ADVERTISEMENT

പാമ്പിനെ തിന്നുന്നവരുടെ നാട്. ഉത്സവം പോലെ പാമ്പിറച്ചി വിഭവങ്ങള്‍ വിളമ്പുന്ന വിയറ്റ്നാമീസ് ഗ്രാമമാണ് ലേ മാറ്റ്. ഹനോയ് നഗരമധ്യത്തില്‍നിന്ന് ഏഴു കിലോമീറ്റര്‍ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ലേ മാറ്റിനെ വിളിക്കുന്നതു തന്നെ ‘സ്നേക്ക് വില്ലേജ്’ എന്നാണ്.

ആയിരത്തോളം വര്‍ഷങ്ങളായി പാമ്പുകളെ ഭക്ഷണമാക്കുന്നവരാണ് ഇവിടത്തുകാര്‍. അവയെ പിടിക്കുന്നതും ഇണ ചേര്‍ക്കുന്നതും ഇവിടെ പതിവാണ്. പാമ്പു വിഭവങ്ങള്‍ വിളമ്പുന്ന റസ്‌റ്ററന്റുകളാണ് ഇവിടെയെങ്ങും. ഇങ്ങനെ പാചകം ചെയ്യുന്നവയില്‍ ഭൂരിഭാഗവും മൂര്‍ഖന്‍ പാമ്പുകളാണ്. ഇവയെ സുരക്ഷിതമായി അടച്ച ബോക്സുകളിൽ സൂക്ഷിക്കുന്നു. വളരെയധികം വലുപ്പമേറിയ പാമ്പുകളെയും ഇക്കൂട്ടത്തില്‍ കാണാം.

പാമ്പുകളെ കഴിക്കുന്നത് പൗരുഷത്തിന്‍റെ ലക്ഷണമായാണ് വിയറ്റ്നാമിലെ ആളുകള്‍ കരുതുന്നത്. ഇവയെ ഭക്ഷണമാക്കുന്നതിലൂടെ ശരീരത്തിനു കരുത്തും ലൈംഗികശേഷിയും കൂടുമെന്ന് അവര്‍ വിശ്വസിക്കുന്നു.

le-mat-village

 

ഭക്ഷണം മാത്രമല്ല, പാമ്പിന്‍റെ വൈനും കുടിക്കാം

പാമ്പു വൈന്‍ കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്ന് ലേ മാറ്റ് ഗ്രാമത്തിലെ മുതിര്‍ന്നവര്‍ പറയുന്നു. മൂര്‍ഖന്‍ പാമ്പിനെ ഇട്ടു വച്ച് ഉണ്ടാക്കിയ വൈന്‍, മൂര്‍ഖന്‍, വെള്ളിക്കെട്ടൻ, പച്ചിലപ്പാമ്പ് എന്നീ മൂന്നു തരം പാമ്പുകളെ ഇട്ട വൈന്‍, മൂര്‍ഖന്‍, വെള്ളിക്കെട്ടൻ, പച്ചിലപ്പാമ്പ്, ചേര, ബഫലോ സ്നേക്ക് എന്നിങ്ങനെ അഞ്ചു തരം പാമ്പുകളെ ഇട്ട വൈന്‍ എന്നിവ ഇവിടെ ലഭ്യമാണ്. ജീവനോടെയും അല്ലാതെയും പാമ്പുകളെ ഇട്ട് വൈനുകള്‍ നിർമിക്കുന്നുണ്ട്.

പാമ്പു കടിക്കില്ലേ?

സ്വാഭാവികമായി നമ്മുടെ മനസ്സില്‍ ഉയരാവുന്ന ഒരു ചോദ്യമാണത്. കടിയേല്‍ക്കാതെ എന്നും എങ്ങനെയാണ് പാചകക്കാര്‍ പാമ്പുകളെ പിടിച്ചു കൊല്ലുന്നത്? മിക്ക പാമ്പുകളും കടിക്കും എന്നതാണ് സത്യം. ഇതിനു നല്ല വേദനയും കാണും. എന്നാല്‍, ഇവയെ പിടിക്കുമ്പോള്‍ത്തന്നെ വിഷം ഊറ്റിക്കളയുന്നതിനാല്‍ കടിയേറ്റ ആരും മരിക്കുന്നില്ല. പാമ്പുകളെ പാചകം ചെയ്യുന്ന മിക്ക ആളുകളുടെ കയ്യിലും ഇങ്ങനെ കടിയേറ്റ പാടുകള്‍ കാണാം.

സ്നേക്ക് ഫെസ്റ്റിവല്‍

വര്‍ഷംതോറും മാര്‍ച്ചില്‍ ലേ മാറ്റില്‍ നടക്കുന്ന പ്രധാനപ്പെട്ട ഒരു ഉത്സവമാണ് സ്നേക്ക് ഫെസ്റ്റിവല്‍. ലൈ തായ് ടോംഗ് രാജാവിന്‍റെ കാലത്ത്, ഭീമന്‍ പാമ്പിന്‍റെ രൂപത്തിലുള്ള ഒരു ജലരാക്ഷസനെ കീഴടക്കിയ ഹോംഗ് എന്ന യുവാവിന്‍റെ ഓര്‍മയ്ക്കായാണ് ഈ ഉത്സവം കൊണ്ടാടുന്നത്. ഗ്രാമത്തിന്‍റെ തെക്കേ അറ്റത്ത്, ഡുവോങ് നദിയുടെ തെക്കേ കരയിലായി ആളുകള്‍ ഹോംഗിനായി ക്ഷേത്രം പണിതു. ഗ്രാമവാസികള്‍ ഹോംഗിനെ ദൈവമായാണ്‌ ആരാധിക്കുന്നത്. പതിമൂന്ന് കാർഷിക ഗ്രാമങ്ങളും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളും ഈ ഉത്സവത്തിൽ പങ്കെടുക്കുന്നു. എല്ലാ വർഷവും മാർച്ച് 20 മുതൽ 24 വരെ  പതാകകളും മെഴുകുതിരികളും സുഗന്ധങ്ങളും മറ്റുമായി ഗ്രാമം മുഴുവന്‍ അണിഞ്ഞൊരുങ്ങുന്നു. 

പാമ്പുകള്‍ക്കായി ഫാമുകള്‍

പാമ്പുകളെ വളര്‍ത്തുന്നതിനും സൂക്ഷിക്കുന്നതിനും അവയുടെ പ്രജനനത്തിനുമായി നിരവധി ഫാമുകള്‍ ലേ മാറ്റിലുണ്ട്. പാമ്പുകളെ വളര്‍ത്തുന്ന നൂറോളം കുടുംബങ്ങള്‍ ഇവിടെ ഉണ്ടെന്നാണ് കണക്ക്. ഇവയില്‍ 400 ഓളം പേർ ജോലി ചെയ്യുന്നു. പാമ്പുകളെ വളർത്തുകയും പാമ്പ് മാംസം ഉത്പാദിപ്പിക്കുകയും ചെയ്യുന്ന രണ്ട് വലിയ ഫാമുകൾ ഗ്രാമത്തിലുണ്ട്. എല്ലാ ദിവസവും ആയിരത്തോളം വിദേശ സഞ്ചാരികൾ പാമ്പുകളെ കാണാന്‍ വേണ്ടി മാത്രമായി ലേ മാറ്റിലെത്തുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com