ADVERTISEMENT

തായ്‌വാന്‍ ഡേയ്‌സ് 

അദ്ധ്യായം 8 

ആഗ്രഹസാക്ഷാത്കാരത്തിനായി വര്‍ണബലൂണുകള്‍ കത്തിച്ച് ആകാശത്തിലേക്ക് വിടുന്ന ചടങ്ങിന്റെ പേരില്‍ പ്രശസ്തമായ പിങ്ഷി എന്ന ചെറുഗ്രാമത്തില്‍ നിന്ന് ഡ്രൈവര്‍ ചാങ് അടുത്ത ലക്ഷ്യത്തിലേക്ക് കാര്‍ സ്റ്റാര്‍ട്ട് ചെയ്തു. ജ്യൂഫന്‍ ഓള്‍ഡ് സ്ട്രീറ്റിലേക്കാണ്  ഞങ്ങളുടെ യാത്ര.

:ജ്യൂഫനിലേക്കുള്ള പാതയിൽ നിന്നുള്ള കാഴ്ച

മഴ പെയ്ത് നനഞ്ഞു കുതിര്‍ന്നു കിടക്കുന്ന മലയോരപാതയിലൂടെ കാര്‍ നീങ്ങി. പലപ്പോഴും ഇടുക്കിയുടെ അതിസുന്ദര ദൃശ്യങ്ങളെ തായ്‌വാന്റെ ഈ പ്രദേശങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. മലയും നിത്യഹരിത വനഭൂമിയും കോടമഞ്ഞും ഇടുക്കിയുടെ സ്മരണ ഉണര്‍ത്തുന്നു. എന്നാല്‍ മലയുടെ താഴ്‌വാരത്ത് അലയടിച്ച് അലറി വിളിക്കുന്ന പസഫിക് സമുദ്രം നമ്മുടെ ചിന്തകളെ തിരികെ തായ്‌വാനില്‍ കൊണ്ടെത്തിക്കും.

ജ്യൂഫൻ സിറ്റി

 

ജ്യൂഫൻ ഓൾഡ് ടൗണിന്റെ പ്രവേശന കവാടം

 

ജ്യൂഫൻ ഓൾഡ് ടൗണിലെ കാഴ്ചകൾ

കഴിഞ്ഞ അദ്ധ്യായത്തില്‍ പറഞ്ഞതുപോലെ, ഈ പ്രദേശം മുഴുവന്‍ കല്‍ക്കരി -സ്വര്‍ണ്ണഖനികളായിരുന്നു. 1400 കളില്‍ത്തന്നെ സ്വര്‍ണ്ണഖനനം ഇവിടെ ആരംഭിച്ചിരുന്നുവെങ്കിലും 1730ല്‍ ജപ്പാന്‍കാര്‍ തായ്‌വാന്‍ പിടിച്ചടക്കിയതോടെയാണ് സ്വര്‍ണ്ണഖനനം ശക്തമായത്. യുദ്ധത്തടവുകാരെയാണ് ജപ്പാന്‍കാര്‍ പ്രധാനമായും ഖനിത്തൊഴിലാളികളായി നിയമിച്ചത്. മഞ്ഞിനോടും മഴയോടും കാടിന്റെ വെല്ലുവിളികളോടും, പടവെട്ടി അവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഇവിടെ 'പൊന്നുവിളയിച്ചു'. അതോടെ ഈ പ്രദേശം സമൃദ്ധിയിലേക്ക് കുതിച്ചു. എന്നുതന്നെയുമല്ല, തങ്ങള്‍ പിടിച്ചടക്കുന്ന പ്രദേശങ്ങള്‍ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ മുന്‍പന്തിയിലായിരിക്കണമെന്ന് ജപ്പാന്‍കാര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ട് പിങ്ഷി, ജ്യൂഫന്‍ തുടങ്ങിയ പ്രദേശങ്ങളുടെ ആധുനികവല്‍ക്കരണത്തില്‍ ജപ്പാന്‍കാര്‍ വലിയ ശ്രദ്ധ കൊടുത്തു.

ജ്യൂഫൻ ഓൾഡ് ടൗണിലെ കാഴ്ചകൾ

 

ജ്യൂഫൻ ഓൾഡ് ടൗണിലെ കാഴ്ചകൾ

 

ജ്യൂഫൻ ഓൾഡ് ടൗണിലെ കാഴ്ചകൾ

ജപ്പാന്‍കാര്‍ ഇവിടെ എത്തുന്നതിനു മുമ്പ് വെറും ഏഴു കുടുംബക്കാര്‍ മാത്രമാണ് ജ്യൂഫനില്‍ താമസിച്ചിരുന്നത്. ജ്യൂഫന്‍ എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ 'ഏഴു കഷണങ്ങള്‍' എന്നാണ്. മിങ് രാജവംശം ഭരിച്ചിരുന്ന അക്കാലത്ത് ഏഴു കുടുംബക്കാര്‍ക്കു മാത്രമായാണ് ഇവിടെ നിത്യോപയോഗസാധനങ്ങളും മറ്റും എത്തിച്ചിരുന്നത്.

പഴയ സിനിമ തിയേറ്റർ 19 ,20 :തിയേറ്ററിന്റെ ഉൾവശം

 

തിയേറ്ററിന്റെ ഉൾവശം

എന്തു സാധനങ്ങളും ഏഴ്‌പേര്‍ക്കുള്ളത് എത്തിക്കാന്‍ അധികാരികള്‍ ശ്രദ്ധിച്ചിരുന്നു. സ്വര്‍ണ്ണഖനികളില്‍ ധാരാളമായി ജോലിക്കാര്‍ എത്തിയപ്പോഴാണ് കൂടുതല്‍ കുടുംബങ്ങള്‍ ഇവിടെ സ്ഥിരതാമസം ആരംഭിച്ചതും ചെറുനഗരമായി ജ്യൂഫന്‍ വളര്‍ന്നതും.

തിയേറ്ററിലെ ക്യാന്റീൻ

കാര്‍ കയറ്റം കയറി പോകുമ്പോള്‍ ഒരു വശത്ത് പസഫിക് സമുദ്രവും അതിനോട് ചേര്‍ന്നുള്ള ജിയോപാര്‍ക്കും കാണാം. കൂടാതെ ഇപ്പോള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ചില സ്വര്‍ണ്ണ-കല്‍ക്കരി ഖനികളും കാണാം. ഒരുകാലത്ത് പുഷ്‌ക്കലമായിരുന്ന ഇവിടുത്തെ ജനജീവിതത്തെ ഈ ശേഷിപ്പുകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

 

ജ്യൂഫൻ ഓൾഡ് ടൗൺ

ജ്യൂഫന്‍ എത്തുന്നതിനു മുമ്പ് ചില വ്യൂപോയിന്റുകളുണ്ട്. അവിടെ കാര്‍ നിര്‍ത്തി, റോഡരികില്‍ ഉയര്‍ത്തി കെട്ടിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നു നോക്കുമ്പോള്‍ ഈ പ്രദേശത്തിന്റെ സൗന്ദര്യം വ്യക്തമാകും. കടുംനിറങ്ങളണിഞ്ഞ ബുദ്ധക്ഷേത്രങ്ങളുടെ മേല്‍ക്കൂരയിലൂടെ കാണുന്ന പച്ചപ്പിന്റെ ലോകവും അതിനപ്പുറം കാണുന്ന സമുദ്രവുമെല്ലാം ചേര്‍ന്ന് സൃഷ്ടിക്കുന്ന നിറങ്ങളുടെ ജുഗല്‍ബന്ദി....

ഗോൾഡൻ വെള്ളച്ചാട്ടം

 

തിയേറ്ററിലെ ടിക്കറ്റ് കൗണ്ടർ

 

വീണ്ടും വളവുകള്‍ കയറി എത്തുമ്പോള്‍ മലമുകളിലെ ചെറുനഗരമായ ജ്യൂഫനെത്തി. മലയുടെ കയറ്റിറക്കങ്ങളിലായാണ് നഗരം ചിതറിക്കിടക്കുന്നത്. ഒരിടത്തും പാര്‍ക്കിംഗ് അനുവദനീയമല്ല. എന്നാല്‍ പ്രധാനപാതയില്‍ നിന്ന് അല്പം ഉള്ളിലേക്ക് കയറിയിട്ടുള്ള എല്ലാ വീടുകളിലും മിനിമം ഒരു വാഹനമെങ്കിലും പാര്‍ക്ക് ചെയ്യാവുന്ന രീതിയില്‍ സ്വകാര്യപാര്‍ക്കിംഗ് ഏരിയകളുണ്ട്.

 

അങ്ങനെയൊരു വീട്ടില്‍ ചാങ് കാര്‍ പാര്‍ക്ക് ചെയ്തു. 200 രൂപയാണ് മൂന്നു മണിക്കൂര്‍ കാര്‍പാര്‍ക്ക് ചെയ്യാന്‍ നല്‍കേണ്ടത്. ദിവസം 5 കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ കിട്ടിയാല്‍ പ്രത്യേക ചെലവൊന്നുമില്ലാതെ പ്രതിദിനം 1000 രൂപ  വരുമാനമായി!

 

കയറ്റം കയറി നടന്ന് വീണ്ടും ജ്യൂഫനിലെത്തി. ഇവിടെയാണ് അതിമനോഹരമായ ആ തെരുവ് ആരംഭിക്കുന്നത്- ജ്യൂഫന്‍ ഓള്‍ഡ് സ്ട്രീറ്റ്. രണ്ടുകിലോമീറ്ററോളം നീളമുള്ള ഒരു പഴയ ഷോപ്പിങ് സ്ട്രീറ്റാണിത് എന്നു പറയാം. പ്രധാന പ്രത്യേകത ഈ സ്ട്രീറ്റ് നിര്‍മ്മിച്ചത് ജപ്പാന്‍കാരായതുകൊണ്ട്, ഇപ്പോഴും സ്ട്രീറ്റിന് ജാപ്പനീസ് ഛായയാണ് എന്നുള്ളതാണ്. മറ്റൊന്ന്, സ്ട്രീറ്റ് മലയിലൂടെ കയറി ഇറങ്ങിപ്പോകുന്ന രീതിയിലാണ് എന്നുള്ളതാണ്.

 

 

ഏതാനും കടകള്‍ക്കിടയില്‍ നിന്നാണ് ഓള്‍ഡ് സ്ട്രീറ്റ് ആരംഭിക്കുന്നത്. ഇവിടെ 'ജ്യൂഫന്‍ ഓള്‍ഡ് സ്ട്രീറ്റ്' എന്നെഴുതിയിട്ടുണ്ട്. ഈ കവാടം കടക്കുമ്പോള്‍ ഒരു പ്രത്യേക ലോകമാണ് മുന്നില്‍ തുറന്നുവരുന്നത്. കയറ്റിറക്കങ്ങളിലൂടെ ഷോപ്പിങ് സ്ട്രീറ്റ് നീളുകയാണ്.

 

ഇവിടെ ഇല്ലാത്തതായി ഒന്നുമില്ല. പലചരക്കു കട മുതല്‍ നക്ഷത്രഹോട്ടല്‍ വരെ തെരുവിന്റെ പല ഭാഗങ്ങളിലായുണ്ട്. റെസ്റ്റോറന്റുകള്‍, ടീ ഹൗസുകള്‍, കരകൗശല ഉല്പന്ന ശാലകള്‍, പരമ്പരാഗത മരുന്നുകടകള്‍, ലഘുഭക്ഷണശാലകള്‍ - ഇങ്ങനെ വൈവിധ്യമാര്‍ന്ന ഷോപ്പുകള്‍. എല്ലാം വളരെ 'കളര്‍ഫുള്‍' ആണ് എന്നതാണ് മറ്റൊരു പ്രത്യേകത.

ഓള്‍ഡ് സ്ട്രീറ്റിലൂടെ നടക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുക ജാപ്പനീസ് ടീ ഹൗസുകളാണ്. ഇവിടെ നമുക്ക് പലതരം ചായകള്‍ രുചിച്ചു നോക്കാം. എന്നിട്ട് ഇഷ്ടപ്പെട്ട 'ഫ്‌ളേവറി'ലുള്ള ചായപ്പൊടി വാങ്ങുകയുമാവാം. എല്ലായിടത്തും ചെറുകപ്പുകളില്‍ ഫ്രീയായി ചായ നല്‍കുന്നവരെ കാണാം. ഇതെല്ലാം വിവിധയിനം തേയിലകളുടെ സാമ്പിളുകളാണ്.

 

 

കയറ്റിറക്കങ്ങളിലൂടെ നീങ്ങുന്ന പ്രധാന തെരുവില്‍ വീണ്ടും പല ശാഖകളുണ്ട്. ശാഖകള്‍ താണ്ടാന്‍ ഒന്നുകില്‍ നിരവധി പടവുകള്‍ കയറണം, അല്ലെങ്കില്‍ ഇറങ്ങണം. ഈ പടവുകള്‍ക്ക് ഇരുവശവും ഷോപ്പുകള്‍ തന്നെ.ഞാന്‍ തെരുവിലൂടെ കുറെയിടങ്ങളില്‍ നിന്ന് സാമ്പിള്‍ ചായകള്‍ കുടിച്ച് ഉന്മേഷവാനായി നടന്നു. പ്രധാന കയറ്റം കയറി എത്തുന്നിടത്തു നിന്നു നോക്കുമ്പോള്‍ ഈ പ്രദേശത്തിന്റെ വിഹഗവീക്ഷണം ലഭിക്കും. കൂടാതെ, മലമുകളില്‍, പക്ഷിക്കൂടുകളെന്ന പോലെ തൂങ്ങിക്കിടക്കുന്ന, ജ്യൂഫന്‍ ഓള്‍ഡ് സ്ട്രീറ്റിലെ കെട്ടിടങ്ങളും കാണാം.

 

തിരികെ നടന്ന്, ഒരു ശാഖയുടെ പടവിറങ്ങി. അവിടെ, ആ തെരുവിലെ ഏറ്റവും പഴയ ഹോട്ടല്‍ കാണാം. ജാപ്പാനീസ് ശൈലിയില്‍ നിര്‍മ്മിച്ച ഹോട്ടലിന്റെ ഭംഗി പറഞ്ഞറിയിക്കാന്‍ വയ്യ.  തെരുവിന്റെ നിമ്‌ന്നോന്നതങ്ങളില്‍, ചുവന്ന തടിയില്‍ തീര്‍ത്ത ശില്പം പോലെ, നിറയെ ചുവന്ന ജാപ്പനീസ് വിളക്കുകളുമായി നില്‍ക്കുന്ന ആ ഹോട്ടലിന്റെ പശ്ചാത്തലത്തില്‍ ഫോട്ടോ എടുക്കാന്‍ സന്ദര്‍ശകരുടെ തിരക്കാണ്.

 

ഹോട്ടലില്‍ നിന്ന് വീണ്ടും പടവുകളിറങ്ങുമ്പോള്‍ ഇടതുവശത്ത് ഉള്ളിലേക്ക് കയറി മറ്റൊരു പഴയ കെട്ടിടം കാണാം. ഇതൊരു സിനിമാ തിയേറ്ററാണ്. ജപ്പാന്‍കാരുടെ അധിനിവേശകാലത്ത്, കൃത്യമായി പറഞ്ഞാല്‍, 1916ല്‍ സ്ഥാപിക്കപ്പെട്ട തിയേറ്ററാണിത്. 400 പേര്‍ക്ക് ഇരിക്കാവുന്ന, ബാല്‍ക്കണിയോടു കൂടിയ തിയേറ്റര്‍. 660 ചതുരശ്ര മീറ്ററാണ് വിസ്തീര്‍ണ്ണം. ബരോക്ക് ശൈലിയിലാണ് നിര്‍മ്മാണം.ആദ്യകാലത്ത് ഇവിടെയുള്ള ജപ്പാന്‍കാര്‍ക്കുവേണ്ടി ജാപ്പനീസ് സിനിമകളാണ് പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നത്. 1927, 1961, 2011 വര്‍ഷങ്ങളില്‍ തിയേറ്റര്‍ പുതുക്കിപ്പണിതിട്ടുണ്ട്.

 

തിയേറ്ററിലേക്ക് കടക്കുമ്പോള്‍ ആദ്യം കാണുന്നത് ഒരുവശത്ത് ലഘുഭക്ഷണശാലയും വലതുവശത്ത് ടിക്കറ്റ് കൗണ്ടറുകളുമാണ്. ഉള്ളില്‍ കയറുമ്പോള്‍ തിയേറ്ററിന് അത്രയും പഴക്കമുണ്ടെന്ന് തോന്നുകയേയില്ല. ഭംഗിയുള്ള നിര്‍മ്മാണരീതി. കരിങ്കല്ലില്‍ തീര്‍ത്ത ചുവരുകള്‍. മേല്‍ക്കൂരയില്‍ ചുവന്ന തടിയുടെ ഭംഗി. ചാരുള്ള തടിബെഞ്ചുകളാണ് ഇരിപ്പിടങ്ങള്‍. തിരശീലയ്ക്കു മേല്‍ ഭംഗിയുള്ള കര്‍ട്ടന്‍. പഴയ പ്രൊജക്ടര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളെല്ലാം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

 

2011നു ശേഷം ഇവിടെ സിനിമാ പ്രദര്‍ശനം നടന്നിട്ടില്ല. ഇടയ്ക്കിടെ ബാലെ ഷോകളും നടന്നിരുന്നു ഇപ്പോള്‍ സംരക്ഷിത സ്മാരകമാണ് 'ഷെങ്പിങ്' എന്നറിയപ്പെടുന്ന ഈ തിയേറ്റര്‍.മഴയുടെ സാധ്യത കണ്ടപ്പോള്‍ ജ്യൂഫന്‍ ഓള്‍ഡ് സിറ്റി ടൂര്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലത്തേക്ക് മറ്റൊരു വഴിയിലൂടെ നടന്നു. ഈ വഴിയില്‍ ജാപ്പനീസ് കാലത്തെ പഴയ ടീഹൗസുകള്‍ അതേപടി നിലനിര്‍ത്തിയിട്ടുണ്ട്.

കാറില്‍ മലയിറങ്ങുമ്പോള്‍ പിന്നില്‍ മലഞ്ചെരുവില്‍ ജ്യൂഫന്‍ നഗരം ചിതറിക്കിടക്കുന്നത് കാണാം. കെട്ടിടങ്ങളില്‍ ദീപങ്ങള്‍ തെളിഞ്ഞു നിൽക്കുന്നു . മഴ ചാറി തുടങ്ങിയിരുന്നു. താഴേക്കുള്ള റോഡിന്റെ ഇരുവശവും പഴയ തനിമകളുടെ ഭാഗമായിരുന്ന കെട്ടിടങ്ങളാണ്. കൂടാതെ നിബിഡ വനങ്ങളും. വനങ്ങളില്‍, കാട്ടുചോലകള്‍ ഒഴുകിയിറങ്ങുന്നതും കാണാം.

 

 

അല്പദൂരം സഞ്ചരിച്ചു കഴിഞ്ഞ് ഒരിടത്ത് കാര്‍ നിര്‍ത്തി. ഇവിടെ റോഡരികില്‍ തന്നെ മനോഹരമായ ഒരു വെള്ളച്ചാട്ടമുണ്ട്. സ്വര്‍ണ്ണനിറമുള്ള പാറകളിലൂടെ ശാന്തമായി ഒഴുകിയിറങ്ങുന്ന വെള്ളം. 'ഗോള്‍ഡന്‍വാട്ടര്‍ ഫോള്‍സ്' എന്നാണിത് അറിയപ്പെടുന്നത്. ഈ പാറകള്‍ക്ക് സ്വര്‍ണ്ണനിറം വരാന്‍ കാരണം ഈ മലയിലെ ധാതുലവണങ്ങളാണ്.

പഴയ സ്വര്‍ണ്ണ-കര്‍ക്കരി ഖനികളാണ് മലയുടെ മേലെ ഉള്ളത്. ഈ മലകളില്‍ ധാതുലവണങ്ങളുടെ വന്‍ നിക്ഷേപമുണ്ട്. അവ കലര്‍ന്നൊഴുകി വരുന്ന വെള്ളം പാറകളെ സുവര്‍ണ്ണനിറമുള്ളതാക്കിയിരിക്കുന്നു.ഈ പ്രദേശം നവദമ്പതികളുടെ വീഡിയോ ഷൂട്ടുകളുടെ കേന്ദ്രമാണെന്ന് ചാങ് പറഞ്ഞു. ഞങ്ങള്‍ അവിടെ എത്തിയത് വൈകുന്നേരമായതിനാല്‍ ഏറെ  സന്ദര്‍ശകരൊന്നുമുണ്ടായില്ല.തിരികെ തായ്‌പേയ് നഗരത്തിലേക്കുള്ള യാത്ര ആരംഭിച്ചു. മഴത്തുള്ളികള്‍ക്കിടയിലൂടെ, പസഫിക് സമുദ്രത്തിന്റെ ഓരം ചേര്‍ന്നുകൊണ്ടുള്ള യാത്ര.

(തുടരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com