ADVERTISEMENT

ഈജിപ്ഷ്യൻ മണ്ണിൽ മറഞ്ഞിരിക്കുന്ന അപൂർവമായ ചില പ്രകൃതി ദൃശ്യങ്ങളുണ്ട്. സ്ഥിരം കാഴ്ചകളിൽ നിന്നും മാറി സഞ്ചരിച്ചാൽ ആരെയും അദ്ഭുതപ്പെടുത്തുന്ന അതിമനോഹരവും നിഗൂഢതകൾ നിറഞ്ഞതുമായ നിരവധി ഇടങ്ങളുണ്ട് സഹാറയിൽ. സഹാറ മരുഭൂമിയുടെ ഒരു മുഖമേ നിങ്ങൾ കണ്ടിട്ടുണ്ടാവു. എന്നാൽ അതിന് മറ്റൊരു വശം കൂടിയുണ്ട്. കോടാനുകോടി വർഷങ്ങൾ പഴക്കമുള്ള ചരിത്രവും നിഗൂഢവും അദ്ഭുതങ്ങളും നിറഞ്ഞ ഒരു വശം. 

പുരാതന ശവകുടീരങ്ങളോ പിരമിഡിനുള്ളിലെ മറഞ്ഞിരിക്കുന്ന നിധികളോ കണ്ടെത്താൻ പുരാവസ്തു ഗവേഷകർ വരുന്ന സ്ഥലമല്ല ഇത്. മറിച്ച്, ദശലക്ഷക്കണക്കിന് വർഷങ്ങളായി നമ്മൾ കണ്ടിട്ടില്ലാത്ത ദിനോസറുകളുടെ ഫോസിലുകൾക്കും മറ്റ് ജീവജാലങ്ങളുടെ അവശിഷ്ടങ്ങൾക്കുമുള്ള ലക്ഷ്യസ്ഥാനമാണിത്.

bahariya-and-farafra-egypts

കെയ്‌റോയിൽ നിന്ന് 370 കിലോമീറ്റർ തെക്ക് പടിഞ്ഞാറായി ബഹാരിയയുടെ ഹൃദയഭാഗത്തുള്ള ഒരു മരുപ്പച്ച, ഭൂമിയിലെ ഏറ്റവും കഠിനമായ പ്രദേശങ്ങളിലൊന്നിലേക്ക് ജീവൻ പകർന്നിരിക്കുന്നത് നേരിട്ട് കാണാം.ഈന്തപ്പനകളും പുതിയ പഴങ്ങളും നിറഞ്ഞ ഈ പ്രദേശത്തെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ചൂടുള്ള നീരുറവകൾ. 40 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള സൾഫർ സുഗന്ധമുള്ള ഈ  നീരുറവകൾ പല നാട്ടുകാരും സന്ദർശകരും രോഗശാന്തി ലഭിക്കുന്ന ഇടം ആണെന്ന് വിശ്വസിക്കുന്നു.

കറുത്ത മരുഭൂമി 

ബഹാരിയ ഒയാസിസിൽ കുറച്ചു മാറി കറുത്തപൊടി പൊതിഞ്ഞ നൂറുകണക്കിന് കുന്നുകളായിരിക്കും നമുക്ക് സ്വാഗതമരുളുക.ലോകത്തിലെ ഏറ്റവും വിചിത്രമായ മരുഭൂമിയുടെ പ്രകൃതിദൃശ്യങ്ങളിലൊന്നായ കറുത്ത മരുഭൂമിയാണത്. ജുറാസിക് കാലഘട്ടത്തിൽ സംഭവിച്ച അഗ്നിപർവ്വത പ്രവർത്തനത്തിന്റെ അടയാളമായ കറുത്ത സാൻഡ്സ്റ്റോൺ പൊടിയാലാണ് ഈ മരുഭൂമി കറുത്ത മരുഭൂമി എന്ന് അറിയപ്പെടുന്നത്. 

അയൽവാസിയായ വൈറ്റ് ഡെസേർട്ടിൽ നിന്ന് വ്യത്യസ്തമായി, ബ്ലാക്ക് ഡെസേർട്ട്  പലപ്പോഴും സ്റ്റാർ വാർസ് സിനിമയിലെ ഏതെങ്കിലും സീനിലുള്ള സ്ഥലമാണോ എന്ന്  തോന്നിപ്പിക്കും.മരുഭൂമിയിലെ മനോഹരമായ കാഴ്ചകളുള്ള മൃദുവായ കൊടുമുടികളിൽ കയറാനും മനോഹരമായ ഫോട്ടോകൾ എടുക്കാനും  കഴിയും.പൂർണ്ണമായും ജനവാസമില്ലാത്ത ഒരു സ്ഥലമാണ് കറുത്ത മരുഭൂമി. കറുത്ത മരുഭൂമിയുടെ തെക്ക്-പടിഞ്ഞാറ് ഏകദേശം 126 കിലോമീറ്റർ അകലെയുള്ള വൈറ്റ് ഡെസേർട്ട്, പടിഞ്ഞാറൻ മരുഭൂമിയുടെ ഏറ്റവും അസാധാരണമായ പ്രകൃതിദത്ത സൈറ്റാണ്.കൂണിൻ്റെ ആകൃതിയിൽ ഉള്ളതും വെളുത്ത ചുണ്ണാമ്പ് കല്ലുകളുടെ പല രൂപത്തിലുമുള്ള ചെറു കുന്നുകളുടെ ഒരു സംയോജനമാണ് ഇവിടം. അത് ഏറ്റവും പരിചയസമ്പന്നനായ സഞ്ചാരിയെ പോലും അത്ഭുതപ്പെടുത്തും. 

ഈ പ്രദേശങ്ങളിൽ കൂടെയുള്ള യാത്ര സഞ്ചാരികൾക്ക് സമ്മാനിക്കുന്നത് ദശലക്ഷം വർഷങ്ങൾക്ക് മുമ്പുള്ള ഒരു യുഗത്തിൻ്റെ നേർക്കാഴ്ചകളാണ്.  ഈജിപ്തിൽ കാണാൻ പിരമിഡുകൾ പോലെ ചരിത്രം മാത്രമല്ല ഇത്തരം പ്രകൃതിയുടെ രഹസ്യങ്ങൾ കൂടിയുണ്ട്.

English Summary :bahariya and farafra egypts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com