെറ്ററിനറി സെന്റർ മുതൽ ശീതീകരിച്ച ലായങ്ങൾ, കുതിരകൾക്കു വ്യായാമം ചെയ്യാനുള്ള ട്രെഡ് മിൽ, മസാജ് ചെയ്യാനും സൗന്ദര്യം വർധിപ്പിക്കാനുമുള്ള സ്പാ സെനന്റർ, പരിശീലന ട്രാക്കുകൾ തുടങ്ങി സകല ആഡംബര സൗകര്യങ്ങളും ഇവിടെയുണ്ട്. 

ഖത്തറിന്റെ നൂറ്റാണ്ടുകൾക്കു മുൻപുള്ള ജീവിതം മുതൽ പെട്രോളിയം കണ്ടുപിടിത്തത്തിനു ശേഷമുള്ള ആധുനിക മുഖം വരെ അനാവരണം ചെയ്യുന്ന ഖത്തർ നാഷനൽ മ്യൂസിയം സവിശേഷ കാഴ്ചയാണ്. കാറ്റും മണലും തണുപ്പുമേറ്റ് മരുഭൂമിയൽ രൂപപ്പെടുന്ന മരുഭൂമിയിലെ ഡെസേർട്ട് റോസ് എന്നറിയപ്പെടുന്ന മണൽശിൽപത്തിന്റെ അതേ മാതൃകയിലാണ് ഖത്തർ ദേശീയ മ്യൂസിയം. മ്യൂസിയത്തിന്റെ പ്രധാന ഗ്യാലറികളിൽ ഒന്നു സ്ഥിതി ചെയ്യുന്നത് കടലിനടിയിലാണ്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഖത്തറിന്റെ കഥ പറയുന്ന മ്യൂസിയം സഞ്ചാരികൾക്കു പുത്തൻ അനുഭവം സമ്മാനിക്കും.

qatar-12
ദോഹയിലെ ഇസ്‌ലാമിക് മ്യൂസിയം

ലോകമെമ്പാടും പരന്നു കിടക്കുന്ന ഇസ്‍ലാമിക് സാമ്രാജ്യത്തിന്റെ കഥ പറയുന്ന ഇസ്‍ലാമിക് മ്യൂസിയം പൈതൃകക്കാഴ്ചകളുടെ വേറിട്ട മുഖം കാണിക്കുന്നു. പരുന്തുകൾക്കു വേണ്ടി മാത്രമുള്ള ഫാൽക്കൺ മാർക്കറ്റ്, പരമ്പരാഗത ഉൽപ്പന്നങ്ങളുടെ വിപണിയായ സൂക്ക് വോക്കിഫും അതിന്റെ തെരുവുകളും ഖത്തറിന്റെ പരമ്പരാഗത കാഴ്ചകളാണ്.

qatar-19
ദോഹയിലെ ഇസ്‌ലാമിക് മ്യൂസിയം

വൈകുന്നേരത്തോടെ സജീവമാകുന്ന സൂക്ക് വോക്കിഫിന്റെ പൈതൃക തെരുവുകൾക്കു അറേബ്യൻ രുചികളുടെ മണമാണ്.  കലർപ്പില്ലാത്ത ആ രുചികൾ ആസ്വദിച്ച് അലസമായി തെരുവുകളിലൂടെ സഞ്ചരിക്കാനായി മാത്രം ലോകമെമ്പാടു നിന്നും സഞ്ചാരികളെത്തുന്നു. പരമ്പരാഗത ഉൽപ്പന്നങ്ങളും കരകൗശല വസ്തുക്കളും ചിത്രങ്ങളും പെയിന്റിങ്ങുകളും വാങ്ങാനും ആസ്വദിക്കാനുമായി ദോഹയിലെത്തുന്നവരും നിരവധിയാണ്. കടലിനോടു ചേർന്ന ഖത്തറ കൾച്ചറൽ വില്ലേജിനും പങ്കുവയ്ക്കാനുള്ളത് പാരമ്പര്യത്തിന്റെ കാണാക്കാഴ്ചകളാണ്. ഖത്തറ കടൽത്തീരത്തെ ചെറു ടെന്റുകളിൽ സഞ്ചാരികൾക്കു രാത്രി മുഴുവൻ ചെലവിടാം. പളുങ്കുപാത്രത്തിൽ സൂക്ഷിച്ച പലനിറങ്ങളിലുള്ള വളപ്പൊട്ടുകൾ പോലെ ദോഹ നഗരത്തെ കൺനിറയെ ആസ്വദിക്കാം.

ഖത്തറിലെ നക്ഷത്ര ഹോട്ടലുകളിലും റസ്റ്ററന്റുകളിലും പോലും ആധുനിക സൗകര്യങ്ങൾക്കൊപ്പം പാരമ്പര്യത്തിന്റെ സ്പർശമുണ്ട്. പാരമ്പര്യവും പൈതൃകവും ഖത്തറിന്റെ ശ്വാസവും ഹൃദയമിടിപ്പുമാണ്.  ഖത്തറിന്റെ ഓരോ ഇഞ്ച് മണ്ണിലും അതു കാണാനാകും.

English Summary: Doha Heritage Travel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com