ADVERTISEMENT

ആനന്ദത്തിലെ ലൗലി മിസിനേയും ലൂക്കയിലെ പാവം ഫാത്തിമയെയും മലയാളികള്‍ അത്രപെട്ടന്ന് മറക്കില്ല. തന്റെ അഭിനയപാടവം കൊണ്ടും മികച്ച കഥാപാത്രങ്ങള്‍ കൊണ്ടും പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയ വിനീത കോശിയ്ക്ക് യാത്രകള്‍ എന്നും പ്രിയപ്പെട്ടതാണ്. തന്നിലേയ്ക്കുള്ള തിരിച്ചുപോക്കാണ് ഓരോ യാത്രയെന്നും വിനീത പറയുന്നു. ഒത്തിരിക്കാലമായി മനസ്സില്‍ താലോലിച്ച് നടന്നൊരു സ്വപ്‌നയാത്ര സാക്ഷാത്കരിച്ചതിന്റെ വിശേഷങ്ങള്‍ മനോരമ ഓണ്‍ലൈനിനോട് പങ്കുവയ്ക്കുകയാണ് വിനീത കോശി.

vineetha-koshy-travel2

 

നിറങ്ങള്‍ നൃത്തമാടുന്നത് കണ്ടപ്പോള്‍

vineetha-koshy-travel1

യാത്രകള്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്. സമയം കിട്ടുമ്പോഴൊക്കെ ഞാന്‍ യാത്രകള്‍ നടത്തും. അങ്ങനെയാണ് ലോകപ്രശസ്തമായ നോര്‍ത്തേണ്‍ ലൈറ്റ്‌സ് എന്ന പ്രകൃതിയുടെ അദ്ഭുതം കാണാന്‍ സ്വീഡനില്‍ പോയത്. അറോറ ബോറാലിസ് അഥവാ നോര്‍ത്തേണ്‍ ലൈറ്റ്‌സിന് സാക്ഷ്യം വഹിക്കുക എന്നത് പലര്‍ക്കും ജീവിതത്തിലൊരിക്കല്‍ ലഭിക്കുന്ന അനുഭവമാണ്. ആകാശത്ത് നൃത്തം വയ്ക്കുന്ന നിറങ്ങളുടെ അദ്ഭുത കാഴ്ച കാണുക എന്നത് എന്നെ സംബന്ധിച്ച് ഒത്തിരിക്കാലമായുള്ളൊരാഗ്രഹമായിരുന്നു.

vineetha-koshy-travel3

 

വര്‍ഷത്തില്‍ പല സമയത്തും ഇത് സംഭവിക്കാറുണ്ടെങ്കിലും പലര്‍ക്കും കാണാന്‍ സാധിക്കാറില്ല, ഞാന്‍ പോയപ്പോഴും ഭാഗ്യം കൊണ്ടാണ് ആ കാഴ്ച കാണാനായത്. നോര്‍ത്തേണ്‍ ലൈറ്റ്‌സ് കാണണമെന്നേയുണ്ടായിരുന്നുള്ളൂ. അത് ഫിന്‍ലൻഡിലോ നോര്‍വേയിലോ ഒക്കെ പോയാല്‍ കാണുകയും ചെയ്യാം. അപ്പോള്‍ സ്വീഡനിലേക്ക് ഒരു ഗ്രൂപ്പ് ട്രിപ്പ് ഒത്തുവന്നു. അങ്ങനെയാണ് അത് സാധ്യമായത്. സത്യം പറഞ്ഞാല്‍ എനിക്കത് കാണാന്‍ പറ്റില്ലായിരുന്നു. കാരണം ടൂര്‍ ഓപ്പറേറ്റേഴ്‌സ് പറഞ്ഞിരുന്നതിനും ഒരു ദിവസം മുമ്പ് ഞാന്‍ ചുമ്മ കാണാനിറങ്ങിയതാണ്. അപ്പോഴതാ കണ്‍മുമ്പില്‍ നിറങ്ങള്‍ നൃത്തം വയ്ക്കുന്നു. അന്ന് പുറത്തിറങ്ങാന്‍ തോന്നിയത് എന്റെ ഭാഗ്യം. പിറ്റേദിവസം മുതല്‍ അത് കാണാതെയുമായി.

 

vineetha-koshy-travel

ശരിക്കും വിസ്മയിച്ചുപോയ നിമിഷങ്ങളായിരുന്നു അത്. പറഞ്ഞറിയിക്കാനാവില്ല ആ കാഴ്ച. ആകാശത്ത് പല വര്‍ണ്ണത്തിലുള്ള വെളിച്ചത്തിന്റെ തിരയാട്ടം. കുറേനേരം അതങ്ങനെ കണ്ടുനില്‍ക്കാന്‍ തന്നെ ഭയങ്കര രസമാണ്. എന്ത് ഫീലാണ് അതെന്ന് മനസ്സിലാകില്ല. മാജിക്ക് ആണോ മിറാക്കിള്‍ ആണോ എന്നൊന്നും പറയാന്‍ പറ്റാത്തൊരു ഗംഭീര അനുഭവമാണത്. എന്തായാലും വളരെക്കാലം കൊണ്ടുനടന്ന ആഗ്രഹമായിരുന്നു, അത് പൂര്‍ത്തീകരിക്കാനായി.

 

ഡ്രൈവിങ് പേടിയുള്ളയാള്‍ സ്‌കൈ ഡൈവിങ് ചെയ്തപ്പോള്‍

സത്യമാണ് കേട്ടോ, എനിക്ക് ഡ്രൈവ് ചെയ്യാന്‍ ഭയങ്കര പേടിയാണ്. കാര്യം വലിയ ഇഷ്ടവും താല്‍പര്യവുമൊക്കെയാണ്. കാറോടിക്കണം, സ്വയം കാറോടിച്ച് കുറേ യാത്രകള്‍ പോകണമെന്നൊക്കെ മനസ്സിലുണ്ട്, പക്ഷേ പേടികാരണം ഇതുവരെ അത് പറ്റിയിട്ടില്ല. സ്റ്റിയറിങ്ങില്‍ പിടിക്കുമ്പോള്‍ തന്നെ എന്റെ കൈ വിറയ്ക്കാന്‍ തുടങ്ങും. എങ്കിലും ഒരു ദിവസം ഞാന്‍ അത് നേടിയൊടുക്കും.

vineetha-koshy-travel4

 

എന്നാല്‍ ഞാന്‍ സ്‌കൈ ഡൈവിംഗ് ചെയ്തെന്നറിഞ്ഞപ്പോള്‍ എന്റെ ഫ്രണ്ട്‌സൊക്കെ കളിയാക്കി, ഡ്രൈവിംഗ് ചെയ്യാന്‍ പറ്റാത്ത ആളാണോ ഡൈവിംഗ് നടത്തിയതെന്ന്. പക്ഷേ ഡൈവിംഗ് ചെയ്യപ്പോള്‍ ഞാന്‍ ഒട്ടും പേടിച്ചില്ലെന്നതാണ് സത്യം. ഓസ്‌ട്രേലിയില്‍ പോയപ്പോഴായിരുന്നു അത് സംഭവിച്ചത്. വിമാനത്തിലൊക്കെ യാത്ര ചെയ്യുമ്പോള്‍ മേഘങ്ങള്‍ക്കിടയിലൂടെയുള്ള കാഴ്ചകള്‍ നോക്കിയിരിക്കും. അപ്പോഴൊക്കെ ഒരിക്കല്‍ അങ്ങനെ മേഘങ്ങള്‍ക്കിടയിലൂടെ പോകാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് ആശിച്ചിട്ടുണ്ട്. അതാണ് സ്‌കൈ ഡൈവിംഗ് ചെയ്യാന്‍ എനിക്ക് പ്രചോദനമായത്.

 

ചാടുന്നതിന് മുമ്പ് അവര്‍ നമുക്ക് ചെറിയ ക്ലാസൊക്കെ എടുക്കും. ഒരു ഗൈഡും ഒപ്പമുണ്ടാകും. ചാടുന്ന കുറച്ചു സമയത്തേക്ക് മാത്രമേ ഒരു പ്രഷറക്കൊ ഉണ്ടാകൂ. പിന്നെ പറന്നുനടക്കുന്ന ഫീലാണ്. ആകാശത്തിലൂടെ ഒരു പക്ഷി കണക്കെ ചിറകുവിരിച്ച് പറക്കുന്നതു ഒന്ന് സങ്കല്‍പ്പിച്ച് നോക്കു. ഞാനത് ശരിക്കും അനുഭവിച്ചു.

 

ജപ്പാനെന്ന മനുഷ്യസ്‌നേഹികളുടെ നാട്

യാത്ര ചെയ്തതില്‍ വച്ച് ജപ്പാനാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട നാട്. അതിന് നിരവധി കാരണങ്ങള്‍ ഉണ്ട്. ആദ്യമായിട്ട് ജപ്പാനിലേക്ക് യാത്ര നടത്തുന്നവര്‍പോലും വീണ്ടും അവിടേക്ക് പോകാന്‍ കൊതിക്കും. ജപ്പാനിലെ മനുഷ്യര്‍ ഭയങ്കര ഫ്രണ്ട്‌ലിയാണ്. നമ്മള്‍ ഒക്കെ അവിടെ ചെന്നാല്‍ പെട്ടുപോകുന്നത് ഭാഷയുടെ കാര്യത്തിലായിരിക്കും. കാരണം മാതൃഭാഷയായ ജാപ്പനിസ് കഴിഞ്ഞിട്ടേ അവര്‍ക്ക് ഏതുഭാഷയും ഉള്ളൂ. ഞാന്‍ ജപ്പാനില്‍ ചെന്ന സമയം ഒരാളോട് വഴി ചോദിച്ചു. പുള്ളിയ്ക്ക് ഞാന്‍ പറയുന്ന ഇംഗ്ലീഷും മനസ്സിലാകുന്നില്ല, പുള്ളി പറയുന്ന ജപ്പാന്‍ ഭാഷ എനിക്കും മനസ്സിലാകുന്നില്ല. എന്നിട്ടും അദ്ദേഹം കാറില്‍ നിന്നും പുറത്തിറങ്ങിവന്ന് എനിക്ക് വഴി കാണിച്ചുതന്നു.

 

ഒന്നും പറയാതെ ഒന്നും മിണ്ടാതെ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ആശയവിനിമയം നടത്താന്‍ പറ്റി. എനിക്കൊപ്പം നടന്നുവന്ന് പേകേണ്ട വഴി അദ്ദേഹം ചൂണ്ടിക്കാണിച്ചുതന്നു. അങ്ങനെ ഒരുപാട് അനുഭവങ്ങള്‍ ആ നാട്ടിലെ യാത്രക്കിടെ എനിക്കുണ്ടായിട്ടുണ്ട്. അതുപോലെ എടുത്തുപറയേണ്ട ഒരു കാര്യമാണ് അവരുടെ ക്ഷമ. അവിടുത്തെ ആളുകളുടെ ക്ഷമ നമ്മള്‍ സമ്മതിച്ചുകൊടുത്തേ പറ്റൂ. കുട്ടികള്‍ പോലും ഭയങ്കര ക്ഷമയുള്ളവരാണ്. എവിടെയെങ്കിലും ക്യൂ നില്‍ക്കണമെങ്കില്‍ ഒരല്‍പ്പസമയം കഴിയുമ്പോള്‍ നമ്മളൊക്കെ മടുക്കും. എന്നാല്‍ യാതൊരു മടിയുമില്ലാതെ കാത്തുനില്‍ക്കാന്‍ അവര്‍ തയ്യാറാണ്.

ഏതുനേരത്തും ഒറ്റയ്ക്കാണെങ്കില്‍പ്പോലും യാത്ര ചെയ്യാന്‍ സെയ്ഫായിട്ടുള്ളൊരിടം കൂടിയാണ് ജപ്പാന്‍.

 

മഞ്ഞിലൂടെ ഒരു കപ്പൽയാത്ര

സാഹസികതയോട് അടങ്ങാത്ത പ്രിയമുള്ള അതുകൊണ്ടായിരിക്കാം വിനീതയുടെ  സ്വപ്നയാത്ര ഒരു അലാസ്കൻ ക്രൂയിസ് ട്രിപ്പാണ്. വളരെ ഭയാനകവും വെല്ലുവിളി നിറഞ്ഞതുമായ ഒരു യാത്രയാണത്.

 

മഞ്ഞുകട്ടകൾക്ക് മുകളിലൂടെ ചെറിയ കപ്പലുകളിൽ മഞ്ഞു മലകൾക്കിടയിലൂടെ പോകുന്ന അതിഭീകരമായ ഒരു യാത്ര. ഈ യാത്രയുടെ കുറെയേറെ വിഡിയോകൾ കണ്ടാണ് അതിനോട് തനിക്ക് പ്രിയം കൂടിയതെന്ന് വിനീത പറയുന്നു. കൊറോണയൊടൊക്കെ പൊരുതി ഇനിയൊരു യാത്ര സാധ്യമാകുന്ന സമയത്ത് താൻ ആദ്യം പോകുന്നത് ഇവിടേയ്ക്കായിരിക്കുമെന്നും വിനീത പറഞ്ഞു.

English Summary : celebrity travel experience vinitha koshy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com