ADVERTISEMENT

പസഫിക് മഹാസമുദ്രത്തിലായി ഒരു കവണയുടെ ആകൃതിയില്‍ കിടക്കുന്ന ദ്വീപുരാഷ്ട്രമാണ് വാനുവാട്ടു. ഓസ്‌ട്രേലിയയിൽ നിന്ന് 2,000 കിലോമീറ്റർ കിഴക്കായി 80 ലധികം ദ്വീപുകൾ ഉൾക്കൊള്ളുന്ന ഒരു ദ്വീപസമൂഹമാണ് ഇത്. 'ഹാപ്പി പ്ലാനെറ്റ് ഇന്‍ഡെക്സ്' അനുസരിച്ച് ലോകത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷവാന്മാരായ ജനത ഉള്ള ആദ്യ നാലു രാജ്യങ്ങളുടെ പട്ടികയില്‍ സ്ഥാനം കരസ്ഥമാക്കിയ വാനുവാട്ടു, ഈ ലിസ്റ്റിലെ അമേരിക്കയ്ക്ക് പുറത്തുള്ള ഏക രാജ്യം കൂടിയാണ്.

എങ്ങനെയാണ് ഒരു രാജ്യത്തിന്‍റെ സന്തോഷം അളക്കുന്നത്?

മൊത്തത്തില്‍ ഉള്ള ക്ഷേമം, ആയുർദൈർഘ്യം, അസമത്വ നിലകൾ എന്നിവയും പാരിസ്ഥിതിക സ്ഥിതിയുമെല്ലാം കണക്കിലെടുത്താണ് ഒരു രാജ്യത്തിന്‍റെ സന്തോഷ നിലവാരം അളക്കുന്നത്. 1980-ൽ സംയുക്ത ഫ്രഞ്ച്, ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം ഇവിടത്തെ മുഴുവന്‍ ഭൂമിയുടെയും ഉടമസ്ഥാവകാശം സ്വദേശികള്‍ക്ക് മാത്രമാണ്. വിദേശികള്‍ക്ക് ഇവിടെ സ്ഥലം വാങ്ങാന്‍ സാധിക്കില്ല. 

vanuatu

വാനുവാട്ടുവില്‍ ആകെയുള്ള 298,000 നിവാസികളിൽ മുക്കാൽ ഭാഗവും ഗ്രാമപ്രദേശങ്ങളിലാണ് താമസിക്കുന്നത്. കൂടുതല്‍ പേരും സ്വയംപര്യാപ്തരാണ്. ഭൂരിഭാഗം ദ്വീപുവാസികൾക്കും താമസിക്കാനും ഭക്ഷണ സാധനങ്ങള്‍ വളര്‍ത്താനും പറ്റിയ ഭൂമിയും കൈവശമുണ്ട്. ഇതെല്ലാം ഇവിടത്തെ ജനങ്ങളെ സന്തോഷവാന്മാരാക്കുന്ന കാര്യമാണെന്ന് വാനുവാട്ടു നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് ((VNSO) 2011 ൽ നടത്തിയ സർവേ പറയുന്നു.

ഭാഗികമായി ബാര്‍ട്ടര്‍ സമ്പ്രദായം പിന്തുടരുന്ന ജനവിഭാഗമാണ് ഇവിടെയുള്ളത്. പന്നികൾ, ചേന, തെക്കന്‍ പസഫിക്കിലെ ഒരു വിളയായ കാവ (സമ്മർദ്ദവും ഉത്കണ്ഠയും ഒഴിവാക്കാൻ ഉപയോഗിക്കുന്ന ഒരുതരം കുരുമുളക് ചെടി) എന്നിവ പോലെയുള്ള വിഭവങ്ങള്‍ ഇവര്‍ പരസ്പരം കൈമാറ്റം ചെയ്യുന്നു. 

പാരമ്പര്യത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നവരാണ് ദ്വീപുവാസികള്‍. പാറക്കെട്ടുകളും പവിഴപ്പുറ്റുകളുമെല്ലാം നിറഞ്ഞ മനോഹരമായ പ്രകൃതി അവരുടെ സന്തോഷത്തിനു മാറ്റു കൂട്ടുന്നു. 'എന്നേക്കുമായി നമ്മുടെ ഭൂമി' എന്നാണ് വാനുവാട്ടു എന്ന വാക്കിനര്‍ത്ഥം. പ്രദേശത്തിന്‍റെ ചരിത്രത്തെക്കുറിച്ചും കൃഷിയെക്കുറിച്ചും കാലാവസ്ഥ മാറ്റങ്ങളെക്കുറിച്ചും  പ്രാദേശിക സസ്യജന്തുജാലങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും മികച്ച ധാരണ പുലര്‍ത്തുന്നവര്‍ കൂടിയാണ് ഇവര്‍.

സന്തോഷം മാത്രമല്ല, വെല്ലുവിളികളും ധാരാളം

ഇത്രയും സന്തോഷകരമായ ജനതയുള്ള രാജ്യമായ വാനുവാട്ടു പോലും നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ട്. പസഫിക്കിന്‍റെ 'റിംഗ് ഓഫ് ഫയറി'ല്‍ സ്ഥിതിചെയ്യുന്ന വാനുവാട്ടു പ്രകൃതിദുരന്തങ്ങളുടെ ഭീഷണിയുടെ നിഴലിലാണ്. അടുത്ത കാലത്തായി സമുദ്രനിരപ്പ് ഉയരുന്നതും കാലാവസ്ഥാ മാറ്റങ്ങളും ദ്വീപുനിവാസികളെ ചെറുതായി അസ്വസ്ഥരാക്കുന്നുണ്ട്. 

ഐക്യരാഷ്ട്രസഭയുടെ 2014 ലെ റിപ്പോർട്ടനുസരിച്ച്, ലോകത്തിലെ ഏറ്റവും പ്രകൃതിദുരന്തസാധ്യതയുള്ള രാജ്യമായി ഈ ദ്വീപസമൂഹം കണക്കാക്കപ്പെടുന്നു. 2015 ൽ ഇവിടെ ആഞ്ഞടിച്ച പാം ചുഴലിക്കാറ്റ് വന്‍ നാശനഷ്ടമുണ്ടാക്കുകയും 75,000 പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെടുകയും ചെയ്തു. എന്നാല്‍ അതിവേഗം തന്നെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആളുകള്‍ക്ക് സാധിച്ചു. 

English Summary :what makes vanuatu one of the happiest places in the world

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com