ADVERTISEMENT

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഹോട്ടൽ എവിടെയാണ് സ്ഥിതി ചെയ്യുന്നതെന്ന് വല്ല പിടിയുമുണ്ടോ, എങ്കിൽ അത് ജപ്പാനിലാണ്. ജപ്പാനിൽ ഒരു സത്രം ഉണ്ട്, നൂറ്റാണ്ടുകൾ പഴക്കമുള്ളത്. സമുറായികളെ ചൂടുനീരുറവകളിലേക്ക് സ്വാഗതം ചെയ്യാൻ ആരംഭിച്ച ജാപ്പനീസ് ഹോട്ടലാണ് നിഷിയാമ ഒൻസെൻ കിയുങ്കൻ.

എഡി 705–ലാണ് ഈ ഹോട്ടൽ സ്ഥാപിതമായത്. ഹോട്ടൽ ആദ്യം സ്ഥാപിച്ചയാളു മുതൽ ഇന്നു വരെയുള്ളവരെല്ലാം ഒരേ കുടുംബത്തിൽ പെട്ടവരാണ്. അതായത് നൂറ്റാണ്ടുകളായി 52 തലമുറകൾ കൈമാറിവന്ന നടത്തിപ്പവകാശം ആണ് ഈ ഹോട്ടലിനുള്ളത്.ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഹോട്ടലായി ഗിന്നസ് റെക്കോർഡ്  ഔദ്യോഗികമായി ഇതിനെ അംഗീകരിച്ചിട്ടുണ്ട്. ശരിക്കും പറഞ്ഞാൽ1,313 വർഷം മുമ്പാണ് ഫുജിവര മഹിറ്റോ എന്ന വ്യക്തി സത്രം സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ കുടുംബം അന്നുമുതൽ ഹോസ്പിറ്റാലിറ്റി വ്യവസായത്തിൽ വിദഗ്ധരാണ്.

ചില മാറ്റങ്ങളും നവീകരണങ്ങളും നടന്നിട്ടുണ്ട് എന്നല്ലാതെ പ്രധാന ആകർഷണങ്ങളായ ശാന്തമായ ചൂടുള്ള നീരുറവകളും മനോഹരമായ കാഴ്ചകളും ഇന്നും ഈ ഹോട്ടലിലെ മുഖ്യ ആകർഷണങ്ങളായി തന്നെ തുടരുന്നു. സമുറായികൾ മുതൽ എ-ലിസ്റ്റ് സെലിബ്രിറ്റികൾ, രാഷ്ട്രീയക്കാർ വരെ നിരവധി പേർ സത്രത്തിൽ എത്തിയിട്ടുണ്ട്.

കെയ്ങ്കൻ അകൈഷി പർവതനിരകളുടെ താഴെയായി  ഒരു നദിക്കരയിലെ മലയിടുക്കിലാണ് ഈ ഹോട്ടൽ സ്ഥിതിചെയ്യുന്നത്. നദിയിൽ നിന്നുള്ള വെള്ളം തന്നെയാണ് ഹോട്ടലിലെ നീരുറവകളിൽ എത്തിക്കുന്നതും. അത്രയും ശുദ്ധമായ ജലത്തിൽ ആണ് നിങ്ങൾ ഇവിടെയെത്തിയാൽ കുളിക്കുക എന്നോർക്കുക.ഔഷധഗുണമുള്ള വെള്ളം ആണത്രേ ഈ നദിയിലേത്. അതുകൊണ്ട് ഹോട്ടലിലെ നീരുറവയിലെ കുളി രോഗശാന്തി നൽകുമെന്നും വിശ്വസിക്കപ്പെടുന്നു.

ഹോട്ടൽ സ്ഥിതിചെയ്യുന്ന സ്ഥലം തന്നെ മനോഹാരിതയുടെ മറ്റൊരു രൂപമാണ്.ഇവിടെയെത്തുന്നവർക്ക് സ്ഥലം ആസ്വദിക്കുന്നതിനു പുറമേ നല്ല ചൂടുള്ള നീരാവി പറക്കുന്ന ഉറവകളിൽ കുളിക്കാനും സാധിക്കും എന്നതാണ് ഈ ഹോട്ടലിൻ്റെ ഏറ്റവും വലിയ സവിശേഷത. 

ഓൻസെൻസ്" എന്നറിയപ്പെടുന്ന  ചൂടുനീരുറവകളാണ്, ഹോട്ടലിൻ്റെ ഏറ്റവും മുഖ്യമായ ആകർഷണം.

37 മുറികളാണ് ഇവിടെ ഉള്ളത്.  അവയെല്ലാം പരമ്പരാഗത ജാപ്പനീസ് ശൈലിയിൽ അലങ്കരിച്ചിരിക്കുന്നു.  ലോകത്തിലെ ഏറ്റവും പഴയ ഹോട്ടലുകളിൽ ഭൂരിഭാഗവും ജപ്പാനിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com