ADVERTISEMENT

ഇറാനിൽ വനങ്ങളും മരുഭൂമികളും പർവതങ്ങളും മാത്രമല്ല ഉള്ളത്. വിശാലമായ ആ ഭൂമിയിൽ പേർഷ്യൻ ഗൾഫിനും ഒമാൻ കടലിനും ഇടയിലായി രാജ്യത്തിന്റെ തെക്ക് ഭാഗത്ത് ഒരു കൂട്ടം ദ്വീപുകളുണ്ട്. അതിൽ പേർഷ്യൻ ഗൾഫിൽ സ്ഥിതിചെയ്യുന്ന റെയിൻബോ ദ്വീപ് എന്നറിയപ്പെടുന്ന മനോഹരമായ ഹോർമുസ് ദ്വീപ്  അത്യപൂർവമായ ഒരു കാരണം കൊണ്ട് വിനോദ സഞ്ചാരികൾക്കിടയിൽ ജനപ്രീതി നേടി. 

ഇവിടുത്തെ കടലോരത്ത് കാൽചവിട്ടി നിൽക്കുമ്പോൾ ചുവന്ന ചോരച്ചാലൊഴുകുന്നതു കാണാം. തെറ്റിദ്ധരിക്കേണ്ട, ആ കടൽത്തീരത്തെ മണ്ണിന്റെ നിറമാണ് ആ ചുവപ്പ്. ആഭ്യന്തര വിനോദ സഞ്ചാരികൾ അടക്കം നിരവധി പേർ ഇന്ന് ഈ ദ്വീപിന്റെ ആരാധകരായി മാറിയിരിക്കുന്നു. അദ്ഭുതങ്ങൾ നിറഞ്ഞ ദ്വീപാണ് ഹോർമുസ്– നിറമുള്ള മണ്ണിന്റെ നാട്. 

റെയിൻബോ ദ്വീപ്

റെയിൻബോ ദ്വീപ് എന്നും അറിയപ്പെടുന്ന ഹോർമുസ് ഹോർമോസ്ഗാൻ പ്രവിശ്യയുടെ ഭാഗമാണ്.പേർഷ്യൻ ഗൾഫിലെ ഹോർമുസ് കടലിടുക്കിലാണ് ഇത്. ഒരുകാലത്ത് ഒരു പ്രധാന നഗരമായിരുന്ന ഇവിടെ മധ്യകാലഘട്ടത്തിൽ പ്രശസ്ത ഇറ്റാലിയൻ സഞ്ചാരി മാർക്കോ പോളോ സന്ദർശിച്ചിരുന്നതായി ചരിത്രരേഖകൾ പറയുന്നു. ദ്വീപിനെ മഴവില്ല് എന്ന് വിളിക്കാനുള്ള കാരണം അതിന്റെ വിചിത്രവും വർണ്ണാഭവുമായ മണ്ണാണ്. വെള്ള, മഞ്ഞ, ഓറഞ്ച്, ചുവപ്പ്, തവിട്ട്, പച്ച മുതൽ സ്വർണ്ണം തുടങ്ങി എഴുപത് നിറങ്ങൾ മണ്ണിൽ കാണാൻ കഴിയുമത്രേ. മണ്ണ് മുതൽ പാറകളും പർവതങ്ങളും അവയുടെ ഇടനാഴികളും വരെ, നിങ്ങൾ കാണുന്നതെല്ലാം വിവിധ നിറങ്ങളിൽ നിറഞ്ഞു നിൽക്കുന്നവയാണ്. മഴവിൽ നിറങ്ങളിൽ നീരാടി നിൽക്കുന്ന പർവതങ്ങൾക്കും പേരുകേട്ടതാണ് ഈ ദ്വീപ്. 

hormuz-island-beach

വർണ്ണാഭമായ മണ്ണ് മാത്രമല്ല ഈ ദ്വീപിലേക്ക് ആയിരക്കണക്കിന് സഞ്ചാരികളെ ആകർഷിക്കുന്നത്.  ഹോർമുസ് വാസ്തവത്തിൽ, ബജറ്റ് ഫ്രണ്ട്‌‌ലിയും എന്നാൽ അതിശയകരവുമായ സ്ഥലങ്ങളിൽ ഒന്നാണ്. അതിന്റെ മനോഹരമായ തീരങ്ങളിൽ സമയം ചെലവഴിക്കുന്നതും രുചികരമായതും പുതിയതുമായ പ്രാദേശിക ഭക്ഷണങ്ങൾ കഴിക്കുന്നതും കുറച്ച് ദിവസത്തേക്ക് മാന്ത്രിക നിശബ്ദതയിലും മനോഹരമായ കാഴ്ചകളിലും വിശ്രമിക്കുന്നതും ആലോചിച്ചുനോക്കൂ.

അതുല്യമായ ബീച്ചുകളും തികച്ചും വ്യത്യസ്തമായ സംസ്കാരവും ഉള്ളതിനാൽ നിങ്ങൾ അവിടെ യാത്ര ചെയ്യുമ്പോൾ മറ്റൊരു ഗ്രഹത്തിൽ ആണോ എന്ന് തോന്നിപ്പോകും. ശൈത്യകാലമാണ് ഹോർമുസ് ദ്വീപ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. പക്ഷികളുടെയും ആമകളുടെയും കുടിയേറ്റം പോലുള്ള പ്രകൃതി സംഭവങ്ങളും ഈ സീസണിൽ സംഭവിക്കാറുണ്ട്.

English Summary: hormuz island in the Persian gulf

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com