ADVERTISEMENT

ഹിറ്റ്ലറുടെ വംശവെറിയെക്കുറിച്ച് അറിയാത്തവർ ഉണ്ടാകില്ല. ജൂതരെ മുഴുവൻ കൊന്നൊടുക്കുക എന്ന ലക്ഷ്യത്തോടെ ഹിറ്റ്ലർ കാണിച്ചു കൂട്ടിയ ക്രൂരതകൾ പാഠപുസ്തകങ്ങളിൽ നമ്മൾ പഠിച്ചിട്ടുണ്ട്. ജൂതരായി ജനിച്ചുപോയി എന്ന പേരിൽ ആ മനുഷ്യരെ ഏതൊക്കെ രീതിയിൽ കൊന്നുടുക്കാമെന്ന ചിന്തയിൽനിന്നും ഹിറ്റ്ലർ പണിതുയർത്തിയത് പലതരത്തിലുള്ള ക്യാംപുകളാണ്. കോൺസെൻട്രേഷൻ ക്യാംപ് ആയും ഗ്യാസ് ചേംബർ ആയുമെല്ലാം ജർമനിയിൽ ഉടനീളം മനുഷ്യക്കുരുതികൾക്കായി കെട്ടിടങ്ങൾ പണിതുയർത്തി. വംശ വിച്ഛേദം നടത്തുന്നതിനായി ഹിറ്റ്ലർ കണ്ടെത്തിയ മറ്റൊരു മാർഗ്ഗമായിരുന്നു  എക്സ്റ്റർമിനേഷൻ ക്യാംപ്. ഇതിൽപെട്ട ഒരു കുപ്രസിദ്ധ ക്യാംപാണ് സോബിബോർ. ലക്ഷക്കണക്കിന് പേരെ കൊന്നൊടുക്കിയ ആ ക്യാംപ് ഇന്ന് ഒരു മ്യൂസിയമാണ്.

ചരിത്രത്തിലെ സോബിബോർ

തടങ്കൽപ്പാളയത്തിനുപകരം ഒരു ഉന്മൂലന ക്യാംപായി, യഹൂദന്മാരെ കൊല്ലുക എന്ന ഏക ഉദ്ദേശ്യത്തോടെയാണ് സോബിബോർ പണിതത്. ഭൂരിഭാഗം തടവുകാരും എത്തി ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഗ്യാസ് ചേംബറിലേക്കു നയിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു. ക്യാംപിൽ എത്തിച്ച ഉടനെ സ്ത്രീകളെ അവർ കൊന്നിരിക്കും. വംശം ഇല്ലാതാക്കുക എന്നതായിരുന്നു ലക്ഷ്യം.പുരുഷൻമാരെ ക്യാംപിന്റെ പ്രവർത്തനത്തിൽ സഹായിക്കാനായി നിർത്തുമെങ്കിലും കഠിനമായ പീഡനങ്ങളിലൂടെ ഏതാനും മാസങ്ങൾക്കുള്ളിൽ അവരും മരണമടഞ്ഞു. 170,000 മുതൽ 250,000 വരെ ആളുകൾ സോബിബോറിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ബെൽസെക്, ട്രെബ്ലിങ്ക, ഓഷ്‌വിറ്റ്സ് എന്നിവയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ ഉന്മൂല ക്യാംപാണിത് .

1943 ഒക്ടോബർ 14 ന് നടന്ന തടവുകാരുടെ കലാപത്തെത്തുടർന്ന് ക്യാംപ് പ്രവർത്തനം നിർത്തി. റഷ്യയിൽ നിന്നുള്ള തടവുകാർ പദ്ധതിയിട്ടതു പ്രകാരം, ക്യാംപിലെ പന്ത്രണ്ടോളം ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതിനുശേഷം മുന്നൂറോളം തടവുകാർ ക്യാംപിൽ നിന്ന് രക്ഷപ്പെട്ടു. പക്ഷേ ക്യാംപിന് ചുറ്റും തീർത്ത മുള്ളുവേലിക്കിടയിലുള്ള മൈനുകൾ പൊട്ടിത്തെറിച്ചും വെടിയേറ്റും കുറേയേറെപ്പേർ കൊല്ലപ്പെട്ടു. അവരിൽ 58 പേരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. 

Sobibor-extermination-camp1

അതിനു ശേഷം അവിടെ സംഭവിച്ചതിന്റെ തെളിവുകൾ മറച്ചുവയ്ക്കാനായി നാസികൾ ക്യാംപ് പൊളിച്ച് പൈൻ മരങ്ങൾ നട്ടുപിടിപ്പിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ദശകങ്ങളിൽ സോബിബോറിനെക്കുറിച്ച് ആർക്കും അറിവുണ്ടായിരുന്നില്ല. തടവുകാരായി പിടിച്ചു കൊണ്ടു വന്നിരുന്ന ആളുകളുടെ അളവറ്റ സമ്പത്ത് ആ മണ്ണിനടിയിൽ കാലങ്ങളോളം മറഞ്ഞു കിടന്നു. ഇത് കുഴിച്ചെടുക്കാൻ നാട്ടുകാർ അല്ലാതെ മറ്റാരും അങ്ങോട്ട് പോയിരുന്നില്ല ഒരു കാലം വരെ.

പിന്നീട് ഹോളോകോസ്റ്റ് , എസ്‌കേപ്പ് ഫ്രം സോബിബോർ തുടങ്ങിയ വേൾഡ് ക്ലാസ് ചിത്രങ്ങളിലൂടെ ഇവിടം കൂടുതൽ അറിയപ്പെടാൻ തുടങ്ങി. ഈ സൈറ്റ് ഇപ്പോൾ സോബിബോർ മ്യൂസിയവും ആർക്കിയോളജിക്കൽ ഖനനവും നടക്കുന്ന സ്ഥലമാണ്. ഇതു വരെ കണ്ടെത്തിയ കെട്ടിട ഭാഗങ്ങളും മറ്റുമൊക്കെയാണ് ഇവിടെ സൂക്ഷിച്ചു പോരുന്നത്.

മനോഹരമായൊരു കാടിന് നടുക്കാണ് ഈ ക്യാംപ്. മ്യൂസിയത്തിലേയ്ക്കുള്ള നടപ്പാത അതിഗംഭീരമാണ്. ഇരുവശങ്ങളിലും നട്ടുപിടിപ്പിച്ച പൈൻമരങ്ങളുടെ നിര. ഒരുകാലത്ത് ആയിരങ്ങളെ കൊന്നൊടുക്കിയ ഒരു ശ്മശാന ഭൂമിയാണ് അതെന്ന് ഇന്നു കണ്ടാൽ തോന്നില്ല. 

English Summary : sobibor death camp memorial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com