ADVERTISEMENT

പുതിയ സ്ഥലങ്ങളുടെ കാഴ്ച തേടിയുള്ള യാത്ര എല്ലാവരുടെയും മോഹമാണ്. അങ്ങനെ യാത്രകളെ പ്രണയിക്കുന്നയാളാണ് ഞാനും. കഴിഞ്ഞ ഫെബ്രുവരിയിൽ കോഴിക്കോട്ടുനിന്ന് ചെക് റിപ്പബ്ലിക്ക്, സ്വിറ്റ്സർലൻഡ്, ഇറ്റലി, ഹംഗറി, ഓസ്ട്രിയ, സ്പെയിൻ, ഫ്രാൻസ്, നെതർലൻഡ്‌സ്‌, ഡെൻമാർക്ക്‌, നോർവേ, ജർമനി എന്നീ രാജ്യങ്ങളിലേക്ക് ഒരു സോളോ യാത്ര നടത്തിയിരുന്നു. ചെലവ് ചുരുക്കി നടത്തിയ 35 ദിവസത്തെ ഈ യാത്രയിലെ എല്ലാ അനുഭവങ്ങളും  മറക്കാനാവാത്തതായിരുന്നു.

spain

കഴിഞ്ഞ നവംബറിൽ രാജസ്ഥാനിലേക്കും തുടർന്നു ഗുജറാത്ത് കച്ചിലെ ധവള മരുഭൂമിയിലേക്കും സുഹൃത്തും ഫൊട്ടോഗ്രഫറുമായ അഫ്‌ലഹിന്റെ കൂടെ ഒരു യാത്ര നടത്തിയിരുന്നു. ആ യാത്രക്കിടയിലാണ് അവന്റെ സഹോദരൻ ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിലാണ് പഠിക്കുന്നതെന്ന് അറിയുന്നത്. ഒന്നു രണ്ടു വർഷം കൊണ്ട് പണം സ്വരൂപിച്ചു നമുക്കു യൂറോപ്പിൽ പോകണമെന്നും അവിടെ പോയാൽ സഹോദരന്റെ റൂമിൽ താമസിക്കാമെന്നും ഞങ്ങൾ പ്ലാനിട്ടു. ഒഴുക്കൻ മട്ടിൽ പറഞ്ഞ ആ ആഗ്രഹമാണ് യൂറോപ്പ് എന്ന മറ്റൊരു ലോകത്തേക്ക് യാത്ര തിരിക്കാൻ പ്രേരിപ്പിച്ചത്.

യൂറോപ്യൻ യൂണിയനിലെ 26 രാഷ്ട്രങ്ങളിലേക്ക് ഒരു വീസ മതി എന്നറിഞ്ഞപ്പോൾ എത്ര മനോഹരമായ ആചാരം എന്ന് ശരിക്കും പറഞ്ഞു പോയി! ഷെങ്കൺ വീസയായിരുന്നു. ഫ്ലൈറ്റ് ടിക്കറ്റ് നോക്കിയപ്പോൾ ഡൽഹിയിൽനിന്ന് ഓഫറും ഉണ്ടായിരുന്നു. അഫ്‌ലഹിനോട് വിളിച്ചു കാര്യം പറഞ്ഞപ്പോൾ പെട്ടെന്നൊരു യൂറോപ്പ് യാത്ര നടത്താൻ പറ്റിയ സാഹചര്യത്തിലല്ല എന്ന് സുഹൃത്ത് പറഞ്ഞു. മറ്റു സുഹൃത്തുക്കൾ വരാമെന്നു പറഞ്ഞെങ്കിലും അവർക്കും പല കാരണങ്ങളാൽ ഒഴിയേണ്ടി വന്നു. ഒറ്റയ്ക്കു പോകുന്നതു തന്നെയാണ് നല്ലതെന്ന് പിന്നെ എനിക്കു തോന്നി.

solo-travel-naseem

ദിവസങ്ങളോളം ഗവേഷണം നടത്തി പോകേണ്ട സ്ഥലങ്ങളുടെ ലിസ്റ്റും യാത്രാ പദ്ധതിയും തയാറാക്കി. വീസയ്ക്ക് അപ്ലൈ ചെയ്തു കാത്തിരുന്നു. 5200 രൂപയാണ് വീസയുടെ ചെലവ്. ഡൽഹിയിലും എറണാകുളത്തുമൊക്കെയുള്ള വിഎഫ്എസ് സെന്റർ വഴി അപേക്ഷിക്കാം. അപേക്ഷ നൽകുന്ന  എല്ലാവർക്കും കിട്ടുന്ന ഒന്നല്ല ഷെങ്കൺ (Schengen) വീസ. മാത്രമല്ല, നമ്മുടെ ഇന്ത്യൻ പാസ്പോർട്ടിന്റെ അവസ്ഥയും ദയനീയമാണ്. ഉഗാണ്ട, ഭൂട്ടാൻ എന്നീ അവികസിത രാഷ്ട്രങ്ങളുടെ പാസ്പോർട്ടിനേക്കാളും റാങ്കിങ് (global power index) കുറവാണ് നമ്മുടെ പാസ്പോർട്ടിന്. എനിക്കൊരു ജോലി ഇല്ലാത്തതു കൊണ്ടും ഇപ്പോഴത്തെ പാസ്പോർട്ടിൽ വേറെ യാത്രാ റെക്കോർഡ്‌സ് ഒന്നും ഇല്ലാത്തതു കൊണ്ടും വീസ റിജെക്ട് ആകുമെന്ന് നല്ല പേടിയുണ്ടായിരുന്നു. എന്നാലും ചില പൊടിക്കൈകൾ ഒക്കെ പ്രയോഗിച്ചതു കൊണ്ട് പ്രതീക്ഷ ഉണ്ടായിരുന്നു. പ്രതീക്ഷ തെറ്റിയില്ല, ഏഴാം നാൾ വീസ വന്നു. അപ്പോഴാണ് അറിയുന്നത് പ്രാഗിലുള്ള അഫ്‌ലഹിന്റെ സഹോദരൻ നാട്ടിലേക്കു വന്നെന്ന്! അങ്ങനെയാണ് ഞാൻ കൗച്സർഫിങ് (couchsurfing) ഒന്ന് പരീക്ഷിക്കാമെന്ന് വിചാരിക്കുന്നത്. സഞ്ചാരികൾക്കു തദ്ദേശീയരുടെ കൂടെ സൗജന്യമായി താമസിക്കാൻ പറ്റുന്ന ഒരു യാത്രാ പ്ലാറ്റ്‌ഫോം ആണ് കൗച്സർഫിങ്.

switzerland

ഫെബ്രുവരി 2ന് മംഗള എക്സ്പ്രസിന് ഡൽഹിയിലേക്കു ട്രെയിൻ കയറി. ഡൽഹിയിൽനിന്ന് ഒമാൻ എയറിൽ മസ്കറ്റ്, ഫ്രാങ്ക്ഫർട്ട് വഴിയായിരുന്നു പ്രാഗിലേക്കുള്ള ഫ്ലൈറ്റ്. യൂറോപ്പിലുള്ള യാത്രകൾക്ക് അവിടുത്തെ പൊതു ഗതാഗത സംവിധാനങ്ങളും ഫ്ളിക്സ് ബസും ട്രെയിനും കാർ ഷെയറിങ് വെബ്സൈറ്റുകളും സഹായമായി. വിലകുറഞ്ഞ ഫ്ലൈറ്റ് ടിക്കറ്റ്സ് ലഭ്യമായിരുന്നെങ്കിലും ഫ്ലൈറ്റ് ഒന്നും എടുത്തില്ല. രണ്ടു കാരണങ്ങളുണ്ട്, ഒന്ന് സിറ്റിയിൽ നിന്ന് എയർപോർട്ടിലേക്കുള്ള ബസ് ചാർജ് ഫ്ലൈറ്റ് ടിക്കറ്റിനേക്കാളും അധികമായിരിക്കും. രണ്ടാമത്, ബസ് ആയാൽ രാത്രി സുഖമായി ഉറങ്ങി യാത്ര ചെയാം. ഓർഡിനറി കെഎസ്ആർടിസിയിലുമൊക്കെ രാത്രി ഇരുന്നുറങ്ങി യാത്ര ചെയ്യുന്ന നമ്മൾക്കാണോ വോൾവോയിലും സ്കാനിയയിലും ഉറക്കം കിട്ടാൻ ബുദ്ധിമുട്ട്! വൈഫൈയും പവർ ഔട്‍‍‍ലൈറ്റും വാഷ്‌റൂമും ഒക്കെ ഉള്ള ബസുകളാണ് എല്ലാം. വേൾഡ് ക്ലാസ് റോഡും.

solo-trip-denmark

കോഴിക്കോട്ടും ഡൽഹിയിലും ഒക്കെയായി ഞാൻ കൗച്സർഫിങിൽ വിദേശികളായ സഞ്ചാരികളെ ഹോസ്റ്റ് (host) ചെയ്തിട്ടുണ്ടെങ്കിലും അതിഥിയായി (guest) ഒരു പരിചയവും ഇല്ലായിരുന്നു. പക്ഷേ എന്നെ അദ്ഭുതപ്പെടുത്തികൊണ്ട്, പോകുന്ന എല്ലാ സ്ഥലങ്ങളിലും എന്നെ സ്വീകരിക്കാൻ തയാറായി കൗച്സർഫേർസ് ആയിട്ടുള്ള തദ്ദേശീയർ വന്നു! ചില സ്ഥലങ്ങളിൽ രണ്ടും മൂന്നും പേർ വരെ ഉണ്ടായിരുന്നു. ഇന്ത്യയിൽ നിന്നുള്ള ബാക്ക്പാക്കർമാർ മറ്റു രാഷ്ട്രങ്ങളെ അപേക്ഷിച്ചു വളരെ കുറവായതു കൊണ്ട് അവിടെ ഇന്ത്യക്കാരൻ എന്നത് എനിക്കു ഗുണം ചെയ്തു. രണ്ടു രാത്രി ഒഴികെ ബാക്കി എല്ലാ രാത്രികളിലും തദ്ദേശീയരുടെ കൂടെയാണ് താമസിച്ചത്. എന്റെ യാത്ര അവിസ്മരണീയമാക്കിയതും ഇവരാണ്. 23 മുതൽ 68 വരെ വയസ്സുള്ളവരുടെ കൂടെ താമസിച്ചു, അവരുടെ ഭക്ഷണം കഴിച്ചു, അവരുടെ കൂടെ അവരുടെ സ്ഥലങ്ങൾ കണ്ടു, അവരുടെ ജീവിതം ചെറുതായിട്ട് ആണെങ്കിലും ജീവിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com