sections
MORE

വിദേശ സഞ്ചാരികള്‍ക്ക് കോവിഡ് ബാധിച്ചാല്‍ താമസവും ചികിത്സയും തീര്‍ത്തും സൗജന്യം നൽകുന്ന രാജ്യം

cyprus
SHARE

വിനോദയാത്രക്കിടെ വിദേശികളായ സഞ്ചാരികള്‍ക്ക് കോവിഡ് ബാധിച്ചാല്‍ സൗജന്യ ചികിത്സ നല്‍കുമെന്ന് പ്രഖ്യാപിച്ച് സൈപ്രസ് സര്‍ക്കാര്‍. രാജ്യത്തിന്‍റെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നായ ടൂറിസം മേഖലയെ തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ ഓഫര്‍. രാജ്യത്ത് പ്രവേശിച്ച ശേഷം കോവിഡ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞാല്‍ താമസം, ഭക്ഷണം, പാനീയം, മരുന്ന് എന്നിവയെല്ലാം സര്‍ക്കാര്‍ നല്‍കും. ചികിത്സക്ക് ശേഷം രോഗം ഭേദമായാല്‍ തിരിച്ചു എയര്‍പോര്‍ട്ടിലേക്ക് പോകാനും മടക്ക വിമാനത്തിനുമുള്ള ചെലവ് സഞ്ചാരികള്‍ സ്വയം വഹിക്കണം.

ഇതിനായി സൈപ്രസിലേക്കുള്ള യാത്രയ്ക്ക് മുന്‍പേയുള്ള 72 മണിക്കൂറിനുള്ളിൽ സഞ്ചാരികള്‍ സ്വന്തം രാജ്യത്ത് കൊറോണ വൈറസ് പരിശോധന നടത്തേണ്ടതുണ്ട്. രാജ്യത്തെത്തുന്ന സഞ്ചാരികളെ ശരിയായ രീതിയിൽ പരിപാലിക്കുന്നുവെന്ന് ഉറപ്പാക്കുക മാത്രമല്ല, മറ്റ് യാത്രക്കാർക്ക് അവരുടെ താമസസ്ഥലങ്ങള്‍ കോവിഡ് -19 മുക്തമാണെന്നുള്ള സമാധാനം പ്രദാനം ചെയ്യാന്‍ കൂടി വേണ്ടിയാണ് ഈ പദ്ധതിയെന്ന് ചൊവ്വാഴ്ച ടൂറിസം പങ്കാളികൾക്ക് അയച്ച കത്തിൽ സര്‍ക്കാര്‍ പറഞ്ഞു.

കൊറോണ വൈറസ് ബാധിച്ച വിദേശ സന്ദർശകർക്ക് മാത്രമായി 100 കിടക്കകളുള്ള “കോവിഡ് -19 ആശുപത്രി” സജ്ജീകരിക്കും. ആവശ്യമെങ്കിൽ അധിക കിടക്കകൾ ലഭ്യമാക്കുമെന്നും സർക്കാർ അറിയിച്ചു. 

ഗുരുതരമായ രോഗലക്ഷണങ്ങൾ കാണിക്കുന്ന യാത്രക്കാർക്കായി 200 റെസ്പിറേറ്ററുകളുള്ള 112 തീവ്രപരിചരണ വിഭാഗങ്ങൾ ഉണ്ടാകും. കൊറോണ വൈറസ് ബാധിച്ച വ്യക്തിയുടെ കൂടെ വന്നവര്‍ക്കായി ക്വാറന്റൈന്‍ ഹോട്ടലുകളില്‍ 500 മുറികൾ ക്രമീകരിക്കും. ആവശ്യം അനുസരിച്ച് ഇതിന്‍റെ എണ്ണവും കൂട്ടും.

വൈറസ് ബാധിച്ച വിനോദസഞ്ചാരികൾ താമസിച്ച ഹോട്ടല്‍ മുറികള്‍ വീണ്ടും ഉപയോഗിക്കുന്നതിന് മുമ്പ് വിശദമായ അണുനശീകരണം നടത്തി വൃത്തിയാക്കും.ഇതുവരെ 939 പേര്‍ക്കാണ് ഇവിടെ കൊറോണ വൈറസ് ബാധിച്ചത്. വൈറസ് ബാധ മൂലം ഇതുവരെ രാജ്യത്തൊട്ടാകെ 17 മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ജോൺസ് ഹോപ്കിൻസ് സർവകലാശാല തയാറാക്കിയ കണക്കുകൾ വ്യക്തമാക്കുന്നു.

സാമൂഹിക അകലം പാലിക്കൽ, ശുചിത്വ നിയമങ്ങൾ എന്നിവ ഉറപ്പു വരുത്തുന്നതിനായി റെസ്റ്റോറന്റുകൾ, ബാറുകൾ, കഫേകൾ, പബ്ബുകൾ, നൈറ്റ്ക്ലബ്ബുകൾ എന്നിവയിൽ ഒരു സമയം പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണത്തിനും പരിധി നിശ്ചയിച്ചിട്ടുണ്ടെന്നും കത്തില്‍ പറയുന്നു.ജൂൺ 20 നകം നിരവധി രാജ്യങ്ങളിലേക്കുള്ള യാത്രാ നിയന്ത്രണങ്ങൾ നീക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഇതു സംബന്ധിച്ച വിവരങ്ങളും ലിസ്റ്റുകളും വിദേശകാര്യ മന്ത്രാലയം, ഡെപ്യൂട്ടി മിനിസ്ട്രി ഓഫ് ടൂറിസം എന്നിവയുടെ വെബ്‌സൈറ്റുകളില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.

ജർമനി, ഗ്രീസ്, നോർ‌വെ, ഫിൻ‌ലാൻ‌ഡ്, ഡെൻ‌മാർക്ക് മുതലായവ അപകടസാധ്യത കുറവുള്ള രാജ്യങ്ങളായാണ് കാണിച്ചിരിക്കുന്നത്. സ്വിറ്റ്സർലൻഡും പോളണ്ടും ഉൾപ്പെടുന്ന ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർ ജൂൺ 20 മുതൽ സൈപ്രസിലേക്ക് പോകുന്നതിന് മുമ്പായി കൊറോണ വൈറസ് പരിശോധന നടത്തണം.സർക്കാർ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം 4 ദശലക്ഷം വിനോദസഞ്ചാരികളാണ് സൈപ്രസ് സന്ദർശിച്ചത്.ഇതിലൂടെ സര്‍ക്കാരിന് 2.7 ബില്യൺ യൂറോ വരുമാനം ലഭിച്ചു. രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയുടെ 13% ടൂറിസത്തെ അടിസ്ഥാനപ്പെടുത്തിയാണ് നിലകൊള്ളുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA