ADVERTISEMENT

പരമ്പരാഗതമായി മത്സ്യവും മാംസഭക്ഷണങ്ങളുമെല്ലാം വളരെയധികം ഉപയോഗിക്കുന്നവരാണ് ചൈന, വിയറ്റ്നാം, കൊറിയ തുടങ്ങിയ രാജ്യക്കാര്‍. ഏറ്റവും കൗതുകമുണര്‍ത്തുന്ന ഒരു കാര്യം, നമ്മളില്‍ കൂടുതല്‍ പേരും ഭയത്തോടെ കാണുന്ന പല ജീവികളെയും ഇവര്‍ രുചിയോടെ കറുമുറെ കടിച്ചു തിന്നും എന്നുള്ളതാണ്! ഭക്ഷണ സാധനങ്ങള്‍ വളരെ ബഹുമാനത്തോടെയും ശുചിത്വത്തോടെയുമാണ്‌ ഇവര്‍ കൈകാര്യം ചെയ്യുന്നത്. 

വിയറ്റ്നാം യാത്രയില്‍ ഒരിക്കലും വിട്ടു പോകരുതാത്തതാണ് വിവിധ മത്സ്യങ്ങളെയും മൃഗങ്ങളെയും മറ്റും സംസ്കരിച്ച് സൂക്ഷിച്ചിരിക്കുന്ന കടകളിലേക്കുള്ള സന്ദര്‍ശനം. എത്ര വൃത്തിയോടെയും ഭംഗിയോടെയും കലാപരവുമായാണ് ഇത്തരം വിഭവങ്ങള്‍ ഇവര്‍ സൂക്ഷിക്കുന്നത് എന്ന കാര്യം നമ്മളെ അതിശയപ്പെടുത്തും. ട്രാവല്‍ വ്ലോഗറായ ഹാരീസ് അമീറലി  പങ്കു വച്ച വിയറ്റ്‌നാം യാത്രാ വിഡിയോയില്‍ ഇത്തരം കാഴ്ചകള്‍ കാണാം. മീനും മാനും പാമ്പുമെല്ലാം തീന്‍മേശയിലെ രുചികരമായ വിഭവങ്ങളായി മാറുന്ന അത്തരമൊരു കടയിലെ കാഴ്ചകളിലേക്ക്...

വയാഗ്രയായി സ്രാവിന്‍റെ വാല്‍

ചൈനയിലെയും വിയറ്റ്നാമിലെയുമൊക്കെ ആളുകളുടെ പ്രിയപ്പെട്ട വിഭവമാണ് ഉണക്കിയ സ്രാവിന്‍റെ വാല്‍ കൊണ്ടുള്ള സൂപ്പ്. മനുഷ്യശരീരത്തില്‍ വയാഗ്ര നല്‍കുന്നത് പോലുള്ള ഉത്തേജനം നല്‍കാന്‍ ഇതിനു സാധിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നതായി വ്ലോഗര്‍ പറയുന്നു. എണ്ണൂറോളം ഇന്ത്യന്‍ രൂപയാണ് ഇതിനു വില. 

സ്രാവിനെ കൂടാതെ സാധാരണ മത്സ്യങ്ങളും ഞണ്ടും ചെമ്മീനും കൂന്തല്‍ മുതലായവയും ഉണക്കിയത് ഇവിടെ കിട്ടും. വിവിധ തരം മത്സ്യങ്ങളുടെ സോസ്, അച്ചാറ്, ജാം മുതലായവയും ഇവിടെ കാണാം. മെഷീനില്‍ വച്ച് ഡ്രൈ പ്രോസസ് ചെയ്താണ് ഇവിടെ മത്സ്യങ്ങള്‍ ഉണക്കുന്നത്. അതുകൊണ്ടുതന്നെ വൃത്തിയുടെ കാര്യത്തില്‍ സംശയം വേണ്ട.

മസാലയിട്ട് ഉണക്കിയ ബീഫും മാനിറച്ചിയും

ഇടിയിറച്ചി എന്ന് കേട്ടിട്ടില്ലേ? അതുപോലെ വിയറ്റ്നാമിലെ ഒരു പ്രധാന വിഭവമാണ് ഉണക്കിയ മാംസം. മെഷീനില്‍ ഇട്ടു നന്നായി ഉണക്കി വിവിധ തരം മസാലകള്‍ ചേര്‍ത്ത മാനിറച്ചിയും പന്നിയിറച്ചിയും പോത്തിറച്ചിയുമെല്ലാം ഇവിടെ സുലഭമായി കിട്ടും. ഒരു കിലോയ്ക്ക് 1200 രൂപയോളമാണ് മാനിറച്ചിയുടെ വില. ചതച്ച് ഉണക്കിയ കൂന്തലും ഇവിടത്തെ ഒരു പ്രധാന വിഭവമാണ്. 

രാജവെമ്പാലയെ ഇട്ടുണ്ടാക്കിയ വൈന്‍ കുടിച്ചിട്ടുണ്ടോ?

വിവിധ ജീവികളെ ഇട്ട് ഉണ്ടാക്കിയ വൈന്‍ ആണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. കൂന്തല്‍, കടല്‍ക്കുതിര, സ്റ്റാര്‍ഫിഷ്‌, തവള, ഓന്ത് തുടങ്ങി പാമ്പിനെ വരെ ഇട്ടു വച്ച് ഉണ്ടാക്കിയ വൈന്‍ ഇവിടെ കിട്ടും. അതും ഒരു മുഴുവന്‍ പാമ്പിനെ അപ്പടി തന്നെ ഇട്ടു വച്ച് ഉണ്ടാക്കിയ വൈന്‍! വലിയ ഭരണികളില്‍ ഉണ്ടാക്കുന്ന ഇത്തരം വൈനുകള്‍ ശരീരത്തിന് കൂടുതല്‍ ശക്തി നല്‍കുമെന്ന് ഇവര്‍ വിശ്വസിക്കുന്നു. 25000 രൂപ റേഞ്ചിലാണ് ഇവയുടെ വില. ഒരു മുഴുവന്‍ മൂര്‍ഖന്‍പാമ്പിനെ ഇട്ടുണ്ടാക്കിയ വൈനിന് 28000 രൂപയാണ് വില. ഇതേപോലെ തന്നെ ഉടുമ്പ്, നീരാളി, തിരണ്ടി, വിവിധ തരം വേരുകള്‍  എന്നിവയും വൈന്‍ ഉണ്ടാക്കാന്‍ ഇവര്‍ ഉപയോഗിക്കുന്നു. ഒരു മുഴുവന്‍ രാജവെമ്പാലയെ ഉപയോഗിച്ച് ഉണ്ടാക്കിയ വൈന്‍ ആണ് ഇവരുടെ മറ്റൊരു സ്പെഷല്‍ ഐറ്റം! 

ഉണക്കിയ ബീറ്റ്റൂട്ടും ചക്കയും കിവിയും

വിവിധ തരം പഴങ്ങളും പച്ചക്കറികളും മറ്റും ഉണക്കി സൂക്ഷിക്കുന്നതാണ് ഇവിടത്തെ മറ്റൊരു പ്രധാന വിഭവം. നമ്മുടെ നാട്ടിലെ ചക്കയും വാഴക്കയും കാരറ്റും ബീറ്റ്റൂട്ടും കിവിയുമെല്ലാം ഇങ്ങനെ ക്രിസ്പിയായി കറുമുറെ കടിച്ചു തിന്നാന്‍ പാകത്തില്‍ വാങ്ങിക്കാന്‍ കിട്ടും. ആരോഗ്യകരമായ ഇത്തരം സ്നാക്സ് ഐറ്റങ്ങള്‍ എണ്ണയില്‍ പൊരിച്ചല്ല ഉണ്ടാക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. മെഷീനിലിട്ട് എണ്ണയും മറ്റും ചേര്‍ക്കാതെയാണ് ഇവ ഉണക്കി എടുക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com