ADVERTISEMENT

‘മരണത്തിന്‍റെ കടല്‍’ എന്നാണ് ചാവുകടലിനെ വിളിക്കുന്നത്. ജലോപരിതലത്തിലെ ഒരു വസ്തുവും താഴ്ന്നു പോവില്ല എന്നതിനാലാണ് ചാവുകടല്‍ ലോകപ്രശസ്തമായത്‌. ജലത്തിനു മുകളില്‍ മലര്‍ന്നു കിടന്നു പുസ്തകങ്ങളും മറ്റും വായിക്കുന്ന സഞ്ചാരികളുടെ ചിത്രങ്ങള്‍ ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. പടിഞ്ഞാറ് ജൂദായിയുടെയും കിഴക്ക് ജോർദാനിയൻ പീഠഭൂമികളുടെയും ഇടയിൽ കരകളാൽ ചുറ്റപ്പെട്ട ഈ ഉപ്പുജല തടാകത്തിലെ ഉയര്‍ന്ന ലവണാംശം കാരണം ജീവജാലങ്ങള്‍ക്ക് വളരാന്‍ സാധിക്കില്ല എന്നതാണ് ആ പേരു വരാന്‍ കാരണം. എന്നാല്‍ ചാവുകടല്‍ സ്വയം മരണത്തിലേക്ക് പോവുകയാണോ? ആണെന്നാണ്‌ വിദഗ്ധര്‍ പറയുന്നത്. 

ലോകത്തിലെ തന്നെ ഏറ്റവും താഴ്ന്ന ജലാശയമായ ചാവുകടലില്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലാണ്‌ ജലത്തിന്‍റെ അളവ് കുറഞ്ഞു വരുന്നതായി കണ്ടെത്തുന്നത്. മഴയാവട്ടെ, നൂറുമീറ്ററില്‍ താഴെയേ ലഭിക്കുന്നുള്ളൂ. ശരാശരി വാർഷിക മഴ 0.6 മില്ലിമീറ്റർ കുറഞ്ഞുവെന്നും ശരാശരി വാർഷിക താപനിലയിൽ 0.059 ഡിഗ്രി സെൽഷ്യസ് വർധനവുണ്ടായെന്നും ജോർദാൻ കാലാവസ്ഥാ വകുപ്പിന്‍റെ കഴിഞ്ഞ 40 വർഷത്തിനിടയിലെ പഠനങ്ങൾ സൂചിപ്പിക്കുന്നു. തന്മൂലം ചാവുകടലിനു ചുറ്റുമുള്ള ഭൂപ്രകൃതി തന്നെ മാറി.

ഇവിടേക്കുള്ള പ്രധാന ജല സ്രോതസ്സായ ജോർദാൻ നദിയില്‍ നിന്നുമെത്തുന്ന ശുദ്ധജലമാവട്ടെ ഉപ്പുവെള്ളത്തിൽ കലര്‍ന്ന് ആവിയായിപ്പോകുന്നു. താപം കാരണം ജലത്തിന്‍റെ ബാഷ്പീകരണ തോത് കൂടുതലായതിനാല്‍ ലവണതയ്ക്ക് ഒരിക്കലും കുറവ് വരുന്നുമില്ല. സമുദ്രത്തേക്കാൾ 8.6 മടങ്ങ് ലവണാംശം കൂടുതലാണ്‌ ഇവിടുത്തെ ജലത്തിന്. ജോർദാൻ നദിയിലെ പരമാവധി ജലം കുടിവെള്ളത്തിനും മറ്റും ഉപയോഗിക്കുന്നതുകൊണ്ട് ഇവിടെനിന്നു ചാവുകടലിലേക്കുള്ള പ്രവാഹവും നിലച്ചു.

ജലത്തിന്‍റെ അളവ് കുറയുന്നതുകൊണ്ടുതന്നെ ചാവുകടലിന്‍റെ നീളവും വീതിയും കുറഞ്ഞുവരികയാണ്. ഓരോ വർഷവും ജലനിരപ്പിൽ ഏതാണ്ട് ഒരു മീറ്ററോളം കുറവുണ്ടാകുന്നു എന്നാണ് കണക്ക്. 1975 മുതൽ 2009 വരെയുള്ള കാലയളവിലെ കണക്ക് പരിശോധിച്ചാല്‍ ജലനിരപ്പിൽ 25 മീറ്ററിന്‍റെ കുറവുണ്ടായിട്ടുണ്ട് എന്ന് കാണാം.

ജോർദാനെയും ഇസ്രയേലിനെയും സംബന്ധിച്ച് സാമ്പത്തിക മൂല്യമുള്ള പ്രദേശമാണ് ഇവിടം. ഇതിന്‍റെ ഇരുവശങ്ങളിലും റിസോർട്ടുകൾ ധാരാളമുണ്ട്. കൂടാതെ സൗന്ദര്യവർധക ഉൽപന്നങ്ങൾ നിർമിച്ച് കയറ്റുമതി ചെയ്യുന്നുമുണ്ട്. 

ഇരുകരകളിലുമുള്ള കമ്പനികളുടെ പ്രവര്‍ത്തന ഫലമായി പ്രതിവർഷം 650 ദശലക്ഷം ഘനമീറ്റർ ജലം പാഴാക്കപ്പെടുന്നതും ജലനിരപ്പ് കുറയുന്നതിന് കാരണമാകുന്നു. കാര്യങ്ങള്‍ ഇതേ രീതിയില്‍ തുടര്‍ന്നാല്‍ 2050 ഓടെ ചാവുകടല്‍ ഏറെക്കുറെ ഇല്ലാതാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും ശേഷം, അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍ ചേര്‍ന്ന് ഇതിനുള്ള പരിഹാരവും കണ്ടെത്തി. 

ഈ പ്രതിസന്ധിയില്‍നിന്നു കര കയറാനായി ചെങ്കടലിൽ നിന്ന് 177 കിലോമീറ്റർ നീളമുള്ള പൈപ്പ്‌ലൈൻ ഉപയോഗിച്ച് ചാവുകടലിലേക്ക് വെള്ളം പമ്പ് ചെയ്ത് വൈദ്യുതി ഉണ്ടാക്കുന്ന പദ്ധതി പരിഗണനയിലുണ്ട്. ചെങ്കടലിലെ ജലം ശുദ്ധീകരിച്ചു കുടിവെള്ളമാക്കാനുള്ള പദ്ധതിയാണിത്‌. ജോർദാൻ, ഇസ്രയേൽ, പലസ്തീൻ അതോറിറ്റി എന്നിവര്‍ ചേര്‍ന്ന് 2013 ൽ ഒപ്പുവച്ച ഒന്നര ബില്യൻ ഡോളര്‍ ചെലവു വരുന്ന ഈ പദ്ധതി സാങ്കേതിക തടസങ്ങള്‍ കാരണം മന്ദഗതിയിലാണ് നീങ്ങുന്നത്.

2018 ൽ 143,000 ആളുകൾ സന്ദർശിച്ച, യേശുവിന്‍റെ ജ്ഞാനസ്‌നാനം നടന്നെന്ന് വിശ്വസിക്കപ്പെടുന്ന ഇടവും ടെന്റടിച്ച് സഞ്ചാരികള്‍ താമസിക്കുന്ന മെറ്റ്സോക്ക് ഡ്രാഗോട്ട് ബീച്ചും ഉൾപ്പെടെ നിരവധി ടൂറിസ്റ്റ് ആകർഷണങ്ങൾ ചാവുകടൽ പ്രദേശത്തുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com