ADVERTISEMENT

സൗത്താഫ്രിക്കയിലെ പ്രശസ്തമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് ക്രൂഗര്‍ നാഷണല്‍ പാര്‍ക്ക്. സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊരു അദ്ഭുതം കൂടി ഇവിടെ ഒരുങ്ങുകയാണ് ഇപ്പോള്‍; ട്രെയിനിനുള്ളിലായി സജ്ജീകരിച്ചിരിക്കുന്ന ലക്ഷ്വറി ഹോട്ടല്‍! ആഡംബരഹോട്ടലുകള്‍ക്കുള്ളിലെ എല്ലാ വിധ സൗകര്യങ്ങളും സഞ്ചാരികള്‍ക്കായി ഒരുക്കിക്കൊണ്ട് താമസസൗകര്യങ്ങളുടെ കൂട്ടത്തില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ചതും നൂതനവുമായ ആശയമായി മാറിയിരിക്കുകയാണ് ക്രൂഗര്‍ ശലാതി എന്ന് പേരിട്ടിരിക്കുന്ന ഈ ട്രെയിന്‍ ഹോട്ടല്‍ !

സബി നദിക്ക് മുകളിലുള്ള സെലാറ്റി പാലത്തിൽ സ്ഥിരമായി നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിന്‍ ആണ് ഹോട്ടല്‍ ആയി മാറുന്നത്. ഒരു നൂറ്റാണ്ടു മുന്‍പേ ഇവിടെയെത്തിയ അതിഥികളുടെ സ്മരണയ്ക്കായാണ് ഈ സംവിധാനമെന്ന് ഹോട്ടല്‍ ട്രെയിനിന്‍റെ വെബ്‌സൈറ്റില്‍ പറയുന്നു. 1920 കളുടെ തുടക്കത്തിൽ പാർക്കിലേക്കുള്ള ആദ്യ സന്ദർശനം അനുവദിച്ചതിന്‍റെ ഓര്‍മ്മയാണ് അവര്‍ ഇതിലൂടെ ഉദ്ദേശിക്കുന്നത്. അന്ന് ഓടിയിരുന്ന ട്രെയിന്‍ രാത്രി മുഴുവന്‍ നിര്‍ത്തിയിടുന്ന സ്ഥലമായിരുന്നു ഇപ്പോള്‍ ട്രെയിന്‍ ഹോട്ടല്‍ നിര്‍മ്മിക്കുന്ന ഇടം.

ആദ്യകാലത്ത് ഇവിടം സന്ദര്‍ശിക്കാനുള്ള ഏകമാര്‍ഗ്ഗം ട്രെയിന്‍ വഴി ആയിരുന്നു. ദീര്‍ഘദൂരം ഓടിയിരുന്ന ഒരു രാത്രി മുഴുവന്‍ തങ്ങുന്ന ഈയിടം യാത്രയിലെ മനോഹരമായ അനുഭവമായിരുന്നു. ആ യാത്രയ്ക്ക് ഒരു സമകാലിക വ്യാഖ്യാനം നൽകുകയാണ് ട്രെയിന്‍ ഹോട്ടല്‍ എന്ന ആശയത്തിലൂടെ ചെയ്യുന്നതെന്ന് ഉപജ്ഞാതാക്കള്‍ പറയുന്നു.ഗ്ലാസ് ചുവരുകള്‍ ഉള്ള മുറികള്‍ ആയിരിക്കും ട്രെയിനിനുള്ളിലുണ്ടാവുക. പുറത്തേക്കിറങ്ങാതെ തന്നെ ചുറ്റുമുള്ള സുന്ദരമായ കാഴ്ചകള്‍ കാണാന്‍ ഇതുവഴി താമസക്കാര്‍ക്ക് സാധിക്കും. തീര്‍ന്നില്ല, ഡെക്കും പൂളുമെല്ലാം ഉണ്ടാവും ഇതിനുള്ളില്‍. അങ്ങനെ, മുതലകളും ഹിപ്പോകളും എരുമകളും ആനകളുമെല്ലാം ഇറങ്ങുന്ന നദിക്കു മേലെ സുരക്ഷിതമായി നീന്താം!

24 കാരേജ് റൂമുകളും 7 ബ്രിഡ്ജ് ഹൗസ് റൂമുകളും ഉൾപ്പെടെ 31 മുറികളാണ് ട്രെയിനിൽ ഉണ്ടാവുക. ഓരോന്നിലും മനോഹരമായ ഫർണിച്ചറുകൾ, ഫ്ലോർ-ടു-സീലിംഗ് വിൻഡോകൾ, ടബ്ബുകള്‍ എന്നിവയെല്ലാം ഉണ്ടാകും. കുളിമുറിയിലെ ആശ്വാസദായകമായ ടബ്ബില്‍ കിടന്നു കൊണ്ട്, ഭൂമിയിലെ ഏറ്റവും സുന്ദരമായ ഒരിടത്തെ സൂര്യാസ്തമയം കാണുന്നത് ഒന്നോര്‍ത്തു നോക്കൂ!

കൊറോണ വൈറസ് മൂലം ഈ കിടുക്കന്‍ ഹോട്ടലിന്‍റെ  നിർമാണം അൽപ്പം വൈകിയിരിക്കുകയാണ് ഇപ്പോള്‍. 2020 അവസാനത്തോടെ ഇരുമ്പില്‍ തീര്‍ത്ത ഈ അദ്ഭുതം അതിഥികള്‍ക്കായി ഒരുങ്ങും എന്നാണു പ്രതീക്ഷിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com