sections
MORE

അദ്ഭുതമായി ആകാശപ്പാലം

sidu-bridge
SHARE

ഭൂമിയില്‍ നിന്നും ഏകദേശം 1,600 അടി ഉയരത്തില്‍ ഒരു പാലം, അതും മനോഹരമായ പച്ചപ്പു നിറഞ്ഞ മലനിരകള്‍ക്കും പുതപ്പു പോലെ മൂടുന്ന കോടമഞ്ഞിനും മേഘങ്ങള്‍ക്കുമിടയിലൂടെ... ആ യാത്ര എത്ര മനോഹരമായിരിക്കും എന്നോര്‍ത്തു നോക്കൂ!

ചൈനയിലെ ഷാങ്ങ്‌ഹായ്, ചോംഗ്ക്വിന്‍ എന്നീ പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ ആകാശപ്പാലത്തിന്‍റെ പേര് സിഡു റിവര്‍ ബ്രിഡ്ജ് എന്നാണ്. സിഡു നദിക്കു മുകളിലൂടെ കെട്ടിപ്പൊക്കിയ ഈ സസ്പെന്‍ഷന്‍ ബ്രിഡ്ജ് ലോകത്തിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ തൂക്കുപാലമാണ്. ചൈനയിലെ തന്നെ ഗ്വിഷോ, യുനാൻ പ്രവിശ്യകളുടെ അതിർത്തിയില്‍ സ്ഥിതിചെയ്യുന്ന  ബീപാൻ റിവര്‍ ബ്രിഡ്ജാണ് ഒന്നാം സ്ഥാനത്ത്.

ഹുയു എക്സ്പ്രസ് ഹൈവേയുടെ ഭാഗമായി നിര്‍മ്മിച്ച സിഡു പാലം 2009 മുതല്‍ വാഹനഗതാഗതത്തിനായി തുറന്നുകൊടുത്തു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ നിര്‍മ്മാണച്ചിലവുള്ള പാലങ്ങളില്‍ ഒന്നാണിത്. ഏകദേശം 100 മില്ല്യന്‍ ഡോളര്‍ തുക മുടക്കിയാണ് രണ്ടു കിലോമീറ്റര്‍ നീളമുള്ള ഈ പാലത്തിന്‍റെ പണി പൂര്‍ത്തിയാക്കിയത്. കിഴക്കൻ ഹുബെയുടെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് സിചുവാൻ തടത്തെ വേർതിരിക്കുന്ന വിശാലമായ പർവതനിരകള്‍ക്കിടയിലൂടെയാണ് സ്വപ്നസമാനമായ ഈ പാലം.

പാലത്തില്‍ ഇടയ്ക്കിടെ 'H' ആകൃതിയിലുള്ള ടവറുകള്‍ കാണാം. റോക്കറ്റ് ഉപയോഗിച്ചാണ് 'പൈലറ്റ് കേബിൾ' എന്നറിയപ്പെടുന്ന സസ്പെന്‍ഷന്‍ കേബിളിന്‍റെ ആദ്യഭാഗം ഇവിടെ സ്ഥാപിച്ചത്. ബോട്ടുകളോ ഹെലികോപ്റ്ററുകളോ ഉപയോഗിക്കാൻ സാധ്യമല്ലാതിരുന്നതിനാലാണ് റോക്കറ്റ് ഉപയോഗിക്കേണ്ടി വന്നത്. 2006 ഒക്ടോബർ 6നായിരുന്നു പൈലറ്റ് കേബിളുകൾ വഹിച്ചുകൊണ്ട് റോക്കറ്റുകൾ എത്തിയത്. ഇത് മൂലം സമയവും ചെലവും ലാഭിക്കാന്‍ സാധിച്ചു.

പപ്പുവ ന്യൂ ഗ്വിനിയയിലെ 1,200 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഹെഗിജിയോ ഗോർജ് പൈപ്പ്ലൈൻ പാലത്തെ  മറികടന്നാണ് സിഡു ബ്രിഡ്ജ് മുന്നിലെത്തിയത്. ചൈനയുടെ എക്കാലത്തേയും വികസിച്ചുകൊണ്ടിരിക്കുന്ന ഹൈവേ സംവിധാനത്തിന്റെ ഭാഗമാണ് സിഡു പാലം. സുരക്ഷിതമായി വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പറ്റുന്ന വിധത്തില്‍ അതീവശേഷിയോടെയാണ് പാലം ഉണ്ടാക്കിയിരിക്കുന്നത്. നദികളും പർവതപ്രദേശങ്ങളും മൂലം ഗതാഗതം ബുദ്ധിമുട്ടിലായ, രാജ്യത്തിന്‍റെ രണ്ട് വ്യത്യസ്ത ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാലം ലോകത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച നിര്‍മ്മാണ അദ്ഭുതങ്ങളില്‍ ഒന്നാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA