ADVERTISEMENT

'ഗെയിം ഓഫ് ത്രോണ്‍സ്' ടെലിവിഷന്‍ സീരീസ് കണ്ടിട്ടുള്ളവര്‍ക്കെല്ലാം തോന്നുന്ന ഏറ്റവും വലിയ ആഗ്രഹമായിരിക്കും സ്വന്തമായി ഒരു ഡ്രാഗണിനെ വേണം എന്നുള്ളത്! ആകാശത്തു കൂടി തീ തുപ്പി ചിറകടിച്ചു പറന്നു പോകുന്ന ആ 'ഭീമന്‍ പക്ഷി'കളെ ഒന്ന് കാണുകയെങ്കിലും വേണം എന്ന് ആഗ്രഹിക്കാത്തവര്‍ ഉണ്ടാവില്ല. ഡ്രാഗണുകള്‍ ശരിക്കും ഉണ്ടോ അതോ കഥയില്‍ മാത്രമാണോ എന്ന് ഓര്‍ത്ത് കണ്‍ഫ്യൂഷനാണോ? അനന്തവും അഞ്ജാതവുമായ ഈ പ്രപഞ്ചത്തില്‍ അത്തരം ജീവികള്‍ ഉണ്ടാകാനുള്ള സാധ്യത കണ്ണുമടച്ച് തള്ളിക്കളയാന്‍ ആര്‍ക്കുമാവില്ല!

സ്ലൊവേനിയയിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പോസ്റ്റോജ്ന കേവിലെ അക്വേറിയത്തിൽ മൂന്നു 'ബേബി ഡ്രാഗണു'കള്‍ വളരുന്നുണ്ട്‌! സഞ്ചാരികള്‍ക്ക് ഇവയെ കാണുകയും ചെയ്യാം.

ഇളം പിങ്ക് നിറമുള്ള ഈ ജീവികള്‍ക്ക് കാഴ്ചശക്തിയില്ല. നീളമുള്ള നേര്‍ത്ത ശരീരവും നാലു കാലുകളുമുള്ള അപൂര്‍വ്വയിനം ജലജീവികളാണ് ഇവ. പ്രോട്ടിയസ് എന്നും ഓംസ് എന്നുമൊക്കെ പേരുള്ള ഇവയുടെ ഓമനപ്പേരാണ് ബേബി ഡ്രാഗണ്‍ എന്നത്. തെക്കൻ യൂറോപ്യൻ കാർസ്റ്റ് മേഖലയിലെ ജലത്തിനടിയിലെ ഇരുണ്ട ഗുഹകളില്‍ മാത്രമാണ് പ്രകൃതിദത്തമായി ഇവ ഉള്ളത്. ഇവിടെ നിന്നുമുള്ള മുട്ടകള്‍ ശേഖരിച്ച് വിരിയിച്ചാണ് പോസ്റ്റോജ്ന കേവിലുള്ള ബേബി ഡ്രാഗണുകള്‍ ഉണ്ടായത്.

ഇടയ്ക്കൊക്കെ ജലനിരപ്പ് ഉയരുമ്പോള്‍ മുകളിലേക്ക് പൊങ്ങി വരുന്ന ഈ ജീവികള്‍ ഡ്രാഗണുകളുടെ കുഞ്ഞുങ്ങള്‍ ആണെന്ന് പ്രദേശവാസികള്‍ വിശ്വസിക്കുന്നു. യൂറോപ്പില്‍ സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാന്‍ അനുമതിയുള്ള ഏറ്റവും വലിയ ഗുഹയാണ് പോസ്റ്റോജ്ന ഗുഹ. 2016ലാണ് ഇവിടെ ഇവയുടെ മുട്ടകള്‍ വിരിഞ്ഞത്. ആകെ 64 മുട്ടകള്‍ ഉണ്ടായിരുന്നതില്‍ 21 എണ്ണം വിരിഞ്ഞു. 

ബേബി ഡ്രാഗണ്‍ കുഞ്ഞുങ്ങൾക്ക് 14 സെന്റീമീറ്റർ (5 ഇഞ്ച്) വരെ നീളമുണ്ട്, പൂർണ്ണമായും വളരുമ്പോൾ 30 സെന്റീമീറ്റർ (12 ഇഞ്ച്) വരെ എത്തും. ഭക്ഷണമില്ലാതെ 8 വർഷം വരെ നിലനിൽക്കാന്‍ കഴിയുന്ന ഇവയ്ക്ക് 100 വർഷം വരെ ആയുസ്സും ഉണ്ട്.

പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കുന്നതിനു മുന്‍പ് ഇവയെ നിരീക്ഷിക്കുന്നതിനുള്ള ഒരു പ്രത്യേക ലബോറട്ടറിയും ഗുഹയ്ക്കുള്ളില്‍ സജ്ജീകരിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com